ഈ രാത്രി നമുക്കുള്ളത്; നമ്മളൊരുമിച്ച്

വീട്ടിനുള്ളിലും പുറത്തും രണ്ടു വ്യത്യസ്ത സംസ്കാരങ്ങളിലൂടെ ജീവിക്കുന്ന പതിനാറുകാരിയാണു സുന്ദരിയായ നിഷ. നോർവീജിയൻ പെൺകുട്ടി.നിഷയുടെ കുടുംബത്തിന്റെ വേരുകൾ പാക്കിസ്ഥാനിൽ.അച്ഛനമ്മമാർ നിഷയെ വളർത്തുന്നതു പാക്കിസ്ഥാൻ സംസ്കാരത്തിലും.അടങ്ങിയൊതുങ്ങിക്കഴിയുന്ന, മതബോധമുള്ള അച്ചടക്കമുള്ള പെൺകുട്ടി.വീടിനു പുറത്തിറങ്ങിയാൽ നിഷയ്ക്കു സംഭവിക്കുന്നതു വലിയ മാറ്റം– തനി നോർവീജിയൻ കൗമാരക്കാരി. പിന്തുടരുന്നതു പാശ്ചാത്യ സംസ്കാരം.സുഹൃത്തുകളാണവളുടെ ജീവിതത്തിന്റെ കേന്ദ്രം. അവരുമായി കറങ്ങിനടക്കുന്നു.

ക്ളബുകളിൽ രാവേറെ ന‍ൃത്തം ചെയ്യുന്നു.ആൺകുട്ടികളുമായി തുറന്ന സൗഹൃദം പങ്കിടുന്നു.മദ്യം കഴിക്കുന്നതിനുപോലും നിഷയ്ക്കു വിരോധമില്ല. വീട്ടിലാകട്ടെ അച്ഛനമ്മമാരുടെ അനുസരണയുള്ള കുട്ടിയാണു നിഷ.സുഹൃത്തുക്കളെയും ബന്ധുക്കളെയും അഭിവാദ്യം ചെയ്യുന്നതുപോലും ഉറുദുവിൽ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്നു.

നിഷയുടെ അമ്മയ്ക്ക് ആശങ്കയുണ്ട്: അയൽവക്കത്തുള്ള ബന്ധുക്കളൊക്കെ എങ്ങനെയാണു തങ്ങളുടെ കുടുംബത്തെയും നിഷയേയും കാണുന്നതെന്ന്. നന്നായി പഠിച്ച് ഡോക്ടറാകേണ്ടവളാണു നിഷ. പക്ഷേ അച്ഛന്റെ ഓമനക്കുട്ടി കൂടിയാണു നിഷ. അവളെക്കുറിച്ച് അദ്ദേഹത്തിനു വലിയ സ്വപ്നങ്ങളുണ്ട്. അച്ഛന്റെ കുടുംബവേരുകൾ ഇന്ത്യയിലെ രാജസ്ഥാനിൽ.അച്ഛനു തന്നോടുള്ള സ്നേഹവും വാൽസല്യവുമാണു നിഷയുടെ കരുത്ത്. ആ സ്നേഹത്തിന്റെ മറ പറ്റിയാണ് അവൾ നഗരജീവിതം വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്നതും രാത്രി അച്ഛൻ അന്വേഷിക്കുന്നതിനുമുമ്പായി വീട്ടിൽ ഹാജരായി അനുസരണയുള്ള കുട്ടിയാകുന്നതും. 

ഇറാം ഹഖിന്റെ രണ്ടാമത്തെ ഫീച്ചർ സിനിമയായാ വാട് പീപ്പിൾ വിൽ സേ പറയുന്നത് രണ്ടു സംസ്കാരങ്ങളുടെ സമ്മർദം അനുഭവിക്കുന്ന നിഷയുടെ കഥയാണ്. ആയാം യുവേഴ്സ് ആയിരുന്നു ഹഖിന്റെ ആദ്യസിനിമ. 

ഒരു രാത്രി സുന്ദരായ തന്റെ ആൺസുഹൃത്ത് ഡാനിയേലിനെ നിഷ വീട്ടിലേക്കു കൂട്ടികൊണ്ടുവരുന്നു. നോർവീജിയയിൽ അതു പതിവാണ്. ഒട്ടും അസാധാരണതയില്ലാത്ത കാര്യം. ഒരു തെറ്റുമില്ലാത്ത പ്രവ‍‍ൃത്തി. രാത്രി ഒരു കിടക്കയിൽ കെട്ടിപ്പുണർന്നും ചുംബനങ്ങൾ കൈമാറിയും കഴിയുന്ന കൗമാരങ്ങൾ നോർവീജിയയുടെ സാധാരണ സംഭവം മാത്രം. പക്ഷേ, രാത്രി എല്ലാ ദിവസത്തെയുംപോലെ മകളുടെ കിടപ്പുമുറിയിൽ നോക്കാനെത്തിയ അച്ഛൻ കാണുന്നത് വിവസ്ത്രരായ മകളെയും കാമുകനെയും. നിയന്ത്രണം നഷ്ടപ്പെട്ട അച്ഛൻ രണ്ടുപേരെയും കയ്യോടെ പിടിക്കുന്നു. 

മർദിക്കുന്നു. ഈ സംഭവം നിഷയുടെ ജീവിതം പൂർണമായി മാറ്റിമറിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട മകളുടെ കന്യകാത്വം നഷ്ടപ്പെട്ടുവെന്നുതന്നെ കരുതുന്നു അച്ഛനമ്മമാർ.അവരുടെ ലോകം കീഴ്മേൽ മറിയുന്നു.സ്വപ്നങ്ങൾ തകരുന്നു. അയൽവക്കത്തു താമസിക്കുന്ന ബന്ധുക്കളം സംഭവത്തിൽ അസ്വസ്ഥരാകുന്നു. നിഷയ്ക്ക് ഒരിക്കലും മറക്കാത്ത ശിക്ഷ തന്നെ കൊടുക്കണമെന്ന് അവർ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു. ഇനി ഒരു കുട്ടിയും ഇങ്ങനെ പെരുമാറാത്ത അത്ര കാഠിന്യമേറിയ ശിക്ഷ. 

അച്ഛനും സഹോദരനും കൂടി നിഷയെ പാക്കിസ്ഥാനിലേക്കു കൊണ്ടുപോകുന്നു. ഇസ്ളാമാബാദിൽനിന്ന് 200 മൈലുകൾ ദൂരെയുള്ള അമ്മാവിയുടെ വീട്ടിലേക്ക്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ജീവിതത്തിലേക്കു നീങ്ങുന്നു നിഷ.അച്ചടക്കം. അനുസരണ. നിയന്ത്രണങ്ങൾ. നോർവീജിയയിൽ എങ്ങനെ ജീവിച്ചുവോ അതിൽനിന്നു തികച്ചും വ്യത്യസ്തം.അമ്മായിയാകട്ടെ കഠിനമനസ്സുകാരിയും.അവർ ഒരുതരത്തിലുള്ള സ്വാതന്ത്ര്യവും നിഷയ്ക്ക് അനുവദിച്ചുകൊടുക്കുന്നില്ല. ഒരിക്കൽ നോർവീജിയയിലെ സുഹൃത്തുക്കളുമായി ഇന്റർനെറ്റ് മുഖേന ബന്ധപ്പെടാൻ ശ്രമിച്ചതു പിടിക്കപ്പെട്ടതോടെ നിഷയുടെ ജീവിതം കൂടുതൽ ചങ്ങലകൾക്കുള്ളിലാകുന്നു. ചെറിയ സ്വതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. ഇതിനു പുറമെ, നിഷ തെറ്റൊന്നും ചെയ്തില്ലെങ്കിലും മറ്റൊരു അപവാദത്തിൽക്കൂടി അവൾ പങ്കാളിയാകുന്നു. 

ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കണ്ട കൗമാരക്കാരിയുടെ ജീവിതം പൂർണമായും ഇരുട്ടിലേക്കും തടവറയിലേക്കു നീങ്ങുമോ ? 

ഇറാം ഹഖ് നിഷയുടെ ജീവിതം പറയുന്നു വാട് പീപ്പിൾ വിൽ സേ എന്ന ചിത്രത്തിലൂടെ. ഇന്ത്യയിലുൾപ്പെടെ ചിത്രീകരണം നടത്തിയ ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു തിരുവനന്തപുരത്തെ പ്രേക്ഷകർ.