ആരാധകരിൽ വാനോളം പ്രതീക്ഷ നൽകി ദിലീഷ് പോത്തൻ–ഫഹദ് ഫാസിൽ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുടെ ആദ്യ ടീസർ എത്തി. പ്രേക്ഷകരുടെ പ്രതീക്ഷ പൂർണമായും തൃപ്തിപ്പെടുത്തിയ ടീസർ ഏറെ ദുരൂഹതജനിപ്പിക്കുന്നതാണ്. ഇന്നലെ പുറത്തിറങ്ങിയ ടീസർ ഇതിനോടകം കണ്ടത് 191,581 ആളുകളാണ്.
Thondimuthalum Dhriksakshiyum - Official Teaser| Dileesh Pothan | Fahadh Faasil | Suraj Venjaramoodu
ഫഹദ് ഫാസിലിനൊപ്പം സുരാജിന്റെ അഭിനയം കൂടി കണ്ടതോടെ ആരാധകർ ഇരട്ടി ആവേശത്തിൽ. ടീസർ ഇറങ്ങിയതോടെ സോഷ്യൽമീഡിയയിൽ ചർച്ച ടീസറിനെക്കുറിച്ച് മാത്രമായിരുന്നു. പോത്തേട്ടൻസ് ബ്രില്യൻസ് വീണ്ടും, ഞെട്ടിക്കാൻ മഹേഷ് ഭാവന വീണ്ടുമെത്തുന്നു എന്നിങ്ങനെയുള്ള ട്രോളുകളാണ് നിറഞ്ഞു നിന്നത്.
സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നിമിഷ സജയൻ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ചിത്രസംയോജനം കിരൺദാസ്. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും.