‘‘ശമ്പളമില്ലാതെ വീട്ടിലേക്ക് വരേണ്ടാന്ന് പറയുന്ന അപ്പനോട് ഞാൻ പിന്നെന്ത് പറയണം? തിരിച്ചത്തിയാൽ ജീവൻ കിട്ടിയല്ലോ മോളേ എന്ന് പറഞ്ഞ് ഒരു ദിവസം സ്നേഹിക്കും. പിന്നെ കാശില്ലാതെ വന്നതിനെപ്പറ്റി പറഞ്ഞ് വഴക്കാകും. അങ്ങനെയൊരു വീട്ടിലേക്ക് ഞാനെങ്ങനെ തിരിച്ചുപോകും– ടേക്ക് –ഓഫ് എന്ന സിനിമയിൽ ജിൻസി പറഞ്ഞ ഡയലോഗ് മധ്യതിരുവിതാംകൂറിലെ മിക്ക സാധാരണ കുടുംബങ്ങളിലെയും നഴ്സുമാരായ പെൺകുട്ടികളുടെ യഥാർഥ ജീവിതത്തിലെ നെടുവീർപ്പലിന്റെ ഒരു പ്രതിഫലനം മാത്രം. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഈ ഡയലോഗ് മനസിലൊരു വേട്ടയാടലായി തന്നെ കൊണ്ടു നടക്കും.
ഇത്തരമൊരു ഡയലോഗും അത് അവതരിപ്പിച്ച അഭിനേത്രിയും പല സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയെങ്കിലും മിക്കവർക്കും അവരുടെ പേരു പോലും അറിയില്ല. വരും നാളുകളിൽ മലയാള സിനിമയിൽ കാതലായ വേഷങ്ങൾ അവതരിപ്പിക്കുവാൻ കഴിവുള്ള ഈ താരത്തെ മനോരമ ഓൺലൈൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.
ഞാൻ ദിവ്യപ്രഭ
വേരുകൾ തൃശൂരെങ്കിലും ഇപ്പോൾ പത്തനംതിട്ടയിലെ കോഴഞ്ചേരി സ്വദേശി. കൊല്ലം ടികെഎം കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പ്രവേശന പരീക്ഷയ്ക്കും മറ്റുമായി എറണാകുളത്തെത്തി. ഒരു ദിവസം രാവിലെ സുഭാഷ്പാർക്കിൽ ജോഗിങ്ങിനു പോയപ്പോൾ ‘ലോക്പാൽ’ എന്ന സിനിമയുടെ സെറ്റിട്ടിരുന്നു. അതിലൊരു സീനിൽ നിൽക്കാമോ എന്ന് ആ സിനിമയുടെ അസോസിയേറ്റിൽ ഒരാൾ ചോദിച്ചു. അങ്ങനെ അപ്രതീക്ഷിതമായി സിനിമയിലേക്കൊരു ടേക്ക്–ഓഫ്
പിന്നീട് പിയാനിസ്റ്റ്, മുംബെ പൊലീസ് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. സംവിധായകൻ കമലിന്റെ ‘നടൻ’ എന്ന ചിത്രത്തിൽ ഹസീന എന്ന വേഷം ചെയ്തു. പിന്നീടു വന്ന ‘ഇതിഹാസ’യിലെ വേഷത്തോടെ ആളുകൾക്ക് പരിചിതമായ മുഖമായി മാറി.
കരിയറിലെ ടേക്ക് –ഓഫ്
കെ കെ രാജീവ് എന്ന ഹിറ്റ് സംവിധായകന്റെ അമ്മ മാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ സീരിയലുകളിൽ ഇതിനിടെ അഭിനയിച്ചു. 2015 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ അഭിനേത്രിക്കുള്ള അവാർഡും ലഭിച്ചു. ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ ഞാൻ പ്രേം പ്രകാശ് അങ്കിളിന്റെ മകളുടെ വേഷമാണ് ചെയ്തത്. അങ്കിളിന്റെ പക്കലുള്ള എന്റെ ഫോട്ടോ കണ്ടാണ് മഹേഷ് നാരായണൻ എന്നെ ടേക്ക് ഓഫിലേക്ക് ക്ഷണിക്കുന്നത്.
ടേക്ക് ഓഫിന്റെ പരിശീലനം
ഏകദേശം ഒരു വർഷത്തിലധികം കാലയളവിൽ ഉള്ള തയാറെടുപ്പുകളാണ് ഈ ചിത്രത്തിലെ അണിയറ പ്രവർത്തകർ നടത്തിയത്. ഇറാഖിൽ അകപ്പെട്ടുപോയ നഴ്സുമാരുടെ അനുഭവങ്ങൾ റെക്കോർഡു ചെയ്ത വിഡിയോയും, ആശുപത്രിയിൽ നഴ്സുമാരോടൊപ്പം ഒരു ദിവസം ചെലവഴിക്കുവാൻ ഞങ്ങൾക്കു നൽകിയ അവസരവും സിനിമയ്ക്കു വേണ്ടിയുള്ള മറ്റ് മുന്നൊരുക്കങ്ങളിൽ ചിലതായിരുന്നു.
രാജേഷ് പിള്ളയുടെ ‘വേട്ട’ എന്ന ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യാന്‍ സാധിച്ചു. രാജേഷേട്ടന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയുടെ സംരംഭമായ ടേക്ക് ഓഫിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും വളരെ സന്തോഷമുണ്ട്.