Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചുവർഷം ആ നടന്റെ പുറകെ അലഞ്ഞു; ‘ലക്ഷ്യം’ സംവിധായകൻ അൻസാർ ഖാൻ

anzar അന്‍സാര്‍ ഖാന്‍

ലക്ഷ്യം  ലക്ഷ്യത്തിലെത്തിക്കാൻ സംവിധായകൻ അൻസാർ ഖാൻ അലഞ്ഞത് കുറച്ചൊന്നുമല്ല. നാലഞ്ചു വർഷം മുമ്പ് ഒരു നടന്റെ പിറകെ അലയേണ്ടി വന്നു. എന്നാൽ ആ ചിത്രം ലക്ഷ്യം കണ്ടില്ല. അതിനുശേഷം സംവിധായകൻ ജിത്തു ജോസഫാണ് തന്റെ ആദ്യ ചിത്രത്തിന് തിരക്കഥ എഴുതിത്തരാമെന്ന് ഇങ്ങോട്ട് പറഞ്ഞത്. അങ്ങനെയാണ് വീണ്ടും സംവിധാന മോഹം തുടങ്ങുന്നത്. ആദ്യ ചിത്രത്തെക്കുറിച്ച് ലക്ഷ്യം സിനിമയുടെ സംവിധായകൻ അൻസാർ ഖാൻ പറയുന്നു:

എന്താണ് ലക്ഷ്യം എന്ന ചിത്രം പറയുന്നത്?

ഇമോഷണൽ ത്രില്ലറാണ് ഇൗ ചിത്രം. ബിജുമേനോനും ഇന്ദ്രജിത്തുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശിവദയാണ് നായിക. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജീത്തു ജോസഫാണ് തിരക്കഥ. ജീത്തു ആദ്യമായി പുറത്തു കൊടുക്കുന്ന സ്ക്രിപ്റ്റാണിത്. കഥയുടെ ത്രഡ് ‍ഞാൻ ഒരിക്കൽ പറഞ്ഞു. ജീത്തു വിചാരിച്ചതിലും ഭംഗിയായി എഴുതിത്തന്നു. ചലഞ്ചിങ് വിഷമായതിനാൽ ജീത്തു കുറെ സമയമെടുത്താണ് എഴുതിയത്. ജിത്തുവിന് കുറെ കമ്മിറ്റ്മെന്റുണ്ടായിരുന്നു. എങ്കിലും തിരക്കുകൾ മാറ്റി വച്ച് ജീത്തു എഴുതി.

anzar-6

എന്തുകൊണ്ട് ബിജുമേനോൻ?

അത് പറയാനാണെങ്കിൽ ഒരുപാടുണ്ട്. ‍ഞാൻ സംവിധായകൻ വിജി തമ്പിയുടെ അസിസ്റ്റന്റായിരുന്നു. അഞ്ചു വർഷം മുമ്പ് തന്നെ എല്ലാവരേയും പോലെ സംവിധാന മോഹം എന്റെ തലയ്ക്കും പിടിച്ചു. ഒരു കഥയുമായി ഒരു സൂപ്പർ താരത്തിനു പിന്നാലെ നാലുവർഷത്തോളം നടന്നു. എന്നെ ഇഷ്ടമായില്ലെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നു. അല്ലാതെ ഇങ്ങനെ നടത്തരുതായിരുന്നു. ഇന്ന് ഒരുപാട് സിനിമാ നടന്മാരുണ്ട്. പക്ഷെ അന്ന് അങ്ങനെയല്ല. മൂന്ന് നാല് പേരെ ചുറ്റിപ്പറ്റിയാണ് സിനിമാ ലോകം. ആദ്യ ചിത്രത്തിൽ സൂപ്പർ താരത്തെ നായകനാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും. ഒരുപക്ഷെ എനിക്കും പ്രായം കുറവായിരുന്നു. എന്നെ കണ്ടപ്പോൾ പക്വത ഇല്ലാത്ത പയ്യനെപ്പോലെ അവർക്കും തോന്നിക്കാണും. അതുകൊണ്ടാവും എന്നെ നടത്തിച്ചത്.

anzar-3

ഇന്ന് സിനിമാക്കാർ എന്ന് പറയുന്നത് ഒരു ബെൽറ്റാണ്. അവർ അവരുടെ ചങ്ങാതികളുമായി മാത്രമേ സിനിമ ചെയ്യൂ. ശരിക്കും അത് തെറ്റായ ഒരു രീതിയാണ്. അങ്ങനെ ചെറിയ ഒരു ലോകത്തേക്ക് ഒതുങ്ങുമ്പോൾ ഉണ്ടാകുന്ന സിനിമയിലും വ്യത്യസ്തത ഉണ്ടാകില്ല.

ഇൗ സിനിമയിലും താരങ്ങളെക്കാണാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എല്ലാവർക്കും സിംഗിൾ ഹീറോ  ചെയ്യണമെന്നാണാഗ്രഹം. ചിലർ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ആരും സമ്മതം മൂളിയില്ല. പിന്നെ ബിജു മേനോനിലേക്കെത്തുകയായിരുന്നു. നടന്മാരും അവരുടെ കരിയർ പണയം വച്ചാണ് ഒാരോ സിനിമയും ചെയ്യുന്നത്. പക്ഷെ ഞാൻ പറഞ്ഞത് ഒരു തുടക്കക്കാരന്റെ വേദനയാണ്. ഇന്ദ്രജിത്തിനെ നേരത്തേ ഉള്ള പരിചയമാണ്. 

ഇപ്പോളും ആ സ്ക്രിപ്ട് കയ്യിൽ ഉണ്ടോ?

തീർച്ചയായും ഉണ്ട്. അത് സിനിമയാക്കണം. ഞാൻ ജിത്തുവിനോട് ലക്ഷ്യത്തിന്റെ ത്രഡ് പറഞ്ഞപ്പോൾ ജിത്തു പറ‍ഞ്ഞു സംവിധായകനായി തുടങ്ങാൻ പറ്റിയ ചിത്രം ഇതാണെന്ന്. അങ്ങനെ അന്നത്തെ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.

anzar-1

ജീത്തുജോസഫുമായുള്ള പരിചയം?

ജീത്തുവിനോട് ഇൗ കഥ പറയുന്ന സമയത്ത് ദൃശ്യമോ മെമ്മറീസോ ഒന്നും വന്നിട്ടില്ല. പക്ഷെ ജീത്തുവിന്റെ പ്രതിഭയിൽ വിശ്വാസമുണ്ടായിരുന്നു, ദൃശ്യം റിലീസ് ചെയ്തതിനു ശേഷം അദ്ദേഹം തൂലിക എടുക്കുന്നത് എനിക്കു വേണ്ടിയാണ്. ജീത്തുവിന്റെ ആദ്യ പ്രൊഡക്ഷൻ കൂടിയാണ്. തിരക്കഥ പൂർത്തിയാപ്പോൾ ഒരുപാട് നിർമാതാക്കളുടെ അടുത്ത് പോയി. ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് ജീത്തുവും സുഹൃത്തുക്കളും ചേർന്ന് ഇൗ സിനിമ നിർമിക്കാൻ തയ്യാറാകുന്നത്. 

വിജി തമ്പിയുടെ ബഡാ ദോസ്ത് എന്ന് ചിത്രത്തിലെ ചിത്രീകരണ സമയത്ത് ജീത്തു താൻ ആദ്യം സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവിന്റെ കഥ സുരേഷ്ഗോപിയോട് പറയാൻ ലൊക്കേഷനിൽ എത്തിയിരുന്നു. അന്നേ ഞാൻ ‍ജിത്തുവിനെ ശ്രദ്ധിച്ചിരുന്നു. ഒരു ഡോക്ടറുടെ ലുക്കായിരുന്നു. ഷർട്ടൊക്കെ ഇൻ ചെയ്ത് ഒരു സ്മാർട് പയ്യൻ. കഥ പറയാൻ വരുന്നവരെ ശ്രദ്ധിക്കുന്ന ശീലം എനിക്കു പണ്ടേ ഉണ്ട്. അവർക്ക് വേണ്ട സഹായങ്ങളും ചെയ്യാറുണ്ട്. കാരണം നമ്മുടെ ഉള്ളിലും ഒരു സംവിധായകൻ ഉണ്ടല്ലോ? അങ്ങനെ ഡിറ്റക്ടീവ് ഇറങ്ങിയപ്പോൾ ഞാൻ ജിത്തുവിനെ വിളിക്കുകയും പടത്തെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു. എനിക്ക് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു.  അന്ന് തുടങ്ങിയ സൗഹൃദമാണ്. പിന്നെ എന്റെ ഷോർട് ഫിലിം ഇറങ്ങിയപ്പോൾ ജീത്തു വിളിക്കുകയും താൻ അടുത്ത് സംവിധാനം ചെയ്യാൻ പോകുന്നത് ഇതേ പോലൊരു വിഷയമാണെന്നും പറ‍ഞ്ഞു. ആ ഷോർട് ഫിലിം ഒരു അമ്മയുടേയും മകളുടേയും ബന്ധത്തെക്കുറിച്ചുള്ള കഥയായിരുന്നു.

lakshyam

ജീത്തു, മമ്മി ആന്റ്മി എന്ന സിനിമയ്ക്കു വേണ്ടി കഥാപാത്രങ്ങളെ അന്വേഷിച്ച് ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ആരും അന്ന് ഉർവശിയുടെ  കഥാപാത്രം ചെയ്യാൻ തയ്യാറായില്ല. ഒരുപാട് മുൻനിര നായികമാരെ സമീപിച്ചിരുന്നു. 

ആദ്യ ചിത്രത്തിനായുള്ള വെല്ലുവിളികൾ? 

കാട്ടിലായിരുന്നു ചിത്രീകരണം. 10 മണിയാകുമ്പോഴേ വെളിച്ചം വീഴൂ. 4 മണിയാകുമ്പോൾ ഇരുട്ടും. കാമാറാമാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇൗ സിനിമയ്ക്കിടയിൽ ബിജുമേനോൻ ഒന്നു വീണു. രണ്ടാഴ്ചയോളം സിനിമ നിർത്തിവയ്ക്കേണ്ടി വന്നു. ബിജു പൂർണമായും ചിത്രീകരണത്തിന് സഹായിച്ചു. നായികയ്ക്കും വളരെ പ്രാധാന്യമുള്ള ചിത്രമാണിത്. പറഞ്ഞതിലും 20 ദിവസം മുമ്പേ ചിത്രീകരണം പൂർത്തിയായി.