സണ്ണി–ടൊവിനോ ചിത്രം ഉപേക്ഷിക്കാൻ കാരണം; സിനു സിദ്ധാർഥ് പറയുന്നു

ജീത്തുജോസഫിന്റെ തിരക്കഥയിൽ അൻസാർ ഖാൻ സംവിധാനം ചെയ്ത സിനിമ ‘ലക്ഷ്യം’ മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. പ്രകൃതി തന്നെ ഫ്രെയിം ഒരുക്കിയതുപോലെ സ്വാഭാവികമായിരുന്നു ലക്ഷ്യത്തിലെ കാഴ്ച്ചകൾ. ഒരു സിനിമയുടെ ആസ്വാദനലക്ഷ്യം പൂർത്തീകരിക്കുന്നതിൽ ക്യാമറ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സിനിമയ്ക്കു പിന്നിലെ ക്യാമാറകാഴ്ച്ചകളെക്കുറിച്ച് സിനിമാട്ടോഗ്രാഫർ സിനു സിദ്ധാർഥ് സംസാരിക്കുന്നു.

കാടിനുള്ളിലെ ഷൂട്ടിങ്ങ് അനുഭവത്തെക്കുറിച്ച്?

ആതിരപ്പള്ളി ഭാഗത്തായിരുന്നു ഭൂരിഭാഗം ചിത്രീകരണം. കാടിനുള്ളിൽ ചിത്രീകരിക്കുമ്പോൾ ചില പരിമിതികളുണ്ടല്ലോ, അത് മറികടക്കാൻ പ്രത്യേകം എക്യൂപമെന്റ്സ് ഡിസൈൻ ചെയ്തിരുന്നു. റിസ്ക്കും കൂടുതലായിരുന്നു. ക്യാമറ പൊട്ടിപ്പോയ സാഹചര്യമുണ്ടായിട്ടുണ്ട്. ജീപ്പ് മറഞ്ഞുകൊക്കയിലേക്ക് പോകുന്ന ഒരു സീനുണ്ട്. ഇത് ചിത്രീകരിക്കാൻ ക്രാഷ്ബോക്സ് ഉപയോഗിച്ചിരുന്നു. ജീപ്പുവന്ന് ക്രാഷ്ബോക്സിൽ തട്ടിനിൽക്കുമ്പോൾ ഈ ക്രാഷ്ബോക്സ് ക്യമാറയിൽ വന്നുവീണ് ലെൻസ് പൊട്ടിപോയി. എങ്കിലും എനിക്ക് സന്തോഷമുണ്ടായിരുന്നു, വിചാരിച്ചതുപോലെ ഷോട്ട് മനോഹരമായി എടുക്കാൻ സാധിച്ചു.

പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടായിരുന്നോ?

എന്റെ 16–ാമത്തെ ചിത്രമാണ് ലക്ഷ്യം. പതിനാല് ക്യാമറകൾ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. മെട്രിക്സ്, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ബുള്ളറ്റ് ടൈംസ് എന്ന ടെക്കനിക്ക് ആദ്യമായി ഉപയോഗിച്ച മലയാള സിനിമയാണ് ലക്ഷ്യം. പത്തിരുപത്തിയഞ്ച് സ്റ്റിൽ ക്യാമറകൾ നിരത്തിവച്ച് ഒരു ആക്ഷനെ ഫ്രീസ് ചെയ്യുന്ന ടെക്നോളജിയാണിത്. ഷങ്കറിന്റെ ബോയ്സ് സിനിമയിൽ അലയലേ.. ഗാനരംഗത്തിൽ ഈ ടെക്നോളജി കാണാൻ സാധിക്കും.

അതുപോലെ ലക്ഷ്യത്തിലും ഒരു രംഗമുണ്ട്. എന്റെ സിനിമയ്ക്കു വേണ്ട ഒട്ടുമുക്കാൽ എക്വിപ്മെന്റ്‌സും ഞാൻ തന്നെ സ്വയം സ്വന്തം വർക്ക്‌ഷോപ്പിൽ നിർമ്മിക്കാറുണ്ട്. ഷൂട്ടിങിന് സഹായകമാകുന്ന ഒരുപാട് ഉപകരണങ്ങൾ എനിക്ക് സ്വന്തമായിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ നിർമിക്കാൻ വേണ്ടി ഞാൻ തുടങ്ങിയ കമ്പനിയാണ് മൂവിഗാങ്ങ്. ക്യാമറകയറ്റാനുള്ള സ്റ്റീം ബോട്ട് ഉൾപ്പടെ നിരവധി പരീക്ഷണനിർമിതികൾ നടത്തിയിട്ടുണ്ട്. അതിൽ കുറേയൊക്കെ ലക്ഷ്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 

അണ്ടർവാട്ടർ ഷൂട്ടിങ്‌ കോഴ്സ് ഞാൻ ചെയ്തിട്ടുണ്ട്. അതിനു സഹായകമായ അനുബന്ധ വസ്ത്രങ്ങളും സ്കൂബ ഡൈവിങ്ങ് എക്യുപ്മെന്റസും ഞാൻ വാങ്ങിച്ചിട്ടുണ്ട്. ഈ വിദ്യ ലക്ഷ്യത്തിൽ പ്രയോഗിക്കാൻ സാധിച്ചു. വെള്ളത്തിന്റെ അടിയിലിരുന്ന് ചിത്രീകരിച്ച ഒരു രംഗമുണ്ട്. ശരിക്കും ക്യാമറ നടനൊപ്പം വെള്ളത്തിൽ ചാടുന്നത് ലക്ഷ്യത്തിൽ കാണാൻ സാധിക്കും.

സ്റ്റാറിങ് പൗർണ്ണമി എന്ന ചിത്രം സഫലമാകാത്ത ഒരു സ്വപ്നമാണോ?

സ്‌റ്റാറിങ് പൗർണ്ണമി മനോഹരമായ പ്രണയഥയായിരുന്നു. ഞാൻ ഇതുവരെ ഇത്ര മനോഹരമായ ഒരു കഥ കേട്ടിട്ടില്ല. 1984 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രമായിരുന്നു അത്. പുറത്തിറങ്ങിരുന്നുവെങ്കിൽ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച പ്രണയ സിനിമകളിൽ ഒന്നാകുമായിരുന്നു സ്റ്റാറിങ്ങ് പൗർണ്ണമി.

സ്റ്റാറിങ്ങ് പൗർണ്ണമിയുടെ പ്രത്യേകതകൾ?

100 ക്യാമറകളുപയോഗിച്ചായിരുന്നു ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. അത്യന്തം റിസ്ക് നിറഞ്ഞ ഷോട്ടുകളാണ് സ്റ്റാറിങ് പൗർണ്ണമിയിലുണ്ടായിരുന്നത്. മൈനസ് നാലുഡിഗ്രി തണുപ്പിൽ റോതംഗ് പാസിലായിരുന്നു ഭൂരിഭാഗം ചിത്രീകരണവും. ജീവൻ പണയംവച്ച് എടുത്ത ഷോട്ടുകളായിരുന്നു പലതും. 12600 ഓളം അടി ഉയരത്തിൽ നിന്നും പാരച്യൂട്ട് വഴി താഴ്ത്തേക്ക് ചാടിയാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. 49 മിനിറ്റുകൾക്ക് ശേഷം താഴെ സോളാങ് വാലിയിലാണ് ഇറങ്ങുന്നത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട രംഗങ്ങളായിരുന്നു. പക്ഷെ ക്ലൈമാക്സ് ആയതുകൊണ്ട് ആരെയും കാണിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്.

എന്തുകൊണ്ടാണ് ഈ സിനിമ പൂർത്തിയാകാതെപോയത്? 

ഈ ചിത്രവും കൂതറയ്ക്കും ഫണ്ട് നൽകിയത് ഒരേ കമ്പനിയാണ്. കൂതറ സാമ്പത്തികമായി പരാജയപ്പെട്ടതോടെയാണ് സ്റ്റാറിങ്ങ് പൗർണ്ണമിയും മുടങ്ങിയത്. ഇനി ഈ ചിത്രം പുനരാരംഭിക്കാൻ അവർക്ക് താൽപര്യമുണ്ടോയെന്ന് അറിയില്ല.

സണ്ണി വെയ്ൻ നായകനാകുന്ന സ്റ്റാറിങ് പൗർണമി എന്ന സിനിമയുടെ ടീസർ കണ്ട് പ്രേക്ഷകർ അമ്പരന്നു. ഹോളിവുഡ് സിനിമയെ അനുസ്മരിക്കുന്ന ദൃശ്യങ്ങൾ. മെട്രിക്സ്, ബോയ്സ്, ഗജനി, വിശ്വരൂപം തുടങ്ങിയ സിനിമകളില്‍ കണ്ട് അത്ഭുതപ്പെട്ട ബുള്ളറ്റ് ടൈം ടെക്നോളജി ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഏകദേശം രണ്ടുവർഷം മുമ്പാണ് ഈ സിനിമയുടെ ടീസർ റിലീസ് ചെയ്യുന്നത്. 

ആൽബി സംവിധാനം ചെയ്ത സിനിമയുടെ ഛായാഗ്രാഹകൻ സിനു സിദ്ധാർഥ് ആയിരുന്നു. സണ്ണിക്കൊപ്പം ടൊവിനോ, ബിന എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണാലിയിലും ലഡാക്കിലുമായി സാഹസികതയോടെ ചിത്രീകരിച്ച സിനിമ മലയാളത്തിൽ ചരിത്രമായി മാറേണ്ടതായിരുന്നു. അതിനിടെയാണ് പ്രേക്ഷകരെ നിരാശരാക്കി ഈ സിനിമ ഉപേക്ഷിച്ചെന്ന വാർത്ത വന്നത്.