ലൂക്കയുടെ മാജിക് ഫ്രെയിമുകൾക്കു പിന്നിലെ ആ ഇരുപത്തിമൂന്നുകാരൻ; നിമിഷ് രവി
‘എടോ, എനിക്ക് വല്ല പടവും കിട്ടോ...?’, ആ ചോദ്യം കേട്ട അങ്ങേയറ്റത്തെ പെൺകുട്ടിയും തിരികെ ചോദിച്ചു: ‘എടോ, എനിക്കും കിട്ടുവോ വല്ല പടവും...?’ അന്നു പരസ്പരം സിനിമാസ്വപ്നങ്ങൾ പങ്കുവച്ചവരിൽ ഒരാൾ അഹാന കൃഷ്ണകുമാർ. രണ്ടാമത്തെയാൾ നിമിഷ് രവി. രണ്ടുപേരുടെയും ചോദ്യങ്ങൾക്ക് ഇന്ന് ഏറെ നിറങ്ങൾ ചാലിച്ചൊരു ഉത്തരം
‘എടോ, എനിക്ക് വല്ല പടവും കിട്ടോ...?’, ആ ചോദ്യം കേട്ട അങ്ങേയറ്റത്തെ പെൺകുട്ടിയും തിരികെ ചോദിച്ചു: ‘എടോ, എനിക്കും കിട്ടുവോ വല്ല പടവും...?’ അന്നു പരസ്പരം സിനിമാസ്വപ്നങ്ങൾ പങ്കുവച്ചവരിൽ ഒരാൾ അഹാന കൃഷ്ണകുമാർ. രണ്ടാമത്തെയാൾ നിമിഷ് രവി. രണ്ടുപേരുടെയും ചോദ്യങ്ങൾക്ക് ഇന്ന് ഏറെ നിറങ്ങൾ ചാലിച്ചൊരു ഉത്തരം
‘എടോ, എനിക്ക് വല്ല പടവും കിട്ടോ...?’, ആ ചോദ്യം കേട്ട അങ്ങേയറ്റത്തെ പെൺകുട്ടിയും തിരികെ ചോദിച്ചു: ‘എടോ, എനിക്കും കിട്ടുവോ വല്ല പടവും...?’ അന്നു പരസ്പരം സിനിമാസ്വപ്നങ്ങൾ പങ്കുവച്ചവരിൽ ഒരാൾ അഹാന കൃഷ്ണകുമാർ. രണ്ടാമത്തെയാൾ നിമിഷ് രവി. രണ്ടുപേരുടെയും ചോദ്യങ്ങൾക്ക് ഇന്ന് ഏറെ നിറങ്ങൾ ചാലിച്ചൊരു ഉത്തരം
‘എടോ, എനിക്ക് വല്ല പടവും കിട്ടോ...?’, ആ ചോദ്യം കേട്ട അങ്ങേയറ്റത്തെ പെൺകുട്ടിയും തിരികെ ചോദിച്ചു: ‘എടോ, എനിക്കും കിട്ടുവോ വല്ല പടവും...?’
അന്നു പരസ്പരം സിനിമാസ്വപ്നങ്ങൾ പങ്കുവച്ചവരിൽ ഒരാൾ അഹാന കൃഷ്ണകുമാർ. രണ്ടാമത്തെയാൾ നിമിഷ് രവി. രണ്ടുപേരുടെയും ചോദ്യങ്ങൾക്ക് ഇന്ന് ഏറെ നിറങ്ങൾ ചാലിച്ചൊരു ഉത്തരം തിയറ്ററുകളിൽ നിറഞ്ഞോടുന്നുണ്ട്– ലൂക്ക.
ഒരു മ്യൂസിക് വിഡിയോ ഷൂട്ടിനിടയിലാണ് നിമിഷ് അഹാനയെ പരിചയപ്പെടുന്നത്. ‘ലൂക്ക’യുടെ ചർച്ചകൾ നടക്കുമ്പോൾ അഹാനയുടെ പേര് സംവിധായകൻ അരുൺ ബോസിനോട് നിർദേശിച്ചതും നിമിഷായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ‘ലൂക്ക’യ്ക്കൊപ്പം നിമിഷുമുണ്ടായിരുന്നു. ലൂക്കയുടെ പ്രണയജീവിതം പകർത്തിയ ഛായാഗ്രാഹകനും ഈ ഇരുപത്തിമൂന്നുകാരനാണ്. പ്രണയം നിറഞ്ഞ ക്രൈംത്രില്ലറിലെ നിറം ചാലിച്ച ഫ്രെയിമുകൾക്കു പിന്നിലെ കഥ പറയുന്നു നിമിഷ്.
പ്ലസ് വണിലെ ആ ഷോട്ഫിലിം!
പ്ലസ് വണിൽ പഠിക്കുമ്പോൾ നിമിഷും സുഹൃത്തും കൂടി ഒരു ഷോട് ഫിലിം ചെയ്തു. സുഹൃത്ത് അതോടു കൂടി ‘സിനിമ’ വിട്ടു. പക്ഷേ നിമിഷിന്റെയൊപ്പം അന്നുമുതൽ സിനിമയങ്ങു കൂട്ടുകൂടി. പ്ലസ്ടുവിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ(എംസിസി) വിഷ്വൽ കമ്യൂണിക്കേഷൻ പഠനം. അക്കാലത്താണ് അരുൺ ബോസിനെ പരിചയപ്പെടുന്നത്.
എംസിസിയിൽ ജേണലിസം അധ്യാപകനായിരുന്നു അരുണ്‍. അദ്ദേഹത്തിന്റെ വിദ്യാർഥികളുടെ ചില വിഡിയോ വര്‍ക്കുകൾ ചെയ്തത് നിമിഷായിരുന്നു. പക്ഷേ ഇരുവരും പരിചയപ്പെട്ടത് ഫെയ്സ്ബുക്കിലൂടെ. എഫ്ബി ചാറ്റിലെ ഒരു ‘ഹായ് സാർ’ ബന്ധം നിമിഷിനെ എത്തിച്ചത് ലൂക്കയിലായിരുന്നു. ഒന്നര വർഷം മുൻപേ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചിരുന്നു. പഠനത്തിനു പിന്നാലെ ഷോട് ഫിലിമുകളും മ്യൂസിക് വിഡിയോകളും പരസ്യചിത്രങ്ങളുമൊക്കെയായി ജീവിച്ചു വരികയായിരുന്നു നിമിഷ്. ഇടയ്ക്ക് ചില തമിഴ് ചിത്രങ്ങളിൽ അസി. ക്യാമറാമാനുമായി.
അപ്പോഴും പക്ഷേ ‘ലൂക്ക’യായിരുന്നു മനസ്സു നിറയെ. ടൊവിനോ ആയിരുന്നു ലൂക്കയായി ആദ്യമേ തന്നെ അരുണിന്റെ മനസ്സിൽ. അദ്ദേഹം അന്നുപക്ഷേ സ്റ്റാറായി വരുന്നേയുള്ളൂ. പൊലീസ് ഓഫിസറിന്റെ കഥാപാത്രമായി ഒരു സൂപ്പർ താരത്തെ അവതരിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ പല കാരണങ്ങളാൽ സിനിമ വൈകി. അപ്പോഴേക്കും ടൊവിനോ സ്റ്റാറുമായി, അതോടെ പൊലീസ് വേഷത്തില്‍ ഒരു പുതുമുഖ നടനും അവസരം ലഭിച്ചു. ഇക്കാലമത്രയും പക്ഷേ ലൂക്കയെന്ന കഥാപാത്രത്തിനു വേണ്ടി ടൊവിനോ നടത്തിയ ശ്രമങ്ങൾ മറക്കാനാകില്ലെന്നും പറയുന്നു നിമിഷ്.
മഴ കൊണ്ടിറങ്ങുമ്പോൾ...!
മഴ കണ്ട അനുഭവമല്ല, കൊണ്ട അനുഭവമാണ് ‘ലൂക്ക’യുടെ പ്രേക്ഷകരിലേറെയും പങ്കുവയ്ക്കുന്നത്. അതു തന്നെയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും നിമിഷ് പറയുന്നു. ആ മഴയ്ക്കു വേണ്ടി പക്ഷേ ഏകദേശം 25 ദിവസത്തോളം പ്രയത്നിക്കേണ്ടി വന്നു. ഒക്ടോബറിലെ മഴക്കാലത്തായിരുന്നു ആദ്യം ഷൂട്ട് പ്ലാൻ ചെയ്തത്. അന്നുപക്ഷേ നടന്നില്ല. പിന്നീട് മഴയില്ലാ മാസത്തിൽ ഷൂട്ട് ചെയ്യുമ്പോഴും പ്രൊഡക്‌ഷൻ ടീം ഗംഭീരമഴ തന്നെ ഉറപ്പു തന്നിരുന്നു. കൃത്രിമമഴയാണെങ്കിലും സൗണ്ട് ഡിസൈനർമാരായ പ്രശാന്തും ജോബിയും യഥാർഥമഴയുടെ ശബ്ദം തന്നെ പലയിടത്തു നിന്നായി എത്തിച്ചു. ഛായാഗ്രഹണം കൂടി ഗംഭീരമായതോടെ ലൂക്കയുടെയും നിഹാരികയുടെയും ജീവിതത്തിലെ മഴത്തണുപ്പ് പ്രേക്ഷകരുടെ നെഞ്ചിലേക്കുമിറങ്ങുകയായിരുന്നു.
വാൻഗോഗും ലൂക്കയും!
രണ്ടു കാലങ്ങളിൽ ജീവിച്ച ചിത്രകാരന്മാരായ വിൻസന്റ് വാൻഗോഗിനും റെംബ്രാന്റിനും ‘ലൂക്ക’യിലെന്താണു കാര്യം? ഉത്തരം നിമിഷ് പറയും. ആർടിസ്റ്റിന്റെ കഥയാണ് ലൂക്ക. നിറങ്ങൾ നിർബന്ധമായിരുന്നു, അല്ലെങ്കിൽ ചിത്രത്തിനൊരു ജീവനുണ്ടാകില്ല. കാറ്റുവീശും പോലെയായിരുന്നു വാൻഗോഗിന്റെ പെയിന്റിങ്ങുകളെല്ലാം. റെംബ്രാന്റിന്റെയാകട്ടെ അതീവ നിശ്ചലവും. സിനിമയിൽ കാറ്റു പോലെ ജീവിച്ചയാളാണ് ലൂക്ക. അക്ബറെന്ന പൊലീസുകാരനാകട്ടെ ഏതോ ഒരു ഫ്രെയിമിൽ ജീവിതം നിശ്ചലമാക്കപ്പെട്ടൊരാളെപ്പോലെയും. രണ്ടു പേർക്കും ഈ വിഖ്യാത പെയിന്റർമാരുടെ ചിത്രങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട ഫ്രെയിമുകളാണൊരുക്കിയത്.
അവസാന സമയത്താണ് അനീഷ് നാടോടി കലാസംവിധാനത്തിന് ഒപ്പം ചേരുന്നത്. തന്റെ ആശയം നിമിഷ് പറഞ്ഞപ്പോൾ അദ്ദേഹത്തിനും പൂർണസമ്മതം. അങ്ങനെ വാൻഗോഗിന്റെ പ്രശസ്തമായ ‘സ്റ്റാറി നൈറ്റ്സ്’ പോലുള്ള ചിത്രങ്ങൾ റഫറന്‍സാക്കി ലൂക്കയ്ക്ക് അവിസ്മരണീയ ദൃശ്യഭാഷയൊരുക്കാൻ നിമിഷിനായി. ചിത്രത്തിലെ പാട്ടിൽ പോലുമുണ്ടായിരുന്നു ക്യാമറ പരീക്ഷണം. അലക്സ, അലക്സ മിനി ക്യാമറകളാണ് ഉപയോഗിച്ചത്. പക്ഷേ ലൂക്കയുടെയും അക്ബറിന്റെയും ജീവിതം ചിത്രീകരിക്കുന്ന രീതിയിൽ നിന്നു മാറി പുതിയൊരു സ്റ്റൈലിൽ പാട്ട് ചിത്രീകരിക്കേണ്ടി വന്നപ്പോൾ പരീക്ഷമെന്ന പോലെ ഉപയോഗിച്ചത് സോണി എ7എസ് ഡിഎസ്എൽആർ ആയിരുന്നു. എന്തായിരിക്കും ഔട്ട്പുട്ടെന്ന് ആദ്യം ആശങ്കപ്പെട്ടെങ്കിലും തിയറ്ററിൽ വേറെ ലെവലായി ‘വാനിൽ ചന്ദ്രിക..’ എന്ന ആ പാട്ട്.
തിരുവനന്തപുരം കുറവൻകോണത്ത് റിയൽ എസ്റ്റേറ്റ് വ്യവസായി രവിയുടെയും സ്നേഹയുടെയും മകനാണ് നിമിഷ്. സഹോദരി നികിത ആർക്കിടെക്ചർ വിദ്യാർഥിനി. മകനെ വിഷ്വൽ കമ്യൂണിക്കേഷനു വിട്ടതു നന്നായെന്നു വീട്ടുകാർക്കു തോന്നുംവിധമായിരുന്നു നിമിഷിനു ലഭിച്ച അഭിനന്ദനങ്ങൾ. അതിൽ ഛായാഗ്രാഹകൻ എസ്.കുമാറിന്റെ വാക്കുകൾ തന്നെപ്പോലൊരു തുടക്കക്കാരന് ഏറെ പ്രചോദനമായെന്നു പറയുന്നു നിമിഷ്. ‘ലൂക്ക ഒരു വിഷ്വൽ ട്രീറ്റ് ആണെന്നാ’യിരുന്നു കുമാറിന്റെ അഭിനന്ദനം. പുതിയ സിനിമയുടെ വർക്കുകളുമായി കൊച്ചിയിലാണിപ്പോൾ നിമിഷ്. തനിക്ക് വല്ല സിനിമയും കിട്ടുമോയെന്ന ആശങ്കയില്ല, കിട്ടിയ പടങ്ങൾ കിടിലമാക്കാനുള്ള പുതുപരീക്ഷണങ്ങളുടെ പണിപ്പുരയിലാണിന്ന് ഈ ചെറുപ്പക്കാരൻ.