ജോസഫിന് മുമ്പേ മനസിലുള്ള സിനിമ; എന്തുകൊണ്ട് ആ ക്ലൈമാക്സ്; ഷാഹി കബീര് അഭിമുഖം
ജോസഫ് എന്ന സിനിമയിൽ നിന്ന് നായാട്ടിലേക്ക് എത്തുമ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാഹി കബീർ നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. അത്രയും കൃത്യവും ആഴമേറിയതുമാണ് നായാട്ടിന്റെ കഥാപരിസരവും അതിലെ കഥാപാത്ര നിർമ്മിതിയും. തീയറ്ററിൽ നിന്നു സിനിമ കണ്ടിറങ്ങിയിട്ടും മണിയനും പ്രവീൺ മൈക്കിളും സുനിതയും പ്രേക്ഷകരെ
ജോസഫ് എന്ന സിനിമയിൽ നിന്ന് നായാട്ടിലേക്ക് എത്തുമ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാഹി കബീർ നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. അത്രയും കൃത്യവും ആഴമേറിയതുമാണ് നായാട്ടിന്റെ കഥാപരിസരവും അതിലെ കഥാപാത്ര നിർമ്മിതിയും. തീയറ്ററിൽ നിന്നു സിനിമ കണ്ടിറങ്ങിയിട്ടും മണിയനും പ്രവീൺ മൈക്കിളും സുനിതയും പ്രേക്ഷകരെ
ജോസഫ് എന്ന സിനിമയിൽ നിന്ന് നായാട്ടിലേക്ക് എത്തുമ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാഹി കബീർ നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. അത്രയും കൃത്യവും ആഴമേറിയതുമാണ് നായാട്ടിന്റെ കഥാപരിസരവും അതിലെ കഥാപാത്ര നിർമ്മിതിയും. തീയറ്ററിൽ നിന്നു സിനിമ കണ്ടിറങ്ങിയിട്ടും മണിയനും പ്രവീൺ മൈക്കിളും സുനിതയും പ്രേക്ഷകരെ
ജോസഫ് എന്ന സിനിമയിൽ നിന്ന് നായാട്ടിലേക്ക് എത്തുമ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാഹി കബീർ നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. അത്രയും കൃത്യവും ആഴമേറിയതുമാണ് നായാട്ടിന്റെ കഥാപരിസരവും അതിലെ കഥാപാത്ര നിർമ്മിതിയും. തീയറ്ററിൽ നിന്നു സിനിമ കണ്ടിറങ്ങിയിട്ടും മണിയനും പ്രവീൺ മൈക്കിളും സുനിതയും പ്രേക്ഷകരെ വിട്ടൊഴിയാതെ പിന്തുടരും. ജീവിക്കുന്ന കാലഘട്ടത്തെ ഇത്രമേൽ പച്ചയായി അനുഭവിപ്പിച്ച മലയാള സിനിമ അടുത്തൊന്നും ഇറങ്ങിയിട്ടില്ല. താരമൂല്യമുള്ള അഭിനേതാക്കൾ ഉണ്ടായിരുന്നിട്ടും അവരുടെ ആരാധകരെ തൃപ്തിപ്പെടുത്താൻ ഒരു തരത്തിലുമുള്ള സിനിമാറ്റിക് സാധ്യതകളും നായാട്ട് പരീക്ഷിക്കുന്നില്ല. സിനിമ പറയുന്ന നേരിന്റെ ചൂട് പ്രേക്ഷകരെ പൊള്ളിക്കുന്നുണ്ട്. ഏതു പക്ഷത്തായാലും നഷ്ടം സംഭവിക്കുന്നത് ദളിതർക്കു മാത്രമാണെന്നും അതിന്റെ ആഴവും ഭീതിയും എത്രത്തോളമാണെന്നും നായാട്ട് അനുഭവിപ്പിക്കുന്നു. ഒട്ടേറെ ചർച്ചകൾക്കു വേദിയൊരുക്കിക്കൊണ്ടാണ് നായാട്ട് ഈ കോവിഡ് കാലത്ത് പ്രദർശനം തുടരുന്നത്. ഏറെ ചർച്ചയായ ക്ലൈമാക്സിനെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള വർത്തമാനങ്ങളുമായി തിരക്കഥാകൃത്ത് ഷാഹി കബീർ മനോരമ ഓൺലൈനിൽ.
അസ്വസ്ഥമാക്കുന്ന ക്ലൈമാക്സ്
നായാട്ടിന് കൃത്യമായ ഒരു ക്ലൈമാക്സ് കൊടുത്തിരുന്നെങ്കിൽ ഇപ്പോഴുണ്ടാകുന്ന സംസാരങ്ങൾക്കോ സംവാദങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള ഇടം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടാണ് ഒരു ഓപ്പൺ–എൻഡ് എന്ന രീതിയിൽ നിറുത്താമെന്നു തീരുമാനിച്ചത്. പ്രേക്ഷകർ അത്തരമൊരു ക്ലൈമാക്സ് എങ്ങനെ എടുക്കുമെന്ന സംശയം ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ ഉണ്ടായിരുന്നു. സിനിമ കണ്ട് സന്തോഷമായി തിയറ്റർ വിട്ടിറങ്ങി പോകണം എന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകർക്ക് ഒരു പരിധി വരെ നായാട്ടിന്റെ ക്ലൈമാക്സ് അൽപം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അറിയാമായിരുന്നു. എങ്കിലും ഈ സിനിമ പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിൽ അവസാനിപ്പിക്കാതെ ഈയൊരു വിഷയമായി നിൽക്കട്ടെ എന്നു തീരുമാനിക്കുകയായിരുന്നു. കോവിഡിന്റേതായ പ്രശ്നങ്ങൾ കലക്‌ഷനെ ബാധിച്ചിട്ടുണ്ട്. എങ്കിലും കുഴപ്പമില്ലാത്ത പ്രതികരണം സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നു ലഭിക്കുന്നുണ്ട്.
പൊലീസ് അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ
കേരളത്തിലെ പല സംഭവ വികാസങ്ങൾ പരിശോധിച്ചാൽ പൊലീസ് പ്രതികളായ കേസുകളിൽ പലപ്പോഴും അവരുടെ ഐഡന്റിറ്റികൾ പുറത്തുവരാറില്ല. പൊളിറ്റിക്കൽ ഗെയിമിൽ അവരാണ് യഥാർത്ഥത്തിൽ പെട്ടു പോകുന്നത്. പൊലീസ് സ്റ്റേഷനിലുണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമെല്ലാം ഫ്രസ്ട്രേഷന്റെയും സമ്മർദ്ദത്തിന്റെയും പുറത്തുണ്ടാകുന്നതാണ്. അതൊന്നും മുൻവിധിയുടെ പേരിലുണ്ടാകുന്നതല്ല. നായകൻ കുഞ്ചാക്കോ ബോബൻ നേരിടുന്ന അപമാനത്തിൽ നിന്നാണ് സിനിമയിൽ വഴിത്തിരിവുണ്ടാകുന്നത്. കുഞ്ചാക്കോ ബോബനെ ഇൻസൾട്ട് ചെയ്യുന്നത് സിഐ ആണ്. അദ്ദേഹം പൊലീസ് സ്റ്റേഷനിലേക്ക് കയറി വരുന്നത് തന്നെ എന്തോ പ്രശ്നത്തിന്റെ പേരിൽ എല്ലാവരെയും ചീത്ത വിളിച്ചിട്ടാണ്. അയാൾക്ക് കിട്ടിയ അപമാനമാണ് അയാൾ മറ്റുള്ളവർക്കു കൊടുക്കുന്നത്. അതൊരു ചെയിൻ റിയാക്‌ഷൻ പോലെ പിന്നീട് വലിയൊരു പ്രശ്നത്തിലേക്ക് ചെന്നു ചേരുകയാണ്.
ജോസഫിന് മുൻപെ മനസിലുള്ള സിനിമ
ജോസഫിന്റെ ഏകദേശം മുക്കാൽ ഭാഗത്തോളം സ്ക്രിപ്റ്റ് ജോജുവിന് കൊടുത്തിട്ടാണ് ഞാൻ തൊണ്ടിമുതലിൽ അസിസ്റ്റന്റ് ആകാൻ പോകുന്നത്. സ്ക്രിപ്റ്റ് കൊടുത്ത സമയത്ത് ജോജു പറഞ്ഞു, വിസാരണൈ എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ട്... ഉഗ്രൻ പടമാണ്... കാണണം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ഏകദേശം സമാനമായ പ്ലോട്ട് എന്റെ മനസിലുണ്ട്... ആ സിനിമ കണ്ടാൽ അതു സ്വാധീനിച്ചേക്കാം എന്ന്. അന്നു മുതൽ എന്റെ മനസിലുള്ളതാണ് ഈ സിനിമ. എഴുത്ത് തുടങ്ങിയത് ജോസഫിന്റെ റിലീസിനു ശേഷമാണ്. ഈ കഥ ഞാനും ജോജുവും പോയി ആദ്യം പറയുന്നത് മാർട്ടിൻ പ്രക്കാട്ടിന്റെ അടുത്താണ്. അദ്ദേഹത്തിന് ഇഷ്ടമായി. പിന്നെ രഞ്ജിയേട്ടനും കഥ കേട്ടു. അദ്ദേഹം അതു നിർമിക്കാമെന്നു സമ്മതിച്ചു. അങ്ങനെയാണ് നായാട്ട് സംഭവിക്കുന്നത്.
നിമിഷയും ചാക്കോച്ചനും
നിമിഷ എന്ന ഒരു ആർടിസ്റ്റിനെ അല്ലാതെ മറ്റൊരാളെ ഈ സിനിമയിൽ ചിന്തിക്കാൻ പറ്റില്ല. സിനിമയിൽ നിമിഷയ്ക്കു വളരെ കുറച്ചു ഡയലോഗുകളേ ഉള്ളൂ. അത്ര കുറച്ചു സ്ക്രീൻ ടൈമും ഡയലോഗുകളും ആയിരുന്നിട്ടും അവരെക്കുറിച്ച് പ്രേക്ഷകർ സംസാരിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പെർഫോർമൻസ് കൊണ്ടാണ്. നിമിഷയുടെ കഥാപാത്രം പ്രേക്ഷകരെ വേട്ടയാടുന്നുണ്ട്. ആ ഇമോഷൻസ് അത്രയും ശക്തമായി നിമിഷ അവതരിപ്പിക്കുന്നു. അതുപോലെ തന്നെയാണ് ചാക്കോച്ചൻ. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നായാട്ടിലെ പ്രവീൺ മൈക്കിൾ. കഥാപരമായി ജോജുവിന്റെ മണിയൻ ആണ് മുന്നിൽ നിൽക്കുന്നത്. അയാളാണ് ലീഡ് ചെയ്യുന്നത്. അതിനൊപ്പം തന്നെ ചാക്കോച്ചനും നിമിഷയും അഭിനയത്തിൽ ഇടം നേടുന്നുണ്ട്.
അടുത്തതും പൊലീസ് കഥ തന്നെ
ജോസഫിന്റെ സ്ക്രിപ്റ്റ് ജോജുവിന് വായിക്കാൻ കൊടുത്തിട്ടല്ല ആ സിനിമയുണ്ടാകുന്നത്. കഥയുടെ വൺലൈൻ മാത്രം കേട്ടാണ് ജോജു അതു ചെയ്യാമെന്നു സമ്മതിക്കുന്നത്. അതൊരു വിശ്വാസം! ഇന്നു വിളിച്ചിട്ട് 'ഒരു കഥയുണ്ട്... കേൾക്കാമോ' എന്നു ചോദിച്ചാൽ ആ നിമിഷം 'വരൂ' എന്നു പറയുന്ന സ്നേഹമുണ്ട്. അതിനേക്കാളുപരി, ഞാൻ പറയുന്ന കഥകൾ ജോജുവിന് വളരെ നന്നായി കമ്മ്യൂണിക്കേറ്റ് ആകും. സ്ക്രിപ്റ്റ് എഴുതിയിട്ട് നോക്കാം എന്നതല്ല. ഒരു ആർടിസ്റ്റ് ഓകെ പറഞ്ഞിട്ട് തിരക്കഥ എഴുതുമ്പോൾ അയാളെ ഉപയോഗിക്കാവുന്ന തരത്തിൽ എഴുതാൻ കഴിയും. അല്ലെങ്കിൽ ബ്ലൈൻഡ് ആയി എഴുതുന്നതു പോലെയാകും. അതുകൊണ്ട് ജോജുവിന് വേണ്ടി ഇനിയുമെഴുതും. അടുത്തതും ഒരു പൊലീസ് കഥ തന്നെയാണ്. അത്, ജോസഫിൽ നിന്നും നായാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായത് ആയിരിക്കും.