മണ്ണിൽ പണിയെടുത്ത് കൈവെള്ളയിൽ തടിച്ചു പൊങ്ങിയ തഴമ്പുമായി മലയിറങ്ങി വന്ന ഒരാൾ. ആദ്യം മിമിക്രി വേദിയിലും പിന്നീട് സിനിമയിലും ശ്രദ്ധേയനായി മാറിയ കലാകാരൻ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച് ഉയർച്ചയുടെ പടവുകൾ കയറിയ ജാഫർ ഇടുക്കി സംസാരിക്കുന്നു... ‘പല ജോലികൾക്കിടയിൽ ഒരു

മണ്ണിൽ പണിയെടുത്ത് കൈവെള്ളയിൽ തടിച്ചു പൊങ്ങിയ തഴമ്പുമായി മലയിറങ്ങി വന്ന ഒരാൾ. ആദ്യം മിമിക്രി വേദിയിലും പിന്നീട് സിനിമയിലും ശ്രദ്ധേയനായി മാറിയ കലാകാരൻ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച് ഉയർച്ചയുടെ പടവുകൾ കയറിയ ജാഫർ ഇടുക്കി സംസാരിക്കുന്നു... ‘പല ജോലികൾക്കിടയിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണിൽ പണിയെടുത്ത് കൈവെള്ളയിൽ തടിച്ചു പൊങ്ങിയ തഴമ്പുമായി മലയിറങ്ങി വന്ന ഒരാൾ. ആദ്യം മിമിക്രി വേദിയിലും പിന്നീട് സിനിമയിലും ശ്രദ്ധേയനായി മാറിയ കലാകാരൻ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച് ഉയർച്ചയുടെ പടവുകൾ കയറിയ ജാഫർ ഇടുക്കി സംസാരിക്കുന്നു... ‘പല ജോലികൾക്കിടയിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണിൽ പണിയെടുത്ത് കൈവെള്ളയിൽ തടിച്ചു പൊങ്ങിയ തഴമ്പുമായി മലയിറങ്ങി വന്ന ഒരാൾ. ആദ്യം മിമിക്രി വേദിയിലും പിന്നീട് സിനിമയിലും ശ്രദ്ധേയനായി മാറിയ കലാകാരൻ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച് ഉയർച്ചയുടെ പടവുകൾ കയറിയ ജാഫർ ഇടുക്കി സംസാരിക്കുന്നു...

 

ADVERTISEMENT

‘പല ജോലികൾക്കിടയിൽ ഒരു ശ്രമമായിരുന്നു മിമിക്രി. എൽപി ക്ലാസിൽ പഠിക്കുമ്പോൾ ഇത് മിമിക്രിയാണോ മോണോആക്ട് ആണോന്നറിയില്ല. അറിയാത്ത പ്രായത്തിൽ സ്റ്റേജിൽ കയറി എന്തൊക്കെയോ കാണിച്ചു, സെക്കൻഡ് പ്രൈസ് കിട്ടി. അന്ന് മത്സരത്തിന് പേരു കൊടുക്കാൻ കാരണം എന്റെ കൂട്ടുകാരൻ ബിജു ആണ്. അവന്റെ ചേട്ടൻ തൃശ്ശൂര് കോളജിൽ പഠിക്കുന്നുണ്ട്. ആള് ഭയങ്കര മിമിക്രിക്കാരനാണെന്നൊക്കെ പറയുമായിരുന്നു. മിമിക്രി മത്സരത്തിന് അവൻ പേരു കൊടുത്തപ്പോൾ ചുമ്മാ ഒരു രസത്തിന് ഞാനും കൊടുത്തു. മത്സരം നടന്നു. ലൈല എന്ന് പേരുള്ള പെൺകുട്ടിക്ക് ഫസ്റ്റ്, എനിക്ക് സെക്കൻഡ്. ബിജുവിന് ഒന്നും കിട്ടിയില്ല. അവിടം മുതൽ മിമിക്രി കൂടെയുണ്ട്. 

 

വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ സാഹിത്യ സമാജത്തിന്റെ പരിശീലനപരിപാടി ഉണ്ടാകും. ഒന്നുമുതൽ പത്തു വരെയുള്ള ക്ലാസിലെ കുട്ടികൾ അവരവർക്കിഷ്ടമുള്ള കലാപരിപാടികൾ അവതരിപ്പിക്കും. ഒരു മാഷ് ഗെസ്റ്റ് ആയിട്ടുണ്ടാവും. പരിപാടികൾ കണ്ട ശേഷം ഓരോരുത്തർക്കും വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകും. ചെറിയ പ്രായത്തിൽ എന്നിലെ കലാകാരന് വെളിച്ചമേകിയത് സ്കൂളിലെ സാഹിത്യ സമാജവും അവിടുത്തെ അധ്യാപകരും ആണ്. പക്ഷേ എസ്എസ്എൽസി കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചു. പത്ത് തോറ്റു. വീണ്ടും എഴുതി അതും തോറ്റു. ഒരു പണിയുമില്ലാതെ വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് റേഡിയോ എടുത്ത് പണിയാൻ തുടങ്ങി. പാടിക്കൊണ്ടിരുന്ന റേഡിയോയാണ് ഒരാവശ്യവുമില്ലാതെ എടുത്തിട്ട് പൊളിച്ചു പണിയുന്നത്. വാപ്പ വീട്ടിൽ ഇല്ലാത്ത നേരത്താണ് ഈ പൊളിച്ചു പണി. ഒരുദിവസം വാപ്പ ഇത് കണ്ടു. എനിക്ക് റേഡിയോ പണിയിലാണ് താൽപര്യമെന്ന് വിചാരിച്ചു പുള്ളിക്കാരൻ എന്നെ ചെറുതോണിയിലുള്ള വിജയാസൗണ്ട് രാഘവൻ മാഷിന്റെ അടുക്കൽ കൊണ്ടുപോയി ഏൽപ്പിച്ചു. ഇടുക്കിയിലെ പേരുകേട്ട സൗണ്ടാണ് വിജയാ സൗണ്ട്. ഡാമിലെ ഇലക്ട്രീഷ്യനും കൂടിയാണ് രാഘവൻ മാഷ്. 

 

ADVERTISEMENT

അമ്പലം, പള്ളിപരിപാടികൾക്ക്  മൈക്ക് ഓപ്പറേറ്റ് ചെയ്യാൻ പോകും. മൈക്ക് അനൗൺസ്മെന്റ് പാർട്ടിയുടെ കൂടെ സൗണ്ട് സിസ്റ്റവുമായി പോകും. അങ്ങനെ ഒന്നരവർഷം ഞാൻ അവിടെനിന്നു. എന്റെ ഒരു കസിൻ നാസർ രാഘവൻമാഷിന്റെ ശിഷ്യനായിരുന്നു. നാസറിന്റെ വാപ്പയ്ക്ക് ഇടുക്കിയിലെ തടിയമ്പാട് എന്ന സ്ഥലത്ത് പച്ചമരുന്ന് കച്ചവടം ആയിരുന്നു. കടയുടെ ഒരു ഭാഗത്ത് റേഡിയോ നന്നാക്കുന്ന സംഭവം. രാഘവൻ മാഷിന്റെ അനുവാദത്തോടെ നാസർ എന്നെ അങ്ങോട്ടു വിളിച്ചു. ചെറുതോണിയിൽനിന്ന് ഞാൻ തടിയമ്പാട് നാസറിന്റെ കടയിലേക്ക് രാവിലെ ചോറും പൊതിഞ്ഞു കെട്ടി വരും. അവിടെ ഇരുന്ന് റേഡിയോ റിപ്പയർ ചെയ്യുന്നതിനൊപ്പം വീട്ടിലിരുന്നും സ്വന്തമായി ചെറിയ പണികളൊക്കെ ചെയ്തു തുടങ്ങി. ഒരു ദിവസം കടയിൽവച്ച് രാജൻ ഇടുക്കി എന്ന മിമിക്രിക്കാരനെ പരിചയപ്പെട്ടു. അദ്ദേഹം വഴി പലയിടത്തും മിമിക്രി മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനങ്ങൾ നേടി. രാജൻ മാഷ് വഴിയാണ് കലാഭവൻ റഹ്മാനിക്കയെ പരിചയപ്പെടുന്നതും ജോക്സ് ഇന്ത്യ എന്ന പ്രഫഷനൽ മിമിക്രി ട്രൂപ്പിൽ ജോയിൻ ചെയ്യുന്നതും. ഏഴെട്ടു വർഷം റഹ്മാനിക്കയുടെ കൂടെ ജോക്സ് ഇന്ത്യയിൽ കളിച്ചു. പിന്നീട് അബിയുടെ ഗ്രൂപ്പിൽ എത്തി അവിടുന്ന് കലാഭവനിൽ വന്നു. മണി കലാഭവനിൽനിന്ന് പോയ സമയത്താണ് ഞാൻ കലാഭവനിൽ വരുന്നത്.

 

ഉള്ളംകൈയിലെ തഴമ്പിനെക്കുറിച്ച് പറഞ്ഞില്ല?

 

ADVERTISEMENT

ഞാൻ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. സാധാരണ കുടുംബം എന്നുപറഞ്ഞാൽ സാമ്പത്തികമായി വളരെ പിന്നിലായിരുന്നു. സ്വന്തമായി വീടു പോലുമില്ലായിരുന്നു. എട്ടു വയസ്സിലൊക്കെ പണിയെടുത്തു തുടങ്ങിയതാണ്. ഞങ്ങളുടെ വീടിനടുത്ത് പാലായിലെ ഒരാളുടെ റബർ നഴ്സറി ഉണ്ടായിരുന്നു. പാണ്ഡ്യൻ റബർ നഴ്സറി, വാഴത്തോപ്പ്, ഇടുക്കി എന്നെഴുതിയ തകിട് കൊണ്ടുണ്ടാക്കിയ ഒരു ബോർഡ് അവിടെ ഉണ്ടായിരുന്നു. രാത്രിയാവുമ്പോൾ ബോർഡിലേക്ക് ഞങ്ങള് കല്ലു വലിച്ചെറിയും. തകിടുകൊണ്ടുള്ള ബോർഡിൽ ഏറു കൊള്ളുമ്പോൾ ഭയങ്കര ശബ്ദമാണ്. അത് കേട്ട് പുള്ളി ഇറങ്ങിവന്ന് ചീത്ത വിളിക്കും. ഈ ചീത്ത വിളി കേൾക്കാൻ വേണ്ടിയാണ് ഞങ്ങൾ കല്ലു വലിച്ചെറിയുന്നത്. പത്ത് തെറി കേട്ട് കഴിയുമ്പോൾ ഒരു സന്തോഷം. അങ്ങനെ നടക്കുന്ന കാലം. രാത്രി ഒരു മണി രണ്ടു മണിയൊക്കെ ആകുമ്പോൾ നഴ്സറിയിൽ തേങ്ങ നിറച്ച വണ്ടി വരും. വണ്ടിയിൽനിന്ന് തേങ്ങ ഇറക്കിവയ്ക്കാൻ ഞങ്ങളെ വിളിക്കും. ഉമ്മയും ഉപ്പയും ഞങ്ങള് മക്കളും എല്ലാവരും കൂടിയാണ് പോകുന്നത്. ഉമ്മയും വാപ്പയുമൊക്കെ 10, 15 തേങ്ങ വല്ലത്തിലെടുത്തു വയ്ക്കുമ്പോൾ എട്ടുവയസ്സുകാരനായ ഞാൻ ഉറക്കമൊഴിച്ചിരുന്ന് രണ്ടും മൂന്നും തേങ്ങ പെറുക്കി ഇടും. പിന്നെ കൊയ്യാൻ പോകും. കൊയ്യാൻ പോകുന്നതും കുടുംബസമേതമാണ്. എന്റെ ഉമ്മ കൊയ്യാനിറങ്ങിയാൽ പൊരി കൂടുതൽ കിട്ടും.

 

ഒത്തിരി നെല്ല് ഉണ്ടാവുന്ന രണ്ടു കണ്ടമൊക്കെ ഉമ്മ ഏറ്റെടുക്കും. ചില സമയത്ത് ഉമ്മയോട് ഞങ്ങൾക്ക് ദേഷ്യം വരും. ഇതൊക്കെ കൊയ്തു വച്ചാൽ മാത്രംപോരാ, രണ്ടു മൂന്നു കിലോമീറ്റർ ചുമന്നു കൊണ്ടു പോയി ഇടണം. നഴ്സറിയിൽ റബർ ബഡ്ഡിങ്, റബർ അഴിക്കല്, റബർ  കുരു വാരല്... മഴക്കാലത്ത് റോഡിലെ ചെറിയ കുഴികളിൽ വീണ് കിടക്കുന്ന റബർ കുരു വാരിയെടുത്തു കൊടുത്താൽ ഒരു പാട്ടയ്ക്ക് 40 പൈസ കിട്ടും. ആ പൈസ കൊണ്ട് ഞങ്ങൾ സിനിമ കാണാൻ പോകും. എല്ലാ സിനിമയും കാണും. ചെറിയ വയസ്സുമുതൽ മണ്ണിൽ പണിയെടുത്തതിന്റെയും തൂമ്പയെടുത്ത് കിളച്ചതിന്റെയും അടയാളമാണ് കയ്യിലെ ഈ തഴമ്പ്. ഞാൻ ഇപ്പോഴും മണ്ണിൽ പണിയെടുക്കുന്ന ആളാണ്.

 

സ്വന്തമായി കൃഷി ഭൂമി ഉണ്ടോ?

 

12 കൊല്ലം മുമ്പ് ഇടുക്കിയിൽനിന്ന് ഞങ്ങൾ തൊടുപുഴയിലേക്കുവന്നു. ഒരു കൊച്ചു വീടുവച്ചു. വീടിനോട് ചേർന്നുള്ള 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. കപ്പ, ചേന, ചേമ്പ്, പയർ, വഴുതന, കാച്ചിൽ, വെണ്ട, ഇഞ്ചി, കിഴങ്ങ്, ചീനമുളക് എല്ലാമുണ്ട്. പച്ചക്കറി സാധനങ്ങളൊന്നും പുറത്തുപോയി വാങ്ങാറില്ല. ഇതോടൊപ്പം മീൻ കൃഷിയും ചെയ്യുന്നുണ്ട്.

 

കൃഷിക്കാരൻ മാത്രമല്ല നല്ലൊരു പാചകക്കാരൻ കൂടിയാണെന്ന് കേട്ടിട്ടുണ്ട്.

 

അടുക്കളപ്പണി നന്നായി അറിയാം. ആരും പഠിപ്പിച്ചു തന്നതല്ല. സ്വയം പഠിച്ചതാണ്.എല്ലാ വിഭവങ്ങളും ഉണ്ടാക്കുമോയെന്ന് ചോദിച്ചാൽ ഞാൻ ഇഷ്ടപ്പെടുന്നതൊക്കെ ഉണ്ടാക്കാൻ അറിയാം. നാടൻ ഭക്ഷണത്തോടാണ് താല്പര്യം. നല്ല പോത്ത് കറി ഉണ്ടാക്കും. മീൻ കറി,  തോരൻ അങ്ങനെയുള്ള സാധനങ്ങളും ഉണ്ടാക്കും. ചാള ഒരു പ്രത്യേക രീതിയിൽ വറുത്തെടുത്താൽ ഒരെണ്ണം കഴിക്കുന്നയാൾ ഇരുന്ന ഇരുപ്പിൽ പത്തെണ്ണം കഴിച്ചിട്ട് പോകും. ചാള എങ്ങനെ വൃത്തിയാക്കണം, എത്ര അളവിൽ വരയണം, വരയുന്ന ഭാഗത്ത് എങ്ങനെ മസാല തേച്ചു പിടിപ്പിക്കണം എന്നൊക്കെയറിയാം. തിളച്ച എണ്ണയിലേക്ക് മീൻ ഇട്ട് അതിന്റെ പാകത്തിന് പൊരിച്ചെടുക്കണം. കരിമുരുന്ന് ആക്കി കളയരുത്. വെളിച്ചെണ്ണയിൽ കിടന്ന് നല്ലോണം വെട്ടിത്തിളച്ചു കൊണ്ടിരിക്കുമ്പോൾ മീൻ എടുത്ത് കഴിക്കണം. എണ്ണയിൽ കിടന്ന് മുറുകി കരിമുരുന്ന് ആയിപ്പോയാൽ മീനിന്റെ രുചി പോവും. വേവിച്ചെടുക്കാനേ പാടുള്ളു. വേവിച്ചെടുത്ത മീൻ പൊളിച്ച് തിന്നണം. അതിന്റെ രുചി ഒന്നു വേറേതന്നെയാണ്. ഇതൊക്കെ കണ്ടു പഠിച്ചതാണ്. ഉമ്മയും എന്റെ ഭാര്യയും സഹോദരിമാരും നല്ല പാചകക്കാരാണ്. വാപ്പ പതിനാലുവർഷം ചായക്കട നടത്തിയിരുന്നു. മാമാമാര് രണ്ടു പേര് നല്ല പാചകക്കാരാണ്. വിവാഹച്ചടങ്ങുകളിലൊക്കെ പാചകം ചെയ്യാൻ പോകാറുണ്ട്.

 

ധാരാളം അനുഭവങ്ങളുള്ള ആളാണല്ലോ. ആദ്യ സിനിമ നൽകിയത് സന്തോഷമാണോ സങ്കടമാണോ?

 

ആദ്യസിനിമയിൽ ഞാൻ അഭിനയിച്ചില്ല. അരജ്‌ എന്ന ടെലിഫിലിമിലാണ് ആദ്യമായി അഭിനയിക്കുന്നത്. പാഴൂർ മനയിലായിരുന്നു ഷൂട്ടിങ്. സിനിമക്കാരുടെ കഥപറയുന്ന ടെലിഫിലിമിൽ സംവിധായകന്റെ ഒരാളായിട്ട് സ്ക്രിപ്റ്റൊക്കെ പിടിച്ചു കൊണ്ട് നടക്കുന്ന  ഒരുകൊച്ചു വേഷം കലാഭവൻ റഹ്മാനിക്ക സംഘടിപ്പിച്ചു തന്നു. അവിടെവച്ചു കലാഭവൻ അൻസാർക്കയെ പരിചയപ്പെട്ടു. മിമിക്സ് ആക്ഷൻ 1000 എന്ന സിനിമയിൽ അൻസാർക്ക പറഞ്ഞിട്ട് ഒരു ചാൻസ് കിട്ടി. എറണാകുളത്ത് ഹൈവേ ഗാർഡനിലാണ് ഷൂട്ടിങ്. എന്നോട് ചെല്ലാൻ പറഞ്ഞ ഒരു വെള്ളിയാഴ്ച ഞാൻ അവിടെ എത്തിയപ്പോൾ ഉച്ചയായി. ആ സമയത്ത് ഹൈവേ ഗാർഡനിലെ ഷൂട്ടിങ് കഴിഞ്ഞ് അടുത്ത ലൊക്കേഷനിലേക്ക് യൂണിറ്റ് ഷിഫ്റ്റ് ചെയ്യുകയാണ്. ഞാനൊരു സൈഡിലേക്ക് മാറിനിന്നു. ലൊക്കേഷനിൽ ആരെയും എനിക്ക് പരിചയമില്ല. അങ്ങനെ നിൽക്കുമ്പോൾ ജഗദീഷ് ചേട്ടനും അൻസാർക്കയും ഒരു കാറിൽ വന്നിറങ്ങി. ഞാൻ നമസ്കാരം പറഞ്ഞു. എന്തായി എന്ന് അൻസാർക്ക ചോദിച്ചു. എന്നോട് വരാൻ പറഞ്ഞിരുന്നു എന്നു പറഞ്ഞു. 

 

‘ജാഫർ ഒരു കാര്യം ചെയ്യ് ആ നിൽക്കുന്ന ബൈജുവിനോട് പറഞ്ഞാൽ മതി. ഞാൻ കുറച്ചു തിരക്കിലാണ്’. അതും പറഞ്ഞു പുള്ളി പോവുകയും ചെയ്തു. പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ബൈജു മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചു നേരം കാത്ത് നിന്നിട്ട് ഞാൻ പുള്ളിയുടെ അടുത്തേക്ക് ചെന്നു. ‘അൻസാർക്ക പറഞ്ഞിട്ട് വരികയാണ്.ഒരു വേഷം ഉണ്ടെന്ന് പറഞ്ഞിരുന്നു’. ‘ചേട്ടാ നമ്മൾ ഹൈക്കോടതിയുടെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യുകയാണ്. അവിടെ വാ. നിങ്ങളുടെ കാര്യം എനിക്ക് അറിയില്ല. എന്നോട് പറഞ്ഞിട്ടില്ല.’ എന്തു ചെയ്യുമെന്ന് ആലോചിച്ച് അവിടെയൊന്ന് ചുറ്റി നോക്കുമ്പോൾ ചോറും കറികളും അടങ്ങിയ സ്റ്റീൽ പാത്രം മടിയിൽ വെച്ച് ഒരാൾ ചോറു തിന്നുന്നു. എന്നെ കണ്ടതും വലിയ സന്തോഷത്തോടെ ‘ഇതെന്താ ഇവിടെ’ എന്നു ചോദിച്ചു. ചെറിയൊരു ചാൻസ് കിട്ടിയിട്ട് വന്നതാണെന്ന് ഞാൻ പറഞ്ഞു. ‘അതെയോ, ഇരിക്ക് ഇരിക്ക്...’ അപ്പോൾത്തന്നെ കസേര എടുപ്പിച്ച് എന്നെ അതിൽ ഇരുത്തി ഊണു വാങ്ങിച്ചു തന്നു. ആ വ്യക്തിയാണ് കലാഭവൻ നവാസ്. അന്നാണ് സിനിമയുടെ ആഹാരം ആദ്യമായി കഴിക്കുന്നത്. ഭക്ഷണം കഴിഞ്ഞു നവാസിനോട് യാത്ര പറഞ്ഞു നേരേ ഇടുക്കിയിലേക്ക് വണ്ടികയറി. ലൊക്കേഷനിലേക്ക് പോയില്ല. എന്റെ കയ്യിൽ ആകെ 150 രൂപയേ ഉണ്ടായിരുന്നുള്ളൂ. അതിൽ അൻപത് രൂപ ബസ്സ് കൂലിയായി. ഇവിടെക്കിടന്ന് ഓട്ടോറിക്ഷയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി പൈസ തീർന്നു പോയാൽ തിരിച്ച് നാട്ടിലേക്ക് പോകാൻ പറ്റില്ല. ചാൻസ് കിട്ടുമെന്ന് ഉറപ്പുമില്ല. ഇതാണ് എന്റെ ആദ്യ സിനിമാ അനുഭവം.

 

അപ്പോൾ രണ്ടാമത്തെ ‘ആദ്യ സിനിമ’ ഏതാണ്?

 

കലാഭവൻ മിമിക്സ് പരേഡ് ടീമിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ കാസറ്റുകൾക്ക് വേണ്ടി കോമഡി ഷോകൾ ചെയ്തിരുന്നു. ആ സമയത്ത് എട്ട് സുന്ദരികൾ എന്ന സീരിയലിൽ അഭിനയിച്ചു. മൂന്നു കൊല്ലം അങ്ങനെ പോയി. ഇതിനിടയിൽ സെഞ്ച്വറി കാസറ്റ്സിന് വേണ്ടി കോമഡി മൂസ എന്ന പേരിൽ ചെയ്ത കോമഡി കാസറ്റ് കണ്ട് അനീഷ് പണിക്കർ എന്ന സംവിധായകൻ കലാഭവനിൽ വന്നു. സിനിമയിൽ അഭിനയിക്കാൻ പറ്റുമോന്ന് ചോദിച്ചു. അഭിനയിക്കാമെന്നു പറഞ്ഞു. പറവൂരിലുള്ള ഒരു റിസോർട്ടിൽ വച്ച് മേക്കപ്പ് ടെസ്റ്റ് നടത്തി. ഓക്കെ ചാക്കോ കൊച്ചിൻ മുംബൈ എന്ന പടത്തിൽ മൂന്ന് നായകന്മാരിൽ ഒരാൾ ഞാനായിരുന്നു. അശോകൻ, തൗഫീഖ്, ഞാൻ. തിലകൻ ചേട്ടനാണ് സെൻട്രൽ ക്യാരക്ടർ ചെയ്തത്. ആ സിനിമയെക്കുറിച്ച് ഇപ്പോൾ പറയുമ്പോഴും സന്തോഷമാണ്. വല്ലാതെ കഷ്ടപ്പാടൊന്നും അനുഭവിച്ചില്ല. നല്ല പ്രൊഡ്യൂസർ ആയിരുന്നു. നല്ല ഭക്ഷണം, നല്ല താമസസൗകര്യം, എല്ലാ സ്വാതന്ത്ര്യവും നമുക്ക് തന്നു. ലൊക്കേഷനിൽ നമ്മളെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. അഭിനയിക്കാൻ പേടിയൊന്നും തോന്നിയില്ല. പേടി തോന്നിയ ഒരുപാട് പടങ്ങൾ വേറെയുണ്ട്. ഓക്കേ ചാക്കോ കൊച്ചിൻ മുംബൈ എന്ന സിനിമ തിയറ്ററിൽ റിലീസായില്ല. അതിന്റെ കാരണം എനിക്കറിയില്ല. സൂര്യ ടിവിയിലും കിരൺ ടിവിയിലും വന്നു. അത് കഴിഞ്ഞ് ചാക്കോ രണ്ടാമൻ എന്ന സിനിമയിൽ അഭിനയിച്ചു. മൂന്നാമത്തെ സിനിമയാണ് കയ്യൊപ്പ്. പിന്നെ വീരാളിപ്പട്ട് അങ്ങനെ അങ്ങ് പോയി.

 

പേടി തോന്നിയ ഒരുപാട് പടങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. കയ്യൊപ്പ് ആണോ പേടിപ്പിച്ചത്?

 

മമ്മൂക്കയുടെ കൂടെ കയ്യൊപ്പിൽ അഭിനയിക്കുമ്പോൾ കിലുകിലാന്ന് വിറയായിരുന്നു. പേടിക്കേണ്ട ഒരാവശ്യവുമില്ല. പക്ഷേ അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്. മമ്മുക്ക ഇങ്ങനെ നിറഞ്ഞുനിൽക്കുകയല്ലേ. രഞ്ജിത് സാർ ചെയ്യുന്ന പടമാണ്. സാറിനെ എനിക്ക് നേരത്തേ പരിചയമുണ്ട്. ഞങ്ങൾ ഒരുമിച്ച് ജർമനിയിൽ ഒരു പ്രോഗ്രാമിന് പോയിട്ടുണ്ട്. എന്നാലും വെറുതേ ഒരു പേടി. പക്ഷേ ആ പേടിയും വിറയും കഥാപാത്രത്തിന് ആവശ്യമായിരുന്നു. ഷൂട്ടിങ് തുടങ്ങിയതിന്റെ അടുത്ത ദിവസം മമ്മൂക്കയും രഞ്ജിത്ത സാറും കൂടി എന്നെ വിളിച്ചു, നിനക്ക് പേടിയുണ്ടോന്ന് ചോദിച്ചു. എനിക്ക് നിങ്ങളെ പേടിയാണെന്ന് പറഞ്ഞു. നീ എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. പോയി ചെയ്യടാ കഴുതേ എന്ന് സ്നേഹത്തോടെ രഞ്ജിത് സാർ പറഞ്ഞു. അതു കേട്ടപ്പോൾ ഒരു ധൈര്യവും ആത്മവിശ്വാസവുമൊക്കെ തോന്നി. ആദ്യമുണ്ടായ വിറയൽ പെട്ടെന്ന് മാറാൻ പ്രധാന കാരണം മമ്മൂക്കയുടെ സഹായം കിട്ടിയതുകൊണ്ടാണ്. കയ്യൊപ്പിൽ മമ്മൂക്ക എന്നെ ഒരുപാട് സഹായിച്ചു. അഭിനയിക്കുമ്പോൾ സ്വീകരിക്കേണ്ട പലകാര്യങ്ങളും മമ്മൂക്ക പറഞ്ഞു തന്നു. അതൊക്കെ നന്മയുള്ളൊരു മനസ്സുള്ളതുകൊണ്ടല്ലേ. രണ്ട് പൊക്കം കുറഞ്ഞവമ്മാരെ (എന്നെയും ബിജുക്കുട്ടനെയും) രക്ഷപ്പെടുത്തണമെന്ന് മമ്മൂക്ക പറഞ്ഞതായി ഒരിക്കൽ ടിനി ടോം എന്നോട് പറഞ്ഞു.

 

പൊക്കമില്ലായ്മ യെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ രസകരമായ വരികൾ ഉണ്ട്.

 

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം... അത് ഞാൻ നേരിട്ടു കേട്ടിട്ടുണ്ട്. മാഷ് എവിടെ പ്രഭാഷണത്തിന് പോയാലും ആദ്യം പറയുന്നത് പൊക്കമില്ലായ്മയെക്കുറിച്ചാണ്. ഒരു സ്ഥലത്ത് ഞങ്ങൾ പരിപാടിക്ക് ചെന്നപ്പോൾ അവിടെ കുഞ്ഞുണ്ണിമാഷിന്റെ പ്രഭാഷണം നടക്കുന്നു. സംഘാടകരുടെ ഭാഗത്തുനിന്ന് കാര്യമായ എന്തോ വീഴ്ച പറ്റിയതു കൊണ്ടാവണം മാഷ് ഭയങ്കര ചൂടിലാണ്. അത് പുള്ളിക്കാരൻ സരസമായ പദ പ്രയോഗങ്ങളിലൂടെ ജനത്തിന് മനസ്സിലാക്കിക്കൊടുത്തിട്ട് ഇറങ്ങിപ്പോയി. സംഘാടകർക്ക് അടി കിട്ടിയത് പോലെയായി.

 

പൊക്കവും സൗന്ദര്യവും ഇന്നത്തെ സിനിമയ്ക്ക് ആവശ്യമാണോ?

 

സിനിമയിൽ ഇപ്പോൾ അതൊന്നും വിഷയമേയല്ല. ഒരു കാലഘട്ടത്തിൽ നടീനടന്മാർക്ക് സൗന്ദര്യം അത്യാവശ്യമായിരുന്നു. ഒന്നും രണ്ടും മണിക്കൂർ ഒരാളെ മേക്കപ്പ് ചെയ്തു വിഗ് വെച്ച് അണിയിച്ചൊരുക്കി സുന്ദരന്മാരും സുന്ദരികളുമാക്കും. അപ്പോൾ നമ്മൾ ആലോചിക്കും നസീർ സാറിനെ പോലുള്ളവർക്ക് സൗന്ദര്യം ഇല്ലായിരുന്നോന്ന്. ഒരുപാട് അഭിനേതാക്കൾ വേറെയുമുണ്ടല്ലോ. എല്ലാവരും നസീർ സാറിനെ പോലെ അല്ലല്ലോ. കുറേ മുമ്പുവരെ സിനിമയിൽ നായകന്മാരും നായികമാരും നല്ല ഗ്ലാമർ ആയിരിക്കണമെന്ന ഒരു സംഭവം ഉണ്ടായിരുന്നു. അക്കാലത്ത് അത് ആവശ്യവുമായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നുമില്ല. പുതിയ നായകനും നായികയും വരുന്നു. ആ രൂപം മതി. അവർക്ക് നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞാൽ കയറിപ്പോകും. സിനിമ മൊത്തത്തിൽ മാറിപ്പോയില്ലേ. മേക്കപ്പിന്റെ സാന്നിധ്യം സ്പെഷൽ എഫക്ട്സുകൾക്ക് വേണ്ടി മാത്രമായി ചുരുങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്.

 

മിമിക്രിയിൽ നിന്ന് വന്നത് കൊണ്ടാണോ, തുടക്കകാലത്ത് ധാരാളം കോമഡി വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് സീരിയസ് വേഷങ്ങളിലേക്ക് മാറിപ്പോയി. സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയതിനു ശേഷമുണ്ടായതാണോ ഈ മാറ്റം?

 

കോമഡി ചെയ്തിട്ടാണ് ഈ രംഗത്തേക്ക് വന്നതെങ്കിലും സിനിമയെ ഗൗരവമായി തന്നെയാണ് കണ്ടിട്ടുള്ളത്. ആദ്യ സിനിമയിൽ കോമഡി കഥാപാത്രമായിരുന്നു. കയ്യൊപ്പിൽ വന്നപ്പോൾ സീരിയസായി. പക്ഷേ അതിൽ ബാബു എന്ന കഥാപാത്രം പറയുന്നത് കേൾക്കുമ്പോൾ ജനത്തിന് ചിരിവരും. ഒരു വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ അന്ന് ഫിലിം ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരുന്നത്. എന്നെപ്പോലുള്ളവരെ വെച്ച് സിനിമ ചെയ്യണമെങ്കിൽ നിർമാതാവിനും സംവിധായകനുമൊക്കെ നല്ല ധൈര്യം വേണം. റിഹേഴ്സൽ നോക്കി കറക്റ്റ് ചെയ്ത് പരമാവധി റീ ടേക്കുകൾ വരാതെയാണ് ചെയ്തിരുന്നത്. സിനിമ ഡിജിറ്റലിലേക്കു മാറിയപ്പോൾ എല്ലാം ഈസിയായി. എത്ര പ്രാവശ്യം വേണമെങ്കിലും ടേക്ക് എടുക്കാം. എടുത്തതിന്റെ പുറത്ത് വീണ്ടും വീണ്ടും എടുത്തു പോവുകയാണ്. ഒന്ന് ശരിയായില്ലെങ്കിൽ അടുത്തത് ശരിയാക്കി എടുത്തോളുമെന്ന് അഭിനയിക്കാൻ വരുന്നവർക്കും തോന്നിത്തുടങ്ങി. ഇതൊരു കൃഷിയായിട്ട് ആക്ടേഴ്സ് എടുക്കരുതെന്നാണ് എനിക്ക്  പറയാനുള്ളത്.

 

അഭിനയ ജീവിതത്തിലെ ആദ്യ ടേണിങ് പോയിന്റ് എന്ന് പറയാവുന്ന സിനിമ ഏതാണ്.

 

മഹേഷിന്റെ പ്രതികാരം. ആ സിനിമ ചെയ്യുമ്പോൾ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും എന്നോട് പറഞ്ഞു, ഇക്കാ നമ്മൾ സാധാരണ ചെയ്യുന്നതുപോലെ അങ്ങ് ചെയ്താൽ മതി. വേറെ ഒന്നും വേണ്ട. അവർ പറഞ്ഞതുപോലെ ഞാൻ ചെയ്തു. സംഗതി ക്ലിക്കായി. തുടർന്ന് രണ്ടുമൂന്നു പടത്തിന്റെ ഡിസ്കഷനും കാര്യങ്ങളുമൊക്കെയായിരിക്കുന്ന സമയത്താണ് ജീവിതത്തെ കീഴ്മേൽ മറിച്ച സംഭവം ഉണ്ടാവുന്നത്. എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരിതമനുഭവിക്കേണ്ടി വന്നു. നുണ പരിശോധനയ്ക്ക് വിധേയനാകേണ്ട ഗതികേടിലേക്ക് വരെ എത്തി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അതിനുശേഷം സിബിഐയും അന്വേഷിച്ച കേസാണ്. രണ്ടുമൂന്നു വർഷം കഴിഞ്ഞപ്പോൾ കേസ് തള്ളിപ്പോയി. എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ടല്ലോ. ഞാനൊരു ഈശ്വര വിശ്വാസിയാണ്. ഈശ്വരനെ പേടിച്ച് ജീവിക്കുന്ന ആളായതുകൊണ്ട് ആ ശക്തി നമ്മളെ സംരക്ഷിച്ചു എന്നേ എനിക്ക് പറയാൻ കഴിയൂ.

 

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ആക്ഷേപങ്ങൾക്ക് ഇരയായ ഒരാളാണ്. അങ്ങനെ വരാനുണ്ടായ സാഹചര്യം എന്തായിരുന്നു?

 

ഞങ്ങളെല്ലാവരും കൂടി കുടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. പൊതുജനം വിചാരിച്ചിരുന്നതും അങ്ങനെയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപ്പെട്ടവരാണ്. മണി സിനിമയിൽ വന്നപ്പോഴാണ് കാശൊക്കെ ആയത്. ബാക്കി എല്ലാവരും കൂലിപ്പണിക്കാരും സാമ്പത്തികമായി വളരെ താഴെ നിൽക്കുന്നവരുമാണ്. പാടി എന്നു പറയുന്ന സ്ഥലത്ത് തലേദിവസങ്ങളിൽ കുറെ ആളുകൾ വന്നു പോയി. വന്നവർ നല്ലതു ചെയ്യാൻ വന്നതാണോ മോശം ചെയ്യാൻ വന്നതാണോ, ഇവനൊക്കെ എവിടുന്ന് വന്നുകയറിയതാണെന്ന ചിന്താഗതി അവർക്കു വന്നതിൽ തെറ്റ് പറയാനൊക്കില്ല. സോഷ്യൽ മീഡിയയിൽ കുറെപ്പേർ പലതും പറഞ്ഞ് ആക്ഷേപിച്ചു. വിവരമില്ലായ്മ കൊണ്ടല്ല. അവരെ സംബന്ധിച്ചു ദൈവത്തിന് തുല്യനായ ഒരു വലിയ മനുഷ്യനാണ് മരിച്ചത്. ഇത്രയും ആരാധകരുള്ള മണിയെപ്പോലൊരു കലാകാരൻ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.അങ്ങനെയുള്ള ഒരാൾ മരണപ്പെട്ടപ്പോഴുണ്ടായ വികാരമാണ്. പക്ഷേ അത് നമ്മളിലും നമ്മുടെ കുടുംബത്തിലും ഉണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു.

 

മണിയെ ആദ്യമായി കണ്ടത് എവിടെ വച്ചാണെന്ന് ഓർമയുണ്ടോ?

 

കലാഭവൻ റഹ്മാനിക്കയുടെ ജോക്സ് ഇന്ത്യ ട്രൂപ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മണിയെ ആദ്യമായി കാണുന്നത്. അങ്കമാലി ബസ് സ്റ്റാൻഡിനു മുന്നിൽ കപ്പയും ഇറച്ചിയും കിട്ടുന്ന ഒരു കടയുണ്ട്. പ്രോഗ്രാമിന് പോകുമ്പോൾ എല്ലാ മിമിക്രിക്കാരും കയറുന്ന കടയാണ്. കലാഭവൻ റഹ്മാനിക്കയും രാജൻ മാഷും രാജേഷ് പുതുമയും ഞാനും കൂടി ഈ ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തിരിക്കുമ്പോൾ ഒരു കള്ളി ഷർട്ടും പഴക്കമുള്ള ജീൻസും ധരിച്ച് ഒരു പയ്യൻ കയറിവന്നു. ‘റഹ്മാനിക്കാ നമസ്കാരം... എന്റെ പേര് മണി. ഞാൻ ചാലക്കുടിയിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. അങ്കമാലിക്ക് ഒരു ഓട്ടം വന്നതാ. ഗ്രൂപ്പിന്റെ വണ്ടി വെളിയിൽ കിടക്കുന്നത് കണ്ട് നിങ്ങളെയൊന്നു കാണാൻ വന്നതാണ്. രാജൻ ചേട്ടനല്ലേ, കേരളവർമ കോളജിൽ രാജൻചേട്ടൻ അവതരിപ്പിച്ച മുക്കുവനും ഭൂതവും എന്ന ഐറ്റം ഞാൻ കല്യാണവീടുകളിൽ ചെയ്യാറുണ്ട്. കുരങ്ങനെ കാണിക്കും, ബെൻജോൺസനെ കാണിക്കും, എന്തെങ്കിലും ചാൻസുണ്ടെങ്കിൽ പറയണോട്ടോ...’ എന്ന് പറഞ്ഞു പുള്ളി അങ്ങ് പോയി. തൊട്ടടുത്ത് ഞാനും രാജേഷ് പുതുമനയും ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ പുള്ളിക്ക് അറിയില്ല. ഒരു ആറു മാസം കഴിഞ്ഞപ്പോൾ നമ്മൾ അറിയുകയാണ്. കലാഭവനിൽ മണി എന്ന് പറയുന്ന ഒരാൾ ജോയിൻ ചെയ്തിട്ടുണ്ട്. സ്റ്റേജിൽ കുരങ്ങിനെ കാണിക്കുന്നു, ബെൻ ജോൺസനെ കാണിക്കുന്നു, അടിപൊളി സംഭവമാണ്. കലാഭവന് ധാരാളം പ്രോഗ്രാം കിട്ടുന്നുണ്ട്. അത് കേട്ടപ്പോൾ നമുക്ക് ചെറിയ കുശുമ്പ് തോന്നി. ട്രൂപ്പിന് കൂടുതൽ പ്രോഗ്രാം കിട്ടുന്നുണ്ടെന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ചെറിയ കുശുമ്പു വരുമല്ലോ. ഒരു ദിവസം ഷേണായീസ് തിയറ്ററിന്റെ ഓപ്പസിറ്റുള്ള റോഡിൽ കൂടി രാജൻ മാഷും ഞാനും കൂടി പോകുമ്പോൾ, ‘എടാ അങ്ങോട്ട് നോക്കിയേ...’ രാജൻ മാഷ് കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ മണി തെങ്ങിന്റെ മുകളിൽ ഇരിക്കുന്ന പോസ്റ്റർ ഒട്ടിച്ച ബോർഡ്. 

 

സല്ലാപം എന്ന സിനിമ റിലീസ് ആയിരിക്കുന്നു. അത് ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. കലാഭവനിൽനിന്ന് മണി പോയ ഒഴിവിലാണ് റഹ്മാനിക്കയുടെ സഹായത്തോടെ ഞാൻ കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ഒരു ദിവസം പാലക്കാട് പ്രോഗ്രാം കഴിഞ്ഞു എറണാകുളത്തേക്ക് വരുന്ന വഴി ചാലക്കുടി അടുക്കാറായപ്പോൾ ഒരു സ്കോർപിയോ വണ്ടി ഞങ്ങളുടെ ട്രാവലറിന് പിന്നാലെ തുരുതുരാ ഹോൺ അടിച്ചുകൊണ്ട് വരുന്നു. സൈഡ് കൊടുത്തിട്ടും കയറി പോകുന്നില്ല. ഭയങ്കര പ്രശ്നം. കുറച്ചുനേരത്തെ കളി കഴിഞ്ഞ് കാർ ഞങ്ങളെ കടന്നു മുന്നിലേക്ക് കയറ്റി നിർത്തി. പിന്നെ കേൾക്കുന്നത് ഒരലർച്ചയാണ്. ‘നിർത്തെടാ മാറ്റവമ്മാരെ...’ കാറിനു പിന്നിൽ നമ്മുടെ വണ്ടി നിർത്തി. പെട്ടെന്ന് ഒരാൾ വണ്ടിയിലേക്ക് കയറി വന്നു. നോക്കുമ്പോൾ മണിയാണ്. 

 

ട്രൂപ്പിലെ എല്ലാവരെയും മണിക്ക് അറിയാം. അവർ ഒരുമിച്ച് പ്രോഗ്രാം ചെയ്തിരുന്നതാണല്ലോ. കലാഭവനിൽ ഞാൻ പുതിയ ആളാണ്. ആരാടാ തെമ്മാടിക്കുഴിയിൽ കിടക്കുന്നതെന്ന് ചോദിച്ചു മണി വണ്ടിയുടെ ഏറ്റവും പിന്നിലുള്ള സീറ്റിലേക്ക് വന്നു. ഞാനും വേറെ രണ്ടു പേരും കൂടിയാണ് അവിടെ ഇരുന്നിരുന്നത്. കലാഭവനിലുള്ള സമയത്ത് പ്രോഗ്രാമിന് പോകുമ്പോൾ ഏറ്റവും പുറകിലുള്ള സീറ്റിലാണ് മണി ഇരിക്കാറ്. നീളൻ സീറ്റ് ആയതുകൊണ്ട് കിടക്കുകയും ചെയ്യാലോ. എന്നെ നോക്കി ഇതാരാ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു, പുതിയ ആർട്ടിസ്റ്റാണ്, ജാഫർ ഇടുക്കി. ഞങ്ങൾ പരിചയപ്പെട്ടു. എല്ലാവരെയും വിഷ് ചെയ്ത് അപ്പോൾ തന്നെ പുള്ളി ഇറങ്ങിപ്പോവുകയും ചെയ്തു. എന്നെ ഓർക്കുമായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ഓർത്തില്ല.

 

ഓർമകളുടെ കെട്ടഴിഞ്ഞത് എവിടെവച്ചാണ്?

 

ഒരു ദിവസം മണിയുടെ പാടിയിൽ ഞാൻ പോയി. ഒറ്റയ്ക്കല്ല, ആരോ എന്നെ വിളിച്ചു കൊണ്ടു പോയതാണ്. അവിടെ വച്ച് മണിയോട് ഞാൻ ചോദിച്ചു, ‘എന്നെ ഓർക്കുന്നുണ്ടോ.’ ‍

‘പിന്നെ, ജാഫർ ഭായിയെ ആരാ ഓർക്കാത്തത്. നമ്മളൊക്കെ കലാകാരന്മാരല്ലേ.’ 

‘ഇല്ല. എന്നെ നിങ്ങൾ ശരിക്കും ഓർക്കുന്നില്ല. ഞാൻ ഒരു കാര്യം പറയട്ടെ...’ അങ്കമാലിയിലെ പ്രസ്റ്റീജ് ഹോട്ടലിൽ വച്ച് കണ്ടത് മുതലുള്ള ചരിത്രം ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ പുള്ളി വല്ലാണ്ടായി. ‘ദൈവമേ അന്ന് അവിടെ ഉണ്ടായിരുന്നോ. എനിക്കറിയാവോ. ഞാൻ വന്നു ചാൻസ് ചോദിച്ചിട്ട് പോയി. സോറിട്ടോ.’ മണിയുടെ കണ്ണൊക്കെ നിറഞ്ഞു. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം മണിക്ക് എന്നോട് വലിയ സ്നേഹമായിരുന്നു. മണിഅഭിനയിക്കുന്ന പടങ്ങളിൽ ഒരു ചെറിയ വേഷമെങ്കിലും എനിക്ക് ഉണ്ടാകും. മാത്രമല്ല മറ്റു പടങ്ങളിലേക്ക് എന്നെ റെക്കമെന്റ് ചെയ്യുമായിരുന്നു. പ്രോഗ്രാമുകളിൽ ബന്ധപ്പെടുത്തും. 

 

മണിയോടൊപ്പം പടത്തിൽ അഭിനയിക്കുമ്പോഴും പ്രോഗ്രാമിന് പോവുമ്പോഴും മിക്കവാറും ഞങ്ങൾ ഒരു മുറിയിലായിരുന്നു. മണിയും ഞാനും കൂടി സ്വിറ്റ്സർലൻഡിൽ പോയിട്ടുണ്ട്. ലണ്ടനിൽ പോയിട്ടുണ്ട്. രണ്ടു പേർക്ക് രണ്ടു മുറി പറഞ്ഞിട്ട് എന്റെ മുറി ഏതാണെന്നു പോലും ഞാൻ കണ്ടില്ല. ഞങ്ങളൊരുമിച്ചാണ് താമസിച്ചത്. എങ്ങനെയെങ്കിലും വളച്ചുകെട്ടി നമ്മളെ പുള്ളിയുടെ മുറിയിൽ എത്തിക്കും. എന്റെ രണ്ടാമത്തെ ചിത്രം ചാക്കോ രണ്ടാമന്റെ ഷൂട്ടിങ് കോട്ടയത്ത് നടക്കുമ്പോൾ നെല്ലിമൂട്ടിൽ എന്ന ഒരു സാധാരണ ഹോട്ടലിലാണ് താമസിച്ചത് . ഒരു ദിവസം ഈ ഹോട്ടലിന്റെ അടുത്ത് ഷൂട്ടിങ് നടക്കുമ്പോൾ മണിക്ക് ബാത്റൂമിൽ പോകണമെന്ന് പറഞ്ഞ് എന്റെ മുറിയിൽ വന്നു. റൂം കണ്ടപ്പോൾത്തന്നെ കൂടെയുള്ളവരെ വിളിച്ച്, ഇവന്റെ എല്ലാ സാധനങ്ങളും പെറുക്കിക്കെട്ടിയെടുത്തോന്നു പറഞ്ഞു മണി താമസിക്കുന്ന പേൾ ഹോട്ടലിലെ മുറിയിലേക്കു മാറ്റിച്ചു. അന്ന് അവിടെ ക്ലാസ്മേറ്റ്സിന്റെ ഷൂട്ട് നടക്കുന്നുണ്ട്. പൃഥ്വിരാജ് താമസിച്ചിരുന്നതും പേൾ ഹോട്ടലിലാണ്. 20 ദിവസം മണിയുടെ കൂടെ ഞാനവിടെ താമസിച്ചു.

 

മണിയെ അവസാനമായി കണ്ടത് എവിടെവച്ചാണ്?

 

ചാലക്കുടിയിൽ പോപ്പ്കോൺ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടെന്നറിഞ്ഞിട്ടു മണി വിളിച്ചു. ‘എന്തായിത്, എവിടെയാ... കുറച്ചുദിവസമായല്ലോ കണ്ടിട്ട് പാടിയിലേക്ക് വായോ... ഞാനിവിടെയുണ്ട്.’ സ്നേഹത്തോടെയുള്ള പരിഭവം പറച്ചിലാണ്. ഷൂട്ടിങ്ങിനിടയിൽ ഒരു ഗ്യാപ് കിട്ടിയപ്പോൾ ഞാൻ പാടിയിൽ പോയി മണിയെ കണ്ടു. പാടിയിൽ ചെല്ലുമ്പോൾ കുറച്ചുപേർ അവിടെയുണ്ട്. മണിയെ പഴ്സനലായി കാണാൻ വന്നവരും കഥപറയാൻ വന്നവരും സുഹൃത്തുക്കളുമൊക്കെയുണ്ട്. മണി നാട്ടിലുണ്ടെന്നറിഞ്ഞാൽ ധാരാളം പേർ കാണാൻ വരും. പാടിയിൽ കിടന്നുറങ്ങുന്നവരുണ്ട്. മണി ആരെയും വെറുപ്പിക്കില്ല. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്ന മനുഷ്യനാണ്. പാടിയിലിരുന്ന് കുറച്ചുനേരം സംസാരിച്ചു വിശേഷങ്ങളൊക്കെ പറഞ്ഞു വൈകുന്നേരമായപ്പോഴേക്കും മണിയോട് യാത്ര പറഞ്ഞു ഞാൻ പോന്നു. പിറ്റേന്ന് ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഞാൻ ഹോട്ടൽ മുറിയിലെത്തിയ നേരം ഒരു സുഹൃത്തിന്റെ ഫോൺ വരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് സംഭവിച്ചതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്.

 

അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ഒരുപാട് കഥകൾ പ്രചരിച്ചിരുന്നു.

 

മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമായ കാര്യങ്ങളായിരുന്നു. ഇത്രയും സെൻസേഷണലായ ഒരു സംഭവത്തെക്കുറിച്ച് വാർത്ത കൊടുക്കുമ്പോൾ ലോകം മുഴുവൻ കാണുകയും കേൾക്കുകയുമാണ്. അപ്പോൾ വാർത്ത കൊടുക്കുന്നവർക്ക് ആ സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. സത്യമാണോ അസത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയണം. ഒന്നുമറിയാതെ വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ തെറ്റായ വാർത്തകളാണ് പല മാധ്യമങ്ങളും കൊടുത്തത്. അതായിരുന്നില്ല സത്യമെന്ന് തിരിച്ചറിയുമ്പോൾ ആ വാർത്തയും പ്രാധാന്യത്തോടെ കൊടുക്കണ്ടേ. അതാണല്ലോ മാന്യത. ഞങ്ങൾ കൊടുത്ത വാർത്ത തെറ്റായിരുന്നു, ഇപ്പോഴാണ് കാര്യങ്ങൾ ബോധ്യപ്പെട്ടതെന്ന് പറഞ്ഞ് ഒരു ഇന്റർവ്യൂ തരാൻ ഒരു മാധ്യമവും അന്ന് തയാറായില്ല. അതിലൊക്കെ നമുക്ക് വലിയ വിഷമമുണ്ട്. പത്രത്തിൽ ഒരു വാർത്ത വന്നു അത് തെറ്റായിപ്പോയാൽ പിറ്റേദിവസത്തെ പത്രത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ആരുടെയും കണ്ണിൽ പെടാത്ത വിധം തിരുത്തുകൊടുക്കും. അതല്ല വേണ്ടത്. തെറ്റായിപ്പോയി എന്ന് വലുതായിത്തന്നെ കൊടുക്കണം. എന്നാലല്ലേ ആളുകൾ അറിയൂ. നമ്മളെക്കുറിച്ച് ഇല്ലാത്ത കഥകൾ എഴുതി നിറച്ചവർക്ക് ആ ബാധ്യതയുണ്ട്. ഇന്ന് സോഷ്യൽ മീഡിയ വളരെ വളർന്നു. നമ്മൾ വാ പൊളിച്ചാലോ അനങ്ങിയാലോ ആ നിമിഷം ലോകമറിയും. അതുകൊണ്ട് സൂക്ഷിച്ചേ നിൽക്കൂ. നമുക്കും കുടുംബമുണ്ട്, കുഞ്ഞുങ്ങളുണ്ട്, മാതാപിതാക്കളുണ്ട്. നമ്മളെക്കൊണ്ട് പലർക്കും ആവശ്യമുള്ളതാണെന്ന ബോധ്യമുണ്ട്.

 

ദ്രോഹിക്കാൻ വേണ്ടി ഏതെങ്കിലും ഭാഗത്തുനിന്നു ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായതായി കരുതുന്നുണ്ടോ?

 

അങ്ങനെയൊന്നുമില്ല. മരണകാരണം പോയിസണാണെന്നു പറഞ്ഞപ്പോൾ ആളുകൾക്ക് സംശയമായി. മൊത്തത്തിൽ സംസാരം തന്നെ മാറിപ്പോയില്ലേ. മണിയുടെ അവിടെ എന്നും ആളും ബഹളവും ആണ്. വളർന്നുവരുന്ന കലാകാരന്മാരെ കൊല്ലാൻ നടക്കുന്നവമ്മാരും ഉണ്ടാവും. ആ രീതിയിലായി ആളുകളുടെ സംസാരം. അവരുടെ ഈ പറച്ചിൽ നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ കൂടി കുഴപ്പത്തിലാക്കുമോ യെന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള കഥകളാണ് പുറത്തുവന്നു കൊണ്ടിരുന്നത്. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു പോയ നാളുകളായിരുന്നു. കഥകൾ ഉണ്ടാക്കുന്നവർക്ക് നമ്മുടെയോ നമ്മുടെ കുടുംബത്തിന്റെയോ സങ്കടം കാണേണ്ട കാര്യമില്ല. സത്യമല്ലാത്ത ഓരോ വാർത്ത വരുമ്പോഴും പൊള്ളിനീറുകയായിരുന്നു. ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാനാവില്ല. ഇതിനിടയിൽ മണിയുടെ ആൾക്കാരുടെ ഭീഷണി വേറേ. ഭീഷണിപ്പെടുത്തിയെങ്കിലും അവരാരും നമ്മളെ ഉപദ്രവിച്ചില്ല. 

 

പൊലീസിന്റെ സമീപനം എങ്ങനെയായിരുന്നു?

 

അന്വേഷണ ഉദ്യോഗസ്ഥർ വളരെ നല്ല രീതിയിലാണ്  പെരുമാറിയത്. അവരോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക്  അറിയാമായിരുന്നു. നമ്മൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ ആ രീതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചത്. ചോദ്യം ചെയ്യലായിരുന്നില്ല. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നമ്മളെ വിളിച്ചു സംസാരിച്ചു. പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ ഇങ്ങനെ മാറിമാറി പോയിക്കൊണ്ടിരിക്കുകയായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത് പോലൊരവസ്ഥ നേരിടുന്നത്.

 

ഈ സമയത്തല്ലേ ഉമ്മയ്ക്ക് എന്തോ അപകടം സംഭവിച്ചു ആശുപത്രിയിലായത്.

 

മണിയുടെ മരണവുമായി ബന്ധപ്പെട്ട് എന്റെ പേര് പരാമർശിക്കപ്പെടുകയും വാർത്ത വരികയുമൊക്കെ ചെയ്ത സമയത്ത് പറമ്പിലൂടെ പോവുകയായിരുന്ന ഉമ്മയുടെ മുഖത്ത് മുകളിൽനിന്ന് കപ്ലങ്ങ വീണു മുഖം പൊട്ടിപ്പോയി. അപ്പോൾ തന്നെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. എന്റെ നേർക്ക് വന്ന ഒരു അനർഥം ഉമ്മ ഏറ്റെടുത്തു എന്നാണ് കാരണവന്മാർ അതേക്കുറിച്ച് പറഞ്ഞത്. ചിലത് സംഭവിക്കുമ്പോൾ ചില നിമിത്തങ്ങൾ ഉണ്ടാവും. കാർന്നോമ്മാരുടെ നിഗമനങ്ങൾ പുതിയ തലമുറയ്ക്ക് പഴഞ്ചനായി തോന്നാമെങ്കിലും അതിലൊക്കെ ചില സത്യങ്ങളുണ്ട്. ഉമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ ആശുപത്രിയുടെ താഴെ ഒരു വണ്ടിയിൽ ഇരിക്കുകയായിരുന്നു ഞാൻ. എന്റെ ഒരു ബന്ധു വന്നിട്ട് പറഞ്ഞു ഉമ്മാക്ക് കാണണമെന്ന് പറയുന്നുവെന്ന്. ഞാൻ ഓടി മുകളിൽ ചെന്നു. ഓപ്പറേഷൻ തിയറ്ററിലേക്ക് പോകാൻ റെഡിയായിരിക്കുന്ന ഉമ്മയെ കണ്ടു. 

 

ഉമ്മ എന്റെ കയ്യിൽ പിടിച്ചു. ഞാൻ ഉമ്മയെ മെല്ലെ തലോടി... ഞങ്ങൾ വർത്താനം പറഞ്ഞു( ജാഫറിന്റെ കണ്ണുകൾ നിറഞ്ഞു.വാക്കുകൾ  ഇടറി. കവിളിലൂടെ താഴേക്ക് ഊർന്നിറങ്ങിയ കണ്ണീര് ഉടുമുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചു അൽപനേരം നിശബ്ദനായിരുന്നു). അന്നേരം മനസ്സ് പിടി വിട്ടു പോയി. വളരെ വിഷമത്തോടെ ഞാൻ അവിടുന്ന് താഴേക്ക് ഇറങ്ങിവരുമ്പോൾ ആശുപത്രിയുടെ റിസപ്ഷൻ ഹാളിൽ ടിവി കണ്ടുകൊണ്ടിരുന്ന ഒരു കാരണവർ ചാടിയെഴുന്നേറ്റ് എന്നോട് ചോദിച്ചു, ‘ഇതെന്താ ഡബിൾ റോൾ ആണോ. നിങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണെന്നു ടിവിയിൽ കാണിക്കുന്നു. നിങ്ങൾ ഇവിടെ നിൽക്കുകയാണല്ലോ.’ ഞാൻ അന്തം വിട്ടുപോയി. കോലഞ്ചേരിയിലെ ആശുപത്രിയിൽ നിൽക്കുമ്പോൾ ക്രൈംബ്രാഞ്ച് എന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ടിവി ന്യൂസിൽ കാണിക്കുന്നു . ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള ഒരുപാട് വാർത്തകൾ മാധ്യമങ്ങളിൽ വന്നു.

 

കുറ്റം ചെയ്യാഞ്ഞിട്ടും കുറ്റക്കാരനായി മാറി. ഇതിന്റെ പേരിൽ  സിനിമയിൽനിന്ന് അകറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ഉണ്ടായോ?

 

ഒറ്റപ്പെടുത്തലൊന്നുമുണ്ടായില്ല. ഏതൊരു സിനിമയും തുടങ്ങുന്നതിനു മുൻപ് ഒരു മീറ്റിങ് ഉണ്ടാവുമല്ലോ. അവിടെ വച്ചായിരിക്കും ആർട്ടിസ്റ്റുകളെ തീരുമാനിക്കുന്നത്. പുള്ളിയെ വച്ചാൽ പ്രശ്നമാവും. കേസും കൂട്ടവുമൊക്കെയായി നടക്കുകയാണ്. നമ്മൾ വിളിക്കുമ്പോൾ വല്ല പൊലീസ് സ്റ്റേഷനിലുമാണെങ്കിൽ ഷൂട്ടിങ് കുഴപ്പത്തിലാകുമെന്ന് അവിടെയുള്ള ആരെങ്കിലും ഒരാൾ പറഞ്ഞാൽ മതി. എന്നാൽ നമുക്ക് വേറെ ആളെ നോക്കാം എന്നു പറഞ്ഞ് അവർ വേറെ ആളെ വയ്ക്കും. നമ്മളെ വിളിച്ചാൽ ഉണ്ടാകാവുന്ന തടസ്സങ്ങൾ കാരണം വിളിക്കാതിരുന്നതാണ്. ഞാൻ ആരോടും വഴക്കിന് പോകാത്ത ആളായതുകൊണ്ട് ശത്രുക്കൾ ഉണ്ടാകേണ്ട കാര്യമില്ല.

 

വഴക്കിന് പോകാത്തവർക്കും ശത്രുക്കൾ ഉണ്ടാകാറുണ്ട്. എല്ലാവരെയും ചേർത്തുപിടിക്കുന്ന ആളാണ് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ്. എന്നിട്ടും തനിക്കെതിരെ ധാരാളം ശത്രുക്കൾ ഉണ്ടായെന്ന് കാഴ്ച്ചപ്പാട് എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

 

അങ്ങനെയും സംഭവിക്കാറുണ്ട്. പ്രഫഷനലായി ഒരാൾക്ക് മേൽഗതി വരുമ്പോൾ അയാളുമായി അടുപ്പമുള്ള 10 പേരെ എടുത്തു നോക്കിയാൽ അതിൽ കുറച്ച് ആളുകൾക്ക് ഉള്ളിൽ നീരസമുണ്ടാകും. പക്ഷേ പുറത്തു കാണിക്കില്ല. മുൻനിരയിലെ പല്ലു കാട്ടി ചിരിക്കുകയും അണപ്പല്ല് കൊണ്ട് ഞെരിക്കുകയും ചെയ്യും...അത് ഉള്ളതാ. അങ്ങനെയുള്ള ആളുകൾ മനസ്സിൽ ഇത് വളർത്തി കൊണ്ടേയിരിക്കും. അവർക്ക് ഒരു ഗതിയും ഉണ്ടാവില്ല. മറ്റവൻ എവിടെയെങ്കിലുമൊക്കെ അള്ളിപ്പിടിച്ച് ചാലുകീറി കയറിപ്പോകും. പണിയാൻ നടക്കുന്നവൻ വെറും വിവരദോഷിയാണ്.

 

ജാഫർ അടുത്തറിഞ്ഞ മണി എങ്ങനെയായിരുന്നു. അദ്ദേഹം എന്തിനെയോ പേടിച്ചിരുന്നുവെന്ന് തില സുഹൃത്തുക്കൾ പറയുന്നത് കേട്ടിട്ടുണ്ട്. 

 

ഒരിക്കലും മണി ഒരു ഭീരു ആയിരുന്നില്ല. മണി ദേഷ്യപ്പെടുന്നത് എത്രയോ സ്ഥലത്തുവച്ച് ഞാൻ കണ്ടിട്ടുണ്ട്. മണി ആരെയാണ് പേടിച്ചിട്ടുള്ളത്. ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചിട്ടുണ്ടെങ്കിൽ അന്ന് പിന്നെ കിടന്നുറങ്ങില്ല. ദേഷ്യപ്പെട്ടു പോയതിലുള്ള വിഷമം ഉള്ളിലുണ്ടാവും. ഭയങ്കര സെന്റിമെൻസുള്ള ആളായിരുന്നു. ആ പുള്ളി വന്നപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ല, അപ്പോഴത്തെ മൂഡിൽ പറഞ്ഞുപോയതാണ്, അങ്ങനെ വിഷമിക്കുന്ന ഒരാളാണ് മണി. ആശുപത്രിയിൽ പോകാൻ ഇഷ്ടപ്പെടാത്ത ആളാണ് മണി. അപകടങ്ങൾ കണ്ടാൽ അവിടെ നിൽക്കില്ല. മരണത്തെക്കുറിച്ച് കേൾക്കുന്നത് ഇഷ്ടമല്ല. 

 

ഞാൻ ഒരിക്കൽ ഇടുക്കിയിൽനിന്ന് വരുമ്പോൾ വഴിയിൽ ആക്സിഡന്റ് പറ്റി ഒരാളുടെ കാൽ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നത് കണ്ടു. ഈ സംഭവം ഞാൻ പറയാൻ തുടങ്ങിയതും എഴുന്നേറ്റ് പോയ്ക്കെടാ... എന്ന് പറഞ്ഞ് മണി ചൂടായി. അപകടം, മരണം എന്നൊക്കെ കേൾക്കുന്നത് പുള്ളിയെ വിഷമിപ്പിച്ചിരുന്നു. ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞാൽ പുള്ളി അനങ്ങില്ല. എനിക്ക് ഒരു അസുഖവുമില്ലെന്ന്പറയും. പുള്ളിയുടെ ആരോഗ്യസ്ഥിതി വച്ച് സ്വയം തീരുമാനിക്കുകയാണ്.ഓറഞ്ച് എന്ന സിനിമയുടെ ഷൂട്ടിങ് അടിമാലിയിൽ നടക്കുന്ന സമയത്ത്  ചെറിയൊരു പ്രശ്നമുണ്ടായി. അപ്പോൾതന്നെ ഡോക്ടർ വന്നു നോക്കി മൂത്രത്തിൽ കല്ല് ആണെന്ന് പറഞ്ഞു. പച്ചമരുന്ന് കഴിച്ച് അതു മാറുകയും ചെയ്തു. ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കുകയും പരിഹാരം കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അസുഖ വിവരങ്ങളെക്കുറിച്ചു മാത്രം മണി ഒന്നും പറഞ്ഞില്ല.

 

ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മണിയുടെ ശാരീരികമായ മാറ്റത്തെക്കുറിച്ച് കമൽഹാസൻ ചോദിച്ചിരുന്നല്ലോ.

 

ഉവ്വ്. ഒരു പടത്തിന് വേണ്ടി ഡയറ്റ് ചെയ്യുകയാണെന്ന് കമൽ സാറിനോട് മണി പറഞ്ഞു. അസുഖത്തിന്റെ കാഠിന്യം കൊണ്ടാണോ എന്നറിയില്ല, കാലിനു വയ്യാതായിട്ട് നിൽക്കാൻ പറ്റാതെ ഇരുന്നു പാടുകയൊക്കെ ചെയ്തു. വയർ സംബന്ധമായ ചെറിയ പ്രശ്നമുണ്ട്, മൂത്രത്തിൽ കല്ലുണ്ട് എന്നൊക്കെ നമ്മളോട് പറഞ്ഞിട്ടുണ്ടെന്നല്ലാതെ രോഗവിവരങ്ങളെ ക്കുറിച്ച് ഞങ്ങൾ തമ്മിൽ കൂടുതലൊന്നും സംസാരിച്ചിട്ടില്ല. ചോദിച്ചാലും പറയാൻ പുള്ളി തയാറായിട്ടുമില്ല. മണിയെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു സുനാമി വന്ന് ഇവിടെ എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ട് അങ്ങ് പോയി. അത്രയ്ക്ക് വലിയ സംഭവമായിരുന്നു കലാഭവൻ മണി. കഴിവുള്ള മനുഷ്യർക്കും നല്ല മനുഷ്യർക്കും സഹായിക്കാൻ മനസ്സുള്ള ആളുകൾക്കും ആയുസ്സ് കുറച്ചേ കൊടുക്കൂ എന്ന് കേട്ടിട്ടില്ലേ.

 

മണിയുടെ കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ടോ?

 

മണിയുടെ വീട്ടിൽ അങ്ങനെ പോയിട്ടില്ല. മണിയുടെ സഹോദരങ്ങളും അവരുടെ മക്കളുമൊക്കെയായി നല്ല അടുപ്പമായിരുന്നു. ഈ സംഭവത്തിനുശേഷം അവരെയൊന്നും കാണാൻ പറ്റിയിട്ടില്ല.

 

മണിയുടെ മരണത്തെ തുടർന്ന് പ്രതിസ്ഥാനത്ത് വരികയും സിനിമയിൽനിന്ന് അകന്നു പോവുകയും ചെയ്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. രണ്ടാമൂഴത്തിന് കളമൊരുങ്ങിയത് എങ്ങനെയാണ്?

 

മനസ്സ് മരവിച്ചു പോയ അവസ്ഥയിൽ ഒരുകൊല്ലം ഞാൻ വീട്ടിൽനിന്ന് പുറത്തിറങ്ങിയില്ല.താടിയും മുടിയും വളർന്നു. ഇങ്ങനെ ഇരുന്നാൽ മതിയോ, എന്തെങ്കിലും പണിക്ക് പോകണ്ടേയെന്ന് ഇടയ്ക്കിടയ്ക്ക് ഭാര്യ വന്നു ചോദിക്കും. എന്റെ ഇരിപ്പു കണ്ടു പേടിച്ചിട്ടാണ് ചോദിക്കുന്നത്. മാനസികമായും സാമ്പത്തികമായും എല്ലാംകൊണ്ടും തകർന്നിരിക്കുന്ന സമയത്ത് ദൈവദൂതനെ പോലെ ഒരാൾ ഫോണിൽ വിളിക്കുന്നു– എന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുകയാണ്. വരണം... വന്ന് അഭിനയിക്കണം. വിളിക്കുന്നത് പ്രിയ സുഹൃത്ത് നാദിർഷയാണ്. ഒരു വർഷത്തിനുശേഷം കിട്ടുന്ന ഒരു സിനിമ. 

 

നാദിർഷ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. ആ സിനിമയിൽനിന്ന് തുടങ്ങിയിട്ട് നമ്മൾ ഇപ്പോൾ സംസാരിക്കുന്ന ഈ സമയം വരെ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ച കാലയളവിൽ പലപ്പോഴായി രണ്ടുമാസം തികച്ചു ഞാൻ വീട്ടിൽ ഇരുന്നിട്ടില്ല. അഭിനയിച്ച് പൂർത്തിയാക്കിയ ഇരുപതോളം പടങ്ങൾ റിലീസ് ചെയ്യാനുണ്ട്. നാലഞ്ച് പടങ്ങളുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. ഞാൻ സെൻട്രൽ ക്യാരക്ടർ ചെയ്ത ചുഴൽ എന്ന സിനിമ കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള രാജ്യാന്തര ഫെസ്റ്റിവലുകളിൽ കളിച്ചു കൊണ്ടിരിക്കുന്നു. ചുഴലിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് പടങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. മലയാളത്തിൽ ഷാനി ഖാദർ സംവിധാനം ചെയ്യുന്ന സിനിമയിൽ സെൻട്രൽ ക്യാരക്ടർ ആണ് ചെയ്യുന്നത്.

 

സിനിമയിൽ ഗ്രൂപ്പിസം ഉണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.

 

അതെനിക്കറിയില്ല. സിനിമയിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിലൊന്നും ഞാൻ പെട്ടിട്ടില്ല. അപ്പോഴും ഇപ്പോഴും എനിക്ക് ഒന്നേ പറയാനുള്ളു. ഒരാൾ ജോലിക്ക് വിളിച്ചാൽ പോയി ചെയ്യും. അത് കഴിഞ്ഞു വീട്ടിൽ പോകും. അവിടെ എന്ത് പ്രശ്നം നടന്നാലും അതിനകത്ത് പോയി തലവയ്ക്കില്ല. അതേക്കുറിച്ചൊക്കെ പറയേണ്ടവർ പറയും.

 

രാഷ്ട്രീയമുണ്ടോ...

 

ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിൽ മരണപ്പെടുമ്പോൾ രാവിലെ ആറു മണിക്ക് ഞാൻ പാർട്ടിയുടെ ഹോർഡിങ്‌സ് എഴുതി കൊണ്ടിരിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടനെ ബ്രഷും പെയിന്റുമൊക്കെ എടുത്തുവെച്ച് വീട്ടിൽ വന്നിരുന്നു. വല്ലാത്ത വിഷമം തോന്നി. അന്ന് ഒരു പരിപാടിക്കും പോയില്ല. ആ കുടുംബത്തോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അവർ പ്രധാനമന്ത്രി ആകുന്നതും ഇഷ്ടമായിരുന്നു.

 

കുടുംബം...

 

ഭാര്യ ആരിഫ. മക്കൾ അൽഫിയ, മുഹമ്മദ് അൽത്താഫ്. മരുമകൻ സെലൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT