അഞ്ചാം വയസ്സിൽ തന്നിലെ പെൺമനസ് തിരിച്ചറിഞ്ഞു; രഞ്ജു രഞ്ജിമാർ മനസുതുറക്കുന്നു
കേരളത്തിലെ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ രഞ്ജു രഞ്ജിമാർ സംവിധാന രംഗത്ത് വരവറിയിച്ചു കഴിഞ്ഞു .. സ്വന്തം ജീവിതത്തിലെ ഒരു സംഭവകഥ കേന്ദ്രീകരിച്ചൊരുക്കിയ ‘കുട്ടിക്കൂറ’ എന്നഹൃദയസ്പർശിയായ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. രണ്ടാമത്തെ ചിത്രത്തിനുള്ള ചർച്ചകൾക്കിടയിൽ രഞ്ജു
കേരളത്തിലെ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ രഞ്ജു രഞ്ജിമാർ സംവിധാന രംഗത്ത് വരവറിയിച്ചു കഴിഞ്ഞു .. സ്വന്തം ജീവിതത്തിലെ ഒരു സംഭവകഥ കേന്ദ്രീകരിച്ചൊരുക്കിയ ‘കുട്ടിക്കൂറ’ എന്നഹൃദയസ്പർശിയായ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. രണ്ടാമത്തെ ചിത്രത്തിനുള്ള ചർച്ചകൾക്കിടയിൽ രഞ്ജു
കേരളത്തിലെ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ രഞ്ജു രഞ്ജിമാർ സംവിധാന രംഗത്ത് വരവറിയിച്ചു കഴിഞ്ഞു .. സ്വന്തം ജീവിതത്തിലെ ഒരു സംഭവകഥ കേന്ദ്രീകരിച്ചൊരുക്കിയ ‘കുട്ടിക്കൂറ’ എന്നഹൃദയസ്പർശിയായ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. രണ്ടാമത്തെ ചിത്രത്തിനുള്ള ചർച്ചകൾക്കിടയിൽ രഞ്ജു
കേരളത്തിലെ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായ രഞ്ജു രഞ്ജിമാർ സംവിധാന രംഗത്ത് വരവറിയിച്ചു കഴിഞ്ഞു .. സ്വന്തം ജീവിതത്തിലെ ഒരു സംഭവകഥ കേന്ദ്രീകരിച്ചൊരുക്കിയ ‘കുട്ടിക്കൂറ’ എന്നഹൃദയസ്പർശിയായ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. രണ്ടാമത്തെ ചിത്രത്തിനുള്ള ചർച്ചകൾക്കിടയിൽ രഞ്ജു ജീവിതം പങ്കുവയ്ക്കുന്നു... ട്രാൻസ്ജെൻഡർ എന്ന നിലയിൽ ഇവിടെ വരെയെത്തിയ പോരാട്ടവഴികളും.
ഇരുപതു വർഷം മുൻപ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഒരു മന്ത്രിയിൽ നിന്നേറ്റ അപമാനത്തെ തുടർന്ന് തലകുനിച്ച് ഇറങ്ങിപ്പോന്ന ഒരു ആൺകുട്ടി, ഉള്ളിലെ മുഴുവൻ കരുത്തും ആവാഹിച്ച്, ജീവിതത്തിന്റെ കഠിനമായ തീച്ചൂളകളിൽ ചുട്ടുപഴുത്ത് പാകപ്പെട്ട്, തടയാനാകാത്തൊരു പെൺകരുത്തായി തിരിച്ചെത്തിയ കഥയാണിത്. സ്വന്തം ജെൻഡർ തന്നെ ചോദ്യം ചെയ്യപ്പെട്ടിടത്തു നിന്ന് പരിഹാസം നിറഞ്ഞ മുഖങ്ങൾക്കിടയിലൂടെ ഇറങ്ങിപ്പോന്ന ആ ‘ചമയക്കാരൻ’ ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ്. എന്നുമാത്രമല്ല, ഉള്ളിൽ വൈരപ്പൊടിപോലെ മിന്നിയ ഒരു സ്വപ്നത്തെ ഊതിക്കാച്ചിയെടുത്ത്, അന്നത്തേതിനേക്കാൾ തിളക്കമുള്ളൊരു കലോത്സവം യാഥാർഥ്യമാക്കുകയും ചെയ്തു രഞ്ജു രഞ്ജിമാർ. രാജ്യത്ത് ആദ്യമായി ട്രാൻസ് പീപ്പിളിനു വേണ്ടി സംഘടിപ്പിച്ച സംസ്ഥാന കലാമേള– വർണപ്പകിട്ടിന് 2019 നവംബർ 9ന് തലസ്ഥാനത്ത് തിരിതെളിഞ്ഞപ്പോൾ പിന്തുണമായെത്തിയത് മന്ത്രിമാരും, സിനിമാതാരങ്ങളുമുൾപ്പെടെയുള്ള പ്രമുഖർ.
കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കും, മലേഷ്യയിലേക്കും ദുബായിലേക്കും ഒരു നേരത്തേക്ക് ഫ്ലൈറ്റ് ചാർട്ട് ചെയ്തുപോയി മടങ്ങി വരുന്നത്ര തിരക്കിലായിരുന്നു രഞ്ജു. സ്വപ്ന സാഷാത്കാരമായി അങ്കമാലിയിൽ ഡോറ ബ്യൂട്ടി വേൾഡ് എന്ന സലൂൺ.. അതിനിടയിലും പുതിയൊരു സിനിമ സംവിധാനം ചെയ്തു. എങ്കിലും എസ്എസ്എൽസി പരീക്ഷ തീർന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഇഷ്ടികക്കളത്തിൽ ജോലിക്കുപോയി തുടങ്ങിയ അനുഭവങ്ങളുടെ കരുത്തും തഴക്കവുമുണ്ടിപ്പോഴും മനസിൽ. കടന്നു വന്ന വഴികളിലെ കഠിനവേദനകൾ തന്നെ എന്നും ഊർജം.
ആൺകുട്ടിക്കാലം
കൊല്ലമായിരുന്നു സ്വദേശം. കൂലിപ്പണിക്കാരനായ അച്ഛന്റയും കശുവണ്ടി തൊഴിലാളിയായ അമ്മയുടെയും ഇളയമകൻ. അഞ്ചാംവയസ്സിൽ തന്നെ തന്നിലെ പെൺമനസ് രഞ്ജു തിരിച്ചറിഞ്ഞു. കണ്ണെഴുതി, പൊട്ടുവച്ച് നടന്നതുകണ്ട് വീട്ടിൽ ചേട്ടന്മാരും ചേച്ചിയും കളിയാക്കി തുടങ്ങിയെങ്കിലും ആ കുട്ടി പതറിയില്ല. കാരണം അമ്മ അവളെ (അവനെ) അംഗീകരിച്ചുകഴിഞ്ഞിരുന്നു. പത്താംക്ലാസ് കഴിഞ്ഞ അവധിക്കാലത്തൊരു ദിനം സഹോദരൻ കഠിനമായി ഉപദ്രവിച്ചതോടെ വീടുവിട്ടിറങ്ങി. ജീവിക്കാനും രണ്ടുനേരമെങ്കിലും ഭക്ഷണം കണ്ടെത്താനുമുള്ള അതിജീവന സമരമായിരുന്നു പിന്നീട്. കൊല്ലത്തുതന്നെ ഒരു വീട്ടിൽ ജോലിക്കുചേർന്നു. അവിടെ അമ്മയില്ലാത്ത ചെറിയ കുട്ടികളെ അമ്മമനസോടെ ലാളിച്ചു വളർത്തി സന്തോഷം കണ്ടെത്തിയെങ്കിലും ഉള്ളിലെ പെൺമനസ് അലട്ടിക്കൊണ്ടിരുന്നു. അവരെ പിരിയേണ്ടി വന്നതോടെ നാടു വിട്ട് കൊച്ചിയിലേയ്ക്ക്.
‘കൊച്ചി’ക്കാലം
19–ാം വയസ്സിൽ എന്തെങ്കിലും ജോലിചെയ്തു പഠനം തുടരാം എന്ന ആഗ്രഹത്തോടെ കൊച്ചിയിൽ വന്നുപെട്ടു. അഡ്വ. ടി.വി. പ്രഭാകരന്റെ ഓഫിസിൽ 3000 രൂപ ശമ്പളത്തിൽ ജോലിക്കു കയറി. പഠനം നടന്നില്ലെങ്കിലും കിട്ടിയ ജോലിയിൽ തൃപ്തിയായിരുന്നു. പകൽ മുഴുവൻ ആൺകുട്ടിയായിരുന്നെങ്കിലും അർധരാത്രി വരെ കാത്തിരുന്ന് കണ്ണെഴുതി, പൊട്ടുതൊട്ട് മനസു പറയും പോലെ വേഷമിട്ട് പുറത്തിറങ്ങി. അവിടെ അതു പോലെ ഒരു പാട് പേർ ഉണ്ടായിരുന്നു. അവരോടൊപ്പം നടന്നു. ഇടയിൽ പല ജോലികളും ചെയ്തു. പ്രഭാത് ബുക്ക്സിൽ നിന്ന് പുസ്തകങ്ങൾ വാങ്ങി കൊണ്ടു നടന്നു വിറ്റു. കിട്ടുന്നതു കൊണ്ട് സന്തോഷമായി ജീവിച്ചു. ഭക്ഷണവും വസ്ത്രവും മേക്കപ്പ് സാധനങ്ങളും വാങ്ങി. ആയിടയ്ക്കാണ് ഒരു സുഹൃത്തിനൊപ്പം മേക്ക് അപ് വർക്ക് കാണാൻ പോകുന്നത്. അവിടെ വച്ച് ടച്ച് അപ്പിൽ സഹായിച്ചു തുടങ്ങി.
തുടക്കകാലം
ടച്ച് അപ്പിൽ സഹായിച്ചും, ഡാൻസ് പരിപാടികൾക്ക് കുട്ടികൾക്ക് മെയ്ക്ക് അപ്പ് ഇട്ടും തുടക്കം. പിന്നീട് ആർഎൽവി ഉണ്ണിക്കൃഷ്ണനൊപ്പം കുറെ നാൾ. ആ കാലത്തായിരുന്നു യുവജനോത്സവ വേദിയിൽ നിന്നേറ്റ അപമാനം. സ്വന്തം ജെൻഡർ പരസ്യമായി ചോദ്യം ചെയ്യപ്പെട്ടു. ഉള്ളുനീറിയആ കാലത്തുനിന്നു പടിപടിയായി വളർച്ച. പിന്നീട് മോഡലിങ്, സിനിമ. ആ കാലമൊക്കെ ആയപ്പോഴേക്കും സ്വന്തം പെൺവഴികളിലേക്കു മാറി നടന്നു– ‘വഴി തെറ്റി വന്ന മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് ’ എന്ന് രഞ്ജു സ്വയം വിശേഷിപ്പിക്കും. മുക്തയുടെ തമിഴ് സിനിമകൾക്കു വേണ്ടിയായിരുന്നു ആദ്യമായി ചമയമിട്ടത്. പിന്നെ ജ്യോതിർമയി, ഷംന കാസിം, പ്രിയാമണി, ഭാവന, മംമ്ത, രമ്യ നമ്പീശൻ രഞ്ജുവിന്റെ മാന്ത്രിക വിരലുകൾ സുന്ദരമാക്കിയ എത്ര മുഖങ്ങൾ.
ധ്വയക്കാലം
പലരോടൊപ്പം ചേർന്ന് ട്രാൻസ്ജെൻഡേഴ്സിനായി ധ്വയ ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടനയ്ക്കു തുടക്കമിട്ടത് 2017 ജൂൺ 15ന്. കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ഉദ്ഘാടനം. ട്രാൻസ് ജെൻഡേഴ്സിലെ കഴിവുകളെ പുറത്തുകൊണ്ടു വരുകയും മാന്യമായി അഭിമാനബോധത്തോടെ ജീവിക്കാൻ അവസരമൊരുക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു തുടക്കം. മധുബാല, പാർവതി ഓമനക്കുട്ടൻ, രഞ്ജിനി ഹരിദാസ്, റിമി ടോമി, നടൻ ജയസൂര്യ, മമ്മുട്ടി, എം.കെ മുനീർ... പ്രോത്സാഹനവുമായെത്തിയവരുടെ നിര ചെറുതല്ല. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് അതിനവസരം ഒരുക്കി. ഇതുവരെ മൂന്നു സീസണുകളിലായി സൗന്ദര്യ മൽസരങ്ങൾ സംഘടിപ്പിച്ചു. 2018 ൽ എറണാകുളം സെന്റ് തെരേസാസ് കോളജിൽ കമ്യൂണിക്കേററീവ് സ്കിൽ ഡെവലപ്മെന്റ് കോഴ്സിൽ 20 ട്രാൻസ്ജെൻഡർ വിദ്യാർഥികൾ ചേർന്നത് ചരിത്രമായി. ധ്വയയുടേതായി ഒരു തീയറ്റർ ട്രൂപ്പും ഇപ്പോഴുണ്ട്.
നാടകക്കാലം
സംഗീതനാടക അക്കാദമിയിൽ പ്രൊപ്പോസൽ കൊടുത്താണ് തുടക്കം. 10 ദിവസത്തെ തിയറ്റർ വർക്‌ഷോപ്പ് ഉണ്ടായിരുന്നു. താമസവും ഭക്ഷണവുമെല്ലാം സ്കൂൾ ഓഫ് ഡ്രാമയിൽ. പരിശീലനത്തിനു ശേഷം ‘പറയാൻ മറന്ന കഥകൾ’ എന്ന നാടകം. രാജ്യാന്തര തീയറ്റർ ഫെസ്റ്റിവലിൽ പ്രർശനം. തൃശൂർ, ഷിമോഗ, ഗോവ, സൂര്യഫെസ്റ്റിവൽ എന്നിങ്ങനെ 25ൽ അധികം വേദികൾ പിന്നിട്ടു. സ്ക്രിപ്റ്റഡ് അല്ല എന്നതാണ് പറയാൻ മറന്ന കഥകളുടെ പ്രത്യേകത. അരങ്ങിലെത്തുന്ന 15 പേരുടെയും ജീവിതം തന്നെയാണ് പ്രേഷകരെ കലയുടെയും കാലത്തിന്റെയും വിവിധ തലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത്.
കലോത്സവക്കാലം
ആ വർഷം തന്നെയാണ് ട്രാൻസ്ജെൻഡേഴ്സിനു സ്വന്തം ഐഡന്റിറ്റിയിൽ നിന്നു പങ്കെടുക്കാൻ പറ്റുന്ന ഒരു കലോൽസവം എന്ന ആശയം മനസിലെത്തുന്നത്. ധ്വയ ഭാരവാഹിയായ ശീതൾ ശ്യാമിനോട് ആശയം പറഞ്ഞു. ദ്വയയിൽ പ്ലാനിങ് നടത്തി. അന്ന് മന്ത്രി കെ.കെ ശൈലജയോട് ആലോചിച്ച് സാമൂഹ്യ നീതി വകുപ്പിന് വിശദമായ പ്രൊപ്പോസൽ തയാറാക്കി നൽകി. ജനകീയ പരിപാടി ആയി നടത്താനായിരുന്നു പ്ലാൻ. ഫണ്ട് വന്നതോടെ കാര്യങ്ങൾ പെട്ടെന്നായി. എല്ലാ ജില്ലകളിലും ആദ്യഘട്ട മത്സരം. നവംബറിൽ തിരുവനന്തപുരത്ത് രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ കലാമേള – വർണ്ണപ്പകിട്ടിന് തിരിതെളിഞ്ഞു.
‘കുട്ടിക്കൂറ’ കാലം
ബജറ്റ് ലാബ് കമ്പനിയുടെ ഷോർട്ട് ഫിലിം കഥാമത്സരത്തിന്റെ ഫൈനൽ റൗണ്ടിലെത്തിയിരുന്നു. ആ കഥയും രഞ്ജുവിന്റെ ജീവിതത്തിൽ നിന്നാണ്. കൊല്ലത്ത് വീടുവിട്ടിറങ്ങി ജോലി തേടിയെത്തിയ വീട്ടിലെ നൗഷാദിക്കയുടെ കുട്ടികളെ നോക്കിയത് രഞ്ജുവാണ്. അമ്മയില്ലാത്ത നഷ്ടം അറിയിക്കാതെ ലാളിച്ച ഇളയ കുട്ടിയെ ഇപ്പോഴും മറക്കാനായിട്ടില്ല. പേരറിയില്ല, എവിടെയാണെന്നറിയില്ല. ജീവിതത്തിന്റെ പല വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ബന്ധങ്ങൾ നഷ്ടപ്പെട്ടു പോയി. എങ്കിലും കാണാമെന്നു പ്രതീക്ഷ. ആ കാത്തിരിപ്പാണ് ചിത്രം. ബാക്കിയായ ഒട്ടേറെ കുഞ്ഞോർമകളെ ചേർത്തുവച്ച് കഥാസന്ദർഭങ്ങൾ വിളക്കിച്ചേർത്ത് ‘കുട്ടിക്കൂറ’ എന്ന പേരിൽ സിനിമയാക്കിയപ്പോൾ അവനെ ഒരിക്കൽ കൂടി കാണാമെന്ന പ്രതീക്ഷ മാത്രം. സഖാവ്, പൂമരം, ദിവാൻജി മൂല, അങ്ങനെ ഞാനും പ്രണയിച്ചു എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുമുണ്ട് രഞ്ജു.
സ്വപ്നത്തിലെ കാലം
അഭയം ഇല്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് ഒരുമിച്ച് കഴിയാൻ ഒരു ഫ്ലാറ്റ് ഒരുക്കണം. വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിയാത്തതിനാൽ വീടു വിട്ടുവരുന്ന കുട്ടികളെ സമൂഹത്തിനു കല്ലെറിയാൻ വിട്ടുകൊടുക്കാതെ അവരുടെ സ്വപ്നങ്ങളിലേക്ക് വളരാൻ ആത്മവിശ്വാസം നൽകാനൊരിടം. അവരെ സ്വയം പര്യാപ്തരാക്കാനൊരിടം– അതൊരു വലിയ സ്വപ്നമാണ്. കേരളത്തിൽ ഗവൺമെന്റ് നല്ല പിന്തുണ നൽകുന്നുണ്ട്. ട്രാൻസ്ജെൻഡേഴ്സിനു താമസിച്ചു പഠിക്കാൻ ഇപ്പോൾ തന്നെ ഷെൽട്ടർ ഹോമുകളുണ്ട്. അഭയം ആവശ്യമുള്ളവർക്ക് സാമൂഹ്യ നീതി വകുപ്പിൽ ബന്ധപ്പെടാം. ‘ ഇപ്പോൾ ട്രാൻസ്ജെൻഡേഴ്സ് ആത്മവിശ്വാസത്തോടെ സ്വത്വത്തിൽ ഉറച്ചുനിന്നുതുടങ്ങിയിരിക്കുന്നു. ‘കണ്ടോളൂ, അധികം വൈകാതെ ഞങ്ങളിൽ നിന്നൊരു കലക്ടർ, ഒരു മന്ത്രി ഒക്കെ വരും. ഞങ്ങളുടെ കുട്ടികളും അഭിമാനത്തോടെ ജീവിക്കും’– രഞ്ജു പറഞ്ഞുനിർത്തിയ വാക്കുകൾക്ക് അസാമാന്യ ഉറപ്പും കരുത്തുമുണ്ടായിരുന്നു. അല്ലെങ്കിലും തീയിൽ നടന്നു പഠിച്ചവർക്ക് ഈ വെയിലൊക്കെ എന്ത് എന്നു പറയുംപോലെ.