‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് രജിഷ വിജയൻ ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം രാഷ്ട്രീയം പശ്ചാത്തലമാക്കിയ ഒരു

‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് രജിഷ വിജയൻ ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം രാഷ്ട്രീയം പശ്ചാത്തലമാക്കിയ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് രജിഷ വിജയൻ ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം രാഷ്ട്രീയം പശ്ചാത്തലമാക്കിയ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് രജിഷ വിജയൻ ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം രാഷ്ട്രീയം പശ്ചാത്തലമാക്കിയ ഒരു കുടുംബ ചിത്രമാണെന്ന് സംവിധായകൻ ജിബു ജേക്കബ് പറയുന്നു. ‘കുറുപ്പി’നു കിട്ടിയ വരവേൽപിൽ സന്തോഷമുണ്ടെന്നും തിയറ്ററുകളുടെ വസന്തകാലം തിരികെ വന്ന് ‘എല്ലാം ശരിയാകും’ എന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു

രാഷ്ട്രീയം പശ്ചാത്തലമാക്കി ഒരു കുടുംബ ചിത്രം

ADVERTISEMENT

‘എല്ലാം ശരിയാകും’ പക്കാ കുടുംബചിത്രം തന്നെയാണ്, പശ്ചാത്തലം രാഷ്ട്രീയമാണ് എന്നു മാത്രം. രാഷ്ട്രീയക്കാരുടെ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയാണ്. ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് ശേഷം ഈ പ്രമേയം വിഷയമാക്കി ഒരു സിനിമ വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ‘നയം വ്യക്തമാക്കുന്നു’ പറഞ്ഞത് ഒരു വിഭാഗം രാഷ്ട്രീയക്കാരെപ്പറ്റി ആണെങ്കിൽ എന്റെ സിനിമയിൽ ഇടതും വലതും രാഷ്ട്രീയക്കാരുടെ കുടുംബത്തിലെ പ്രശ്നങ്ങൾ പ്രമേയമാകുന്നു. ഒരു രാഷ്ട്രീയക്കാരന് വ്യക്തിജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും രാഷ്ട്രീയക്കാരന്റെ ഭാര്യ നേരിടുന്ന പ്രശ്നങ്ങളും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ കുടുംബത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ നഷ്ടപ്പെടുത്തേണ്ടി വരുന്നതും ഒക്കെയാണ് ചർച്ച ആകുന്നത്. ഒരു പക്കാ പൊളിറ്റിക്കൽ സിനിമ മാത്രമല്ല, ഫാമിലി എന്റർടെയ്നർ കൂടിയാണ് നമ്മുടെ സിനിമ. ഇതിൽ പ്രണയമുണ്ട് വിരഹമുണ്ട്, കുടുംബമുണ്ട്, ആക്‌ഷൻ ഉണ്ട്. സംഘർഷഭരിതമായ നിമിഷങ്ങളും ഒരുപാടുണ്ട്. കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ കഴിയുന്ന ഒരു പടമാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം.

ആദ്യ സിനിമ വെള്ളിമൂങ്ങയും ഒരു രാഷ്ട്രീയക്കാരന്റെ കഥയാണ് പറഞ്ഞത്

ഒരാൾക്ക് രാഷ്ട്രീയവും കുടുംബവും രണ്ടും വേണം, അതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. കുടുംബം ആണ് ഏറ്റവും വലുത്. കുടുംബം നന്നായെങ്കിൽ മാത്രമല്ലേ സമൂഹം നന്നാവുകയുള്ളൂ. നല്ല രാഷ്ട്രീയം അത്യാവശ്യമാണ്, അതോടൊപ്പം മോശം രാഷ്ട്രീയക്കാരെയും അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. രാഷ്ട്രീയം എങ്ങനെയാണ് ഒരാൾ കൂടെ കൊണ്ടുനടക്കേണ്ടത്, നല്ല രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കും എന്നതെല്ലാം ഈ സിനിമയിൽ കൂടി കാണിക്കാൻ ശ്രമിക്കുന്നുണ്ട്.

രാഷ്ട്രീയക്കാരെ നമ്മൾ കുറ്റം പറയുമെങ്കിലും രാഷ്ട്രീയം ഉള്ളതുകൊണ്ടുതന്നെയാണ് നമ്മൾ എല്ലാം നേടിയത്. നമ്മുടെ സ്വാതന്ത്ര്യം മുതൽ എല്ലാം രാഷ്ട്രീയക്കാർ നേടിത്തന്നതാണ്. മഹാത്മാഗാന്ധിയും നെഹ്റുവും എല്ലാം രാഷ്ട്രീയക്കാർ ആയിരുന്നല്ലോ. രാഷ്ട്രീയം തന്നെയാണ് നമുക്ക് കൃത്യമായ വേതനം നേടിത്തന്നതും നമ്മുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയതും. മനുഷ്യരിൽ നല്ലവരും ചീത്ത മനുഷ്യരും ഉണ്ട്, അവർ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ ആണ് അവരുടെ സ്വഭാവം പ്രതിഫലിക്കുന്നത്. കുറച്ചുപേരുടെ കുഴപ്പത്തിന് എല്ലാവരെയും കുറ്റം പറയേണ്ട കാര്യമില്ല. അങ്ങനെ മോശം രാഷ്ട്രീയപ്രവർത്തകർക്ക് എതിരെ കൂടിയാണ് നമ്മുടെ സിനിമ.

സിനിമയുടെ പേര് ‘എൽഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന ഇടത് ടാഗ്‍ലൈൻ പോലെ ഉണ്ടല്ലോ

ADVERTISEMENT

എൽഡിഎഫ് ആ ടാഗ്‌ലൈൻ ഉപയോഗിച്ചപ്പോൾ തന്നെയാണ് ഞാനും അത് ശ്രദ്ധിച്ചത്. ഇത്രയും കാലം അങ്ങനെയൊരു ടാഗ്‌ലൈൻ ആരും ഉപയോഗിച്ചില്ല. ഏതു സിനിമയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പേര് തന്നെയാണ്. ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന് ഞാൻ പറഞ്ഞിട്ടില്ല, എല്ലാം ശരിയാകും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവർ വന്നു ശരിയാക്കിയെന്നോ ഇല്ലെന്നോ ഞങ്ങൾ പറയുന്നില്ല. അത് ആ അർഥത്തിൽ എടുക്കണ്ട. കൊറോണ, വെള്ളപ്പൊക്കം ഒക്കെ കഴിഞ്ഞു തിയറ്ററുകൾ തുറന്നു സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങിയതേ ഉള്ളൂ. ഇനി എല്ലാം ശരിയാകും എന്ന ശുഭാപ്തി വിശ്വാസമാണ് ആ പേരിലൂടെ ഞങ്ങൾ പകരാൻ ശ്രമിക്കുന്നത്. എല്ലാം ശരിയായി, നമുക്ക് നല്ലൊരു നാളേയ്ക്കു വേണ്ടി കാത്തിരിക്കാം.

‘കുറുപ്പ്’ നൽകുന്ന പ്രതീക്ഷ

‘കുറുപ്പ്’ റിലീസ് ചെയ്തതോടെ തിയറ്ററിൽ പ്രേക്ഷകർ വരുമെന്ന് ഉറപ്പായി. ‘കുറുപ്പ്’ തന്ന ആത്മവിശ്വാസം വളരെ വലുതാണ്. ‘കുറുപ്പ്’ പോലെ ഒരു വലിയ താരമൂല്യമുള്ള ചിത്രം ഞങ്ങളുടെ ചെറിയ ചിത്രത്തിന് വഴിയൊരുക്കി വച്ചിട്ടുണ്ട്. ‘കുറുപ്പ്’ ഒരുവിധം എല്ലാം നേരേ ആക്കി വച്ചിട്ടുണ്ട്, ഇനി "എല്ലാം ശരിയാകും". സിനിമയുടെ പ്രീ ബുക്കിങ് കണ്ടിട്ട് തിയറ്ററിലേക്ക് ആള് വരും എന്ന് പ്രതീക്ഷയുണ്ട്.

തിയറ്ററിന് വേണ്ടി ചെയ്ത സിനിമ

ADVERTISEMENT

നമ്മുടെ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ വേണ്ടിത്തന്നെ ചെയ്തതാണ്. പ്രമേയം രാഷ്ട്രീയം ആയതു കൊണ്ട് നല്ല ആൾക്കൂട്ടവും ആരവവും ഉണ്ടാകേണ്ടതാണ്. അത്യാവശ്യം നല്ല ചെലവ് ചെയ്ത് എടുത്ത ചിത്രമാണ്. എന്റെ കാഴ്ചപ്പാടിൽ തിയറ്റർ അനുഭവം ഒന്നു വേറേതന്നെയാണ്. ചെറിയ സ്ക്രീനിൽ കാണുന്നതോ സൗണ്ടിന്റെ പോരായ്മയോ ഒന്നുമല്ല ഞാൻ അങ്ങനെ ചിന്തിക്കാൻ കാരണം. ജനങ്ങളുടെ ഒപ്പം ഇരുന്ന് അവരുടെ ചിരികളും കയ്യടികളും ആരവങ്ങളും ഉത്കണ്ഠതകളും ആസ്വദിക്കുകയാണ് ഞാൻ കാണുന്ന തിയറ്റർ എക്സ്പീരിയൻസ്. നമ്മുടെ സിനിമ മറ്റുള്ളവർ ആസ്വദിക്കുന്നത് നേരിട്ടു കാണുന്നതാണ് ഏറ്റവും വലിയ പ്രതിഫലം. നമ്മൾ ഇഷ്ടപ്പെടുന്നതും കാത്തിരിക്കുന്നതും അതിനാണ്. ആദ്യത്തെ ദിവസം നിറഞ്ഞു കവിഞ്ഞ തീയറ്ററിൽ ആൾക്കൂട്ടത്തിനിടെ ഇരുന്ന് അവരുടെ ചിരിയും കയ്യടികളും കേട്ട് സിനിമ കാണണം എന്നുള്ളതാണ് ഒരു സംവിധായകന്റെ, ഏതൊരു സിനിമാപ്രവർത്തകന്റെയും സ്വപ്നം. ആ സംതൃപ്തി വീട്ടിൽ നാലുപേരുടെ മാത്രം ഒപ്പമിരുന്നു കണ്ടാൽ കിട്ടില്ല.

സ്വന്തം സിനിമയിൽ ക്യാമറ ചെയ്യുന്നില്ല

ഞാൻ അടിസ്ഥാനപരമായി ഛായാഗ്രാഹകൻ ആണെങ്കിലും എല്ലാം കൂടി ഒരുമിച്ച് ചെയ്യാൻ എനിക്ക് കഴിയില്ല. ഒരു സമയം ഒന്നിലേ എനിക്ക് ശ്രദ്ധിക്കാൻ കഴിയൂ. അതുപോലെതന്നെ എന്റെയും സാലു ജോർജ് സാറിന്റെയും ഒപ്പം ജോലി ചെയ്തിരുന്നവരെ കൈ പിടിച്ച് മുന്നോട്ടു കൊണ്ടുവരിക എന്നൊരു ഉദ്ദേശ്യം കൂടി ഉണ്ട് അതിൽ. ഞാൻ ഒരു സിനിമ ചെയ്യുമ്പോഴേ എനിക്ക് അങ്ങനെയൊരു ചെറിയ കാര്യം ചെയ്യാൻ കഴിയൂ. ഞാൻ ഈ അവസ്ഥയിൽ എത്തുന്നതിൽ ഇവർക്കെല്ലാം പങ്കുണ്ട്. അവരെയും എവിടെയെങ്കിലും എത്തിക്കുക, അവർക്ക് അവസരം കൊടുക്കുക, അതൊരു നല്ല കാര്യമല്ലേ. എന്റെ നാലു പടത്തിനും നാലു ക്യാമറാമാൻ ആയിരുന്നു. എന്റെ ഒപ്പമുള്ളവരെല്ലാം നല്ല നിലയിൽ ആകുമ്പോൾ സ്വന്തം സിനിമയ്ക്കു വേണ്ടി ക്യാമറയും ചെയ്യണം എന്നൊരാഗ്രഹം ഉണ്ട്.

ഛായാഗ്രഹണവും സംവിധാനവും ഒരുപോലെ പ്രാധാന്യമുള്ളത്

ഛായാഗ്രഹണമാണോ സംവിധാനമാണോ എളുപ്പം എന്നു ചോദിച്ചാൽ രണ്ടിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. ഒരു സംവിധായകന് വളരെ വലിയ ഉത്തരവാദിത്തം ഉണ്ട്, നിർമാതാവ് തുടങ്ങി ഒരു ഫുൾ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം അയാൾക്കാണ്. എല്ലാത്തിനും ആദ്യത്തെ ചോദ്യം സംവിധായകനു നേരേ ആയിരിക്കും. ഛായാഗ്രഹകന് സംവിധായകനോടു മാത്രമേ ഉത്തരവാദിത്തം ഉള്ളൂ. സംവിധായകന്റെ കണ്ണായി നിൽക്കുകയാണ് അയാളുടെ കടമ. സംവിധായകൻ കാണാത്തത് കാണുക, ചൂണ്ടിക്കാണിക്കുക. അയാൾക്ക് ശാരീരിക അധ്വാനം കൂടുതലാണ്. ഒരു സമയത്തും വെറുതേ ഇരിക്കാൻ കഴിയില്ല. എല്ലായ്പ്പോഴും മനസ്സുകൊണ്ടും ശരീരം കൊണ്ടും ജോലി ചെയ്തുകൊണ്ടിരിക്കണം. അസിസ്റ്റന്റ് ഡയറക്ടറിനും ആർട്ട് ഡയറക്ടറിനും നിർദേശം കൊടുക്കണം. അങ്ങനെ നിരവധി ജോലികൾ ഉണ്ട്. സംവിധായകൻ കഴിഞ്ഞാൽ ക്യാമറാമാനു തന്നെയാണ് കൂടുതൽ ജോലി.

വെള്ളിമൂങ്ങയിലെ അതിഥി, എല്ലാം ശരിയാക്കുന്ന നായകൻ

ജനകീയനായ നായകൻ തന്നെയാണ് ആസിഫ് അലി. നമ്മുടെ വീടിനു തൊട്ടടുത്തുള്ള പയ്യൻ, എല്ലാവരെയും സഹായിക്കുന്ന, വീട്ടുകാർക്ക് പ്രിയങ്കരനായ ഒരാൾ എന്ന് ആസിഫിനെപ്പറ്റി നമുക്ക് ചിന്തിക്കാൻ കഴിയും. ചേട്ടാ നമുക്ക് ഒരു പടം ചെയ്യണം എന്ന് വെള്ളിമൂങ്ങ കഴിഞ്ഞപ്പോൾ ആസിഫ് എന്നോടു പറഞ്ഞിരുന്നു. ഒന്നുരണ്ടു കഥകൾ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഈ കഥയാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായത്. ‘കെട്ട്യോൾ ആണെന്റെ മാലാഖ’ എന്ന സിനിമയിൽ ആസിഫിന്റെ അഭിനയം നമ്മൾ കണ്ടതാണ്. അതുപോലെയുള്ള നിരവധി കഥാപാത്രങ്ങൾ വളരെ തന്മയത്വത്തോടെ ചെയ്തിട്ടുള്ള നടനാണ് ആസിഫ്. അതുകൊണ്ടൊക്കെയാണ് ഞാൻ ആസിഫിലേക്ക് വന്നത്.

രജിഷയും ആസിഫും തമ്മിൽ നല്ല ഒരു കെമിസ്ട്രി ഉണ്ട്. പത്തു പന്ത്രണ്ടു വർഷത്തിനിടെ വന്നിട്ടുള്ള ഏറ്റവും നല്ല ജോഡി ആണ് ആസിഫും രജിഷയും. ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പ്രണയവും തല്ലു പിടിത്തവും വിരഹവും ഒക്കെ ചെയ്യാൻ ഇവരുടെ കോംബിനേഷൻ നന്നായി ഇണങ്ങും എന്നു തോന്നി. രജിഷയെപ്പറ്റി ഞാൻ പറയേണ്ടതില്ലല്ലോ. ഒറ്റയ്ക്ക് സിനിമകൾ ഏറ്റെടുത്ത് ചെയ്തു വിജയിപ്പിക്കാൻ കഴിവുള്ള നായികയാണ് രജിഷ. ആസിഫ് കഴിഞ്ഞു ഞങ്ങൾ സമീപിച്ചത് രജിഷയെ ആണ്. രജിഷയോട് കഥപറഞ്ഞപ്പോൾ അവർക്കും അമ്മയ്ക്കും വളരെ ഇഷ്ടപ്പെട്ടു.

പടം ഇറങ്ങുംമുമ്പ് ഹിറ്റായ ഔസേപ്പച്ചൻ മാജിക്

എന്റെ മൂന്നു ചിത്രങ്ങൾക്കു വേണ്ടി ബിജിബാൽ ആണ് സംഗീതം ചെയ്തത്. നമ്മളെക്കാൾ ജൂനിയർ ആയ ബിജിബാലിനോട് എനിക്ക് എന്തും പറയാം, നല്ല പാട്ടുകളും കിട്ടിയിരുന്നു. പക്ഷേ ഈ സിനിമ മറ്റു സിനിമകളിൽനിന്ന് വ്യത്യസ്തമാണ്. മറ്റു ചിത്രങ്ങളെക്കാൾ കൂടുതൽ സീരിയസ് ആയി കഥ പറയുന്ന രീതിയാണ് ഇതിൽ. പ്രണയവും വിരഹവും ഒക്കെ സീരിയസ് ആയി കൈകാര്യം ചെയ്യാൻ സ്ഥിരം പാറ്റേണിൽനിന്ന് ഒന്നു മാറണം എന്നു തോന്നി. അങ്ങനെയാണ് ഔസേപ്പച്ചൻ സാറിൽ എത്തിച്ചേർന്നത്.

ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. കഥ കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ താല്പര്യമായി. ഈ സിനിമയിലെ ഏറ്റവും പ്രായം കൂടിയ ടെക്നിഷ്യൻ അദ്ദേഹമാണെങ്കിൽക്കൂടി, ഏറ്റവും ഊർജസ്വലനായി ജോലി ചെയ്തത് അദ്ദേഹം തന്നെയാണ്. എത്ര രാത്രി ആയാലും എപ്പോൾ വിളിച്ചാലും എന്തു ചെയ്തു തരാനും അദ്ദേഹം ഒരുക്കമാണ്. ജോലി ചെയ്യുന്നതിന് ഒരു മടിയും ഇല്ലാത്ത ഒരു കലാകാരന്‍. കുറേ നാളായി ഞാൻ ഇത്തരം കൊമ്പോസിഷൻ കേട്ടിട്ടേയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് ഏറ്റവും ആസ്വദിച്ച ദിവസങ്ങളായിരുന്നു. ഇതിലെ നാല് പാട്ടുകളും എനിക്ക് മറക്കാൻ പറ്റാത്ത പ്രിയപ്പെട്ട പാട്ടുകളാണ്. അതോടൊപ്പം അദ്ദേഹത്തിന്റെ ഇരുന്നൂറാമത്തെ സിനിമ എന്റെ സിനിമയായി എന്നുള്ളതും ഒരു ഭാഗ്യമായികരുതുന്നു.

എല്ലാം ശരിയാക്കാൻ അണിയറയിൽ പ്രവർത്തിച്ചവർ

സിനിമയുടെ തിരക്കഥ എഴുതിയത് ഷാരിസ് മുഹമ്മദ് ആണ്. ഷാരിസും ജിബിനും ചേർന്നായിരുന്നു എന്റെ ‘ആദ്യരാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ആ സമയത്തു തന്നെ ഷാരിസ് ഈ കഥ എന്നോടു പറഞ്ഞിരുന്നു. ഞങ്ങൾ പിന്നീട് കുറച്ച് നാൾ ആ കഥയിൽ വർക്ക് ചെയ്തു. ഞങ്ങൾ കുറച്ച് വിശദമായി രാഷ്ട്രീയക്കാരെയൊക്കെ കണ്ടു സംസാരിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. ഷാരിസ് തിരക്കഥ വളരെ ഭംഗിയായി എഴുതി. മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്നു പറയാൻ കഴിയുന്ന ഒരു തിരക്കഥാകൃത്ത് തന്നെയാണ് ഷാരിസ്. അദ്ദേഹത്തിന്റെ നല്ല കഥകൾ വരാനിരിക്കുന്നതേയുള്ളൂ.

‘മാന്ത്രികം’ സിനിമയിൽ സാലു ജോർജ് സാറിന്റെ അസിസ്റ്റന്റ് ആയാണ് ഞാൻ ഈ രംഗത്തേക്കു വരുന്നത്. അന്നുമുതൽ എന്റെ കൂടെയുള്ള ആളാണ് ശ്രീജിത്ത് നായർ എന്ന ഛായാഗ്രാഹകൻ. ഇപ്പൊ നാലാമത്തെ സിനിമ ഞാൻ എടുത്തപ്പോൾ എന്റെ ക്യാമറ ചെയ്യാൻ അവനെ ഏല്പിക്കാം എന്ന് കരുതി. എന്റെ മറ്റു മൂന്നു സിനിമകളേക്കാൾ ഈ സിനിമയിൽ കുറച്ച് കൂടുതൽ വർക്ക് ചെയ്യാൻ ഉണ്ടായിരുന്നു, കൂടുതൽ വെല്ലുവിളി നിറഞ്ഞ ക്യാമറ വർക്ക് ആയിരുന്നു ഇത് ഏറ്റവും മനോഹരമായി ചെയ്തിട്ടുണ്ട്. എന്റെ എല്ലാ സിനിമകളും എഡിറ്റ് ചെയ്ത സൂരജ് തന്നെയാണ് ഇതിനു പിന്നിലും പ്രവർത്തിച്ചത്. സൂരജ് ആണ് എനിക്ക് ഏറ്റവും വിശ്വാസമുള്ള എഡിറ്റർ, എന്റെ മനസ്സ് പോലെ തന്നെ അദ്ദേഹം പ്രവർത്തിക്കും. കോസ്റ്റ്യൂം ഡിസൈനർ, പ്രൊഡക്‌ഷൻ കൺട്രോളർ, മേക്കപ്പ് മാൻ എല്ലാവരും അവരുടെ ജോലി വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്, എല്ലാവരും എനിക്ക് വളരെ വേണ്ടപ്പെട്ടവരാണ്.

പുത്തൻ പ്രതീക്ഷകൾ

ഇപ്പോൾ മറ്റൊരു ചെറിയ പ്രോജക്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഉടൻ തന്നെ പ്രഖ്യാപിക്കാൻ കഴിയും എന്ന് കരുതുന്നു. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണം എന്ന് അഭ്യർഥിക്കുന്നു. ഞങ്ങളുടെ ഈ ചെറിയ സിനിമ ഒരു വലിയ വിജയമാകാൻ എല്ലാവരും ഒപ്പമുണ്ടാകണം. തിയറ്ററുകളുടെ വസന്തകാലം തിരിച്ചുവരട്ടെ എന്നാണു ആഗ്രഹം. ഒരുപാട് നല്ല ചിത്രങ്ങൾ ആണ് റിലീസിനായി കാത്തിരിക്കുന്നത്. ജാനേ മൻ, ആഹാ, കാവൽ അങ്ങനെ നിരവധി ചിത്രങ്ങൾ ഉടനെ റിലീസ് ചെയ്യുന്നുണ്ട്. എല്ലാം ശരിയാകും എന്നുതന്നെ പ്രതീക്ഷിക്കാം.