അനശ്വര ശരിക്കും തേച്ചോ?: മറുപടി പറഞ്ഞ് മമിത ബൈജു; അഭിമുഖം
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ സൂപ്പറായി പ്രദർശനം തുടരുമ്പോൾ നായികയായി വേഷമിട്ട അനശ്വരയ്ക്കൊപ്പം ട്രെൻഡാവുകയാണ് മമിത ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രം. കോട്ടയം കിടങ്ങൂരുകാരി മമിത ബൈജു, പ്രേക്ഷകർക്ക് ഇപ്പോൾ അവരുടെ പ്രിയപ്പെട്ട 'സോനാരേ' ആണ്. സോനയുടെ തഗ് മറുപടികളും സ്റ്റൈലും ആറ്റിറ്റ്യൂഡും
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ സൂപ്പറായി പ്രദർശനം തുടരുമ്പോൾ നായികയായി വേഷമിട്ട അനശ്വരയ്ക്കൊപ്പം ട്രെൻഡാവുകയാണ് മമിത ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രം. കോട്ടയം കിടങ്ങൂരുകാരി മമിത ബൈജു, പ്രേക്ഷകർക്ക് ഇപ്പോൾ അവരുടെ പ്രിയപ്പെട്ട 'സോനാരേ' ആണ്. സോനയുടെ തഗ് മറുപടികളും സ്റ്റൈലും ആറ്റിറ്റ്യൂഡും
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ സൂപ്പറായി പ്രദർശനം തുടരുമ്പോൾ നായികയായി വേഷമിട്ട അനശ്വരയ്ക്കൊപ്പം ട്രെൻഡാവുകയാണ് മമിത ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രം. കോട്ടയം കിടങ്ങൂരുകാരി മമിത ബൈജു, പ്രേക്ഷകർക്ക് ഇപ്പോൾ അവരുടെ പ്രിയപ്പെട്ട 'സോനാരേ' ആണ്. സോനയുടെ തഗ് മറുപടികളും സ്റ്റൈലും ആറ്റിറ്റ്യൂഡും
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ സൂപ്പറായി പ്രദർശനം തുടരുമ്പോൾ നായികയായി വേഷമിട്ട അനശ്വരയ്ക്കൊപ്പം ട്രെൻഡാവുകയാണ് മമിത ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രം. കോട്ടയം കിടങ്ങൂരുകാരി മമിത ബൈജു, പ്രേക്ഷകർക്ക് ഇപ്പോൾ അവരുടെ പ്രിയപ്പെട്ട 'സോനാരേ' ആണ്. സോനയുടെ തഗ് മറുപടികളും സ്റ്റൈലും ആറ്റിറ്റ്യൂഡും എല്ലാം ക്യാംപസിൽ സൂപ്പർ ഹിറ്റ്. 2017 മുതൽ സിനിമയിലുണ്ടെങ്കിലും ഇത്രയധികം പ്രേക്ഷകർ തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും സൂപ്പർ ശരണ്യയ്ക്ക് ശേഷമാണെന്ന് പറയുകയാണ് മമിത. സൂപ്പർ ശരണ്യയുടെ വിശേഷങ്ങളുമായി മമിത ബൈജു മനോരമ ഓൺലൈനിൽ.
നാഴികക്കല്ലായ സൂപ്പർ ശരണ്യ
സോന എന്ന കഥാപാത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് ഞാനും കരുതിയില്ല. മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നു പറയുമ്പോൾ സിനിമയുടെ പേരു പറഞ്ഞാലും എന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകില്ല. അവർ ആ സിനിമകൾ കണ്ടിട്ടുണ്ടാകും. പക്ഷേ, എന്റെ കഥാപാത്രത്തെ ഓർമ കാണില്ല. ഓപ്പറേഷൻ ജാവ കഴിഞ്ഞപ്പോൾ പലർക്കും എന്നെ കാണുമ്പോൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. പക്ഷേ, പേര് അറിയില്ല. ഇപ്പോൾ ആ സ്ഥിതി മാറി. പലർക്കും എന്റെ പേര് അറിയാം. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അറിയാം. ഓപ്പറേഷൻ ജാവ, ഖോ ഖോ, കളർ പടം (ഹ്രസ്വചിത്രം) .... ഇവയ്ക്കെല്ലാം ശേഷമാണ് സൂപ്പർ ശരണ്യ വരുന്നത്. എന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ് സോന എന്ന കഥാപാത്രം. ഒരു സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല ഞാൻ വരുന്നത്. എനിക്ക് ലഭിച്ച ചെറിയ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. വളരെ പതുക്കെയായിരുന്നു ആ യാത്ര. ഇപ്പോൾ കൂടുതൽ പേർ തിരിച്ചറിയുന്നു. അതിൽ വലിയ സന്തോഷമുണ്ട്.
നമ്മളും സൂപ്പറല്ലേ?
സിനിമ കണ്ടിട്ട് പലരും പറഞ്ഞത്, ശരണ്യ മാത്രമല്ല ആ ഗ്യാങ്ങിലെ എല്ലാവരും സൂപ്പറാണ്... സോനാരേ പൊളിയാണ്... എന്നൊക്കെയാണ്. കുറച്ചു തഗും ആരെയും കൂസാക്കാത്ത പ്രകൃതവും എല്ലാമുള്ളതുകൊണ്ടാകാം സോനയെ എല്ലാവരും ഇഷ്ടപ്പെടുന്നത്. നമ്മുടെ സുഹൃത്തുക്കളുടെ ഇടയിലും തഗ് അടിക്കുന്നവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ടാകില്ലേ... അതുപോലൊരിഷ്ടം സോനയോടും പ്രേക്ഷകർക്ക് തോന്നുന്നുണ്ടാകണം. സോനാരേയുടെ കഥാപാത്രത്തേക്കാൾ വ്യക്തിപരമായി എനിക്കിഷ്ടം ശരണ്യയോടാണ്. എല്ലാ കാര്യത്തിലും ആവരേജ് ആണ് ശരണ്യ. അങ്ങനെയുള്ള ഒരാളെ എല്ലാവർക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയും. അങ്ങനെയൊരു പെൺകുട്ടി സ്വന്തം കാര്യങ്ങൾ തുറന്നു പറയാൻ തക്കവിധം മാറുന്നുണ്ട്. എല്ലാ കാര്യങ്ങളിലും സൂപ്പർ ആയില്ലെങ്കിലും നമ്മളൊക്കെ സൂപ്പർ തന്നെയാണെന്ന് ആ കഥാപാത്രം തെളിയിക്കുന്നുണ്ട്.
സോനയായി മാറിയപ്പോൾ
ആദ്യത്തെ ഓഡിഷനു ചെന്നപ്പോൾ ആ ഗ്യാങ്ങിലെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് കോവിഡും ലോക്ഡൗണും ഒക്കെ ആയത്. പിന്നീട് അടുത്ത ലെവൽ ഓഡിഷൻ നടന്നത് മാസങ്ങൾക്കു ശേഷമായിരുന്നു. അപ്പോഴും എല്ലാ കഥാപാത്രങ്ങളും ചെയ്തു. അതു ചെയ്തുകൊണ്ടിരുന്നപ്പോൾ സോനാരേ പൊളിയാണല്ലോ എന്നു തോന്നി. പിന്നീടാണ് ആ കഥാപാത്രം ഞാനാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞത്. അതിനായി കൊച്ചി ഭാഷ ശീലിക്കണമായിരുന്നു. കൂടാതെ സോനയുടെ ഒരു സ്റ്റൈലുണ്ട്. ഒരു പ്രത്യേക ഒഴുക്കിലുള്ള മാനറിസം. അതു പറഞ്ഞു ചെയ്യിപ്പിച്ച പോലെ വരരുതെന്ന് ഗിരീഷേട്ടന് നിർബന്ധമുണ്ടായിരുന്നു. അതിലൊരു സ്വാഭാവികത കൊണ്ടുവരാൻ ശ്രമിച്ചു. ടേക്ക് പോകുന്ന സമയത്ത് അത്തരത്തിൽ സ്വാഭാവികമായി വന്ന ഒരുപാടു കാര്യങ്ങൾ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ശാരു സോനയെ തേച്ചോ?
സിനിമ കണ്ടിട്ട് പല തരത്തിലുള്ള കമന്റുകൾ ലഭിക്കുന്നുണ്ട്. 'എന്നാലും ആ ശരണ്യ നിന്നെ തേച്ചല്ലോ സോനാ' എന്ന കമന്റാണ് അതിൽ കൂടുതൽ. സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും ഏറ്റവും കൂടുതൽ ചിരിച്ചു പോയത് ക്ലൈമാക്സിലെ ആ സീക്വൻസിലാണ്. സത്യത്തിൽ ആരായാലും അങ്ങനെയൊരു സാഹചര്യം വരുമ്പോൾ പതറിപ്പോകും. കൂട്ടുകാരി പോലും തനിക്ക് വേണ്ടി വാദിക്കാൻ വരുന്നില്ല എന്നു തിരിച്ചറിയുമ്പോൾ നമ്മൾ ആകെ ചൂളിപ്പോകില്ലേ... അങ്ങനെയൊരു അവസ്ഥ. സത്യത്തിൽ സോനയും വളരെ പാവമാണ്. സെറ്റിൽ ഞാനിടയ്ക്ക് പറയും... ഞങ്ങൾ എങ്ങനെ കൊണ്ടു നടന്നതാ ശാരൂനെ! എന്നിട്ടിപ്പോൾ ദീപു മതിയെന്ന അവസ്ഥയായി! ശരണ്യ സൂപ്പറായതിന്റെ ക്രെഡിറ്റ് കുറച്ചൊക്കെ ഞങ്ങൾക്കും കൂടി ഉള്ളതാ... അവസാനം ആരാ ആ ക്രെഡിറ്റ് അടിച്ചോണ്ടു പോയേ... എന്നൊക്കെ! ക്ലൈമാക്സിൽ സോന അങ്ങനെ ആയിപ്പോയതിൽ ചെറിയ വിഷമം ഒക്കെ തോന്നിയിരുന്നു. സത്യത്തിൽ സോനയ്ക്ക് ദീപുവിന്റെ ഡയലോഗ് കേൾക്കുമ്പോൾ ഞെട്ടലാണ്. അവൻ ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്നൊരു തോന്നൽ. പിന്നെ, ശരണ്യയ്ക്ക് എന്താണോ ഇഷ്ടം അതിനൊപ്പമാണ് സോന എപ്പോഴും നിന്നിട്ടുള്ളത്. അങ്ങനെ തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. ശരിക്കും സോന ശരണ്യയുടെ ചങ്ക് ഫ്രണ്ടാണ്.
സോനയെ ആരും പ്രണയിച്ചില്ലേ?
സോനയെ ആ ക്യാംപസിൽ ആരും പ്രണയിച്ചില്ലേ എന്നൊരു ചോദ്യവും പലരും ഉന്നയിച്ചു കണ്ടു. സോനയുടെ ക്യാരക്ടറിന്റെ പ്രത്യേകത കൊണ്ടാവും ആരും അവളോട് പ്രണയം പറയാൻ പോലും ധൈര്യപ്പെടാത്തത് എന്നാണ് എനിക്ക് തോന്നിയത്. ആർക്കും പെട്ടെന്ന് ഇഷ്ടം തോന്നില്ലല്ലോ. പിന്നെ, ക്യാപംസ് പ്രണയങ്ങളോട് പൊതുവെ സോനയ്ക്ക് ഒരു കലിപ്പ് ആറ്റിറ്റ്യൂഡ് ആണ്. ഏതോ ഒരു ആൺകുട്ടിയുടെ കൈ പിടിച്ച് പഞ്ചാരയടിക്കുന്ന ഷെറിനെ സോന നോക്കി പേടിപ്പിക്കുന്നുണ്ട്. ഒന്നു പറഞ്ഞ് രണ്ടാം വാക്കിന് തെറിക്കുന്ന ആളല്ലേ സോന... അതുകൊണ്ടാകും ഒരു ലവ് ട്രാക്ക് സിനിമയിൽ ഇല്ലാതെ പോയത്.
ക്യാംപസ് പോലൊരു സെറ്റ്
സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന വൈബ് എന്താണോ അതു തന്നെയായിരുന്നു സെറ്റിലും. ഞാൻ പഠിക്കുന്നത് എസ്.എച്ച് തേവരയിലാണ്. അവിടെ ചേരുന്നതിനു മുമ്പായിരുന്നു സൂപ്പർ ശരണ്യയുടെ ഷൂട്ട് നടന്നത്. സത്യത്തിൽ കോളജിൽ റിയലായി പോകുന്നതിനു മുമ്പ് അങ്ങനെയൊരു ഫീൽ തന്നത് ആ സെറ്റായിരുന്നു. ശരിക്കും കോളജിൽ എത്തിയൊരു അനുഭവം. റാഗിങ് ഉൾപ്പടെ! ഇതൊരു ഷൂട്ട് ആണെന്നോ വർക്ക് ആണെന്നോ വല്ലാതെ അനുഭവിപ്പിക്കാത്ത രീതിയായിരുന്നു സെറ്റിൽ.
സൂപ്പറാകാൻ ചില ടിപ്സ്
പറയാനുള്ളത് ആരുടെ ആടുത്താണെങ്കിലും മടി കൂടാതെ പറയണം. എന്തെങ്കിലും പ്രശ്നം അങ്ങനെ സഹിച്ചോ, കടിച്ചു പിടിച്ചോ നിൽക്കേണ്ടതില്ല. അതു റോങ് ആണ്. നമുക്കോരുരുത്തർക്കും ഓരോ ലൈഫ് ആണ്. അതു സ്വന്തം രീതിയിൽ ജീവിക്കണം.
ഏതു തരം ബന്ധങ്ങളിലാണെങ്കിലും ആരെയും ഭരിക്കാൻ അനുവദിക്കരുത്. നമ്മെ നിയന്ത്രിക്കാനുള്ള റിമോട്ട് മറ്റാരുടെയും കയ്യിൽ കൊടുക്കരുത്. ഇതു കഴിക്കാൻ പാടില്ല, അങ്ങോട്ട് പോകാൻ പാടില്ല, അതു ഇടാൻ പാടില്ല, അവരുടെ കൂടെ പോകാൻ പാടില്ല എന്നു പറഞ്ഞു വരുന്നവരെ അപ്പോൾ തന്നെ ഓടിച്ചേക്കണം. തെറ്റായ ഗ്യാങ്ങുകളെക്കുറിച്ച് പറഞ്ഞു തരുന്നതു പോലെയല്ല എല്ലാ കാര്യങ്ങളിലും കേറി ഇടപെടുന്നവർ. അതു തിരിച്ചറിയണം.
എടുത്ത തീരുമാനം ശരി ആയാലും തെറ്റായാലും അതോർത്ത് ദുഃഖിക്കേണ്ട കാര്യമില്ല. സ്വന്തം തീരുമാനത്തിന്റെ ഉത്തരവാദിത്തം സ്വയമേറ്റെടുക്കണം. അത് പലരും ചെയ്യാറില്ല. എല്ലാവരും കംഫർട്ട് സോണിൽ നിൽക്കാനാണ് താൽപര്യപ്പെടുക.
ചെയ്യുന്നതെന്തും ആത്മാർഥതയോടെ ചെയ്യുക. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആത്മാർഥമായി തന്നെ ഇടപെടാൻ ശീലിക്കണം. അവർക്ക് അൽപം സ്നേഹവും കരുതലും കൊടുക്കുന്നതിൽ പിശുക്ക് കാണിക്കരുത്. നമ്മുടെ നല്ലത് ആഗ്രഹിക്കുന്നവർക്കൊപ്പം നിൽക്കാൻ കഴിയണം. അവരിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കാൻ കഴിയണം.