‘അഴിഞ്ഞഴിഞ്ഞ് അഭിനയിക്കണം എന്നാണ് ലാൽ സാറിനോട് ആവശ്യപ്പെട്ടത്’; ബി.ഉണ്ണികൃഷ്ണൻ അഭിമുഖം

കോവിഡിന്റെ മൂർധന്യാവസ്ഥയെ നേരിട്ട് കേരളം അതിന്റെ സാധാരണഗതിയിലേക്ക് തിരിച്ചെത്തുമ്പോൾ തിയറ്ററിലേക്കും പ്രേക്ഷകരുടെ തിരിച്ചുവരവ് ഉറപ്പിക്കുകയാണ് മോഹൻലാൽ ചിത്രം ആറാട്ട്. കൃത്യമായി പറഞ്ഞാൽ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്! മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പർതാരം തിരശീലയിൽ ആഘോഷകാഴ്ചകളുമായി
കോവിഡിന്റെ മൂർധന്യാവസ്ഥയെ നേരിട്ട് കേരളം അതിന്റെ സാധാരണഗതിയിലേക്ക് തിരിച്ചെത്തുമ്പോൾ തിയറ്ററിലേക്കും പ്രേക്ഷകരുടെ തിരിച്ചുവരവ് ഉറപ്പിക്കുകയാണ് മോഹൻലാൽ ചിത്രം ആറാട്ട്. കൃത്യമായി പറഞ്ഞാൽ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്! മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പർതാരം തിരശീലയിൽ ആഘോഷകാഴ്ചകളുമായി
കോവിഡിന്റെ മൂർധന്യാവസ്ഥയെ നേരിട്ട് കേരളം അതിന്റെ സാധാരണഗതിയിലേക്ക് തിരിച്ചെത്തുമ്പോൾ തിയറ്ററിലേക്കും പ്രേക്ഷകരുടെ തിരിച്ചുവരവ് ഉറപ്പിക്കുകയാണ് മോഹൻലാൽ ചിത്രം ആറാട്ട്. കൃത്യമായി പറഞ്ഞാൽ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്! മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പർതാരം തിരശീലയിൽ ആഘോഷകാഴ്ചകളുമായി
കോവിഡിന്റെ മൂർധന്യാവസ്ഥയെ നേരിട്ട് കേരളം അതിന്റെ സാധാരണഗതിയിലേക്ക് തിരിച്ചെത്തുമ്പോൾ തിയറ്ററിലേക്കും പ്രേക്ഷകരുടെ തിരിച്ചുവരവ് ഉറപ്പിക്കുകയാണ് മോഹൻലാൽ ചിത്രം ആറാട്ട്. കൃത്യമായി പറഞ്ഞാൽ, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്! മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പർതാരം തിരശീലയിൽ ആഘോഷകാഴ്ചകളുമായി നിറയാനൊരുങ്ങിക്കഴിഞ്ഞു. മാസ് സിനിമയുടെ മിടിപ്പറിയുന്ന തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയ്ക്കൊപ്പം ബി.ഉണ്ണികൃഷ്ണനെന്ന പരിചയസമ്പന്നനായ സംവിധായകനും കൂടി ചേരുമ്പോൾ മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപൻ കേരളം ഇളക്കിമറിക്കുമെന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടൽ. ആറാട്ടിനെക്കുറിച്ചുള്ള പ്രതീക്ഷകളും വിശേഷങ്ങളുമായി സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനിൽ.
ആഘോഷ സിനിമയായി ആറാട്ട് വരുമ്പോഴുള്ള പ്രതീക്ഷകൾ? തിയറ്ററുകളില്‍ ആളെയെത്തിക്കുക എന്നതു തന്നെയാണോ ലക്ഷ്യം?
ഞാൻ ആദ്യമായിട്ടാണ് ഒരു സമ്പൂർണ മാസ് എന്റർടെയ്ൻമെന്റ് സിനിമ ചെയ്യുന്നത്. പൂർണമായും ഇതൊരു മാസ് മസാല എന്റർടെയ്നർ ആണ്. അത്തരം ചിത്രങ്ങളൊരുക്കി പരിചയസമ്പന്നനായ ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു കംപ്ലീറ്റ് എന്റർടെയ്നർ പാക്കേജ് എന്ന നിലയിൽ സിനിമ ചെയ്യണമെന്നാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അതിന് അനുസരിച്ചാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതും. അത്തരമൊരു സിനിമയുടെ ഭാഗമാകാൻ കുറെ നാളുകൾക്കു ശേഷം മോഹൻലാലും തയാറായി. അങ്ങനെയാണ് ഈ സിനിമ സംഭവിച്ചത്. കോവിഡിന്റെ മൂർധന്യാവസ്ഥയിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. ആയിരം പേർ വരെ പങ്കെടുക്കുന്ന രംഗങ്ങൾ സിനിമയിലുണ്ട്. അത്രയും ആളുകളെ ആർടിപിസിആർ ചെയ്ത്, ഒരു ബയോ ബബിൾ സൃഷ്ടിച്ചായിരുന്നു ഷൂട്ട്. അപ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന ഉറപ്പ് ഇത് തിയറ്ററുകളിൽ ആളുകൾ കാണേണ്ട സിനിമയാണെന്നാണ്. അല്ലാതെ ഒടിടി പ്ലാറ്റ്ഫോമിൽ കാണേണ്ട സിനിമയല്ല. അതിനുവേണ്ടിയാണ് ഒന്നര വർഷമായി ഞങ്ങൾ കാത്തിരുന്നത്. ഇപ്പോൾ താരതമ്യേന അനുകൂലമായ സാഹചര്യം വന്നപ്പോൾ തിയറ്ററിൽ റിലീസ് ചെയ്യുകയാണ്. കോവിഡിന്റെ കറുത്ത കാലം കഴിഞ്ഞ് മാനസികോല്ലാസത്തിനായി തിയറ്ററുകളിൽ വരുന്ന ആളുകളെ, കുടുംബങ്ങളെ ലക്ഷ്യമാക്കുന്ന സിനിമയാണ് ആറാട്ട്. അത് സംഭവിക്കും എന്നു തന്നെയാണ് പ്രതീക്ഷ.
എങ്ങനെയാണ് ആറാട്ടിന്റെ ത്രഡ് പരുവപ്പെട്ടത്?
കുറെ നാളുകളായി ഞാനും ഉദയനും കൂടി മോഹൻലാലിനു വേണ്ടിയൊരു സിനിമ വർക്ക് ചെയ്യുന്നു. ആദ്യം സംസാരിച്ച സിനിമ ഈ കോവിഡ് കാലത്ത് ഷൂട്ട് ചെയ്യാൻ പ്രായോഗികമായി ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലായിട്ടായിരുന്നു അതിന്റെ ലൊക്കേഷൻ. അപ്പോൾ ലാൽ സർ തന്നെയാണ് കേരളത്തിൽ തന്നെ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു സമ്പൂർണ എന്റർടെയ്നറിനെക്കുറിച്ച് ആലോചിക്കാൻ പറഞ്ഞത്. ആളുകളെല്ലാം ഡാർക്ക് അടിച്ചിരിക്കുന്ന സമയമാണല്ലോ! അങ്ങനെയാണ് നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെക്കുറിച്ച് ഉദയൻ പറയുന്നതും അത് പിന്നീട് വികസിപ്പിച്ചെടുത്തതും. ആറാട്ടിൽ എല്ലാമുണ്ട്. നാല് ആക്ഷൻ സീക്വൻസുകൾ... നാലു പാട്ടുകൾ... അങ്ങനെ എല്ലാം. ഒരുപാട് ഗംഭീര മാസ് എന്റർടെയ്ൻമെന്റ് സിനിമകൾ ചെയ്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലാൽ സർ. അതിന്റെയെല്ലാം വാർപ്പുമാതൃകകൾ ആറാട്ടിലുമുണ്ടാകും. ഉണ്ടാവാതിരുന്നാലാണ് ആളുകൾ നിരാശരാകുക. അങ്ങനെ ഉണ്ടാവുമ്പോൾ തന്നെ അതിലൊരു പുതുമ കൂടി വേണം. അതു രണ്ടും കൂടി വരുത്താനാണ് ഉദയൻ ശ്രമിച്ചിട്ടുള്ളത്. അത് ഞാൻ പ്രാവർത്തികമാക്കാനും ശ്രമിച്ചു.
ഇത്രയും എനർജറ്റിക് ആയ ഒരു മോഹൻലാൽ കഥാപാത്രം താങ്കളുടെ സിനിമകളിൽ സംഭവിച്ചിട്ടില്ലല്ലോ. എങ്ങനെയായിരുന്നു ആ കഥാപാത്രമായി അദ്ദേഹത്തെ മാറ്റിയെടുത്തത്?
നെയ്യാറ്റിൻകര ഗോപനായി ലാൽ സാറിനെ കാണുന്നതു തന്നെ വലിയ സന്തോഷമായിരുന്നു. എന്റെ സിനിമകളിൽ അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളൊക്കെ ഉള്ളിലേക്ക് വികാരങ്ങൾ ഒതുക്കുന്ന അത്രയും പ്രക്ഷുബ്ധമായ മാനസികാവസ്ഥകളുള്ളവരുമായിരുന്നു. ഇതുപോലെ ഉല്ലാസവാനായ ഒരു കഥാപാത്രത്തെ എന്റെ സിനിമയിൽ അദ്ദേഹം ചെയ്തിട്ടില്ല. അത്തരത്തിലുള്ള ഒരു 'അഴിയൽ' ലാൽ സാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വളരെ റിലാക്സ്ഡ് ആയി, രസകരമായി അദ്ദേഹം ആ കഥാപാത്രത്തിലേക്ക് ഇഴുകിച്ചേർന്നു. തിരക്കഥയുടെ ഘട്ടം മുതൽ അദ്ദേഹത്തിൽ നിന്ന് ആവശ്യപ്പെടുന്ന സംഗതി 'ഒന്ന് അഴിഞ്ഞഴിഞ്ഞ് അഭിനയിക്കണം' എന്നായിരുന്നു. 'ഒന്നഴിയാം' എന്ന വാക്കാണ് ഞാൻ ഏറ്റവും കൂടുതൽ തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. ഒരു ഘട്ടത്തിൽ അദ്ദേഹം എന്നോടു പറഞ്ഞു, 'ഞാൻ നാണമില്ലാതെ അഭിനയിക്കണം എന്നാണല്ലേ പറയുന്നത്! എന്നാൽ അങ്ങനെ ആയിക്കോട്ടെ' എന്ന്!
ലൂസിഫറിലെ ഡയലോഗുകൾ എന്തുകൊണ്ടാണ് നെയ്യാറ്റിൻകര ഗോപനും നൽകാമെന്ന് കരുതിയത്?
ലൂസിഫർ മാത്രമല്ല പല സിനിമകളുടെയും റഫറൻസുകൾ ആറാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. അതിനു പിന്നിൽ കൃത്യമായ ലക്ഷ്യവും പ്രത്യേകതയുമുണ്ട്. അത് സിനിമ കാണുമ്പോൾ പ്രേക്ഷകർക്കു മനസിലാകും.
എ.ആർ റഹ്മാനും ആറാട്ടിൽ അഭിനയിച്ചിട്ടുണ്ടല്ലോ. എങ്ങനെയാണ് അതു സംഭവിച്ചത്? അതിനായി ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നോ?
ഒത്തിരി ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, ഈ കഥയുടെ പ്രധാന രംഗം അതാണ്. നടൻ റഹ്മാൻ നമ്മുടെ പൊതുസുഹൃത്താണ്. അദ്ദേഹം വഴിയാണ് എ.ആർ റഹ്മാനിലേക്കെത്തിയത്. അദ്ദേഹം ഞങ്ങളെ ഒരുപാടു സഹായിച്ചു. ഒരു വിർച്വൽ മീറ്റിങ്ങിൽ എ.ആർ റഹ്മാനോട് നേരിട്ടു സംസാരിച്ചു. കാര്യങ്ങൾ ധരിപ്പിച്ചു. അങ്ങനെയാണ് ആറാട്ടിൽ അദ്ദേഹം വന്നത്. അദ്ദേഹത്തിന്റെ ഭാഗങ്ങൾ ചെന്നൈയിൽ വച്ചാണ് ചിത്രീകരിച്ചത്.
ആറാട്ടിലെ വില്ലനെ കണ്ടെത്തുന്നത് ഏറെ ശ്രമകരമായിരുന്നോ?
മാസ് മസാല സിനിമകളിൽ വില്ലൻ എപ്പോഴും പ്രാധാന്യമുള്ള കാസ്റ്റിങ് ആണ്. ആക്ഷൻ രംഗങ്ങളിൽ അപ്പുറത്തു നിൽക്കുന്ന ആൾ കരുത്തനാണെങ്കിൽ മാത്രമേ മോഹൻലാലിനെ പോലൊരു ആക്ടറുടെ ആക്ഷൻ ആ രീതിയിൽ വർക്കൗട്ട് ആവുകയുള്ളൂ. അങ്ങനെയാണ് ഗരുഡ റാമിലേക്കും ഒക്കെ പോയത്. പല ദേശങ്ങളിൽ നിന്നു വരുന്ന കഥാപാത്രങ്ങൾ എന്നൊരു സ്വഭാവം അതിനുണ്ട്. ഇങ്ങനെയൊരു സിനിമ ചെയ്യുമ്പോൾ കേരളത്തിൽ മാത്രമല്ലല്ലോ, അതിനു പുറത്തുമുള്ള പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടാണല്ലോ ഒരുക്കുന്നത്. അതു ഉൾക്കൊള്ളുന്ന ക്രാഫ്റ്റും കൂടി വേണം. അതിവിടെ സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു.
നാൽപ്പതിലധികം കഥാപാത്രങ്ങൾ ആറാട്ടിലുണ്ടല്ലോ. ഇത്രയും വലിയൊരു സംഘത്തിന് നേതൃത്വം നൽകുക എന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?
ജോണി ആന്റണി എപ്പോഴും പറയും, ആറാട്ടിനു വേണ്ടി ഏതാണ്ട് 14 തവണയോളം ആർടിപിസിആർ ചെയ്തുവെന്ന്! കുറേ നാളുകൾക്കു ശേഷമാണ് 47 പ്രധാന കഥാപാത്രങ്ങൾ വരുന്നൊരു സിനിമ സംഭവിക്കുന്നത്. അവരെല്ലാം ജോണി ആന്റണി പറഞ്ഞതുപോലെയുള്ള ക്രമീകരണങ്ങളിലൂടെയാണ് പോയത്. ചിലരൊക്കെ ഷൂട്ടിങ് ഇല്ലെങ്കിൽ തിരിച്ചു വീട്ടിൽ പോകാതെ ലൊക്കേഷനിൽ താമസിച്ചു. പോയിട്ടു വരുമ്പോൾ കോവിഡ് ബാധയുണ്ടാകരുതെന്ന കരുതൽ കൊണ്ടായിരുന്നു അത്. അങ്ങനെ സഹകരിച്ചവരുണ്ട്. നെടുമുടി വേണു ചേട്ടനെ പ്രത്യേകം ഓർക്കുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലും കോവിഡ് കാലത്ത് ഞങ്ങൾ വിളിച്ചപ്പോൾ അദ്ദേഹം വന്നു. ഞാനെത്ര കാലമായി ലാലിന്റെ കൂടെ മിണ്ടിയും പറഞ്ഞും ഇരുന്നിട്ട് എന്നു പറഞ്ഞാണ് അദ്ദേഹം ഷൂട്ടിനെത്തിയത്. ആറേഴു ദിവസം അദ്ദേഹം ഞങ്ങൾക്കൊപ്പം ചെലവഴിച്ചു. പഴയ കഥകൾ പറഞ്ഞു. ഗോപി ആശാനും ഒരു പാട്ടിന്റെ സീക്വൻസിൽ അവർക്കൊപ്പം ചേർന്നു. ഷൂട്ട് കഴിഞ്ഞു നെടുമുടി വേണു ചേട്ടൻ വീട്ടിലെത്തിയപ്പോൾ സെറ്റിലെ ദിവസങ്ങൾ ഏറെ ആസ്വദിച്ചെന്നു പറഞ്ഞ് മെസേജ് അയച്ചു. ഡബ്ബിങ്ങിനു ശേഷം അദ്ദേഹം നമ്മെ വിട്ടു പോവുകയും ചെയ്തു. അതു വല്ലാത്തൊരു സങ്കടമായി. അതുപോലെ കോട്ടയം പ്രദീപ്. ആ വിയോഗം വിശ്വസിക്കാനാവുന്നില്ല.
തീം മ്യൂസിക്കിൽ റാപ് ഉൾപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. എന്തുകൊണ്ടായിരുന്നു അങ്ങനെ ഒരു തിരഞ്ഞെടുപ്പ്?
തീം മ്യൂസിക്കിൽ റാപ് വേണമെന്നത് എന്റെ നിർദേശമായിരുന്നു. തീം മ്യൂസിക്കിന്റെ ആശയമുണ്ടാക്കി... അത് രാഹുൽ രാജുമായി ചർച്ച ചെയ്തു. അദ്ദേഹം അതു നന്നായി വർക്കൗട്ട് ചെയ്തു. പിന്നെ റാപ്പർ ഫെജോയുടെ കാര്യം രാഹുലാണ് എന്നോട് പറഞ്ഞത്. എനിക്ക് ഫെജോയെ അറിയാം. ആളുടെ പല റാപ്പുകളും ഞാൻ കേട്ടിട്ടുണ്ട്. ഒരുമിച്ചുള്ള ചർച്ചകളിലൂടെയാണ് അത്തരം കാര്യങ്ങൾ ഊരിത്തിരിഞ്ഞു വന്നത്. പാട്ടുകളും പശ്ചാത്തലസംഗീതവും രാഹുൽ ഗംഭീരമായി ചെയ്തിട്ടുണ്ട്. ആദ്യം മുതലേ, എനിക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചറിഞ്ഞ്, ഞാൻ ആഗ്രഹിച്ചതിനും മുകളിലാണ് അദ്ദേഹം ആറാട്ടിനായി സംഗീതം ചെയ്തത്. അത് പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
മോഹൻലാൽ മുണ്ടു മടക്കിക്കുത്തുകയും മീശ പിരിക്കുകയും ചെയ്യുന്നതിനെ ചിലരെങ്കിലും ഈയടുത്ത കാലത്ത് വിമർശിക്കുകയുണ്ടായല്ലോ. അത്തരം വിമർശനങ്ങൾക്കുള്ള മറുപടിയാകുമോ ആറാട്ട്?
വിമർശനങ്ങൾ ഉണ്ടാകും. പക്ഷേ, ഞങ്ങൾ പറയുന്നത് ഇതൊരു പാവം സിനിമയാണെന്നാണ്. എന്റർടെയ്ൻമെന്റ് മാത്രം ലക്ഷ്യമിട്ട് നിർമിച്ച സിനിമ. നിങ്ങൾ അതിനെ എന്തു തരത്തിലുള്ള കീറിമുറിക്കൽ നടത്തിയാലും അതിനകത്ത് അത്രയേ ഉള്ളൂ കാമ്പ് എന്നു കൃത്യമായി പറഞ്ഞു വരുന്നൊരു സിനിമയാണ്. കലാമൂല്യത്തെക്കുറിച്ച് അത്തരം അതിരു കടന്ന യാതൊരു വിധ അവകാശവാദങ്ങളും ഇല്ല.
അടുത്ത പ്രോജക്ട്?
അടുത്ത സിനിമയും ആലോചിക്കുന്നത് ഉദയിനൊപ്പമാണ്. അതും ഒരു മാസ് സിനിമയാകും. മമ്മൂക്കയെ ആണ് മനസ്സിൽ കണ്ടിട്ടുള്ളത്. മറ്റു കാര്യങ്ങളെല്ലാം വഴിയേ അറിയാം. ആ പ്രൊജക്ട് ഒന്നുറയ്ക്കണം. അതിനുശേഷമേ ബാക്കി കാര്യങ്ങൾ പറയാൻ കഴിയൂ.