ചേട്ടന്റെ സ്ക്രീൻ ടെസ്റ്റിനു കൂട്ടുപോയ ബിജു മേനോൻ; പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്
ഓരോ അവാർഡ് കിട്ടുമ്പോഴും ബിജു മേനോനോടു ജ്യേഷ്ഠൻ ശ്രീകുമാർ പറയും: ‘‘അങ്ങനെ എനിക്കു കിട്ടേണ്ട ഒരു അവാർഡ് കൂടി നീ തട്ടിയെടുത്തു, അല്ലേ’’ എന്ന്. അതുകേട്ട് ഫോണിലൂടെ ഒന്നു പൊട്ടിച്ചിരിക്കും ബിജു. അതു മതി അദ്ദേഹത്തിന്റെ മനസ്സ് നിറയാൻ. കാൽനൂറ്റാണ്ട് പഴക്കമുള്ള ഒരു ഓർമയാണത്. മിഖായേലിന്റെ സന്തതികൾ എന്ന
ഓരോ അവാർഡ് കിട്ടുമ്പോഴും ബിജു മേനോനോടു ജ്യേഷ്ഠൻ ശ്രീകുമാർ പറയും: ‘‘അങ്ങനെ എനിക്കു കിട്ടേണ്ട ഒരു അവാർഡ് കൂടി നീ തട്ടിയെടുത്തു, അല്ലേ’’ എന്ന്. അതുകേട്ട് ഫോണിലൂടെ ഒന്നു പൊട്ടിച്ചിരിക്കും ബിജു. അതു മതി അദ്ദേഹത്തിന്റെ മനസ്സ് നിറയാൻ. കാൽനൂറ്റാണ്ട് പഴക്കമുള്ള ഒരു ഓർമയാണത്. മിഖായേലിന്റെ സന്തതികൾ എന്ന
ഓരോ അവാർഡ് കിട്ടുമ്പോഴും ബിജു മേനോനോടു ജ്യേഷ്ഠൻ ശ്രീകുമാർ പറയും: ‘‘അങ്ങനെ എനിക്കു കിട്ടേണ്ട ഒരു അവാർഡ് കൂടി നീ തട്ടിയെടുത്തു, അല്ലേ’’ എന്ന്. അതുകേട്ട് ഫോണിലൂടെ ഒന്നു പൊട്ടിച്ചിരിക്കും ബിജു. അതു മതി അദ്ദേഹത്തിന്റെ മനസ്സ് നിറയാൻ. കാൽനൂറ്റാണ്ട് പഴക്കമുള്ള ഒരു ഓർമയാണത്. മിഖായേലിന്റെ സന്തതികൾ എന്ന
ഓരോ അവാർഡ് കിട്ടുമ്പോഴും ബിജു മേനോനോടു ജ്യേഷ്ഠൻ ശ്രീകുമാർ പറയും: ‘‘അങ്ങനെ എനിക്കു കിട്ടേണ്ട ഒരു അവാർഡ് കൂടി നീ തട്ടിയെടുത്തു, അല്ലേ’’ എന്ന്. അതുകേട്ട് ഫോണിലൂടെ ഒന്നു പൊട്ടിച്ചിരിക്കും ബിജു. അതു മതി അദ്ദേഹത്തിന്റെ മനസ്സ് നിറയാൻ. കാൽനൂറ്റാണ്ട് പഴക്കമുള്ള ഒരു ഓർമയാണത്. മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് പരസ്യം വന്ന സമയം. അഭിനയ മോഹിയായ ശ്രീകുമാർ രണ്ടു മൂന്നു ഫോട്ടോകൾ ഉൾപ്പെടുത്തി ഒരു അപേക്ഷ അയച്ചു. ഫോട്ടോ കണ്ട ജൂഡ് അട്ടിപ്പേറ്റിക്കും പി.എഫ്. മാത്യൂസിനും ആളെ ഇഷ്ടപ്പെട്ടു. അടുത്ത ദിവസം തന്നെ നേരിട്ടു ചെല്ലാൻ അവർ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് അനുജൻ ബിജുവിനെ സ്കൂട്ടറിന്റെ പിന്നിലിരുത്തി ശ്രീകുമാർ സ്ക്രീനിങ് ടെസ്റ്റിനു പോകുന്നത്.
ശ്രീകുമാറിനെ അവർ പല രീതിയിൽ അഭിനയിപ്പിച്ചു നോക്കി. തരക്കേടില്ലാത്ത പ്രകടനവും അദ്ദേഹം നടത്തി. അവർക്കും സാമാന്യം സംതൃപ്തിയായി. ഇറങ്ങാൻ നേരമാണ് ജൂഡ് ബിജുവിനെ ശ്രദ്ധിക്കുന്നത്. ‘‘താൻ അഭിനയിക്കുമോ’’? പെട്ടെന്നായിരുന്നു ആ ചോദ്യം. ‘‘നോക്കാം’’ സ്വതസിദ്ധമായ ചിരിയോടെ ബിജു മറുപടിയും പറഞ്ഞു. അങ്ങനെ അവർ ഡയലോഗുകൾ പറഞ്ഞു തുടങ്ങി. അവർ പറഞ്ഞതൊക്കെയും ബിജു ചെയ്തു. പെട്ടെന്ന് ജൂഡ് അട്ടിപ്പേറ്റി തന്റെ കണ്ണടയെടുത്ത് ബിജുവിന്റെ മുഖത്തേക്കു വച്ചിട്ട് പറഞ്ഞു. ‘‘ഇനിയൊന്നുകൂടി ചെയ്തേ.....’’ ആ കണ്ണടയിലൂടെ ബിജു ആദ്യം നോക്കിയത് ജ്യേഷ്ഠൻ ശ്രീകുമാറിന്റെ മുഖത്തേക്കാണ്. താനൊരു നടനായിരിക്കുന്നു എന്ന് ബിജു മേനോൻ ആദ്യം മനസ്സിലാക്കിയത് ആ മുഖത്തുനിന്നാണ്. അതുകൊണ്ടുതന്നെ പെർഫോമൻസ് മോശമാക്കിയില്ല. സംഘാടകർക്ക് സംഗതി ഇഷ്ടപ്പെട്ടു. ‘‘പോയിട്ട് നാളെ വാ; ഒന്നു കൂടെ നോക്കണം’’ എന്ന് പറഞ്ഞത് പി.എഫ്. മാത്യൂസാണ്.
തിരിച്ച് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ, കണ്ണൻ (ശ്രീകുമാർ) ചേട്ടന്റെ മനസ്സിൽ നല്ല വിഷമം ഉണ്ടായിരുന്നുവെന്ന് ബിജുവിന് ഓർമയുണ്ട്. എന്നാലും അനിയൻ തിരഞ്ഞെടുക്കപ്പെട്ടല്ലോ എന്ന സന്തോഷവും. പിറ്റേന്ന് അതേ അനിയനുവേണ്ടി ചേട്ടൻ സ്കൂട്ടർ ഓടിച്ചു. അങ്ങനെ മിഖായേലിന്റെ സന്തതികളിലെ അലോഷിയായി ബിജുമേനോൻ മിനി സ്ക്രീനിലെത്തി. സീരിയലിന്റെ രണ്ടാം ഭാഗം ‘പുത്രൻ’ എന്ന പേരിൽ സിനിമയായപ്പോൾ മലയാള സിനിമയ്ക്ക് പുതിയൊരു നായക നടൻ ഉണ്ടായി. പിന്നീട് സഹനടനായും വില്ലനായും ബിജു മലയാളത്തിൽ നിറഞ്ഞു. പോയ വർഷം ‘ആർക്കറിയാം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മികച്ച നടനായി. ഇപ്പോൾ തന്റെ പ്രിയ കൂട്ടുകാരൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനുംകോശി’യും എന്ന ചിത്രത്തിലൂടെ രാജ്യത്തെ മികച്ച സഹനടനുള്ള പുരസ്കാരവും നേടിയിരിക്കുന്നു. ബിജു മേനോൻ മലയാള മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
∙ വളരെ ആകസ്മികമായി നടനായ ആളാണല്ലോ താങ്കൾ, കുട്ടിക്കാലത്തെങ്ങും ഇങ്ങനെയുള്ള ആഗ്രഹങ്ങളില്ലായിരുന്നോ?
ഞാൻ പഠിച്ചത് ഒരു ടെക്നിക്കൽ സ്കൂളിലാണ്. നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ വരെ മത്സരിച്ചിട്ടുമുണ്ട്. സിനിമയും വലിയ ഇഷ്ടമായിരുന്നു. മിക്ക സിനിമകളും കാണുകയും ചെയ്യുമായിരുന്നു. അല്ലാതെ നാടനാകാൻ വേണ്ടി ഒരു ശ്രമവും നടത്തിയിട്ടില്ല. അത്തരം ആഗ്രഹം കൂടുതൽ ഉണ്ടായിരുന്നതും അതിനുവേണ്ടി ശ്രമിച്ചതുമെല്ലാം ചേട്ടനായിരുന്നു. അദ്ദേഹം പിന്നീട് ഓസ്ട്രേലിയയിലൊക്കെ പോയി. ഇപ്പോൾ എറണാകുളത്തുണ്ട്. ബിസിനസ്സ് നടത്തുന്നു. എന്റെ എല്ലാ വിജയങ്ങളിലും കൂടുതൽ സന്തോഷിക്കുന്നത് അദ്ദേഹമാണെന്ന് പറയാം.
∙സാധാരണ അവാർഡിന് പരിഗണിക്കുന്നത് തികച്ചും അക്കാദമിക് ചിത്രങ്ങളാണല്ലോ; ഇക്കുറി അയ്യപ്പനും കോശിയും പോലെ ഒരു ജനപ്രിയ സിനിമയ്ക്ക് അവാർഡ് കിട്ടിയത് ഒരു മാറ്റമല്ലേ?
അതിനെ സ്വാഗതം ചെയ്യേണ്ടതാണ്. സിനിമ തിയറ്ററിൽ പോയി ജനങ്ങൾ കണ്ടു എന്നു പറയുന്നത് കുറ്റമോ ന്യൂനതയോ അല്ലല്ലോ. അതിന്റെ ക്വാളിറ്റിയല്ലേ വിലയിരുത്തപ്പെടേണ്ടത്. സൗണ്ട് മിക്സിങ്, എഡിറ്റിങ് പോലെയുള്ള വളരെ ടെക്നിക്കലായ കാര്യങ്ങൾ എത്ര പെർഫെക്ടായിട്ടാണ് പല കൊമേഴ്ഷ്യൽ പടങ്ങളിലും ചെയ്തിരിക്കുന്നത്. അപ്പോൾ, ആ പടങ്ങൾ അക്കാദമികമല്ല എന്നു പറഞ്ഞ് തള്ളിക്കളയുന്നത് ശരിയല്ല. അതുപോലെ, അഭിനയത്തിന്റെ കാര്യത്തിലും. ഒരു നടൻ ആ കഥാപാത്രത്തെ എത്ര സൂക്ഷ്മമായി അഭിനയിച്ചു ഫലിപ്പിച്ചു എന്നാണ് നോക്കേണ്ടത്. സിനിമയുടെ ടോട്ടാലിറ്റിയും പരിഗണിക്കണം. എന്നാൽ, സിനിമ തിയറ്ററിൽ ഓടി എന്ന കാരണം പറഞ്ഞ് പരിഗണിക്കാതിരിക്കുന്നത് വേദനാജനകമാണ്. എന്റെയൊന്നും കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ, മുൻതലമുറയിൽ പലർക്കും ഇത്തരം കാരണങ്ങൾ കൊണ്ട് പുരസ്കാരങ്ങൾ നഷ്ടമായതായി കേട്ടിട്ടുണ്ട്.
∙ ഉയർച്ച താഴ്ചകളുള്ള ഒരു കരിയർ ഗ്രാഫാണല്ലോ താങ്കളുടേത്; എങ്ങനെയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്.?
ഉയർച്ചയും താഴ്ചയുമൊന്നും പൂർണമായും നമ്മുടെ മാത്രം കൈകളിലല്ല എന്നതാണ് സത്യം. നമ്മുടെ മുന്നിൽ എത്തുന്ന കഥകളിൽനിന്നു മാത്രമേ നമുക്ക് കഥയും കഥാപാത്രവും തിരഞ്ഞെടുക്കാൻ കഴിയൂ. അല്ലാതെ നമുക്കുവേണ്ടി പ്രത്യേക ലക്ഷ്യത്തോടെ ഒരാളെക്കൊണ്ട്, അല്ലെങ്കിൽ ഒരു ടീമിനെക്കൊണ്ട് സിനിമയുണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കഥയാണ് ഞാൻ പ്രധാനമായും നോക്കുന്നത്. രണ്ടാമതാണ് കഥാപാത്രം. നമുക്ക് എന്തെങ്കിലും പുതിയതായി ചെയ്യാനുണ്ടാവണം എന്നതാണ് ആദ്യത്തെ കാര്യം. നമ്മുടെ കയ്യിൽ നിൽക്കുമോ എന്നതാണ് രണ്ടാമത്തെ കാര്യം. അതുകഴിഞ്ഞുമാത്രമേ അതിന്റെ സാങ്കേതിക പ്രവർത്തകരെപ്പറ്റി ചിന്തിക്കാറുള്ളു.
സംവിധായകൻ, തിരക്കഥാകൃത്ത്, ക്യാമറമാൻ, നിർമാതാവ് ഇവരിലൊക്കെ നമുക്കൊരു വിശ്വാസം വരണം. എന്നെ സംബന്ധിച്ച് മറ്റൊരു കാര്യം പ്രധാനമാണ്. എനിക്ക് കംഫർട്ടല്ലാത്ത ഒരു ടീമിനൊപ്പം ജോലി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആദ്യമേ തന്നെ ആ ടീമിലെ ഓരോരുത്തരുമായും ഞാൻ അടുപ്പത്തിലാവും. നമ്മൾ പത്തുനാൽപതു ദിവസം വീട്ടിൽനിന്നും പ്രിയപ്പെട്ടവരിൽനിന്നുമൊക്കെ മാറി നിൽക്കുകയല്ലേ, അപ്പോൾ ഈ പുതിയ ലോകത്ത് നമുക്ക് പ്രിയപ്പെട്ട ഒരു സൃഹൃത്ത് വലയം സൃഷ്ടിച്ചെടുക്കണം. ആത്മാർഥമായ അത്തരം സൗഹൃദങ്ങളിലേ നമുക്ക് സർഗാത്മകമായ കൊടുക്കൽ വാങ്ങൽ സാധ്യമാകൂ.
∙കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിനെപ്പറ്റി പറഞ്ഞത് ഒന്നുകൂടി വിശദീകരിക്കാമോ?
അതായത്, അയ്യപ്പൻനായർ എന്ന കഥാപാത്രം രൂപപ്പെടുമ്പോൾ തന്നെ സച്ചി എന്നോട് സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് ആ കഥാപാത്രത്തിന്റെ ബാല്യം, ജീവിത പശ്ചാത്തലം, രാഷ്ട്രീയം, മാനസിക നില, വിദ്യാഭ്യാസ യോഗ്യത തുടങ്ങി അടിമുടി എനിക്കറിയാം. സിനിമയിൽ കാണിക്കാത്ത ഒരുപാട് ചരിത്രമുള്ളയാളാണ് അയാൾ. അയാളുടെ വിവാഹത്തിനും വിവാഹനാന്തര ജീവിതത്തിനുമൊക്കെ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇതെല്ലാം, മനസ്സിൽ ആവാഹിച്ചുവേണം അയാളായി പെരുമാറാൻ. ഫിസിക്കലി മാറുന്നതിനേക്കാൾ പ്രധാനമാണ് മെന്റലി മാറുന്നത്. അയാളുടെ ഭൂതവും ഭാവിയും മുഖത്തുനിന്ന് വായിച്ചെടുക്കാൻ പ്രേക്ഷകർക്കു കഴിയണം. നമുക്ക് ചിലതൊക്കെ ചെയ്യാനുണ്ട് ഇതിൽ. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്.
പക്ഷേ, സംവിധായകൻ എന്റെ അടുത്ത സുഹൃത്തായ സച്ചിയാണ്. എന്നെ നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അവനറിയാം. പൃഥ്വിരാജുമായും അതുപോലെ തന്നെ. നല്ലൊരു കൊടുക്കൽ വാങ്ങലുള്ള കോംപിനേഷനാണത്. പിന്നെ മറ്റൊന്നും ആലോചിക്കാനില്ല. എന്നാൽ, ആർക്കറിയാം എന്ന ചിത്രത്തിലെ ഇട്ടിയവിര അങ്ങനെയല്ല. 72 വയസ്സുള്ള കഥാപാത്രമാണ്. തനി പാലാക്കാരൻ അച്ചായനാണ്. ശരീര ചലനങ്ങളിലും ഭാവങ്ങളിലും ആ പ്രായം തോന്നിക്കണം. ഓരോ ഷോട്ടിലും ആ തുടർച്ച കാത്തുസൂക്ഷിക്കണം. മറ്റൊന്ന് പാലാ ഭാഷയാണ്. ഒരു മുക്കിലും മൂളലിലും മുതൽ ചിരിയിൽ വരെ അത് അങ്ങനെ തന്നെ വേണം. ഒരു നടനെ സംബന്ധിച്ച് സാധ്യതകൾ വളരെ കൂടുതലാണ്. പക്ഷേ, ഈ കഥാപാത്രം എന്റെ കയ്യിൽ നിൽക്കുമോ എന്ന കാര്യത്തിൽ ചെറിയൊരു സന്ദേഹം വന്നിരുന്നു. ചെയ്ത് മോശമായാൽ പേരു ദോഷം വരും. അത് സിനിമയെയും ബാധിക്കും. കാര്യം പറഞ്ഞപ്പോൾ ഭാര്യയും അതുതന്നെയാണ് പറഞ്ഞത്. പക്ഷേ, അതിന്റെ അണിയറപ്രവർത്തകർക്ക് നല്ല ധൈര്യമായിരുന്നു. ആ ധൈര്യത്തിലാണ് കഥാപാത്രത്തിലേക്ക് ചുവടുമാറ്റുന്നത്. മേക്കപ്പ് ഇട്ട് ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ പിന്നെ ആത്മവിശ്വാസമായി.
∙ ഇതിൽ ഏത് അവാർഡാണ് കുടുതൽ സംതൃപ്തി തരുന്നത്?
രണ്ടു രീതിയിലാണ് അതിനെ കാണേണ്ടത്. ആർക്കറിയാം എന്ന സിനിമ എന്നെ സംബന്ധിച്ച് തീർത്തും ഒരു റിസ്ക് ആയിരുന്നു. അതു നന്നായി എന്ന് ഒരുപാടുപേർ വിളിച്ചു പറഞ്ഞപ്പോഴുള്ള സന്തോഷം വലുതായിരുന്നു. പുരസ്കാരം അതിന്റെ അവസാനത്തെ വാക്കായി എന്നു മാത്രം. അതുപോലെ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത വേഷമാണ് അയ്യപ്പൻ നായരുടേത്. വളരെ അപകടകരമായാണ് സംഘട്ടനരംഗങ്ങളൊക്കെ ചിത്രീകരിച്ചത്. വളരെ റിയലിസ്റ്റിക്കായ അപ്രോച്ചായിരുന്നു അത്. മുണ്ട് മടക്കിക്കുത്തിയുള്ള അടിയായതുകൊണ്ട് കാലിൽ ഒരു ‘നീ ക്യാപ്’ പോലും ഉപയോഗിച്ചിട്ടില്ല. നല്ല രീതിയിൽ തന്നെ പരുക്കും പറ്റിയിട്ടുണ്ട്. ക്ലൈമാക്സിലെ അടി ചെളിവെള്ളത്തിൽ കിടന്നാണ്.
നമ്മുടെ ശരീരം നനഞ്ഞുകഴിഞ്ഞാൽ, ഒരു ചെറിയ പുൽക്കൊടി കൊണ്ടാൽ മതിയല്ലോ തൊലി പൊട്ടാൻ. ഇത് കല്ലും മുള്ളും നിറഞ്ഞ ചെളിയല്ലേ. അതിന്റെ നീറ്റലും ബുദ്ധിമുട്ടും സഹിച്ചുതന്നെയാണ് ഫൈറ്റ് പൂർത്തിയാക്കിയത്. അങ്ങനെ ഏറെ കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയ്ക്ക് അംഗീകാരം കിട്ടുന്നു എന്നതും വളരെ സന്തോഷകരമാണ്. മറ്റൊന്ന് ഇത് എന്റെ പ്രിയപ്പെട്ട സച്ചിയുടെ പടമാണ്. മരണാനന്തര ബഹുമതിയായി അവന് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ച ചിത്രം. ആ നിലയ്ക്കും സന്തോഷമുണ്ട്.
∙സച്ചിയുമായുള്ള ബന്ധത്തെപ്പറ്റി പലയിടത്തും പറഞ്ഞുകേട്ടിട്ടുണ്ട്; എത്രമാത്രം ആഴത്തിലുള്ള സൗഹൃദമായിരുന്നു അത്.
സച്ചിയുടെ ആദ്യ സിനിമയായ ചോക്ലേറ്റിന്റെ ജോലികൾ നടക്കുന്ന സമയത്ത്, എറണാകുളത്തെ വൈറ്റ് ഫോർട്ട് ഹോട്ടലിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സംവിധായകൻ ഷാഫിക്കൊപ്പമാണ് സച്ചി മുറിയിലേക്ക് കടന്നുവന്നത്. ഭക്ഷണം കഴിച്ചും തമാശ പറഞ്ഞും ഇരിക്കുന്നതിനിടയിൽ സുഹൃത്തുക്കൾ പലരും വരികയും പോവുകയും ചെയ്തു. പക്ഷേ, സച്ചി മാത്രം പോയില്ല. അവൻ എന്നോടൊപ്പം ആ മുറിയിൽ കിടന്നുറങ്ങി. അതായിരുന്നു തുടക്കം. പിന്നെ ഞങ്ങൾ ഒരുമിച്ച് പലയിടത്തും യാത്രകൾ പോയി. പിന്നെ അവൻ എഴുതിയ സിനികളിലേക്ക് എന്നെ വിളിച്ചു. അപ്പോൾ അടുപ്പം വലുതായി. സ്നേഹിച്ചാൽ ഹൃദയം തരുന്നവനായിരുന്നു സച്ചി. കള്ളത്തരങ്ങൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രകൃതം. എന്തും വെട്ടിത്തുറന്നു പറയും. രാഷ്ട്രീയത്തിലും സാഹിത്യത്തിലുമൊക്കെ ശക്തമായ നിപാടുള്ള വ്യക്തി. കവിതകൾ എഴുതുകയും അതിമനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. എത്രയോ രാത്രികൾ ഞങ്ങളുടെ സൗഹൃദസദസ്സുകളെ സച്ചി കാവ്യഭരിതമാക്കിയിരിക്കുന്നു. അവൻ പോയത് വലിയൊരു ശൂന്യത തന്നെയാണ്.
∙സൗഹൃദം താങ്കൾക്ക് ഒരു ബലഹീനതയാണോ?
സുഹൃത്തുക്കൾ നമ്മുടെ ബലഹീനതയല്ല; വലിയ ബലമാണ്. ഒന്നും പ്രതീക്ഷിച്ചുകൊണ്ടാവരുത് സൗഹൃദം. സിനിമയ്ക്ക് അകത്തും പുറത്തും എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. സിനിമ പോലെ ഒരു തിരക്കഥ തയാറാക്കി സുഹൃത്ത്സംഘം സൃഷ്ടിക്കാനൊന്നും പറ്റില്ല. അത് ഓരോ കാലത്ത് സംഭവിച്ചുപോകുന്നതാണ്. നല്ല സൗഹൃദങ്ങൾക്കിടയിൽ ജീവിക്കുമ്പോൾ, നമുക്ക് ആരെയും ദ്രോഹിക്കാനോ മോശം പറയാനോ ഒന്നും തോന്നില്ല. ബന്ധങ്ങളും സൗഹൃദങ്ങളും യാത്രകളും ആഘോഷങ്ങളും എല്ലാം വേണം. നേട്ടങ്ങളും വിജയങ്ങളും ഉണ്ടായാൽ മാത്രം പോരല്ലോ അത് പങ്കിടുകകൂടി ചെയ്യുമ്പോഴല്ലേ സന്തോഷം ഉണ്ടാവുന്നത്.
∙ ഈ സൗഹൃദസംഘങ്ങളും ആഘോഷങ്ങളും താങ്കളെ ഒരു മടിയനാക്കിയിട്ടുണ്ടോ?
അതിനെയും വേറൊരു തരത്തിൽ വേണം കാണാൻ. കരിയറിനെപ്പറ്റി മാത്രം ചിന്തിച്ച് ചിട്ടയോടെ ജീവിതം പ്ലാൻ ചെയ്യുന്ന ഒരാളല്ല ഞാൻ. എല്ലാ വിജയങ്ങളും എനിക്കുവേണം, എല്ലാ നേട്ടങ്ങളും എനിക്കുവേണം എന്നു കരുതി ഊണും ഉറക്കവും ഉപേക്ഷിച്ച് ജീവിക്കാൻ എനിക്കാവില്ല. ലക്ഷ്യത്തിലെത്താൻ എന്തു മാർഗവും സ്വീകരിക്കുന്ന ആളുമല്ല ഞാൻ. അങ്ങനെയുള്ളവർക്ക് ഞാൻ മടിയനാണെന്ന് തോന്നാം. ഞാൻ നേടിയതൊന്നും എന്റെമാത്രം കഴിവുകൊണ്ട് നേടിയതാണെന്ന് കരുതുന്നുമില്ല. അതുകൊണ്ട് ഉയർച്ചകളിൽ അമിതമായ ആഹ്ലാദമോ വീഴ്ചകളിൽ അമിതമായ സങ്കടമോ വരാറില്ല. പക്ഷേ, നമ്മൾ ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്താൽ പിന്നെ ഉഴപ്പില്ല. ആ കഥാപാത്രം എന്താണോ ഡിമാന്റ് ചെയ്യുന്നത് അതിനുവേണ്ടി എന്ത് സാഹസത്തിനും തയാറാണ്. എന്ത് ത്യാഗവും സഹിക്കുകയും ചെയ്യും.
∙ അവാർഡ് കിട്ടിയപ്പോൾ സംയുക്തയും മകനും എന്തു പറഞ്ഞു.
ഈ രണ്ടു ചിത്രങ്ങളും അവർക്കും വളരെ ഇഷ്ടപ്പെട്ട പടങ്ങളായിരുന്നു. അവാർഡ് എന്തെങ്കിലും കിട്ടിയേക്കും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു. കഥകളും കഥാപാത്രങ്ങളുമൊക്കെ സ്വീകരിക്കുന്നതിനു മുൻപ് ഞാൻ സംയുക്തയോട് പറയാറുണ്ട്. മകൻ ദക്ഷ് എന്റെ സിനിമകളുടെ കാഴ്ചക്കാരനും വിമർശകനുമാണ്. അവന്റേതായ അഭിപ്രായങ്ങളൊക്കെ പറയും. പുതിയ ജനറേഷന്റെ താൽപര്യങ്ങളൊക്കെ ഞാൻ മനസിലാക്കുന്നത് അവനിലൂടെയാണ്.