ഗണേഷിന് പരമാനന്ദം

ചിത്രത്തിന് കടപ്പാട്–ജികെഇസഡ്

കോളജിനു പുറത്തെത്തിയിട്ടു വ്യാഴവട്ടം തികഞ്ഞവർക്കും നൊസ്റ്റാൾജിയ സമ്മാനിക്കുകയാണു ഗണേഷ് രാജിന്റെ ആനന്ദം; വിനീത് ശ്രീനിവാസന്റേതും.. ‘വലിയ റിസ്ക് ആയിരുന്നു. എന്റെ ആദ്യ സ്വതന്ത്ര ചിത്രം. ക്യാമറാമാന്റെയും ആർട് ഡയറക്ടറുടെയും ആദ്യ ചിത്രം. പ്രധാന അഭിനേതാക്കളെല്ലാം പുതുമുഖങ്ങൾ. നിർമാതാവെന്ന നിലയിൽ വിനീതേട്ടന്റെയും ആദ്യ ചിത്രം! ഇപ്പോൾ, വലിയ സന്തോഷമുണ്ട്’ - നിറചിരിയോടെ ഗണേഷ് രാജ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ ഗണേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആനന്ദത്തെ ചലച്ചിത്ര സ്റ്റാർട്ടപ്പെന്നു വിളിക്കാം. തുടക്കക്കാരുടെ കൂട്ടായ്മയുടെ വിജയം.

∙ നാലു വർഷം

തട്ടത്തിൻ മറയത്തിൽ അസിസ്റ്റന്റായി വർക് ചെയ്യുമ്പോഴാണു ഞാൻ വിനീതേട്ടനോട് ഇക്കഥ പറഞ്ഞത്. വൺലൈൻ മാത്രം. കോളജ് ടൂറിന്റെ കഥ. അപ്പോൾ പക്ഷേ, കഥയിൽ ഏഴു പ്രധാന കഥാപാത്രങ്ങളോ ഡയലോഗോ വിശദാംശങ്ങളോ ഒന്നുമില്ല. പക്ഷേ, വിനീതേട്ടനു കഥ ഇഷ്ടപ്പെട്ടു. ‘കൊള്ളാം. ഇപ്പോഴേ എഴുതിത്തുടങ്ങിക്കോ, നാലഞ്ചു കൊല്ലമെടുക്കും’ എന്നായിരുന്നു മറുപടി. അതു സത്യമായി. കഥ ഡവലപ് ചെയ്യാൻ നാലു വർഷമെടുത്തു.

∙ വൈകിയെത്തിയ പ്രണയം

സത്യം പറഞ്ഞാൽ ഞാൻ അത്യാവശ്യം നല്ല വിദ്യാർഥിയായിരുന്നു. സ്കൂൾ കാലത്തു നാടകമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും സിനിമ കാണലൊന്നും പതിവായിരുന്നില്ല. കംപ്യൂട്ടർ എൻജിനീയറിങ് രണ്ടാം വർഷം പഠിക്കുമ്പോഴാണു സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. എഴുതാൻ ഇഷ്ടമായിരുന്നു. അങ്ങനെ സിനിമയോടും ഇഷ്ടം തോന്നി. ഷോർട് ഫിലിമുകൾ ചെയ്തു. പിന്നെ, നോൺ സ്റ്റോപ് സിനിമ കാണലായി. അതൊരു ട്വിസ്റ്റായി.

∙ ആനന്ദമോ, അയ്യേ!

ആനന്ദമെന്ന പേരിനു പിന്നിൽ വിനീതേട്ടനാണ്. ഞങ്ങൾ കുറെ പേരുകളിട്ടു നോക്കിയെങ്കിലും ക്ലിക് ആയില്ല. അപ്പോഴാണു വിനീതേട്ടൻ ആനന്ദം നിർദേശിച്ചത്. ആദ്യം കേട്ടപ്പോൾ ഞാൻ പറഞ്ഞത് അയ്യേ, എന്തൊരു പേര് എന്നാണ്. പിന്നീട്, ആലോചിച്ചു നോക്കിയപ്പോൾ വളരെ യോജിച്ച പേരാണെന്നു തോന്നി. നല്ല ലൊക്കേഷൻസും പ്രധാനമാണ്. ദൃശ്യങ്ങൾക്കു ഫ്രെഷ്നെസ് വേണമെന്ന് എനിക്കും ക്യാമറ ചെയ്ത ആനന്ദിനും നിർബന്ധമുണ്ടായിരുന്നു; പ്രത്യേകിച്ചും ട്രാവൽ മൂഡിലുള്ള ചിത്രമാകുമ്പോൾ. ഹംപിയും ഗോവയുമായിരുന്നു പ്രധാന ലൊക്കേഷൻസ്. കേരളത്തിൽ വളരെക്കുറച്ചേ ചിത്രീകരിച്ചിട്ടുള്ളു.

∙ വിനീത് ടച്ച്

നിർമാതാവ് എന്ന നിലയിൽ വിനീതേട്ടൻ എനിക്കു പൂർണ സ്വാതന്ത്ര്യമാണു തന്നത്. എക്സ്പെൻസീവായ ലെൻസൊക്കെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. അതെന്തിനാണെന്നു പറഞ്ഞാൽ വിനീതേട്ടനു കൃത്യമായി മനസ്സിലാകും. മറ്റൊരു നിർമാതാവിന് അതുപോലെ മനസ്സിലാകണമെന്നില്ല. പ്രീ പ്രൊഡക്‌ഷൻ വർക്കുകളിൽ അദ്ദേഹം ഇടപെട്ടതേയില്ല. മൂന്നോ നാലോ തവണയാണു ഷൂട്ടിങ് സെറ്റിൽ വന്നതുപോലും. പോസ്റ്റ് പ്രൊഡക്‌ഷനിൽ ഏറെ സഹായിച്ചു. ഡബ്ബിങ്, മ്യൂസിക് റെക്കോഡിങ് വേളകളിൽ പ്രത്യേകിച്ചും. സാങ്കേതിക കാര്യങ്ങളിൽ അപാര അറിവുണ്ട്, അദ്ദേഹത്തിന്.