Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരൊന്നൊന്നര സിനിമാക്കാരൻ

oru-cinemakkaran-review

‘ഓരോ മനുഷ്യനിലും ഒരു കഥയുണ്ട്...’ സത്യമാണ്. വർഷങ്ങളായി സിനിമയുമായി ബന്ധപ്പെട്ടുതന്നെ നാം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് ലിയോ തദേവൂസ് തന്റെ പുതിയ ചിത്രത്തിന്റെ ടാഗ്‌ലൈനായി ചേർത്തിരിക്കുന്നത്. പക്ഷേ കഥകളെല്ലാം സിനിമാറ്റിക് ആകണമെന്നില്ല. അങ്ങനെ ആകണമെങ്കിൽ അൽപം ട്വിസ്റ്റും ആക്‌ഷനുമൊക്കെ വേണം, അല്ലെങ്കിൽ അവയെയെല്ലാം നിർമിച്ചെടുക്കണം. സാധാരണ ജീവിതത്തിലെ എല്ലാ യാദൃശ്ചികതകളെയും മറികടക്കാൻ കഴിയുന്ന തരം ട്വിസ്റ്റ്. ആ വിധത്തിൽ നോക്കുകയാണെങ്കിൽ ഓരോ മനുഷ്യനിലും ഒരു സിനിമാക്കാരനുമുണ്ട്. വേണമെങ്കിൽ ഓരോ കഥയെയും അവന്/അവൾക്ക് നല്ലൊരു സിനിമാക്കഥയാക്കിയും മാറ്റാം. 

ആൽബിയുടെ ജീവിതവും അങ്ങനെയായിരുന്നു. കുറേ പ്രൊഡ്യൂസർമാരെ ഇടയ്ക്കിടെ കാണുന്നുണ്ട് കക്ഷി. പക്ഷേ അവൻ പറയുന്ന കഥകളൊന്നും ആർക്കും ആത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല. അതിനിടയിൽ പ്രശ്നങ്ങൾ പിന്നെയുമേറുന്നു. അതുവരെ ബീച്ചിലും പാർക്കിലും തിയേറ്ററിലുമൊക്കെയായി ചുറ്റിയടിച്ചിരുന്ന പ്രണയം ഒരൊറ്റ ദിവസം കൊണ്ട് ഒരു ഫ്ലാറ്റിലേക്കു മാറ്റേണ്ടി വന്നു. ഇരുവീട്ടുകാരും ഉപേക്ഷിച്ച ആൽബിയും സേറയും അങ്ങനെ പുതുജീവിതവും ആരംഭിച്ചു. സേറ അത്യാവശ്യം ജോലികളൊക്കെ ചെയ്ത് മുന്നോട്ടു പോകുന്നുണ്ട്. പക്ഷേ ആൽബി ഇപ്പോഴും തന്റെ കഥകളുമായുള്ള യാത്രകളിലാണ്. അസിസ്റ്റന്റ് ഡയറക്ടർ എന്ന ആഡ്രസ് പോലും ഗുണം ചെയ്യുന്നില്ല, കൈയ്യിലാണെങ്കിൽ കാര്യമായി കാശുമില്ല. എങ്കിലും ഒരുവിധം തട്ടിമുട്ടി മുന്നോട്ടു പോകുന്നുണ്ട്. 

ആ ടെൻഷനിടയിലും പക്ഷേ ഇരുവരുടെയും പ്രണയത്തിന് ഇളക്കമൊന്നും തട്ടിയില്ല. കണ്ണൊന്നു കരയുമ്പോൾ തുടച്ചുമാറ്റാനായി എപ്പോഴും ഒരാൾ മറ്റൊരാള്‍ക്കൊപ്പം കരുതലുമായി നിന്നു. ആൽബിയുടെയും സേറയുടെയും വീട്ടുകാരുണ്ടാക്കുന്ന പ്രശ്നങ്ങൾ, ഫ്ലാറ്റിലെ ചെറുതമാശകൾ, ചെറിയ പിണക്കങ്ങൾ ഇവയെല്ലാമായി ‘ഒരു സിനിമാക്കാരന്റെ’ ഒന്നാം പകുതി അവസാനിക്കും. പക്ഷേ രണ്ടാം പകുതിയിൽ ആൽബിയില്ല, പകരം ഒരു അന്വേഷകനാണ് വരുന്നത്. ആ പൊലീസ് കമ്മിഷണർ ചിത്രം സ്വന്തമാക്കുന്നതും കാണാം പിന്നീടങ്ങോട്ട്. തമാശയോടെ തുടങ്ങി പിന്നെ നെഞ്ചിടിപ്പോടെ, സ്ക്രീനിൽ നിന്നു കണ്ണെടുക്കാനാകാത്ത വിധം ഇരുന്നു കണ്ടുപോകുന്ന ഒരൊന്നൊന്നര ചിത്രമായി ‘ഒരു സിനിമാക്കാരൻ’ മാറുന്നതും അങ്ങനെയാണ്. സിനിമാമോഹങ്ങളുമായി ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്റെ കഥയിൽ നിന്നു മാറി ഉഗ്രനൊരു സസ്പെൻസ് ത്രില്ലറായിട്ടായിരിക്കും പ്രേക്ഷകൻ ഈ ചിത്രത്തെ അടയാളപ്പെടുത്തുക. ‘പച്ചമരത്തണലിലി’നും ‘പയ്യൻസി’നും ശേഷം ആറു വർഷത്തെ ഇടവേളയ്ക്കപ്പുറം ലിയോ തദേവൂസ് വരുമ്പോൾ മികച്ച കഥാപാത്രങ്ങളോടെ, മികവുറ്റ കഥയോടെ, നല്ല കാഴ്ചകളോടെ, കയ്യൊതുക്കത്തോടെ ഒരു നല്ല സിനിമയാണ് ചെറിയപെരുന്നാൾ സമ്മാനമായി മലയാളത്തിനു ലഭിച്ചിരിക്കുന്നതും. 

വിനീത് ശ്രീനിവാസനോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമാണ്. ആ ചിരിയിലെ നിഷ്കളങ്കത തന്നെ കാരണം. ആ സ്നേഹം അദ്ദേഹം അവതരിപ്പിക്കുന്ന ആൽബി മാത്യുവിനും ലഭിക്കും. കൈപ്പിടിയിൽ നിന്നും പോകാതെ കൃത്യമായി ഒപ്പം നിർത്തി തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിരിക്കുന്നു വിനീത്. കൂട്ടിന് രജിഷയുമുണ്ട്. നല്ല കാമുകിയും, ജീവിതത്തിലെ നല്ല പാതിയുമായി ആൽബിക്കൊപ്പം സേറയും തിളങ്ങി നിൽക്കുന്നു. ഏതു വലിയ ടെൻഷനും ഒരിത്തിരി കൊഞ്ചലോടെ ഇല്ലാതാക്കിക്കളയുന്ന സേറയെ ആരും ഇഷ്ടപ്പെട്ടു പോകും വിധമാണ് രജിഷയുടെ അഭിനയം. 

ആൽബിയുടെ അച്ഛനായി രഞ്ജി പണിക്കരും രജിഷയുടെ അച്ഛനായി ലാലും ഉണ്ട്. സാത്വികനായ അച്ഛൻ ഒരു വശത്ത്, ഗുണ്ടയായ അച്ഛൻ മറുവശത്ത്...കൈവിട്ടു കളിക്കാനുള്ള സാധ്യതകളേറെയുണ്ട്. അതിന്റെ സൂചനകൾ ആദ്യഭാഗങ്ങളിൽ ലഭിച്ചതുമാണ്. പക്ഷേ സംവിധായകൻ ചിത്രത്തെ ഭംഗിയായി ആൽബിക്കും സേറയ്ക്കും മാത്രമായി വിട്ടുകൊടുക്കുകയായിരുന്നു. ഫ്ലാറ്റിലെ അയൽവാസികളായി അനുശ്രീയും വിജയ് ബാബുവുമുണ്ട്. കൂടാതെ കോമഡിക്കൂട്ടൊരുക്കാൻ ഹരീഷ്, നോബി മാർക്കോസ്, ശശി കലിംഗ, ജാഫർ ഇടുക്കി, അബു സലീം തുടങ്ങിയവരും. എന്നാൽ ഒന്നാം പാതിക്കു ശേഷം കളത്തിലേക്കിറങ്ങുന്ന പൊലീസ് കമ്മിഷണറെ കാര്യമായിത്തന്നെയൊന്നു ശ്രദ്ധിക്കണം. വില്ലനാണോ നല്ലവനാണോ വന്നിരിക്കുന്നത് എന്ന് മനസിലാക്കാനാകാതെ ഒടുക്കം വരെ വട്ടംചുറ്റിപ്പിക്കുന്ന കമ്മിഷണറുടെ കഥാപാത്രത്തെ ഗംഭീരമാക്കിയത് പ്രശാന്ത് നാരായണനാണ്. മുംബൈ മലയാളിയായ ഇദ്ദേഹം നേരത്തേ ‘പത്തു കൽപനകൾ’ എന്ന ചിത്രത്തിലുമുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം മാറി പുതിയ നോട്ടത്തിലും ഭാവത്തിലുമാണ് പ്രശാന്ത് ‘ഒരു സിനിമാക്കാരനി’ൽ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോലും പ്രശാന്തിനെ മുന്നോട്ടുകൊണ്ടുവന്നു നിർത്താത്തതിന്റെ ‘ഫ്രഷ്നെസും’ ചിത്രം കാണുമ്പോൾ അറിയാനുണ്ട്. 

പണവുമായി ബാങ്കിലെത്തുന്ന കഥാപാത്രത്തെ പിന്തുടർന്ന് കൃത്യമായി പണം തട്ടിയെടുക്കുന്ന ‘ക്ലീഷെ’ വില്ലനൊക്കെയുണ്ടെന്ന് തോന്നിപ്പിച്ച് പെട്ടെന്ന് അതിൽ നിന്നു വഴിമാറുന്ന രീതികളുമുണ്ട് ചിത്രത്തിൽ. ഇറക്കിവിട്ട വീട്ടിൽ തിരികെ കയറുമ്പോഴുള്ള പതിവു വികാരപ്രകടനങ്ങളെപ്പോലും തച്ചു തകർത്തിട്ടാണ് സ്ഥിരംരംഗങ്ങളിൽ നിന്നു മാറിയിട്ടുള്ള സംവിധായകന്റെ മികവ്. എല്ലാത്തിനുമുപരിയായി അവസാനം വരെ ഒരു സസ്പെൻസ് ത്രില്ലറിന്റെ സകലസ്വഭാവത്തോടെയും കൂടെ സിനിമയെ കൈവിട്ടുപോകാതെ ചലിപ്പിച്ച മികവിനാണ് കയ്യടി. തുടക്കത്തിലെ സാധാരണ കോമഡിക്കാഴ്ചകളിൽ നിന്നാണ് പെട്ടെന്നുള്ള ഈ മാറ്റവും. ലിയോ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. 

സാധാരണ ഒരു ജീവിതത്തെ വൻ ‘ട്വിസ്റ്റിലേക്ക്’ വഴിതിരിച്ചു വിടുമ്പോൾ അതിന്റെ ചടുലത ഒട്ടും മുഷിപ്പിക്കാതെ മുന്നിലെത്തിച്ചതിന് എഡിറ്റർ രഞ്ജൻ ഏബ്രഹാവും ഛായാഗ്രാഹകൻ സുധീർ സുരേന്ദ്രനും വഹിച്ച പങ്കും ചെറുതല്ല. ബിജിബാലിന്റെ നല്ല പാട്ടുകൾ, അതിനോടൊപ്പം ചേർന്നു നിൽക്കുന്ന വിഷ്വലുകളും. പാളിച്ചകളും ഇടയ്ക്ക് സന്തോഷ് പണ്ഡിറ്റിനെപ്പോലെ ചില ഏച്ചുകെട്ടലുകളും ഉണ്ട് ഒരു സിനിമാക്കാരനിൽ. അതൊന്നും പക്ഷേ ഈ ചിത്രത്തിന്റെ ‘ടോട്ടാലിറ്റി’യുടെ ഗാംഭീര്യത്തെ ബാധിക്കുന്നില്ല. പെരുന്നാളിന് കുടുംബസമേതം മനംനിറഞ്ഞ് കാണാം ‘ഒരു സിനിമാക്കാരനെ’. 

നിങ്ങൾക്കും റിവ്യൂ എഴുതാം