‘അവളൊരു തേപ്പുകാരിയാടാ’...പറ്റിച്ചിട്ടു പോകുന്ന പെൺപെള്ളേരെ കുറിച്ച് ന്യൂജൻ ആൺപിള്ളേരുടെ ഇടയിലെ ഒരു കിടിലൻ പ്രയോഗമാണിത്. സിനിമയിൽ ഇനി ഈ പറച്ചിലിന് ഒരു അവകാശിയുണ്ട്. സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ കല്യാണപ്പെണ്ണ്. സിനിമയിൽ നിന്ന് സീരിയലിലേക്കും പിന്നെ വീണ്ടും സിനിമയിലേക്കുമുള്ള മടക്കത്തിൽ കിട്ടിയ ഈ വിളിപ്പേരിനെ കുറിച്ച് സ്വാസിക തന്നെ പറയട്ടെ...
എങ്ങനുണ്ട് ആഫ്റ്റർ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ
സിനിമയുടെ ഇഫക്ട് ആയിട്ട് അറിയാനിരിക്കുന്നേയുള്ളൂ. മുൻപു ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളേക്കാൾ മികച്ചതാണ് നാദിർഷ ഇക്ക തന്നത്. ഞാൻ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും സിനിമയിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ച് ഇതൊരുപാടു നല്ലൊരു വേഷമാണ്. എല്ലാവരും റീ എൻട്രി നന്നായിട്ടുണ്ടെന്നു പറഞ്ഞായിരുന്നു ആശംസ പറഞ്ഞത്. സിനിമയും തീയറ്ററിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നു. സന്തോഷം.
തേപ്പുകാരി എന്ന വിളി സന്തോഷം
തേപ്പുകാരി എന്ന പേര് പുറത്തൊക്കെ പോകുമ്പോൾ ആളുകൾ പറയാറുണ്ട്. സന്തോഷമുണ്ട്. കാരണം പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിച്ചു എന്നതിനുള്ള തെളിവാണല്ലോ. ഞാൻ സിനിമകാണാൻ പോയപ്പോഴും തേപ്പുകാരി ചേച്ചി എന്ന് പറഞ്ഞാണ് വിളിച്ചത്. ആ പേര് വിളിക്കുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല. വിളിച്ചില്ലെങ്കിൽ ആയിരുന്നു വിഷമം. കാരണം ട്രോൾ വരുന്നതും ആളുകൾ വിളിക്കുന്നതുമൊക്കെ ആ ക്യാരക്ടർ അത്രയ്ക്ക് സ്വീകരിച്ചതുകൊണ്ടല്ലേ. സന്തോഷം മാത്രമേയുള്ളൂ അതുകൊണ്ട്.
പ്രതീക്ഷിച്ചതല്ല ഒന്നും
അപ്രതീക്ഷിതമായി വന്ന സിനിമയാണിത്. ഒരിക്കലും നാദിർഷയെ കണ്ടിട്ടില്ല അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമിലും പങ്കെടുത്തിട്ടുമില്ല ഞാൻ. സിനിമയിൽ ഇടവേള വന്നപ്പോൾ അഭിനയിച്ച ആദ്യ സീരീയൽ ദത്തുപുത്രിയുടെ സംവിധായകൻ എ എം നസീർ സാറിന്റെ അടുത്ത കൂട്ടുകാരനാണ് നാദിർഷ ഇക്ക. പിന്നെ തിരക്കഥാകൃത്തുക്കളായ വിഷ്ണു, ബിബിൻ ഇവരിൽ ആരേയും എനിക്ക് പരിചമില്ല. പരിചയത്തിന്റെ പുറത്ത് വന്നതല്ല. കറങ്ങിത്തിരിഞ്ഞ് ആ ക്യാരക്ടർ എന്റെ കയ്യിൽ എത്തിപ്പെട്ടതാണ്.
കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കല്യാണപ്പാട്ടിൽ അഭിനയിക്കാനാണ് വിളിച്ചത്. പക്ഷേ അവിടെ ചെന്നപ്പോൾ ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞു. പാട്ട് വേറെ ആളിനെക്കൊണ്ട് ചെയ്യിക്കാം എന്ന് പറഞ്ഞു. പ്രതീക്ഷിക്കാത്ത ഒരു അവസരമായിരുന്നു. പിന്നെ ദേവിക നമ്പ്യാർ, പാർവ്വതി, താരാ കല്യാണ്‍ എന്നിവരായിരുന്നു പിന്നീട് പാട്ടിലെ വേഷത്തിൽ അഭിനയിച്ചത്.
സീരിയലിന്റെ ഡേറ്റും സിനിമയുടെ ഡേറ്റും തമ്മിൽ പ്രശ്നമായിരുന്നു പിന്നീട് സീരിയലിന്റെ ഡേറ്റ് മാറിയതിനുശേഷമാണ് അടിമാലിയിൽ വന്നത്. എങ്കിലും എല്ലാം ദൈവാനുഗ്രഹത്തോടെ ചെയ്യാൻ പറ്റി. ഇപ്പോഴും ഞാൻ സീരിയലിൽ അഭിനിയിക്കുന്നുണ്ട്.
സിനിമയിൽ നല്ല വേഷം കിട്ടാത്തതിതിൽ വിഷമം തോന്നിയിട്ടുണ്ടോ
തീർച്ചയായും.നല്ലൊരു എൻട്രി സിനിമയിൽ കിട്ടിയില്ല എന്നൊരു വിഷമമുണ്ട്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിനു ശേഷം നല്ല വേഷങ്ങളൊന്നും വന്നില്ല. അങ്ങനെ വീട്ടിലിരുന്നുപോയി ഒരു വര്‍ഷം. പിന്നീടാണ് സീരിയലിലേക്കു വരുന്നത്. വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ എന്നു തോന്നി. സിനിമയിൽ നിന്നു സീരിയലിലേക്കു വന്നതിൽ ഒട്ടും വിഷമം തോന്നിയിട്ടില്ല. രണ്ടായാലും അഭിനയമല്ലേ. മഴവിൽ മനോരമയിലെ സീരിയലിനു ശേഷം ഒത്തിരി സ്റ്റേജ് പ്രോഗ്രാം ചെയ്യാനായി. ആളുകളിലേക്കു കൂടുതൽ എത്താനായി.
പിന്നെചെറിയവേഷമാണെങ്കിലും നല്ല രീതിയിൽ അഭിനയിക്കാൻ ശ്രമിക്കാറുണ്ട്. നായികയാകണം എന്നൊന്നുമില്ല. പക്ഷേ കുറച്ചു കൂടി നല്ല വേഷങ്ങൾ ചെയ്യണം എന്നുണ്ട്. എന്തുകൊണ്ടാണ് നല്ലൊരു സിനിമ വരാത്തത് എന്നറിയില്ല. കട്ടപ്പനയിലെ ഋത്വിക് റോഷനു മുമ്പ് ബിജു മേനോന്റെ കൂടെ സ്വർണ കടുവ എന്ന സിനിമ ചെയ്തു . ബിജുവിന്റെ സഹോദരിയുടെ വേഷമായിരുന്നു. വളരെ ശക്തമായ ക്യാരക്ടറായിരുന്നു. ഈ രണ്ടു സിനിമയും മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി.
ആദ്യം തമിഴ് സിനിമ പിന്നെ മലയാളം
കുടുംബത്തിൽ ആരും സിനിമാ മേഖലയുമായി അടുപ്പമില്ല. അഭിനയമോഹം പഠിക്കുന്ന കാലത്തേയുണ്ടായിരുന്നു. ബാലതാരമായിട്ട് അഭിനയിക്കണം എന്ന മോഹമുണ്ടായിരുന്നു. നടിയാകണം, നായിക ആകണം എന്നൊക്കെ പഠിക്കുമ്പോൾ ആഗ്രഹിച്ചിരുന്നു. ഡാൻസ് പ്രോഗ്രാമിലും മത്സരങ്ങളിലും, നാടകങ്ങളിലുമെല്ലാം പങ്കെടുക്കാം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എം ജെ സിൽക്സ് എന്ന പരസ്യത്തിലാണ് അഭിനയിച്ചത്. ആദ്യം തമിഴ് സിനിമ ചെയ്തു. പിന്നീടാണ് മലയാള സിനിമ ചെയ്തത്.
ഏതു വേഷവും ചേരും, നല്ല സ്ക്രീൻ പ്രെസൻസ് ഉണ്ട്, കണ്ണുകൾ നല്ല എക്സ്പ്രസീവ് ആണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട് കുറേ പേർ. അതൊക്കെയാണ് ആത്മവിശ്വാസം. പിന്നെ അഭിനയം എല്ലാമെല്ലാമാണ്. അതിൽ തന്നെ തുടരണം എന്നാണു ആഗ്രഹം. ഒന്നും ചെയ്യാനാകാതെ വീട്ടിലിരുന്നു പോകരുത് എന്നേയുള്ളൂ.
വീട്ടിൽ
തൃശൂരിലെ കീഴില്ലം എന്ന സ്ഥലത്താണ് വീട്. വീട്ടിൽ അമ്മ അച്ഛനും അനിയനുമുണ്ട്. അച്ഛൻ ബഹറിനിൽ അക്കൗണ്ടന്റ് ആണ്. അനിയൻ ആകാശ് എഞ്ചിനീയറിങ് കഴിഞ്ഞു. ഞാൻ ബി. എ ലിറ്ററേച്ചർ കഴിഞ്ഞ് നൃത്ത പഠനത്തിലാണ്. എന്റെ ശരിക്കും പേര് പൂജ എന്നാണ്. തമിഴിൽ പോയപ്പോൾ അവിടെ പൂജ എന്നൊരു നടിയുളളതുകൊണ്ട് സ്വാസിക എന്നാക്കി.