ലോകസിനിമയോട് മത്സരിക്കുവാൻ മൊയ്തീന് അർഹതയുണ്ട്

ആർ എസ് വിമൽ

സാർവദേശീയമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് എന്നു നിന്റെ മൊയ്തീൻ. മലയാളത്തിന്റെ അന്താരാഷ്ട്ര് ചലച്ചിത്രോത്സവത്തിൽ എന്തുകൊണ്ട് അത് മത്സര യോഗ്യമല്ലാതായി എന്നറിയില്ല. ലോക സിനിമകൾക്കൊപ്പം മത്സരിക്കുവാൻ എന്നു നിൻറെ മൊയ്തീന് അർഹതയുണ്ട് എന്ന പൂർണവിശ്വാസമുണ്ട്. മറ്റേതെങ്കിലും വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കുവാൻ താൽപര്യമില്ല. അതുകൊണ്ടു തന്നെയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം പിൻവലിച്ചതും. മൊയ്തിന്റെ സംവിധായകൻ ആർ എസ് വിമൽ പറഞ്ഞു.

നമ്മുടെ മണ്ണിൽ നടന്ന ഹൃദയ സ്പർശിയായ സംഭവം ലോകം അറിയേണ്ടതു തന്നെയല്ലേ. കച്ചവടക്കണ്ണിലൂടെ നോക്കിയല്ല എന്നു നിന്റെ മൊയ്തീനെടുത്തത്. ഹൃദയത്തിൽ മുറിവ് വീഴ്ത്തിയ ഒരു സംഭവം ലോകം അറിയേണ്ടതുണ്ട്. കാഞ്ചനയും മൊയ്തീനും തമ്മിലുള്ള പ്രണയത്തിനപ്പുറം ഒരു കാലഘട്ടത്തിലെ സാമൂഹികാന്തരീക്ഷത്തിലേക്ക് വിരൽചൂണ്ടുന്ന മതത്തിനപ്പുറമുള്ള മനുഷ്യവികാരങ്ങളെ പങ്കുവയ്ക്കുന്ന തീവ്രമായ പ്രമേയമുള്ള സിനിമയാണ്. ജീവിതം സിനിമയിലേക്കൊപ്പിയെടുക്കാനുപയോഗിച്ച സാങ്കേതിക വിദ്യ ലോക നിലവാരത്തിലുള്ളതാണ്. അത്തരത്തിലൊരു കുറവ് ഒരിക്കലും എന്നു നിന്റെ മൊയീതിനിലില്ല.

നിശബ്ദ സിനിമയെന്നോ അവാർഡ് സിനിമകയെന്നോ തരംതിരിച്ച് സിനിമ എടുക്കാനെനിക്കറിയല്ല. തരംതിരിച്ച് ചലച്ചിത്രം ചെയ്യുന്നയാളല്ല. ലോകം അറിയണം എന്നു തോന്നിയ ഒരു പ്രമേയത്തെ സിനിമയാക്കി. കച്ചവടക്കണ്ണിലൂടെ എന്നു നിന്റെ മൊയ്തീനെന്ന ചലച്ചിത്രത്തെ സംവിധായകനെന്ന നിലയിൽ നോക്കിയിട്ടില്ല. പക്ഷേ ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യത കിട്ടി അതിന്. വിജയിച്ച സിനിമകൾക്ക് ഐഎഫ്എഫ്കെയിൽ മത്സരിക്കാനുള്ള യോഗ്യതയില്ലാതാകുമോ എന്നറിയില്ല. ഇങ്ങനെയൊരു തീരുമാനമെടുത്ത ജൂറിയുടെ മനസാക്ഷി എന്താണെന്നുമറിയില്ല. അതിനെ കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ല. ചിത്രം പിൻവലിക്കുന്നുവെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു.

ചിത്രം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുവെന്ന കാര്യം അറിഞ്ഞത് പത്രങ്ങളിൽ നിന്നാണ്. അക്കാദമിയുടെ ഭാഗത്ത് നിന്ന് ഇതിനെ സംബന്ധിച്ച് ഒരറിയിപ്പും ഇതുവരെയുണ്ടായിട്ടില്ല. ഫെസ്റ്റിവൽ വേദിയിലേക്ക് എന്റെ സിനിമ എന്തുകൊണ്ട് മത്സരവിഭാഗത്തിലെടുത്തില്ല എന്ന ബാനറും കെട്ടി പ്രതിഷേധത്തിന് ചെല്ലില്ല. ഐഎഫ്എഫ്കെയും അവാർഡുകളും ചർച്ചാവേദിയും കൊതിച്ചല്ല സിനിമയെടുത്തത്. അതുകൊണ്ടു തന്നെ ഇതൊന്നും ഒരു വിഷയമല്ല. തന്റെ തീരുമാനത്തെ നിർമാതാവും പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കളും പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.