കുടുംബപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന റിയാലിറ്റി ഷോകൾ വീണ്ടും വിവാദങ്ങളുടെ ചുഴയിൽ. തമിഴ് സിനിമാതാരം ഖുശ്ബു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വ്യക്തിയെ കൈയേറ്റം ചെയ്തത് വിവാദമായിരുന്നു. ഉർവശിയുടെ അവതാരകയായ ഷോയെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. കുടുംബപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതിവൈകാരികതയുടെ ആവശ്യമുണ്ടോ? എന്തൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്. സിനിമാതാരവും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ പ്രതികരിക്കുന്നു.
കുടുംബപ്രശ്നങ്ങൾ ചാനൽചർച്ച ആക്കേണ്ട ആവശ്യമുണ്ടോ?
മറ്റുള്ളവരുടെ ഷോയെക്കുറിച്ച് ഞാൻ സംസാരിക്കാറില്ല. ഞാൻ പങ്കെടുക്കുന്ന ഷോയെക്കുറിച്ച് പറയാം. കുടുംബപ്രശ്നം എന്നു പറയുന്നത് കേവലം കുടുംബപ്രശ്നം അല്ല. ഗാർഹിക പീഡനം, ബാലപീഡനം, ക്രൂരതകൾ ഇവയൊക്കെ സമൂഹത്തിന്റെ കൂടി പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്കും വൈകാരകിമായും മാനസികമായും പ്രശ്നങ്ങളുണ്ട്. കുട്ടികൾ നന്നായി വളരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഭാവിതലമുറ അവരാണ്. ആ പ്രശ്നം നമ്മളെ എല്ലാവരേയും ബാധിക്കും. ഇത് സാമൂഹ്യപ്രശ്നമായിട്ട് കാണാത്തതുകൊണ്ടാണ് നമ്മൾ മറച്ചു വയ്ക്കുന്നത്. ഏതാണ് കുടുംബപ്രശ്നം ഏതാണ് സാമൂഹ്യപ്രശ്നം എന്നത് തീർച്ചയായും തിരിച്ചറിയണം. പുറത്ത് പറയാൻ പാടില്ലാത്ത സംഭവങ്ങൾ എന്തുകൊണ്ട് നടക്കുന്നു? അത് നടക്കാൻ പാടില്ല. നടന്നുകഴിഞ്ഞിട്ട് അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ല.
പരിപാടിയുടെ അവതാരക അഥവാ അവതാരകൻ അതിവൈകാരികത പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ടോ?
വൈകാരികമായിട്ട് ചാനൽഷോയിൽ സംസാരിക്കേണ്ട കാര്യമില്ല. ആയിരം എപ്പിസോഡ് പൂർത്തിയാക്കാൻ പോകുന്ന ചാനൽ ഷോയിലാണ് ഞാൻ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. പലരുടേയും കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഓരോ ഷോ കഴിയുമ്പോഴും നമ്മൾ ഓരോന്ന് പഠിച്ചുവരികയാണ്. ചില സമയങ്ങളിൽ അവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ഇത് നമ്മുടെ കൂടി പ്രശ്നമാണെന്ന് തോന്നും. എല്ലാകാര്യങ്ങളു അവർ തുറന്ന് പറയുമ്പോൾ നമ്മുടെ കുടുംബത്തിലെ ഒരാളാണെന്ന ചിന്തവരും.
അങ്ങിനെ തോന്നുമ്പോൾ മാത്രമാണ് അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കുന്നത്. എങ്കിലേ ആത്മാർഥമായിട്ട് ഒരു മറുപടി കൊടുക്കാൻ പറ്റുകയുള്ളൂ. പക്ഷേ ഇതുവരെ റിയാലിറ്റി ഷോയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വരുന്നവരെ അടിക്കുകയോ, കോളറിൽ കയറിപ്പിടിക്കുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല.
സ്ത്രീകളുടെ മാത്രം പ്രശ്നങ്ങൾ തീർക്കുന്നതിന്റെ പേരിൽ പുരുഷന്മാരെ അവഗണിക്കുന്നു എന്ന വിമർശനത്തെക്കുറിച്ച്?
പുരുഷന്മാരെ അവഗണിക്കാറില്ല. പക്ഷെ മുന്നിൽ വരുന്ന പ്രശ്നങ്ങളിൽ കൂടുതലും സ്ത്രീകളുടേതാണ്. സ്ത്രീകളെക്കൊണ്ട് പൊറുതിമുട്ടിയ പുരുഷന്മാരുടെ ജീവിതകഥയും ടെലിക്കാസ്റ്റ് ചെയ്തിട്ടുണ്ട്. 1000 പ്രശ്നമുണ്ടെങ്കിൽ ആകെ 200 എണ്ണം മാത്രമാണ് പുരുഷന്മാരുടെ പ്രശ്നങ്ങൾ. കൂടുതലും സ്ത്രീകളാണ് പ്രശ്നങ്ങൾ നേരിടുന്നത്.
സ്വന്തം കുടുംബപ്രശ്നം പരിഹരിക്കാൻ സാധിക്കാത്ത നടിമാർ അവതാരകരാകുന്നു എന്ന വിമർശനത്തെക്കുറിച്ച്?
ഈ പരിപാടി കൈകാര്യം ചെയ്യാനുള്ള യോഗ്യത നമുക്ക് ഉണ്ടോ എന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഇവർ പറയുന്ന അഭിപ്രായം മുഖവിലയ്ക്ക് എടുക്കാം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ചില വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തെറ്റ് സംഭവിക്കും. തെറ്റിലൂടെയാണ് ശരിയിൽ എത്തുന്നത്.
ആയിരം എപ്പിസോഡ് കംപ്ലീറ്റ് ചെയ്യാൻ പോകുന്ന എന്നോട് ആരും ഇനി എക്സ്പീരിയൻസ് ചോദിക്കാറില്ല. ഒരു കുടുംബപ്രശ്നം പരിഹരിക്കാവുന്ന വിദ്യാഭ്യാസം ഉള്ളതുകൊണ്ടാണ് ഞാൻ അത് സ്വീകരിച്ചത്. ഇവിടെ പോയാൽ ശരിയായ പരിഹാരം കിട്ടും എന്ന വിശ്വാസം കൊണ്ടാണ് ആളുകൾ എന്റെ ഷോയിലേക്ക് വരുന്നത്.
ശൊന്നതെല്ലാം ഉൺമൈയെ പരിഹസിച്ചുകൊണ്ടും സിനിമ ഇറങ്ങിയതിനെക്കുറിച്ച്?
എന്റെ പരിപാടി ഏറെ ശ്രദ്ധേയമായതുകൊണ്ടാണ് അതിനെ പരിഹസിച്ചുകൊണ്ട് സിനിമ ഇറങ്ങിയത്. പ്രേക്ഷകശ്രദ്ധ നേടിയ ഒരു പരിപാടിയുടെ സ്പൂഫ് ഇറക്കിയാൽ കാണാൻ ആളുകൾ ഉണ്ടാകുമെന്ന് അവർക്ക് അറിയാം. അതിൽ നിന്ന് സാമ്പത്തികനേട്ടവും ലഭിക്കും. കാണാൻ ആളുകൾ ഉള്ളതിനെക്കുറിച്ചല്ലേ ഇതുപോലെയുള്ള സ്പൂഫുകൾ ഇറക്കാൻ സാധിക്കൂ.