യുവസംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ ചിത്രങ്ങളുടെ പേരുകൾ വ്യത്യസ്തമാണ്. തിരക്കഥയെഴുതിയ ആദ്യ ചിത്രം ഓം ശാന്തി ഓശാനയാണെങ്കിൽ സംവിധാനം ചെയ്തപ്പോൾ ആട് ഒരു ഭീകര ജീവിയായി. പുതിയ സിനിമയുടെ പേരാകട്ടെ ആൻമരിയ എന്ന പാവം പെൺകുട്ടി കലിപ്പിലാണെന്നും.
ആൻമരിയ കലിപ്പിലാണ്
നാലാം ക്ലാസിൽ പഠിക്കുന്ന ആൻമരിയയാണു സിനിമയിലെ കേന്ദ്ര കഥാപാത്രം. ആൻമരിയയുടെ ദേഷ്യത്തിൽ നിന്നാണു കഥയുടെ മുന്നോട്ടുള്ള പോക്ക്. ദേഷ്യത്തിനു പ്രാദേശികമായി എല്ലാവരും പറയുന്ന വാക്കു കടമെടുത്തപ്പോൾ ആൻമരിയ കലിപ്പിലാണ് എന്ന പേരുണ്ടായി. കൗതുകം തോന്നുന്ന പേരാണിത്. വിക്രത്തിനൊപ്പം ദൈവതിരുമകളിലും എ.എൽ.വിജയ് സംവിധാനം ചെയ്ത സൈവത്തിലും അഭിനയിച്ച ബേബി സാറയാണു ആൻമരിയയായി വേഷമിടുന്നത്.
ബേബി സാറയുടെ പ്രകടനം ?
ബേബി സാറ വളർന്നു സാറ അർജുനായി കഴിഞ്ഞു. സിനിമയിൽ മികച്ച പ്രകടനമാണു സാറ കാഴ്ചവച്ചിരിക്കുന്നത്. മുംബൈയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. മലയാളം ഡയലോഗ് പഠിക്കാനായി ട്യൂഷനൊക്കെ ഏർപ്പാടു ചെയ്തിരുന്നു. ഡയലോഗ് പഠിച്ചു തയാറെടുപ്പുകളോടെയാണു സെറ്റിലെത്തിയത്.
ബാല താരം കേന്ദ്രീകരിച്ചുള്ള ചിത്രം ?
കഥ നല്ലതാണെങ്കിൽ മലയാളികൾ സിനിമ കാണും. ഒരു ഫീൽ ഗുഡ് മൂവിയാണിത്. സിദ്ദീഖ്, അജു വർഗീസ്, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ധർമജൻ ബോൾഗാട്ടി, ലിയോണ ലിഷോയ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ആട് തിയറ്ററുകളിൽ വലിയ പ്രതികരണം നേടിയില്ലെങ്കിലും സിഡി വിൽപനയിൽ ഏറെ മുന്നിലായിരുന്നു ?
അതിന്റെ ട്രെയ്‌ലർ പടത്തെക്കുറിച്ചു തെറ്റിദ്ധാരണ സൃഷ്ടിച്ചു. ഓം ശാന്തി ഓശാനയ്ക്കു ശേഷം എഴുതിയ സാധാരണ കോമഡി ചിത്രമാണു ആട്. എന്നാൽ, ആക്‌ഷൻ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകർക്കു പടം ഇഷ്ടമായില്ല. ജയസൂര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ സിഡി വിപണിയിൽ ആ പ്രശ്നമുണ്ടായിരുന്നില്ല. അടുത്ത സിനിമ ആടിന്റെ രണ്ടാം ഭാഗമാണു ഷാജി പാപ്പൻ. ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതത്തിലെ മറ്റൊരു എപ്പിസോഡുമായാണു സിനിമ വരുന്നത്.