ആക്ഷൻ ഹീറോ ബിജു ആരാണ്? നിവിൻ പറയുന്നു

Action Hero Biju Movie Poster

പ്രേക്ഷകരെ പ്രേമത്തിന്റെ ഉൻമാദത്തിലാക്കി നിവിന്‍ പോളി സ്ക്രീനിൽനിന്ന് അപ്രത്യക്ഷനായിട്ട് ഏഴുമാസമാകുന്നു. ടെലിവിഷൻ ഷോകളിലോ പരസ്യങ്ങളിലോ ഒന്നും നിവിൻ പോളിയെ കാണാൻ കിട്ടില്ല. സോഷ്യൽ മീഡിയയിൽ അത്ര സജീവവുമല്ല. ഏഴുമാസത്തിനിടെ മൂന്നു കാര്യങ്ങളാണ് നിവിന്റെ ജീവിതത്തിൽ സംഭവിച്ചത്. തന്റെ പ്രിയപ്പെട്ട രണ്ടു സംവിധായകർക്കൊപ്പമുളള ചിത്രങ്ങൾ പൂര്‍ത്തിയാക്കി. എബ്രിഡ് ഷൈന്റെ ആക്ഷൻ ഹീറോ ബിജുവും വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗരാജ്യവും. മികച്ച നടനുളള സംസ്ഥാന അവാർഡും ഇതിനിടെ നിവിനെ തേടി വന്നു. ‘1983’ ക്കു ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന ആക്ഷൻ ഹീറോ ബിജുവില്‍ നിവിൻ നിർമ്മാതാവു കൂടിയാണ്. ഒാടി നടന്നു സിനിമ ചെയ്യാനില്ല കരുതലോടെ നല്ല സിനിമകൾ എന്ന നിലപാടിലാണ് അന്നും ഇന്നും നിവിൻ. പ്രണയനായകനിൽ നിന്നു കാക്കിയിലേക്കുളള മാറ്റത്തെക്കുറിച്ചും പ്രേമത്തിന്റെ തുടർചലനങ്ങളെക്കുറിച്ചും നിവിൻ പറയുന്നു.

ആരാധകർ ഏറെയുളളതുകൊണ്ടാണോ പുതിയ സിനിമ സ്വയം നിർമിക്കാൻ തീരുമാനിച്ചത്?

Nivin Pauly

അത്ര വലിയ സമ്പന്നനൊന്നുമല്ല ഞാൻ. എന്നാൽ പണത്തിന്റെ മൂല്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ബിസിനസ് ചെയ്യുമ്പോൾ ക്രിയേറ്റീവായ ഒരു കാര്യത്തിൽ ഇൻവെസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു. എബ്രിഡ് ഷൈൻ എന്ന സംവിധായകനിലും ടീമിലുളള വിശ്വാസം കൊണ്ടാണ് മറ്റൊരു സുഹൃത്തായ ഷിബു തെക്കുംപുറവുമായി ചേർന്ന് ആക്ഷൻ ഹീറോ ബിജു നിർമിച്ചത്. നല്ല എനർജിയുളള ടീമാകണം ഒപ്പമുളളത്. അതുകൊണ്ട് പ്രൊഡക്ഷൻ കമ്പനിക്ക് ‘ഫുൾ ഒാൺ’ എന്നു പേരിട്ടു. റിലീസ് ഡേറ്റ് നേരത്തെ തീരുമാനിച്ച് അതിലേക്ക് ശ്വാസംപിടിച്ച് ഒാടാതെ വളരെ സാവധാനം ആസ്വദിച്ച് സിനിമ ചെയ്യാനായിരുന്നു തീരുമാനം. പുറത്തിറങ്ങിയാൽ പിന്നെ സിനിമയിൽ കറക്ഷൻ പറ്റില്ല. അപ്പോൾ നമുക്ക് പൂർണ തൃപ്തിയായശേഷം റിലീസ് എന്നു തീരുമാനിച്ചു.

വർഷം ഒന്നോ രണ്ടോ സിനിമ എന്നതാണോ തീരുമാനം?

അങ്ങനെയില്ല. ഗുണനിലവാരമുളള സിനിമകൾ വേണം. പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന സിനിമകളാവണം. കഴിഞ്ഞ ദിവസം ചെന്നൈ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു വിഡിയോ ആൽബത്തിൽ അഭിനയിക്കാൻ വിക്രം എന്നെ ക്ഷണിച്ചിരുന്നു. അവിടെ ചെന്നപ്പോൾ തിയറ്ററിൽപ്പോയി പ്രേമം വീണ്ടും കണ്ടു. 200 ദിവസം കഴിഞ്ഞിട്ടും അവിടെ ഹൗസ്ഫുളളാണ് സിനിമ. സമയമെടുത്തു സിനിമകൾ ചെയ്തതിന്റെ റിസൾട്ടാണത്.

പ്രേമം അനുകരിച്ച് ക്യാംപസുകളിൽ അക്രമമുണ്ടായപ്പോൾ എന്താണ് മൗനം പാലിച്ചത്?

ബോധപൂർവം മൗനം പാലിച്ചതല്ല. ആ സിനിമ ഒരിക്കലും അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന സന്ദേശം നൽകിയിട്ടില്ല. അതിൽ പ്രണയവും സൗഹൃദവുമേയുളളൂ. നമ്മൾ ഒരു സിനിമ ചെയ്യുന്നത് നല്ലതിനായാണ്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാനാണ്. സിനിമയിൽ നിന്നുണ്ടായ സ്വാധീനത്തിൽ കഥാപാത്രങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതു വ്യക്തിപരമായ തീരുമാനമാണ് എന്നാൽ ആഘോഷങ്ങൾ പരിധിവിടുമ്പോഴാണ് പ്രശ്നം. പ്രായപൂർത്തിയായവരാണ് പലയിടത്തും പ്രശ്നമുണ്ടാക്കിയത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നടന്ന സംഭവങ്ങൾ അങ്ങേയറ്റം വേദനാജനകമായിരുന്നു.

പോലീസ് യൂണിഫോം അണിഞ്ഞപ്പോൾ?

അതൊരു അഭിമാനനിമിഷമായിരുന്നു. ഗൗതം മേനോന്റെ കാക്ക കാക്ക യിലെ സൂര്യയുടെ പോലീസ് വേഷമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ആത്മാവുള്ളൊരു പോലീസ് സിനിമയാണ് ആക്ഷൻ ഹീറോ ബിജു.ആക്ഷന്‍ മാത്രമല്ല റിയാക്ഷനും ചേർന്നതാണല്ലോ സിനിമയും ജീവിതവും. അതെല്ലാം ഇതിലുണ്ട്. ഒരു പോലീസ് ഒാഫീസറുടെ സത്യസന്ധമായ ജീവിതമാണിത്.ഞാൻ യൂണിഫോമൊക്കെയിട്ടു നിൽക്കുമ്പോൾ എന്റെ മോനൊരു സംശയം പപ്പയെ പോലീസിലെടുത്തോ? അവൻ ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ പോലീസിനെ വിളിക്കും എന്നു ഞങ്ങൾ ഇടയ്ക്കിടെ പറയാറുണ്ട്. ഇനി അവനെ ഭക്ഷണം കഴിപ്പിക്കാനാണോ ഞാൻ പോലീസായതെന്ന് കക്ഷി ഒാർത്തുകാണും.

അടുത്ത സിനിമകൾ?

വിനീതിന്റെ സിനിമ ജേക്കബിന്റെ സ്വർഗരാജ്യം. 45 ദിവസം ദുബായിലായിരുന്നു ഷൂട്ടിങ്. ഞങ്ങളെല്ലാം കുടുംബസമേതം അവിടെയായിരുന്നു. അതിനുശേഷം പ്രമം ടീമിലെ അല്‍ത്താഫിന്റെ സിനിമ. പ്രേമം റീയൂണിയനാകും ഈ ചിത്രം. അതിനുശേഷം തമിഴ് ചിത്രം.