ആക്ഷൻ ഹീറോ ബിജുവിൽ വെറും രണ്ട് സീനുകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ സുരാജ് വോളിബോളുമായി എത്തുന്നു. മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിൽ സെൻട്രൽ ജയിലിലെ എസ്.ഐ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങളുമായി സുരാജ് മനോരമ ഓൺലൈനിൽ....
കരിങ്കുന്നം സിക്സസിലെ വേഷത്തെക്കുറിച്ച്?
നെൽസൺ എന്നാണ് കാരക്ടറിന്റെ പേര്. സെൻട്രൽ ജയിലിലെ എസ്.ഐ ആണ്. ഞാൻ ഇതു വരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതിലെ നെൽസൺ. ദീപു കരുണാകരന്റെ കൂടെയുള്ള രണ്ടാമത്തെ ചിത്രമാണിത്. മലയാള സിനിമയിലെ പഴയകാലത്തെയും പുതിയകാലത്തെയും ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രം കൂടിയാണ് കരിങ്കുന്നം സിക്സസ്. ബാബു ആന്റണിയിൽ തുടങ്ങി ഗ്രിഗറി വരെ ഇതിലെ താരങ്ങളാണ്. വോളിബോൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
എസ്ഐ ആയിട്ടാണെങ്കിലും ചിത്രത്തിൽ സുരാജും വോളിബോൾ കളിക്കുന്നുണ്ടല്ലോ?
അതേ. എസ് ഐ ആണെങ്കിലും ഞാനും വോളിബോൾ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നുണ്ട്. എന്റെ ഒടിഞ്ഞ കൈയും വച്ച് ഞാൻ വോളിബോൾ കളിച്ചു. കുട്ടിക്കാലത്തൊക്കെ ചെറിയ രീതിയിലൊക്കെ വോളിബോൾ കളിച്ചിട്ടുണ്ടെങ്കിലും സീരിയസായി കളിക്കുന്നത് കരിങ്കുന്നം സിക്സസിനു വേണ്ടിയാണ്. ഓരോരുത്തരും വോളിബോൾ കളിക്കുന്നതു കാണുമ്പോൾ എത്ര പ്രാക്ടീസ് ഇല്ലാത്തവരാണെങ്കിലും അറിയാതെ കളിച്ചു പോകും. വളരെ നല്ല ഒരു അനുഭവമായിരുന്നു ഇത്. ശരിക്കും ഒരു വോളിബോൾ മത്സരം തന്നെയാണ് കരിങ്കുന്നം സിക്സസിൽ നടക്കുന്നത്. ആളുകൾ ആരൊക്കയൊണെന്നതും കഥ പറഞ്ഞിരിക്കുന്ന രീതിയും കൗതുകമുള്ളതാണ്.
ഇതുവരെ ചെയ്യാത്ത വ്യത്യസ്ത കഥാപാത്രമാണെന്നു പറഞ്ഞു, വ്യത്യസ്തതയിലൂടെ എന്താണ് പ്രതീക്ഷിക്കുന്നത്?
വ്യത്യസ്തത എന്താണെന്ന് അറിയണമെങ്കിൽ സിനിമ കാണണം. ഇവിടെ പറഞ്ഞാൽ അതിന്റെ സസ്പെൻസ് പോകില്ലേ?
പിന്നെ പ്രതീക്ഷ എന്നു പറയുമ്പോൾ, ഓരോ ചിത്രവും ചെയ്യുന്നത് അത് നന്നാവണം എന്ന് ആഗ്രഹിച്ചാണ്. കഥാപാത്രവും നന്നാകണം, സിനിമയും നന്നാകണം. ബാക്കിയെല്ലാം എന്റെ പ്രിയപ്പെട്ട ജനങ്ങൾ തീരുമാനിക്കും. അവരാണ് വിധി കർത്താക്കൾ. വിജയിപ്പിക്കും എന്ന പ്രതീക്ഷയോടെ വിധി എഴുതാനാനായി ചിത്രം പ്രേക്ഷകരുടെ മുന്നിൽ സമർപ്പിക്കുന്നു.
പൂജപ്പുര സെൻട്രൽ ജയിലലിലും ചിത്രീകരണം നടന്നിരുന്നല്ലോ?
അതേ. പൂജപ്പുര സെൻട്രൽ ജയിലിലും ചിത്രീകരണം ഉണ്ടായിരുന്നു. പൊരിഞ്ഞ വെയിലത്തായിരുന്നു ഷൂട്ടിങ്. 11 മണി മുതൽ മൂന്നു മണി വരെ പുറത്തിറങ്ങി വെയിൽ കൊള്ളരുതെന്ന നിർദേശമുണ്ടായിരുന്ന സമയത്തായിരുന്നു വോളിബോൾ കളിച്ചത്. ഷൂട്ടിങ്ങിനിടയിൽ വെയിലൊന്നും ആർക്കും ഒരു വിഷയമേ ആയിരുന്നില്ല. അത്രയും ആത്മാർഥതയോടെയായിരുന്നു എല്ലാവരും സഹകരിച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഷൂട്ടിങ് കാണാൻ ജയിലിലുള്ളവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ, പലർക്കും എന്നെ മനസിലായില്ല.
അതെന്താ, അത്രയും വേഷപ്പകർച്ചയായിരുന്നോ?
ഏയ് അഭിനയ മികവുകൊണ്ടൊന്നുമല്ല. വെയിലടിച്ച് കറുത്ത് കരിവാളിച്ച് ആളിനെ തിരിച്ചറിയാൻ കഴിയാതെ പോയതാണ്. എനിക്കു തോന്നുന്നു അവിടെ നിന്ന് അര കിലോമീറ്റർ ദൂരമേ സൂര്യനിലേക്ക് ഉണ്ടായിരുന്നുള്ളുവെന്നാണ്. അപ്പോൾ ആ ചൂട് ഒന്ന് ആലോചിച്ചു നോക്കാമല്ലോ!
ചിത്രം കാണാനെത്തുന്നവർക്ക് സുരാജിനെ തിരിച്ചറിയാൻ പറ്റാതാകുമോ?
അങ്ങനെ ആണെങ്കിൽ എന്നെയെന്നല്ല ഒരാളേയും തിരിച്ചറിയാൻ പറ്റില്ല. പിന്നെ ടച്ച് അപ് ഒക്കെ ഇല്ലേ അതാണ് ഒരു ആശ്വാസം. നമ്മളെയൊക്കെ മേക്ക് അപ് ഇല്ലാതെ കണ്ടാൽ ഇപ്പോൾ വീട്ടുകാർക്കു പോലും തിരിച്ചറിയാൻ പറ്റുന്നില്ല.
സെൻട്രൽ ജയിലിൽ ആദ്യമായണോ എത്തിയത്?
അല്ല. ഇതിനു മുൻപ് ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് പോയിട്ടുണ്ട്. അല്ലാതെ ജയിലിലെ അന്തേവാസികൾക്കൊപ്പം ഓണം പരിപാടിക്കു പോയിട്ടുണ്ട്. ഈ പോക്കിനു ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ജീവിതത്തിൽ എസ്ഐ ആകാനോ, ഇതുവരെ പോയിട്ട് അവിടുത്തെ എസ്ഐ ആകാനോ പറ്റിയില്ല, പക്ഷേ ഇത്തവണ സെൻട്രൽ ജയിലിലെ എസ്ഐ ആയി ആകാനുള്ള ഭാഗ്യം കിട്ടി.
എസ്ഐ ആയ സ്ഥിതിക്ക് ജയിൽജീവിതം മാറ്റിയെഴുതപ്പെടുമോ?
കരിങ്കുന്നം സിക്സസ് വരും, എല്ലാം ശരിയാകും