വാര്‍ത്താസമ്മേളനത്തിനിടെ ക്ഷുഭിതനായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസിലെ അഭിനേതാക്കളെ പോലീസ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് എന്തു സംഭവിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ ചൊടിപ്പിച്ചത്. പാലക്കാട്ടെ സാംസ്‌കാരിക കൂട്ടായളമയായ ഗ്രാമ്യ നടത്തുന്ന തസ്രാക്ക് ഫെസ്റ്റ് എന്ന നാടക പ്രദര്‍ശനത്തിന്റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങുന്നതിനായി എറണാകുളം പ്രസ് ക്ലബില്‍ എത്തിയതായിരുന്നു ലിജോ.
കാറിന്റെ ജനല്‍ച്ചില്ലുകള്‍ മറച്ച് പ്രചാരണത്തിനിറങ്ങിയ അങ്കമാലി ഡയറീസ് സിനിമാ സംഘത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാക്കളോട് പൊലീസ് അപമര്യാദയായി പെരുമാറിയതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും അതൊരിക്കലും ന്യായീകരിക്കാനാകാത്തതാണെന്നും ലിജോ വ്യക്തമാക്കി. മാത്രമല്ല ജയിലിൽ കഴിയുന്ന ഷൈനയുടെ ചിത്രം സിനിമയിലൊരിടത്ത് വന്നത് കലാസംവിധായകന്റെ അശ്രദ്ധ കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.
Kerala DySP turns moral police, harasses 'Angamaly Diaries' crew on road | Manorama News
ദിവസങ്ങൾക്ക് മുമ്പ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിലെ കോളജിൽ നടന്ന പ്രോഗ്രാമിനു ശേഷം കൊച്ചിയിലേക്കു പോകുന്നതിനിടെയാണ് അങ്കമാലി വാഹനം പൊലീസ് പിടിച്ചെടുത്തത്. നായിക ബിന്നി ബെഞ്ചമിനുൾപ്പെടെയുള്ള അഭിനേതാക്കളും അണിയറ പ്രവർത്തകരുമായെത്തിയ വാഹനം പൊലീസ് തടഞ്ഞു നിർത്തി ഇവരെ അപമാനിച്ചുവെന്നായിരുന്നു പരാതി. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റിക്കറുകളും കൊണ്ട് അലങ്കരിച്ചിരുന്ന വാഹനം നഗരത്തിലെ ഗ്രാൻഡ് സെന്റർ മാളിനു മുന്നിൽ പൊലീസ് വാഹനം വട്ടമിട്ടു നിർത്തി പരിശോധിച്ചു.
വാഹനത്തിനുള്ളിൽ സ്ത്രീയായി ബിന്നി മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടിൽ പീഡനമൊക്കെ അരങ്ങേറുകയാണെന്നും സ്റ്റിക്കറൊട്ടിച്ചു പുറത്തു നിന്നു നോക്കിയാൽ അകം കാണാത്ത വിധത്തിലാക്കിയ ശേഷം വാഹനത്തിൽ പെൺകുട്ടിയുമായി എന്തു ചെയ്യുകയാണെന്നും മറ്റും ചോദിച്ചു പൊലീസ് വിരട്ടിയെന്നു ബിന്നി പറഞ്ഞിരുന്നു.
വാഹനം ചിത്രത്തിന്റെ പരസ്യത്തിനു വേണ്ടി തയാറാക്കിയതാണെന്നും ഇതിന് അനുവാദം വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് പിന്മാറിയില്ല. പിന്നീട് വാഹനത്തിന്റെയും അഭിനേതാക്കളുടെയുമൊക്കെ ചിത്രമെടുത്ത ശേഷമാണ് ഇവർ പിന്മാറിയത്. നാട്ടുകാർ കൂടിയതോടെ മൂവാറ്റുപുഴയിൽ നിന്ന് എത്രയും വേഗം പൊയ്ക്കൊള്ളണമെന്നു നിർദേശിച്ച ശേഷം പൊലീസ് സ്ഥലം വിട്ടുവെന്ന് ഇവർ പറഞ്ഞു.
അതേസമയം പൂർണമായും സ്റ്റിക്കറുകളും പെയിന്റും ഉപയോഗിച്ചു മറച്ച വാഹനം അതിവേഗത്തിൽ കടന്നു പോകുന്നതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടതിനാലാണു വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതെന്നു മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോൻ വ്യക്തമാക്കുകയും ചെയ്തു. വാഹനം സിനിമയുടെ പ്രചാരണത്തിനാണെന്നും യാത്രക്കാർ അഭിനേതാക്കളാണെന്നും മനസ്സിലായതോടെ പരിശോധനകൾ അവസാനിപ്പിച്ചു വാഹനം കടത്തിവിട്ടുവെന്നും ആരെയും പൊലീസ് അപമാനിക്കുകയോ മോശമായ വാക്കുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.