സണ്ണി–ടൊവിനോ ചിത്രം സ്റ്റാറിങ് പൗർണമി ഉപേക്ഷിക്കാൻ കാരണം

സണ്ണി വെയ്ൻ നായകനാകുന്ന സ്റ്റാറിങ് പൗർണമി എന്ന സിനിമയുടെ ടീസർ കണ്ട് പ്രേക്ഷകർ അമ്പരന്നു. ഹോളിവുഡ് സിനിമയെ അനുസ്മരിക്കുന്ന ദൃശ്യങ്ങൾ. മെട്രിക്സ്, ബോയ്സ്, ഗജനി, വിശ്വരൂപം തുടങ്ങിയ സിനിമകളില്‍ കണ്ട് അത്ഭുതപ്പെട്ട ബുള്ളറ്റ് ടൈം ടെക്നോളജി ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഏകദേശം ഒരുവർഷം മുമ്പാണ് ഈ സിനിമയുടെ ടീസർ റിലീസ് ചെയ്യുന്നത്.

ആൽബി സംവിധാനം ചെയ്ത സിനിമയുടെ ഛായാഗ്രാഹകൻ സിനു സിദ്ധാർഥ് ആയിരുന്നു. സണ്ണിക്കൊപ്പം ടൊവിനോ, ബിന എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണാലിയിലും ലഡാക്കിലുമായി സാഹസികതയോടെ ചിത്രീകരിച്ച സിനിമ മലയാളത്തിൽ ചരിത്രമായി മാറേണ്ടതായിരുന്നു. അതിനിടെയാണ് പ്രേക്ഷകരെ നിരാശരാക്കി ഈ സിനിമ ഉപേക്ഷിച്ചെന്ന വാർത്ത വന്നത്. സിനിമ മുടങ്ങാനിടയായ സാഹചര്യം ചിത്രത്തിന്റെ സംഗീതം നിർവഹിച്ച കൈലാസ് മേനോന്‍ വിശദമാക്കുന്നു–

സംഗീത സംവിധായകന്റെ വാക്കുകളിലേക്ക് കടക്കാം

''സുഹൃത്തുക്കളെ...എന്റെ സുഹൃത്ത് ആൽബി സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്റ്റാറിങ് പൗർണമി. ഞാനായിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. . 2013–ൽ മരിക്കാർ ഫിലിംസ് അനൗൺസ് ചെയ്ത 7 ചിത്രങ്ങളിൽ ആദ്യത്തെ ചിത്രമായിരുന്നു സ്റ്റാറിങ് പൗർണമി. പക്ഷെ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന വേളയിൽ തന്നെ മരിക്കാർ ഫിലിംസ് 'താങ്ക്യൂ' എന്നൊരു ചിത്രം ചെയ്തു. സാമ്പത്തികമായി അത് പരാജയപ്പെട്ടു എന്നാണു അറിയാൻ കഴിഞ്ഞത്. അതിനു ശേഷം 2013 മേയിൽ സ്റ്റാറിങ് പൗർണമി ആദ്യ ഷെഡ്യൂൾ ഷൂട്ട് പഞ്ചാബിൽ തുടങ്ങി. സണ്ണി വെയ്ൻ നായകനും ടോവിനോ ആന്റി ഹീറോ'യും ആയ സിനിമയിലെ ഏതാനും സീനുകൾ ആദ്യം ഷൂട്ട് ചെയ്തു.

രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ 4 സോങ്‌സ് എല്ലാം റെക്കോർഡിങ് ഒക്കെ തീർക്കുകയും ചെയ്തു. മണാലി, ലെ, ലഡാക്ക് ഒക്കെയായിരുന്നു രണ്ടാം ഷെഡ്യൂളിന്റെ ലൊക്കേഷൻസ്. മഞ്ഞുള്ള സമയത്തെ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളു എന്നത് കൊണ്ട് രണ്ടാം ഷെഡ്യൂൾ നവംബറിൽ ആരംഭിച്ചു മണാലിയിൽ. കൊടും തണുപ്പിൽ ആയിരുന്നു ഷൂട്ട്. ചില ദിവസങ്ങളിൽ -13 ഡിഗ്രി തണുപ്പിൽ വരെ ഷൂട്ട് ചെയ്തിരുന്നു. ക്രൂ മെമ്പേഴ്സിൽ പലർക്കും തണുപ്പ് സഹിക്കാൻ വയ്യാതെ അസുഖം വന്നു പിന്മാറേണ്ടി വന്നിട്ടും ആൽബി, ക്യാമറാമാൻ സിനു, സണ്ണി വെയ്ൻ, ടോവിനോ, നായിക പൗർണമി (ബിന കുമാരി), സത്താർ തുടങ്ങിയവർ എല്ലാം സഹിച്ചു രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കി. ഷൂട്ട് ചെയ്തിരിക്കുന്ന പല സീനുകളും അതിമനോഹരമായിരുന്നു. സിനിമയുടെ ഏകദേശം 70% ഷൂട്ട് തീർന്നിരുന്നു. ബാക്കിയുള്ള ഒരു ഷെഡ്യൂൾ ആലപ്പുഴയിൽ തീർക്കാനുള്ളതേ ഉണ്ടായിരുന്നുള്ളു. കൂടി പോയാൽ 20 ദിവസത്തെ ഷൂട്ട്.

എന്നാൽ ഈ സിനിമയുടെ ഷെഡ്യൂൾ ബ്രേക്കിൽ ആണ് മരിക്കാർ ഫിലിംസിന്റെ തന്നെ, ഞങ്ങളുടെ തന്നെ സുഹൃത്ത് കൂടിയായ ശ്രീനാഥ് രാജേന്ദ്രന്റെ 'കൂതറ' എന്ന സിനിമ ഷൂട്ട് ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ഷൂട്ട് തീർന്നത് കൊണ്ട് ആദ്യം ആ സിനിമ റിലീസ് ചെയ്തിട്ട് സ്റ്റാറിങ് പൗർണമി ഫൈനൽ ഷെഡ്യൂൾ തീർക്കാം എന്നായി തീരുമാനം. എല്ലാം സുഹൃത്തുക്കളുടെ സിനിമകൾ തന്നെയാണ് എന്നതിനാൽ അതിനെയൊന്നും ആരും എതിർത്തില്ല. മാത്രമല്ല സിനിമയിൽ പൈസ റോളിങ്ങ് ആണല്ലോ. ഒന്നിന്റെ ലാഭ വിഹിതം വച്ച് വേണം അടുത്ത് തീർക്കാനും റിലീസ് ചെയ്യാനുമൊക്കെ. പക്ഷെ കൂതറ റിലീസ് ആയി എല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് സാമ്പത്തികമായി ഒരു പരാജയമായി. ഇത് പ്രൊഡ്യൂസർക്കു വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും സ്റ്റാറിങ് പൗർണമി എന്ന ഞങ്ങളുടെ കൊച്ചു ചിത്രത്തിന്റെ ബാക്കി ഷൂട്ട് തീർക്കാനുള്ള ഫണ്ട് ഇല്ലാതാക്കുകയും ചെയ്തു. സ്റ്റാറിങ് പൗർണമി എന്ന ചിത്രത്തിന്റേതല്ലാത്ത കാരണങ്ങളാൽ ഈ സിനിമ അങ്ങനെ പാതി വഴിയിൽ നിന്നു.

ഡയറക്ടർ ആൽബിയും സണ്ണിയും തിരക്കഥാകൃത്ത് വിനി വിശ്വലാലുമൊക്കെ ഈ സിനിമ വീണ്ടും ഓൺ ആക്കാൻ കഴിയുന്നത്ര ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. വേറെ ചില പ്രൊഡ്യൂസഴ്സ് ഈ സിനിമയുടെ ടീസർ കണ്ടു ഇഷ്ടപ്പെട്ടു ചിത്രം ടേക്ക്ഓവർ ചെയ്യാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതും വിജയിച്ചില്ല. അങ്ങനെ സ്റ്റാറിങ് പൗർണമി എന്നെന്നേക്കുമായി നിർത്തി വയ്ക്കുകയായിരുന്നു.
സെക്കന്റ് ഷോ എന്ന ചിത്രം ഷൂട്ട് നടക്കുന്ന വേളയിൽ ദുൽഖർ സൽമാൻ കേട്ട് ഇഷ്ടപ്പെടുകയും, ഈ ചിത്രത്തിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു, അദ്ദേഹം തന്നെ സജസ്റ്റ് ചെയ്ത പേരാണ് 'സ്റ്റാറിങ് പൗർണമി'.

എന്നാൽ അന്ന് ദുൽക്കറിന്റെയും ബിഗിനിങ് സ്റ്റേജ് ആയതിനാൽ താരതമ്യേ ചെലവ് കൂടിയ ഈ സിനിമ ചെയ്യാൻ പ്രൊഡ്യൂസറിനെ കിട്ടാതെ ആൽബി ഒരുപാട് അലഞ്ഞു. അതിനു ശേഷം പൃഥ്വിരാജ് കഥ കേട്ട് വളരെ ഇഷ്ടപ്പെട്ടു അഭിനയിക്കാമെന്ന് സമ്മതിക്കുകയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഈ ചിത്രം പ്രൊഡ്യൂസ് ചെയ്യാൻ അഡ്വാൻസ് വരെ കൊടുത്തു എന്നൊരു ചരിത്രവും ഈ സിനിമയ്‌ക്കുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മറ്റു കമ്മിറ്റ്മെന്റ്സ് മൂലം ഈ ചിത്രം വൈകി പോയത് കൊണ്ടാണ് അതിൽ നിന്ന് പിന്മാറി ആൽബി ഈ ചിത്രം സുഹൃത്തായ സണ്ണിയോടൊപ്പം ആരംഭിച്ചത്.

ഇപ്പോഴും പലരും ഈ ചിത്രം വീണ്ടും തുടങ്ങിക്കൂടെ എന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും ഇനി ഇത് ചെയ്യാൻ ആൽബിക്ക് താല്പര്യമില്ല എന്നതാണ് സത്യം. അതിനു പ്രധാന കാരണം ഈ സിനിമയുടെ ഏറ്റവും വല്യ ഹൈലൈറ് ആയിരുന്ന പല സംഭവങ്ങളും, പ്രത്യേകതകളും ഒക്കെ ഈ 5 വർഷത്തിനുള്ളിൽ ഇറങ്ങിയ മറ്റു പല സിനിമകളിലും വന്നു പോയി എന്നതാണ്. ഹിന്ദി സിനിമയായ ഹൈവേ, നീലാകാശം പച്ചക്കടൽ, റാണി പദ്മിനി, എന്തിന്, വരാൻ പോകുന്ന മണിരത്നം സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ പോലും സ്റ്റാറിങ് പൗർണ്ണമിയെ ഓർമിച്ചു പോയി.. ഒരുപക്ഷെ ഇറങ്ങിയിരുന്നേൽ ഈ ചിത്രങ്ങളേക്കാൾ ഒക്കെ മുമ്പേ വരുന്ന ഒരു മലയാളം ട്രാവൽ മൂവി ആയേനെ ഇത്. ഇതൊക്കെ കൊണ്ട് തന്നെ ഇനി ഈ ചിത്രം ഷൂട്ട് ചെയ്തു റിലീസ് ചെയ്താൽ തന്നെ എത്രത്തോളം വർക്ക് ഔട്ട് ആവുമെന്ന് ആർക്കുമറിയില്ല.

എന്തായാലും ആൽബി ഇപ്പോൾ സുഹൃത്തായ ശബരീഷ് വർമ്മയോടൊപ്പം പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്. എല്ലാം നല്ല രീതിയിൽ നടന്നാൽ ഉടൻ തന്നെ ആ സിനിമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.