മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. കസബയിൽ കമലയെന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. കസബയ്ക്ക് ശേഷം ജയറാമിന്റെ നായികയായി ആകാശമിഠായി എന്ന ചിത്രത്തിലും നായികയായി മലയാളത്തിൽ രണ്ടാമത്തെ ചിത്രത്തിനൊരുങ്ങുകയായിരുന്നു താരം. സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹം തന്നെ ഒരുക്കിയ അപ്പ എന്ന തമിഴ് സിനിമയുടെ റീമേയ്ക്ക് ആണ്.
ചിത്രത്തിന്റെ പൂജയ്ക്ക് നടി എത്തുകയും കഴിഞ്ഞ ആഴ്ച ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വരലക്ഷ്മി സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നാണ് പുതിയ വാർത്ത.
‘ഈ ചിത്രത്തിൽ നിന്നും ഞാൻ പിന്മാറുന്നു. സിനിമയുടെ നിർമാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവർ പറഞ്ഞ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കില്ല. ആൺമേധാവിത്വം കാണിക്കുന്ന ആളുകൾക്കൊപ്പവും പെരുമാറാൻ അറിയില്ലാത്ത നിർമാതാക്കൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയില്ല. എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദി.–വരലക്ഷ്മി പറഞ്ഞു.
എന്നാൽ ആ കഥാപാത്രം വരലക്ഷ്മിയോട് യോജിക്കാനാകാത്തതാണ് പ്രശ്മനെന്ന് നിർമാതാവ് വ്യക്തമാക്കി. ‘കസബയില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെ കണ്ടാണ് ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല. വരലക്ഷ്മിയുടെ സ്ഥാനത്ത് ഇപ്പോൾ ഇനിയ എന്ന നടിയാണ്. ’–നിർമാതാവ് പറഞ്ഞു.
നേരിട്ട് കാണാതെയാണോ വരലക്ഷ്മിയെ നിശ്ചയിച്ചതെന്ന ചോദ്യത്തിന് നിർമാതാവിന്റെ മറുപടി ഇങ്ങനെ. 'കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ ഞങ്ങളാരും നേരിട്ട് കണ്ടിട്ടില്ല. കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയുടെ സമയത്താണ് അവരെ നേരില്‍ കാണുന്നത്.'