സഖാവ് ആയി നിവിൻ തലശേരിയിൽ; ആരാധകർ ആവേശത്തിൽ

തലശേരിയെ ചുവന്നകടലാക്കി നിവിൻ പോളി. സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സഖാവിന്റെ പ്രചരണത്തിന് വേണ്ടിയാണ് നിവിൻ തലശേരിയിൽ എത്തിയത്. റോഡ് ഷോയുടെ തുടക്കമായിരുന്നു തലശേരിയില്‍. വൻജനാവലി പങ്കെടുത്ത റോഡ് ഷോ എം എല്‍ എ എം എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ബിനീഷ് കോടിയേരിക്കൊപ്പമാണ് നിവിന്‍ പോളി തലശേരിയിൽ എത്തിയത്.

സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ, നടനും സംവിധായകനുമായ അല്‍ത്താഫ് സലിം എന്നിവരും റോഡ് ഷോയുടെ ഭാഗമായി ഉണ്ട്. തലശേരി ബ്രണ്ണന്‍ കോളേജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസിലും ഇവർ എത്തും.

കൃഷ്ണകുമാര്‍, കൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളായി ഇരട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുക. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് നിര്‍മ്മാണം. ജോര്‍ജ്ജ് വില്യംസ് ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതം. ഏപ്രില്‍ പതിനഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

നേരത്തെ ഇടതു യുവപ്രസ്ഥാനങ്ങളെ പശ്ചാത്തലമാക്കി പുറത്തിറക്കിയ മെക്സിക്കൻ അപാരത എന്ന സിനിമയ്ക്കായി നായകൻ ടൊവിനോ ഉൾപ്പടെയുള്ളവർ റോഡ് ഷോയുമായി പ്രചരണത്തിന് ഇറങ്ങിയിരുന്നു.