Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനാണ് നായകൻ

nn-pillai-vijayaraghavan

ഒന്നല്ല, ഒരായിരം സിനിമകൾക്കു സാധ്യതയുള്ള ജീവിതകഥയാണ് അച്ഛന്റേത്; അൽപം അതിശയോക്തിയെന്നു തോന്നാമെങ്കിലും! സ്വാതന്ത്ര്യസമരം, യുദ്ധം, പ്രണയം, കല, കലാപം തുടങ്ങി എൻ.എൻ.പിള്ള എന്ന മനുഷ്യായുസ്സ് കടന്നുപോകാത്ത വഴികൾ കുറവാണ്. നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് അച്ഛൻ‌. ഓരോ നാടകവും സമൂഹത്തിന്റെ ജീർണതകൾക്കെതിരായ പോരാട്ടമായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തം അസൗകര്യങ്ങൾ മൂലം ഒരിക്കലും നാടകം വേണ്ടെന്നുവച്ചില്ല. രോഗങ്ങൾ ഏറെയുണ്ടായിരുന്ന കാലത്ത് പെയിൻ കില്ലറുകൾ സ്വയം കുത്തിവച്ചും അച്ഛൻ നാടകം ചെയ്തു. അച്ഛന്റെ ജീവിതത്തെക്കുറിച്ചു പലപ്പോഴും എനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ട്. 

സ്വാതന്ത്ര്യസമരം കത്തിക്കാളുന്ന സമയത്ത് 19–ാം വയസ്സിൽ സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ ചേരാനായി നാടുവിട്ടയാളാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതായപ്പോൾ അച്ഛൻ യുദ്ധത്തിൽ കൊല്ലപ്പെട്ടുകാണും എന്നു ബന്ധുക്കൾ വിചാരിച്ചു. 

എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അച്ഛനു വേണ്ടി  അമ്മ കാത്തിരുന്നത് ഒൻപതു വർഷക്കാലമാണ്. ഇന്നത്തെ തലമുറയ്ക്കൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത വിധം ഗാഢമായിരുന്നു അവർ തമ്മിലുള്ള പ്രണയം. അദ്ദേഹത്തെക്കുറിച്ചു വിവരമൊന്നുമില്ലാതായപ്പോൾ വിവാഹം കഴിക്കാൻ അമ്മയെ വീട്ടുകാർ ഏറെ നിർബന്ധിച്ചു. 

സഹോദരിമാരുടെ വിവാഹം പോലും കഴിഞ്ഞെങ്കിലും അമ്മ കാത്തിരുന്നു. ഒടുവിൽ യുദ്ധം കഴിഞ്ഞ് അച്ഛൻ തിരിച്ചുവന്നു. മൂന്നു ദിവസത്തിനുള്ളിൽ അച്ഛന്റെയും അമ്മയുടെയും വിവാഹമായി. പിന്നീട് രണ്ടുപേരും മലയയിലേക്കു പോയി അവിടെവച്ചാണു ഞാൻ ജനിക്കുന്നത്. മലയയിലെ എന്റെ ജനനം വരെയുള്ള ജീവിതമാണു ‘ഞാൻ’ എന്ന അച്ഛന്റെ ആത്മകഥയിലുള്ളത്. 

നാലുമാസം മുൻപാണു രാജീവ് രവി ഈ സിനിമയുടെ കാര്യം പറയുന്നത്. പ്രാഥമിക ചർച്ചകളൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. തിരക്കഥയൊന്നും പൂർത്തിയായിട്ടില്ല. നായകൻ നിവിൻ പോളിയായിരിക്കും എന്ന കാര്യത്തിൽ മാത്രമേ തീരുമാനമായിട്ടുള്ളൂ. 2018 അച്ഛന്റെ നൂറാം ജന്മവർഷമാണ.് ആ സമയത്തു റിലീസ് ചെയ്യാമെന്ന തരത്തിൽ ചർച്ചകൾ മുന്നേറുന്നു. ഗോപൻ ചിദംബരത്തിന്റേതാണു തിരക്കഥ.