ജൂഡിന് പിന്തുണയുമായി അൽഫോൻസും വിനീതും

കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തിയിരുന്നു. 

ഷൂട്ടിങ്ങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി വികാരനിർഭരമായ കുറിപ്പും ജൂഡ് എഴുതുകയുണ്ടായി. ചങ്ക് തകര്‍ന്നാണ് കുറിപ്പ് എഴുതുന്നതെന്നും നല്ല കാര്യം ചെയ്യാൻ ശ്രമിച്ച തന്നെ പ്രതിയാക്കിയെന്നും ജൂഡ് പറയുന്നു. വിഷയത്തിൽ ജൂഡിന് പിന്തുണയുമായി അൽഫോൻസ് പുത്രൻ, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമാരംഗത്തെ പ്രശസ്തർ രംഗത്തെത്തി. 

അൽഫോൻസ് പുത്രൻ– എടാ നീ മേയറിനെ കണ്ടുകൊണ്ടാണോ സിനിമ പിടിക്കാൻ അന്ന് ഉണ്ടായിരുന്ന നല്ല സാലറിയും ഒള്ള ജോലിയും വിട്ട് ഇറങ്ങിയത്. അല്ലല്ലോ..സിനിമയോടുള്ള സ്നേഹം അല്ലേടാ നിന്നെ ഇവിടെ വരെ എത്തിച്ചത്. അത് പോലെ തന്നെ സമൂഹ സേവനത്തിനും ഇറങ്ങിയപ്പോൾ മനസ്സിൽ വന്നത് ഇവിടെ ഉള്ള കുടുംബങ്ങളുടെയും കുട്ടികളുടെയും സംരക്ഷണം അല്ലേ. അല്ലാതെ മേയറിനെ കണ്ടുകൊണ്ടാണോടാ? നമ്മൾ രണ്ടുപേരും കണ്ട ഒരുപാട് നിർമാതാക്കൾ ഇല്ലേ സിനിമയിൽ കയറുന്നതിന് മുമ്പ്? അവരോളം ഉണ്ടോ നീ പറഞ്ഞ മേയർ. അതുപോലെ തന്നെ ഇതിനെയും വിടുക. ഷൂട്ടിങിനിടെ ഒരു മഴനനഞ്ഞു. മഴയെ തെറി പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ, കുറച്ച് ഈഗോ ഉള്ള മഴ നനഞ്ഞു എന്നു വിചാരിച്ചാൽ മതി, തളരാതെ വണ്ടി പോകട്ടെ....

വിനീത് ശ്രീനിവാസൻ– ജൂഡ്, നിനക്കൊപ്പം ഞങ്ങളുണ്ട്. നീ നല്ലൊരു മനുഷ്യനാണ്. സാമൂഹ്യപരമായി എന്നും ഉത്തരവാദിത്വമുള്ളവനായിരിക്കണം. കരുത്തോടെ ഇരിക്കുക.

ബോബൻ സാമുവൽ– ജൂഡേ നീ ഒരു നല്ല കാര്യത്തിന് വേണ്ടി ഇറങ്ങിയതുകൊണ്ടാണ് ഈ പ്രശ്നം, നിനക്ക് കൊല്ലാനോ പീഡിപ്പിക്കാനോ ആയിരുന്നെങ്കിൽ എന്തെളുപ്പം നടന്നേനെ. വെറുതെ ഇങ്ങനെയുളള കാര്യങ്ങൾക്ക് ഇറങ്ങി തിരിക്കുമുൻപ് ആലോ ചിക്കണമായിരുന്നു ഇത് കേരളം ആണ് മോനെ..

സന്തോഷ് കീഴാറ്റൂർ– ജൂഡ് തളരരുത്..... ഈ കേസൊക്കെ നിസ്സാരമാണെന്ന് കുടുംബവും, സമൂഹവും മനസ്സിലാക്കും... അധികാര വർഗ്ഗത്തിന്റെ ഹുങ്ക് അവസാനിപ്പിക്കുക.

വിപിൻ ദാസ്– ഈ കാര്യത്തിൽ ജൂഡ് അവരെ രണ്ടു തെറി വിളിച്ചാലും ഞങ്ങൾ നിങ്ങടെ കൂടെയാണ്.. കാരണം, സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരൊന്നും ഈ വക സ്ഥാനങ്ങളിൽ ഇരിക്കാൻ അർഹരല്ല!!

സോഹൻ സീനുലാൽ–  അടിയന്തിരമായി കൗൺസിൽ കൂടി സുബാഷ്‌ പാർക്ക്‌ സിനിമ ഷൂട്ടിംഗിനു നൽകാൻ തീരുമാനിക്കണം. കോഷൻ ഡെപ്പോസിറ്റ്‌ വാങ്ങി ഷൂട്ടിംഗിനു കൊടുത്ത്‌ സർക്കാർ സ്താപനങ്ങൾ മാലയാള സിനിമയ്ക്ക് പിന്തുണ നൽകണം . ഒന്ന് പെയിന്റു അടിക്കുകയൊ, രണ്ട്‌ പുല്ല് നനക്കുകയൊ ചെയ്തിട്ട്‌ ഷൂട്ടിംഗിനു മേലാൽ കൊടുക്കില്ല എന്ന് പറയുന്നതു ന്യായമല്ല്ല്ല. എത്രയോ മലയാള സിനിമ ഷൂട്ട്‌ ചെയ്തിട്ടുള്ള ഇടമാണു സുബാഷ്‌ പാർക്ക്‌ എന്ന് നമ്മുക്കെല്ലാം അറിയുന്ന കാര്യമാണു. ആരും പാർക്ക്‌ എടുത്ത്‌ കൊണ്ടു പോയില്ല, അതവിടെ തന്നെ ഉണ്ട്‌. ഈ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവരെ അറിയുക്കാൻ ശ്രമിച്ച സംവിധായകനെ അപമാനിക്കാൻ ശ്രമിച്ചാൽ അത്‌ അനുവദിക്കരുത്‌.