നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രവുമായി എത്തുന്നു. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സിനിമ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് അൽഫോൻസ് പറയുന്നു.
‘ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. ഈ ചിത്രം സംഗീതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. അതുകൊണ്ടാണ് ചിത്രം തുടങ്ങാൻ ഇത്ര കാലയളവ് വന്നത്. പ്രണയവും സൗഹൃദവും ഈ സിനിമയിലുണ്ട്. എന്നാൽ പ്രേമം പോലെ ഇതൊരു പ്രണയചിത്രമല്ല, നേരം പോലെ ഒരു കോമഡി ത്രില്ലറുമല്ല. കോമഡിയും എല്ലാ വികാരങ്ങളും ചേരുന്ന ഒരു സാധാരണ സിനിമയായിരിക്കും ഇത്. ഇത്തവണ എന്റെ സുഹൃത്ത് നിവിൻ പോളിയല്ല നായകൻ. നിങ്ങളുടെ എല്ലാ പ്രാർത്ഥനയും അനുഗ്രവും ഉണ്ടാകണം.’ അൽഫോൻസ് പറഞ്ഞു.
പുതിയ ചിത്രം തമിഴിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. 'പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍' ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ കുറിച്ചത്.