Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഫോൻസ് പുത്രൻ ചിത്രത്തിൽ നായകനായി ഈ താരപുത്രൻ?

alphonse-kalidas

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്.

ജയറാമിന്റെ മകൻ കാളിദാസാണ് അൽഫോൻസിന്റെ പുതിയ ചിത്രത്തിൽ നായകനെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ചർച്ച നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സിനിമ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.‘ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. ഈ ചിത്രം സംഗീതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. അതുകൊണ്ടാണ് ചിത്രം തുടങ്ങാൻ ഇത്ര കാലയളവ് വന്നത്. പ്രണയവും സൗഹൃദവും ഈ സിനിമയിലുണ്ട്. എന്നാൽ പ്രേമം പോലെ ഇതൊരു പ്രണയചിത്രമല്ല, നേരം പോലെ ഒരു കോമഡി ത്രില്ലറുമല്ല. കോമഡിയും എല്ലാ വികാരങ്ങളും ചേരുന്ന ഒരു സാധാരണ സിനിമയായിരിക്കും ഇത്. ഇത്തവണ എന്റെ സുഹൃത്ത് നിവിൻ പോളിയല്ല നായകൻ. നിങ്ങളുടെ എല്ലാ പ്രാർത്ഥനയും അനുഗ്രവും ഉണ്ടാകണം.’ അൽഫോൻസ് പറഞ്ഞു.

പുതിയ ചിത്രം തമിഴിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. 'പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍' ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ കുറിച്ചത്.