Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരഭിയോട് മത്സരിച്ചത് ഐശ്വര്യ റായി; ആമിറിനെ പരിഗണിക്കാത്തതിന് കാരണം

surabhi-aamir

സുരഭി മികച്ച നടിയായത് ഐശ്വര്യ റായിയെ ഏകപക്ഷീയമായി മറി കടന്ന്. വിനായകൻ അവസാന ‌റൗണ്ടിൽ സഹനടൻ സ്ഥാനത്തുനിന്നു പുറത്തായത് വോട്ടിംങ്ങിലൂടെ. മികച്ച നടനുള്ള അവസാന റൗണ്ട‌ിൽ പരിഗണിച്ചതു അക്ഷയ്കുമാറിനെയും മോഹൻലാലിനെയും മാത്രം.

സുരഭി അഭിനയിച്ച മിന്നാമിനുങ്ങ് എന്ന സിനിമ പൂർത്തിയായ ഉടൻതന്നെ ഇതായിരിക്കും മികച്ച നടിയെന്നു 12 അംഗ ജൂറിയിലെ 11 പേരും പറഞ്ഞിരുന്നു. ഒരാൾ മാത്രം ഐശ്വര്യ റായിക്ക് സരബ്ജിത് എന്ന സിനിമയ്ക്കു അവാർഡു നൽകണം എന്നഭിപ്രായപ്പെട്ടു. എന്നാൽ 11 പേരും ഒരുമിച്ചു നിന്നതിനാൽ ഐശ്വര്യ റായിക്കു ജൂറി പരാമർശം പോലും കിട്ടിയില്ല.

വിനായകനെ പരിഗണിച്ചത് മികച്ച സഹനടനായാണ്. കമ്മട്ടിപ്പാടം എന്ന സിനിമ കണ്ട ജൂറി അതിലെ നായകൻ ദുൽക്കർ സൽമാൻ ആണെന്നു പറയുകയായിരുന്നു. നായകനെ മാത്രമെ ദേശീയ അവാർഡ് നിയമപ്രകാരം മികച്ച നടനായി പരിഗണിക്കൂ. വിനായകൻ സഹനടനായി അവസാന റൗണ്ടുവരെയെത്തി. മികച്ച സഹനടനായി തിരഞ്ഞെടുത്ത മനോജ് ജോഷിമാത്രമായിരുന്നു വിനായകനോടെപ്പം അവസാന റൗണ്ടിലെത്തിയത്. മറാത്തി,ഹിന്ദി സിനിമകളിൽ മനോജ് ജോഷിയുടെ അഭിനയം പലതവണ കണ്ട ജൂറിയിലെ കൂടുതൽ പേർ അദ്ദേഹത്തിനു അവാർഡ് നൽകുന്നതിനെ തുണച്ചു. വിനായകനു മികച്ച സഹനടനുള്ള ദേശീയ അവാർഡു നഷ്ടമായതു രണ്ടു വോട്ടിന്റെ വ്യത്യാസത്തിലാണ്.

മികച്ച നടനായി പരിഗണിക്കാൻ സാധ്യതയുണ്ടായിരുന്ന ആമീർഖാൻ നേരത്തെ നൽകിയ അഭിമുഖത്തിൽ താൻ അവാർഡിൽ വിശ്വസിക്കുന്നില്ലെന്നും സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹിന്ദിയിലെ ഒരു ജനകീയ അവാർഡിൽ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും അതു വാങ്ങാനെത്തിയിരുന്നില്ല.. രാഷ്്ട്രപതിയുടെ പേരിൽ നൽകുന്ന പ്രമുഖ ബഹുമതി ആമീർഖാനെപ്പോലുള്ള ഒരാൾ നിരസിക്കുന്നതു ഒഴിവാക്കാൻ ജൂറി തീരുമാനിച്ചു. അക്ഷയ്കുമാറിന്റെ എയർലിഫ്റ്റ് എന്ന സിനിമയാണ് അദ്ദേഹത്തിനു മികച്ച നടനുള്ള ബഹുമതി എളുപ്പമാക്കിയത്. എന്നാൽ ഒരു സിനിമയെ അവാർഡിൽ രേഖപ്പെടുത്തൂ എന്നുള്ളതിനാൽ രണ്ടാമത്തെ സിനിമയായ രുസ്തം മാത്രം രേഖപ്പെടുത്തിയെന്നു മാത്രം.

തെലുങ്ക് , കന്നഡ സിനിമയിൽനിന്നുള്ളവരാണ് മോഹൻലാലിനെ തികച്ചും അപ്രതീക്ഷിതമായി പിന്തുണച്ചത്. അതോടെയാണ് ജൂറി സംയുക്തമായി പ്രത്യേക പരാമർശം നൽകാൻ തീരുമാനിച്ചത്. മലയാളത്തിലെ ഒരു സിനിമയും മികച്ച സിനിമയ്ക്കുള്ള ബഹുമതിക്കായി പരിഗണിച്ചില്ല. നാലു ബംഗാളി സിനിമയും ആറു മറാഠി സിനിമയും രണ്ടു മണിപുരി സിനിമയുമാണു ഇതിനായി പരിഗണിച്ചത്. ഇവയിൽ പലതും ജൂറി പല തവണ കണ്ടു.

അമ്പരപ്പിക്കുന്ന സിനിമകൾ എന്നാണ് ഇവയെക്കുറിച്ചു ജൂറി പറഞ്ഞത്. എന്നാൽ ഇവയിൽ ഒന്നുംതന്നെ
നായകനോ നായികയ്ക്കോ പ്രാധാന്യമുളള ചിത്രങ്ങൾ എന്നു പറയുന്നവ അല്ലായിരുന്നു. എല്ലാവരും തുല്യ വേഷത്തിലെത്തിയവയായിരുന്നു ഈ ചിത്രങ്ങൾ. അതുകൊണ്ടുതന്നെയാണ് ആ സിനിമകളിൽനിന്നു ഇത്തരം ബഹുമതിക്കു ആരെയും പരിഗണിക്കാതെ പോയത്.

Your Rating: