കമലിന്റെ ആമി സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ബോളിവുഡ് താരം വിദ്യാ ബാലന്‍. മാധവിക്കുട്ടിയായി അഭിനയിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്നും സംവിധായകൻ പ്രോജക്ടുമായി സമീപിച്ചപ്പോൾ തന്നെ കരാർ ഒപ്പിടുകയുമായിരുന്നെന്നും വിദ്യ പറയുന്നു. എന്നാൽ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞതെന്നും വിദ്യ വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം പറയുന്നത്. പ്രതീക്ഷിച്ച രീതിയില്‍ തന്റെ കഥാപാത്രവും ഈ ചിത്രവും വികസിപ്പിച്ചെടുത്തില്ലെന്നും അതോടെ സിനിമയുടെ അണിയറപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും വിദ്യ വ്യക്തമാക്കി. ഇതുകൊണ്ടുമാത്രമാണ് സിനിമയിൽ നിന്നും പിന്മാറാൻ കാരണമായത്.
മലയാളത്തിൽ ഇനിയും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും മോഹൻലാലിനൊപ്പം അഭിനയിക്കണമെന്നത് വലിയൊരു ആഗ്രഹമാണെന്നും വിദ്യ പറഞ്ഞു. കൂടാതെ ആമിയിൽ നിന്ന് പിന്മാറിയതിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും വിദ്യ കൂട്ടിച്ചേർത്തു.
ഇത് രണ്ടാം തവണയാണ് വിദ്യ മലയാളത്തിലെത്തി അവസാനനിമിഷം പിന്മാറുന്നത്. അതും രണ്ടാം തവണയും കമൽ ചിത്രത്തിൽ തന്നെ. 2003 ല്‍ ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യാ ബാലന്‍ സിനിമാ ലോകത്തേക്ക് അരങ്ങേറേണ്ടിയിരുന്നത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങി. തുടര്‍ന്ന് വിദ്യ ബോളിവുഡില്‍ എത്തി. അവിടെ വിജയനായികയായി മാറി. ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുകയായിരുന്നു.