കമോണ്‍ഡ്രാ; ജിനോ ജോണ്‍ സംവിധായകനാകുന്നു

മഹേഷിന്റെ പ്രതികാരത്തിലെ കമോണ്‍ഡ്രാ മഹേഷേ...കമോൺഡ്രാ എന്ന ഒറ്റ ഡയലോഗിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരനാണ് ജിനോ ജോണ്‍. ഒട്ടേറെ സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ സാന്നിധ്യമറിയിച്ച ഈ യുവനടന്‍ ഒരു മുഴുനീളം വേഷം ചെയ്തത് മെക്‌സിക്കന്‍ അപാരതയിലാണ്. ചിത്രത്തിലെ കഞ്ചന്‍ എന്ന കലിപ്പ് വേഷത്തിലും ജിനോ തിളങ്ങി. അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങുകയാണ് ജിനോ ഇപ്പോള്‍. ജിനോ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന 'വായില്ല കുന്നിലെ അപ്പന്‍' ചിത്രീകരണത്തിനു തയ്യാറെടുക്കുന്നു. 

മെക്‌സിക്കന്‍ അപാരതയുടെ സംവിധായകന്‍ ടോം ഇമ്മിട്ടി പ്രതിനായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. നായിക ഉള്‍പ്പടെ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം പുതുമുഖങ്ങളായിരിക്കും. ക്യാംപസിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റൊമന്റിക് ആക്ഷന്‍ ത്രില്ലറായിരിക്കും വായില്ലാക്കുന്നിലെ അപ്പന്‍. ഗ്യാങ്‌സ് ഓഫ് മഹാരാജാസിലെ വിദ്യാര്‍ഥികളും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. 

ജിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷമായിരിക്കും സംവിധാന സംരഭത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. അഭിനേതാവാകും മുമ്പേ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന ജിനോ ആലുവ യൂസി കോളജില്‍ മാഗസിന്‍ എഡിറ്ററായും എറണാകുളം മഹാരാജാസ് കോളജില്‍ യൂണിയന്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.