അങ്ങനെ സന്തോഷ് പണ്ഡിറ്റിന്റെ സ്വപ്നം പൂവണിഞ്ഞു. മമ്മൂട്ടിക്കൊപ്പം തോളോട് തോൾ ചേര്‍ന്ന് നിന്ന് സന്തോഷ് പണ്ഡിറ്റ്. 'മാസ്റ്റര്‍ പീസ്' സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം അദ്ദേഹം പങ്കുവച്ചു.
ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണെന്നും സെപ്റ്റംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നും പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉരുക്കൊന്നുമല്ല താന്‍ മഹാപാവമാണെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
താന്‍ സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത് ഇതാദ്യമാണ്. നേരത്തെ കൃഷ്ണനും രാധയും ടിന്റുമോൻ എന്ന കോടീശ്വരൻ എന്നീ ചിത്രങ്ങൾ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്റർ റിലീസും ചെയ്തിരുന്നു. ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താൻ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. നൂറു കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം സൂപ്പർ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക. കൊളേജ് പ്യൂൺ ആയാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.
ഇവരെ കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടി ആരാധകർക്കും കുടുംബങ്ങൾക്കും രസിക്കുന്ന ചേരുവകൾ സിനിമയുടെ പ്രത്യേകതയാകും. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.
ബിഗ് ബജറ്റ് ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ മുൻ പ്രവാസിയായ സി.എച്ച്.മുഹമ്മദ് കോടികൾ ചെലവിട്ട് നിർമിക്കുന്നു. റോയൽ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.