Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി തന്ന 2000, ഇന്നസെന്റിന്റെ 400 ! ശ്രീനിയുടെ കല്യാണം

sreenivasan-wife

ഒരു ചാനല്‍ പരിപാടിയില്‍ മത സൗഹാര്‍ദത്തെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ ശ്രീനിവാസന്‍ തന്റെ കല്യാണത്തെ കുറിച്ച് പറയുന്നത്. നടൻ മമ്മൂട്ടി തന്ന രണ്ടായിരം രൂപയാണ് അന്ന് വലിയ സഹായമായതെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരുപൊതുവേദിയിൽ ഇക്കാര്യം വെളിപ്പെടുത്തുകയാണ് അദ്ദേഹം.

1984 ലാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തിന്റെ പദ്ധതികളെല്ലാം ഇട്ടത്. ആരെയും വിളിക്കാതെ ഒരു രജിസ്റ്റര്‍ വിവാഹം മതി എന്നായിരുന്നു ശ്രീനിവാസന്റെ തീരുമാനം.

‘ഇന്നസെന്റിനോട് വിവാഹക്കാര്യം പറയുന്നത്, ആരെയും ക്ഷണിക്കുന്നില്ലെന്നും രജിസ്റ്റർ ഓഫീസിൽവച്ചാണ് വിവാഹമെന്നും ഇന്നസെന്റിനോട് പറഞ്ഞു. 

സെറ്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ഇന്നസെന്റ്  കൈയ്യില്‍ ഒരു പൊതി തന്നു. അതില്‍ 400 രൂപയുണ്ടായിരുന്നു. ഇന്നത്തെപ്പോലെയല്ല നാനൂറ് രൂപയ്ക്ക് വിലയുണ്ട്.  ഇതെങ്ങനെ സംഘടിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍, ഭാര്യയുടെ രണ്ട് വളകൂടെ വിറ്റു എന്നായിരുന്നു ഇന്നസെന്റന്റെ മറുപടി. ഇന്നസെന്റ് കൊടുത്ത പണം കൊണ്ട് വധുവിനുള്ള സാരിയും മറ്റുമൊക്കെ വാങ്ങി.’–ശ്രീനിവാസൻ പറയുന്നു.

‘വൈകുന്നേരമായപ്പോൾ അമ്മ പറഞ്ഞു, താലി കെട്ടി തന്നെ കല്യാണം നടത്തണമെന്ന്. അതും സ്വര്‍ണമാലയില്‍ കോര്‍ത്ത താലി. സാമ്പത്തികമായി ഏറെ മോശം നില്‍ക്കുന്ന അവസ്ഥയാണ് സ്വർണമാലയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല.’–ശ്രീനിവാസൻ പറഞ്ഞു.

‘അതിരാത്രം സിനിമയുടെ ഷൂട്ടിങ് അവിടെ നടക്കുന്നുണ്ട്. കണ്ണൂരാണ് ലൊക്കേഷൻ. മമ്മൂട്ടിയെ കാണാൻ തീരുമാനിച്ചു. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്നതുംഞാൻ പറഞ്ഞു ‘നാളെ എന്റെ വിവാഹമാണ്’ അപ്പോള്‍ മമ്മൂട്ടി പറഞ്ഞു ‘നാളെയോ’. എനിക്കൊരു രണ്ടായിരം രൂപ വേണം, രജിസ്റ്റർ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്നും ഞാൻ മമ്മൂട്ടിയോട് പറഞ്ഞു. 

തുക തന്നിട്ട് അദ്ദേഹം പറഞ്ഞു കല്യാണത്തിന് ഞാനും വരും. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു, ‘കല്യാണത്തിന് വരരുത്, വന്നാൽ കല്യാണം കലങ്ങും’. അദ്ദേഹം വരുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും പറഞ്ഞു, ‘ആരും അറിയാതെ രെജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല, അറിയപ്പെടുന്ന താരമാണ്. നിങ്ങള്‍ വന്നാല്‍ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്'. എന്നാൽ വരുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. 

അങ്ങനെ സ്വർണതാലി വാങ്ങി, രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽവച്ച് ഞാൻ ആ താലി കെട്ടി. ഒരു ക്രിസ്ത്യാനി തന്ന നാനൂറ് രൂപ, മുസ്ലീമായ മമ്മൂട്ടി തന്ന രൂപയ്ക്ക് ഹിന്ദുവായ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടിയ സ്വർണ താലി. ഇങ്ങനെയായിരുന്നു എന്റെ വിവാഹം.–ശ്രീനിവാസൻ പറഞ്ഞു.