പോർച്ചുഗീസ് നാവിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ കുഞ്ഞാലി മരയ്ക്കാർമാർ ബ്രിട്ടിഷ് സാമ്രാജ്യശക്തിക്കെതിരെ 1857ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന് ഏകദേശം മുന്നൂറ്റൻപതു വർഷങ്ങൾക്കു മുമ്പ്, അധിനിവേശ മോഹവുമായി എത്തിയ പോർച്ചുഗീസ് ശക്തിക്കെതിരെ ധീരമായ പോരാട്ടം നടത്തിയതു കോഴിക്കോട് സാമൂതിരിയുടെ നാവിക ന്യാധിപന്മാരായ നാലു കുഞ്ഞാലി മരയ്ക്കാർമാർ ആയിരുന്നു. കോഴിക്കോട്ടാണ് പോർച്ചുഗൽ ആദ്യം ആധിപത്യമുറപ്പിക്കാൻ ശ്രമിച്ചത്. കൊളോണിയലിസത്തിനെതിരായ കേരളത്തിലെ ആദ്യത്തെ ശക്തമായ പ്രതിരോധവും ഇവിടെനിന്നാണാരംഭിച്ചത്.
പോർച്ചുഗീസ് ആഗമനം
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോടിനു സമീപമുള്ള കാപ്പാട്–പന്തലായനി കടൽതീരത്തു പോർച്ചുഗീസുകാർ കപ്പലിറങ്ങി. 1498 മേയ് ഇരുപതിനാണ് പോർച്ചുഗീസ് രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ വാസ്കോഡഗാമ ഇവിടെ എത്തിയത്. വാണിജ്യപ്പെരുമ കോഴിക്കോടിനായിരുന്നെങ്കിലും കപ്പലുകൾക്കു സുരക്ഷിതമായി നങ്കൂരമുറപ്പിക്കാൻ പറ്റിയ സ്ഥലം പന്തലായനിയായിരുന്നു. പന്തലായനിയിൽനിന്നു കോഴിക്കോടെത്തിയ ഗാമ, പോർച്ചുഗീസ് രാജാവിന്റെ കത്ത് സാമൂതിരിക്കു നൽകി. സാമൂതിരി ഗാമയ്ക്കു കച്ചവടാനുമതി നൽകിയെങ്കിലും ചുങ്കം ഒഴിവാക്കിക്കൊടുത്തില്ല.
Kunjali Marakkar mlayalam movie TRAILER- Mammootty-Prithviraj-Amal Neerad ( 40 crore budget
കോഴിക്കോട്ടെ വ്യാപാരം പ്രതീക്ഷിച്ച നിലയിൽ ലാഭകരമാക്കാൻ പോർച്ചുഗീസുകാർക്കു കഴിഞ്ഞില്ല. തുടർന്നു ഗാമ കണ്ണൂർ കോലത്തിരിയുമായി വാണിജ്യക്കരാർ ഉറപ്പിച്ചു. ഇന്ത്യയുമായുള്ള വ്യാപാരം വൻ സാമ്പത്തികലാഭം ഉണ്ടാക്കുമെന്നു മനസ്സിലാക്കിയ പോർച്ചുഗീസ് രാജാവ്, സ്ഥിരം വാണിജ്യബന്ധം സ്ഥാപിക്കാൻ കബ്രാളിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെ അയച്ചു. കബ്രാളിനെ സാമൂതിരി സ്വാഗതം ചെയ്തെങ്കിലും ഇരുവരും പിന്നീടു പിണങ്ങി. തുടർന്നു കൊച്ചി രാജാവുമായി കബ്രാൾ വാണിജ്യക്കരാറുണ്ടാക്കി.
ഗാമയുടെ രണ്ടാം വരവ്
പോർച്ചുഗീസുകാരുടെ വരവിനു മുൻപു കേരളവുമായി വ്യാപാരബന്ധത്തിലേർപ്പെട്ടവരിൽ പ്രമുഖർ അറബികളും ചൈനക്കാരുമായിരുന്നു. അവരുടെ വ്യാപാരകുത്തക ഇല്ലാതാക്കുകയായിരുന്നു പോർച്ചുഗീസുകാരുടെ ലക്ഷ്യം. 1502ൽ ഗാമ, രണ്ടാമതും കോഴിക്കോട്ടു വന്നു. പ്രതികാരദാഹിയായി വന്ന ഗാമ കോഴിക്കോടുനിന്ന് അറബി വ്യാപാരികളെ പുറത്താക്കാൻ സാമൂതിരിയോടാവശ്യപ്പെട്ടു. സാമൂതിരി ഇത് അംഗീകരിച്ചില്ല. ക്ഷുഭിതനായ ഗാമ കോഴിക്കോട്ടെ വീടുകളും ഗോഡൗണുകളും ചുട്ടുകരിച്ചു. തുടർന്ന് അദ്ദേഹം കൊച്ചിയിലേക്കു നീങ്ങി.
യുദ്ധത്തിനും വാണിജ്യത്തിനും ഒരുങ്ങിക്കൊണ്ടായിരുന്നു ഗാമയുടെ രണ്ടാം വരവ്. ഇന്ത്യയുടെ സമുദ്രപാത കൈവശപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. ഇന്ത്യൻ വാണിജ്യം നശിപ്പിക്കുകയായിരുന്നു ഗാമയുടെ ലക്ഷ്യം. 1504ൽ പോർച്ചുഗീസ് അധികാരികൾ സാമൂതിരിയുമായി കരാറുണ്ടാക്കിയെങ്കിലും വിജയിച്ചില്ല.
കുഞ്ഞാലി മരയ്ക്കാർമാർ
കേരളക്കരയിൽ ആധിപത്യമുറപ്പിക്കാൻ പോർച്ചുഗീസ് ശക്തി ശ്രമിച്ചതോടെ, കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിൽ സാമൂതിരിയുടെ നാവികപ്പട ശക്തമായ ചെറുത്തുനിൽപിനൊരുങ്ങി. കുഞ്ഞാലിമരയ്ക്കാർ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, നാലാമൻ എന്നിങ്ങനെ നാടുകാത്ത നാലു മരയ്ക്കാർമാർ കേരള ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്നു.
1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ടു മുഴുവൻ ഈ നാവികസൈന്യാധിപന്മാർ കടലിനു കാവൽ നിന്നു. കുഞ്ഞാലിമാരുടെ യുദ്ധക്കളം മലബാറിൽ മാത്രം ഒതുങ്ങിയില്ല. ഗുജറാത്തിന്റെ തീരം മുതൽ ശ്രീലങ്കൻ തീരം വരെ അതു വ്യാപിച്ചിരുന്നു.
കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ
സാഹസികനും തന്ത്രശാലിയുമായ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസ് ശക്തിയെ നേരിടാൻ ഗറില്ലാ യുദ്ധരീതി (ഒളിപ്പോര്) സ്വീകരിച്ചു. നേരിട്ടുള്ള യുദ്ധത്തിനു പകരം മിന്നലാക്രമണം നടത്തി ഓടിമറയുക എന്ന തന്ത്രമാണ് കുഞ്ഞാലി പ്രയോഗിച്ചത്. വള്ളങ്ങൾ കുതിച്ചെത്തി പോർച്ചുഗീസ് കപ്പലുകളിൽ തീപ്പന്തമെറിഞ്ഞ് മിന്നൽ വേഗത്തിൽ രക്ഷപ്പെട്ടു. കുഞ്ഞാലി ഒന്നാമന്റെ യുദ്ധതന്ത്രം 'Hit and Run' (അടിച്ചിട്ടോടുക) എന്നറിയപ്പെട്ടു. ഈ യുദ്ധപാഠം ഇന്ത്യൻ നേവിയുടെ സിലബസിൽ ‘കുഞ്ഞാലി തന്ത്രം’ (Kunhali Tactics) എന്നറിയപ്പെടുന്നു. 1539ൽ സിലോൺ തീരത്തെ ‘വിതുല’ എന്ന സ്ഥലത്തുവച്ച് പോർച്ചുഗീസ് സൈനിക മേധാവിയുടെ ആകസ്മികമായ ആക്രമണത്തിൽ ആ ധീരൻ രക്തസാക്ഷിത്വം വരിച്ചു.
കുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ
കുഞ്ഞാലി രണ്ടാമൻ പോർച്ചുഗീസ് അധിനിവേശ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് അവരുടെ വ്യാപാരം തകർത്തു. തുടർച്ചയായ യുദ്ധങ്ങൾ സാമൂതിരിയുടെ സാമ്പത്തികഭദ്രതയ്ക്കു വെല്ലുവിളി ഉയർത്തിയപ്പോൾ അദ്ദേഹം പോർച്ചുഗീസുകാരുമായി സന്ധിയിലേർപ്പെട്ടു. ചാലിയത്ത് ഒരു കോട്ട പണിയാൻ സാമൂതിരി പോർച്ചുഗീസുകാർക്ക് അനുമതി നൽകി. സാമൂതിരിയുടെ തൊണ്ടയിലേക്കു ചേർത്തുപിടിക്കുന്ന ഒരു തോക്കുപോലെയായിരുന്നു ചാലിയം കോട്ട എന്നു ചരിത്രകാരന്മാ പറയുന്നു. കുഞ്ഞാലി രണ്ടാമൻ പോർച്ചുഗീസുകാരെ ശക്തമായി വെല്ലുവിളിച്ചു. ഒരു വർഷംകൊണ്ട് അമ്പതു പോർച്ചുഗീസ് കപ്പലുകൾ അദ്ദേഹം പിടിച്ചെടുത്തു. ഘോരമായ നാവികയുദ്ധത്തിൽ ഈ പോരാളി പോർച്ചുഗീസുകാരെ തോൽപിക്കുകയും, പരാജിതരെ വധിക്കാതെ വിട്ടയയ്ക്കുകയും ചെയ്തു.
കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ
‘പടെ മരയ്ക്കാർ’ എന്നറിയപ്പെടുന്ന കുഞ്ഞാലി മൂന്നാമൻ ചാലിയംകോട്ട കീഴടക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. 1571ൽ സാമൂതിരിയുടെ കാലാൾപ്പടയും കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള നാവികപ്പടയും ചാലിയംകോട്ട ഉപരോധിച്ചു തകർത്തു. ചാലിയംകോട്ടയുടെ തകർച്ച കേരളത്തിൽ പോർച്ചുഗീസ് മേധാവിത്വത്തിന്റെ തകർച്ചയ്ക്കു കാരണമായി.
നാവികരംഗത്തു സ്വാശ്രയത്വം കൈവരിച്ചാൽ മാത്രമേ പോർച്ചുഗീസ് ശക്തിയെ തോൽപിക്കാൻ കഴിയുകയുള്ളൂ എന്നു സമൂതിരിയെ ബോധ്യപ്പെടുത്തിയതു മൂന്നാം കുഞ്ഞാലിയാണ്. പ്രതിരോധരംഗത്തു വിദേശശക്തികളെ ആശ്രയിക്കരുത് എന്ന പാഠം കുഞ്ഞാലി മൂന്നാമൻ അനുഭവത്തിലൂടെ പഠിച്ചു. കോഴിക്കോടിനു വടക്ക് കോട്ടപ്പുഴ (കുറ്റ്യാടിപ്പുഴ)യുടെ തീരത്ത് കോട്ടയ്ക്കലിൽ ഒരു കോട്ട പണിയാൻ സാമൂതിരി കുഞ്ഞാലിയെ അനുവദിച്ചു. കോട്ടനിർമാണത്തിന് വിദൂര രാജ്യങ്ങളിൽനിന്നുപോലും വിദഗ്ധരെത്തി. കോട്ടയ്ക്കു സമീപം ‘പുതുപട്ടണം’ എന്ന പേരിൽ ഒരു പട്ടണവും ഉയർന്നുവന്നു.
കുഞ്ഞാലി മൂന്നാമന്റെ ദീർഘവീക്ഷണം
ധീരനായ ഈ നാവിക പടത്തലവൻ മരണം വരെ തോൽവി എന്തെന്നറിഞ്ഞിരുന്നില്ല. 1594ൽ പന്തലായനിയിൽ വച്ച് കുഞ്ഞാലി പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി. യുദ്ധവിജയം ആഘോഷിക്കാൻ നാട്ടുകാർ സംഘടിപ്പിച്ച സ്വീകരണത്തിൽ പങ്കെടുക്കാൻ കപ്പലിറങ്ങി വരുമ്പോൾ വീണു പരുക്കുപറ്റിയാണ് മരയ്ക്കാർ മരിച്ചത്. മരിക്കുന്നതിനുമുൻപ് തന്റെ പ്രിയപ്പെട്ട മരയ്ക്കാരെ ഒരുനോക്കു കാണാൻ കോട്ടയ്ക്കൽ കോട്ടയിലെത്തിയ സാമൂതിരിയോടുള്ള കുഞ്ഞാലിമരയ്ക്കാരുടെ പ്രതികരണം ശ്രദ്ധേയമാണ്– ‘ഐക്യവും യോജിപ്പുമാണ് രാജ്യത്തിന്റെ നിലനിൽപിനും യുദ്ധവിജയത്തിനും സുരക്ഷിതത്വത്തിനുമുള്ള അടിസ്ഥാന ഘടകം. നമ്മുടെ വിജയത്തിന്റെ കാരണവും മറ്റൊന്നല്ല’. പടക്കോപ്പുകളും യുദ്ധവീര്യവുംകൊണ്ടു മാത്രം ജയിക്കാനാവില്ല എന്ന കുഞ്ഞാലി മൂന്നാമന്റെ നിരീക്ഷണവും ശരിയായിരുന്നു.
കുഞ്ഞാലി മരയ്ക്കാർ നാലാമൻ
കുഞ്ഞാലി മൂന്നാമനുശേഷം മുഹമ്മദ് മരയ്ക്കാർ എന്ന കുഞ്ഞാലി മരയ്ക്കാർ നാലാമൻ കോട്ടയ്ക്കൽ കോട്ടയുടെ അധിപനും സാമൂതിരിയുടെ നാവിക പടത്തലവനുമായി. പോർച്ചുഗീസ് ശക്തി ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമുപയോഗിച്ചു സാമൂതിരിയെയും മരയ്ക്കാരെയും തമ്മിലടിപ്പിക്കാൻ ചാരന്മാരെയും നിയോഗിച്ചു. എന്തു വിട്ടുവീഴ്ച ചെയ്തും സാമൂതിരിയുമായി സൗഹൃദമുറപ്പിച്ച്, കുഞ്ഞാലിയെ ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യാൻ പോർച്ചുഗീസ് അധികാരികൾ തീരുമാനിച്ചു. ഒടുവിൽ സാമൂതിരിക്ക് പോർച്ചുഗീസ് ശക്തിയുമായി ഒരു ഉടമ്പടി ഉണ്ടാക്കേണ്ടി വന്നു.
1599ലെ ഉജ്വല വിജയം
പോർച്ചുഗീസ് ശക്തിയും സാമൂതിരിയുമായുള്ള ഉടമ്പടി പ്രകാരം മരയ്ക്കാർക്കെതിരെ യുദ്ധസന്നാഹങ്ങൾ തുടങ്ങി. കുഞ്ഞാലി നാലാമൻ ആക്രമണത്തെ ധീരമായി നേരിട്ടു. കുഞ്ഞാലിയുടെ പീരങ്കികൾ എതിരാളികളെ പിന്നോട്ടോടിച്ചു. പരാജയവാർത്ത ഗോവയിലെത്തിയതോടെ അധികാരികൾ പരിഭ്രാന്തരായി. വൈസ്രോയി കൗൺസിൽ വിളിച്ചുകൂട്ടി കുഞ്ഞാലി മരയ്ക്കാരെ നശിപ്പിക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. മരയ്ക്കാരെ നശിപ്പിക്കാൻ ആന്ദ്രേ ഫുർത്താഡോവിനെ മലബാറിലെ മുഖ്യ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
1600ലെ അവസാന യുദ്ധം
1600 മാർച്ച് ഏഴിന് പോർച്ചുഗീസ് – സാമൂതിരി സംയുക്ത സൈന്യം കോട്ടയ്ക്കൽ കോട്ട ഉപരോധിച്ചു. പൊരുതി ജയിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരയ്ക്കാർ, സാമൂതിരിയുമായി ചർച്ചയ്ക്കു തയാറായി. സ്വദേശിയായ തന്റെ തമ്പുരാന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും തലകുനിക്കാൻ മരയ്ക്കാർ തയാറായിരുന്നില്ല.
കുഞ്ഞാലി മരയ്ക്കാർ അനുയായികളോടൊപ്പം സാമൂതിരിയുടെ സമീപമെത്തി തന്റെ വാൾ രാജാവിനു സമർപ്പിച്ചു കൈ കൂപ്പി. പോർച്ചുഗീസുകാരുടെ ചതിപ്രയോഗം വീണ്ടും ആവർത്തിക്കപ്പെട്ടു. ബലം പ്രയോഗിച്ചു കീഴടക്കി എന്നു വരുത്തിത്തീർക്കാൻ ഫുർത്താഡോ ഓടിയെത്തി കുഞ്ഞാലി മരയ്ക്കാരെ പിടികൂടി. സാമൂതിരിയുടെ പടയാളികൾ ക്ഷുഭിതരായി പോർച്ചുഗീസുകാരെ ആക്രമിച്ചു കുഞ്ഞാലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഫുർത്താഡോ മരയ്ക്കാർ കോട്ട തകർത്തു. അങ്ങാടികളും കെട്ടിടങ്ങളും തീയിട്ടു.മാർച്ച് 25ന് മരയ്ക്കാരെയും അനുചരന്മാരെയുമായി ഫുർത്താഡോ ഗോവയിലേക്കു പോയി. ബന്ധനസ്ഥനായി തടവറയിൽ അടയ്ക്കപ്പെട്ടിട്ടും കുഞ്ഞാലി തലകുനിച്ചില്ല. വൈസ്രോയിയുടെ നിർദേശപ്രകാരം ജഡ്ജിമാർ വിചാരണ പ്രഹസനം നടത്തി. തലവെട്ടാനായിരുന്നു വിധി.
രക്തസാക്ഷിത്വം
വധശിക്ഷ നടപ്പാക്കുന്ന ദിവസം സ്ഥലത്ത് വൻ ജനക്കൂട്ടമൊഴുകിയെത്തി. മരയ്ക്കാരുടെ ധീരതയ്ക്കു മുന്നിൽ പോർച്ചുഗീസ് അധികാരികൾ അമ്പരന്നുപോയി. പോർച്ചുഗീസുകാർ അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും മൃഗീയമായി പെരുമാറി. മൃതദേഹം നാലായി വെട്ടിമുറിച്ച് ഗോവയിലെ പനജി കടപ്പുറത്തു പല ഭാഗങ്ങളിലായി തൂണുകളിൽ നാട്ടി. ആ പോരാളിയുടെ ശിരസ്സ് വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂരിൽ പരസ്യമായി മുളങ്കമ്പിൽ കുത്തിനിർത്തി പ്രദർശിപ്പിച്ചു. പോർച്ചുഗീസ് സാമ്രാജ്യത്തോടു പോരാടാൻ ഒരുമ്പെടുന്നവർക്കുള്ള ഒരു താക്കീതായിരുന്നു ഇത്.