ആരോപണങ്ങൾ അടിസ്ഥാനരഹിതം: പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണൻ

വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ചിത്രീകരണം തടസപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും അത്തരത്തിലുള്ള യാതൊരു പ്രവർത്തനവും ഫെഫ്കയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ മനോരമ ഓൺലൈനോട് പ്രതികരിച്ചു. 

തന്റെ ചിത്രം തടസ്സപ്പെടുത്താൻ ഉണ്ണികൃഷ്ണൻ ടെക്നീഷ്യൻമാരോട് ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു വിനയന്റെ ആരോപണം. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. 

ഈ മാസം 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. 2018 മാര്‍ച്ച് അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ജോയ് മാത്യു, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റോണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഉമര്‍ മുഹമ്മദാണ് തിരക്കഥ തയാറാക്കുന്നത്​.