മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ് ചിത്രം മാസ്റ്റർപീസിന്റെ പുതിയ പോസ്റ്റർ എത്തി. സിനിമയിൽ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ ആണ് പുറത്തുവന്നത്. ജോൺ തെക്കൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്.
ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസർ നവംബർ രണ്ടാംവാരം എത്തിയേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. എഡ്ഡി എന്ന എഡ്വേർഡ് ലിവിംഗ്സ്റ്റർ. കോട്ടയം കുഞ്ഞച്ചനും സംഘത്തിലെ കുട്ടപ്പായിയുമൊക്കെ തകർത്ത മീനച്ചിലാറിന്റെ തീരത്തല്ല ഇത്തവണ അച്ചായനിറങ്ങുന്നത് എന്ന് മാത്രം.
വേഷത്തിൽ അച്ചായൻ ട്രേഡ് മാർക്കായ ജുബ്ബയും മുണ്ടുമൊന്നുമില്ല. ക്യാംപസിലാണ് ഇത്തവണ അച്ചായൻ അരങ്ങ് ഒരുക്കുന്നത്. അതും ഏത് ന്യൂജനറേഷനോടും കിടപിടിക്കുന്ന അടിപൊളി സ്റ്റൈലിൽ. ചുരുക്കിപ്പറഞ്ഞാൽ മാസ്റ്റർ പീസിലെ എഡ്ഡി ഒരു ന്യൂജെൻ അച്ചായനാണ്.
പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന അജയ് വാസുദേവാണ്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ക്യാംപസിലേക്ക് എത്തുന്ന മമ്മൂക്ക തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റാകുന്നത്. അത് ന്യൂജനറേഷൻ കുട്ടികളോട് നേർക്ക് നേർ ഏറ്റുമുട്ടലാകുമ്പോൾ ഹരം ഇരട്ടിക്കുകയും ചെയ്യും.
നൂറു ദിവസത്തിന് മുകളിൽ ചിത്രീകരണ ദിവസങ്ങളും തെന്നിന്ത്യയിലെ അഞ്ച് ആക്ഷൻ കൊറിയോഗ്രാഫർമാർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ, ദിവ്യദർശൻ, മക്ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷമി ശരത്കുമാർ,പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണനിരക്കുന്നു.
ന്യൂജനറേഷൻ സ്റ്റൈലുകളിലൂടെ മമ്മൂട്ടിയുടെ അവതരണം ചിത്രത്തിന്റെ ഹൈലൈറ്റാണെങ്കിലും കുടുംബ പ്രേക്ഷകരുടെ പ്രീയങ്കരനായി മാറും എഡ്ഡിയെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സി.എച്ച് മുഹമ്മദ് പറയുന്നു. സ്‌നേഹമുള്ള സിഹം, മഴയെത്തും മുൻപേ എന്നീ ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകർ സ്‌നേഹിച്ച കോളജ് അധ്യാപകൻ ഒരിക്കൽക്കൂടി ഈ സിനിമയിൽ എത്തുക തന്നെ ചെയ്യും.
ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്ഡി. മാത്രമല്ല ക്യാംപസിലെ പൂർവ്വവിദ്യാർഥിയും. എഡ്ഡിയെ ക്യാംപസിലേക്ക് പ്രിൻസിപ്പൽ പ്രത്യേക താത്പര്യാർഥം ക്ഷണിച്ച് വരുത്തുന്നതാണ്. കാരണം ക്യാംപസിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രിൻസിപ്പലിന് അത്ര സമാധാനം നൽകുന്നതല്ല. ചേരി തിരിഞ്ഞ് സകല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന കോളജ് പയ്യൻമാർ പ്രിസൻസിപ്പലിന് തലവേദന തന്നെയാണ്. ഇവരെ ഒരുക്കണമെങ്കിൽ ഇവരേക്കാൾ വലിയൊരു റിബൽ ക്യാംപസിലേക്ക് എത്തണം. അതിനുള്ള പ്രിൻസിപ്പലിന്റെ ചോയിസാണ് എഡ്ഡി.
ക്യാംപസ് ജനറേഷൻ സകല സ്റ്റൈലുകളും ജാഡകളും തകർത്ത് കൊണ്ട് അവരേക്കാൾ ചെറുപ്പമായിട്ടാണ് എഡ്ഡിയുടെ ക്യാംപസിലേക്കുള്ള മാസ് എൻട്രി. തുടർന്നുള്ള സംഭവങ്ങളാണ് മാസ്റ്റർ പീസ് എന്ന സിനിമയിൽ പറയുന്നത്.