Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ മധു ചിത്രത്തിലൂടെ റാണ ദഗുബതി മലയാളത്തിലേയ്ക്ക്

rana-k-madhu

ബാഹുബലിയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി മാറിയ തെലുങ്ക് സൂപ്പർതാരം റാണ ദഗുപതി മലയാളത്തിലേയ്ക്ക്. ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കി കെ മധു ഒരുക്കുന്ന ചരിത്രസിനിമയിലൂടെയാണ് റാണയുടെ മലയാളത്തിലുള്ള അരങ്ങേറ്റം. 'അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ- കിങ് ഓഫ് ട്രാവൻകൂർ' എന്നാണ് ചിത്രത്തിന്റെ പേര്.

റാണ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താൻ അനിഴം തിരുനാൾ മാർത്താണ്ഡവർമയാകുന്നുവെന്നും സിനിമയുടെ പ്രി പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും റാണ ട്വിറ്ററിലൂടെ അറിയിച്ചു.

ഒരു വൈദേശിക ശക്തിയോട് കടൽ യുദ്ധത്തിൽ ഏറ്റുമുട്ടി വിജയം വരിച്ച ആദ്യ ഏഷ്യൻ രാജാവായാണ് ചരിത്രം മാർത്താണ്ഡവർമ്മയെ വാഴ്ത്തുന്നത്. ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ തോറ്റ ഡച്ചുകാരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ അവസാനം കൂടിയായി ഈ യുദ്ധം. കുളച്ചൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മാർത്താണ്ഡവർമ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂർത്തങ്ങൾ അനാവരണം ചെയ്യപ്പെടും.

മലയാളം ,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ പ്രഗൽഭരും പ്രശസ്തരുമായ ഒരു വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടാവും. ഒപ്പം ഹോളണ്ടിലെയും, യു.കെയിലെയും നടീനടൻമാരും ചിത്രത്തിൽ അണിനിരക്കും. ഇന്ത്യയിലെയും ഹോളിവുഡിലെയും പ്രഗൽഭരായ സാങ്കേതിക പ്രവർത്തകരാണ് അണിയറയിൽ.

വർഷങ്ങളുടെ ഗവേഷണങ്ങൾക്കു ശേഷം അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ- കിങ് ഓഫ് ട്രാവൻകൂർ എന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റോബിൻ തിരുമലയാണ്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. പീറ്റർ ഹെയ്ൻ ആക്​ഷൻ. തമിഴിലെയും തെലുങ്കിലെയും പ്രശസ്തനായ ക്യാമറാമാൻ ആർ.മാധിയാണ് ക്യാമറ . സംഗീതം ബാഹുബലിയിലൂടെ പ്രശസ്തനായ കീരവാണി നിർവഹിക്കുന്നു. എഡിറ്റിങ് ശ്രീകർ പ്രസാദ്.

ബാഹുബലി ഒന്നാം ഭാഗത്തിന് കലാസംവിധാനം നിർവഹിച്ച മനു ജഗത് ആണ് കലാസംവിധായകൻ. കെ.ജയകുമാറും ഷിബു ചക്രവർത്തിയും പ്രഭാ വർമ്മയുമാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രശസ്ത വി എഫ് എക്സ് കൺസൽറ്റന്റും , ത്രീഡി അനിമേറ്ററുമായ ജീമോൻ പുല്ലേലി ആണ് സാങ്കേതികപ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവ്വഹിക്കുന്നത്. മീഡിയ കണ്ടന്റ് കൺസല്‍ട്ടന്റ് പ്രസാദ് കണ്ണൻ.

മലയാള സിനിമയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ബൃഹത്തും ചെലവേറിയതുമായ ഈ ചരിത്ര സിനിമകളുടെ നിർമാണത്തിൽ ലോകപ്രശസ്തമായ ഇറ്റലിയിലെ സിനി സിത്തസ്റ്റുഡിയോയും മക്നാനാരിയം പ്രൊഡക്ഷൻ കമ്പനിയും പങ്കാളികളാകുന്നു. ഒപ്പം ഇന്ത്യയിലെ 5 ഭാഷകളിലെയും പ്രശസ്തരായ നിർമ്മാണ കമ്പനികളും കൈകോർക്കും. സെവൻ ആർട്സ് മോഹനനാണ് ലൈൻ പ്രൊഡ്യൂസർ.