Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയാളുന്ന ചരിത്രം; ‘പത്മാവതി’

padmavati-deepika

സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’ പ്രദർശനത്തിന് എത്തുന്ന ഡിസംബർ ഒന്നിന് ഭാരത് ബന്ദ് നടത്താനുള്ള രാജ്പുത് കർണിസേനയുടെ ആഹ്വാനത്തോടെ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി വീണ്ടും ചർച്ചയാകുന്നു.

രജപുത്ര ഇതിഹാസങ്ങളിലെ ഏറ്റവും ധീരവനിതകളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണു സംഘടന ചിത്രത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇവർക്കു പിന്തുണയുമായി ചില ബിജെപി എംഎൽഎമാരും രംഗത്തുണ്ട്. ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം സെൻസർ ബോർഡിന്റെ അനുമതിക്കായി നൽകിയിരിക്കുകയാണ്. ബോർഡ് അന്യായമായ കാലതാമസം വരുത്താത്തപക്ഷം ഡിസംബർ ഒന്നിനു രാജ്യമൊട്ടാകെ ചിത്രം പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി.

Padmavati | Official Trailer | 1st December | Ranveer Singh | Shahid Kapoor | Deepika Padukone

ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി 1303ൽ മേവാഡ് ആക്രമിക്കുകയും ഭരണാധികാരി റാവൽ രത്തൻ സിങ്ങിന്റെ ആസ്ഥാനമായ ചിത്തോസ് കോട്ട വളയുകയും ചെയ്തു. പിടിക്കപ്പെടുമെന്നായപ്പോൾ രാജപത്നി റാണി പത്മിനിയടക്കം കോട്ടയിലെ സ്ത്രീകളെല്ലാവരും തീയിൽ ചാടി ജീവനൊടുക്കുകയും പുരുഷന്മാർ എല്ലാവരും ഖിൽജിയോട് ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയും ചെയ്തു എന്നുള്ള ചരിത്രം രജപുത്രന്മാർ തങ്ങളുടെ പൈതൃകമായി കൊണ്ടാടുന്നതാണ്. ഇതിനെ അടിസ്ഥാനമാക്കി 1540ൽ സൂഫി കവി മാലിക് മുഹമ്മദ് ജയാസി അവധ് ഭാഷയിൽ ‘പത്മാവത്’ എന്ന ഇതിഹാസകാവ്യം രചിച്ചു. അതീവ സുന്ദരിയെന്നു പുകൾപെ‌റ്റ റാണിയെ സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഖിൽജിയുടെ ആക്രമണമെന്നു ‘പത്മാവത്’ പറയുന്നു.

റാണിക്കു സുൽത്താനോടു പ്രണയം ഉണ്ടായിരുന്നുവെന്നും റാണി കാണുന്ന സ്വപ്നത്തിന്റെ ഭാഗമായി ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് രാജ്പുത് കർണി സേന പ്രതിഷേധകോലാഹലം ഇളക്കിവിട്ടിരിക്കുന്നത്. ഹിന്ദു സംസ്കാരത്തെ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവർ പറയുന്നു.

Sanjay-Leela-Bhansali.jpg.image.784.410 സഞ്ജയ് ലീല ബൻസാലി

കേന്ദ്ര സർക്കാരും രാജസ്ഥാൻ, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാന സർക്കാരുകളും വിഷയത്തിൽ മൗനം പാലിക്കുമ്പോൾ ചിത്രം നിരോധിക്കണമെന്ന ആവശ്യമാണ് ഉത്തർപ്രദേശ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി എംഎൽഎമാരടക്കമുള്ള നേതാക്കളും രാജസ്ഥാനിലെ പ്രബല സമുദായമായ രജപുത്രരുടെ സംഘടനയെ പിന്തുണച്ചു രംഗത്തുവന്നു. എന്നാൽ, സംഘടന ആരോപിക്കുന്ന തരത്തിലുള്ള ഒരു രംഗവും ചിത്രത്തിൽ ഇല്ലെന്നു സംവിധായകനും നിർമാതാക്കളും ആവർത്തിച്ച് ഉറപ്പു നൽകുന്നുമുണ്ട്. എന്നിട്ടും ചിത്രീകരണത്തിനിടയിൽ ജയ്പുരിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മർദിക്കുകയും മഹാരാഷ്ട്രയിലെ കോലാപ്പുരിൽ സെറ്റിനു തീയിടുകയും ചെയ്യുന്നതടക്കം ആക്രമണങ്ങൾ നടന്നു.

ഏറ്റവുമൊടുവിൽ ബെംഗളൂരുവിലും ജയ്പുരിലുമടക്കം ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദർശിപ്പിച്ച സിനിമാ തിയറ്ററുകൾക്കു നേരെയും ആക്രമണം ഉണ്ടായി. പോസ്റ്ററുകൾ കത്തിച്ചതിനെതിരെ, റാണി പത്മിനിയായി അഭിനയിച്ച ദീപിക പദുക്കോൺ പ്രതികരിച്ചതിനെതിരെയും തീവ്രസംഘടനകൾ രംഗത്തുവന്നിരുന്നു. അതിനും ശേഷമാണ് ഇപ്പോൾ ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.

Giriraj-Singh.jpg.image.784.410 ഗിരിരാജ് സിങ്

സെപ്റ്റംബറി‍ൽ ഒരു ദേശീയ ചാനൽ നടത്തിയ ഒളിക്യാമറ അന്വേഷണത്തിൽ രാജ്പുത് കർണിസേനയുടെ നേതാവ് ആക്രമണം അവസാനിപ്പിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുക നൽകിയാൽ ചിത്രീകരണം സുഗമമായി നടത്താൻവേണ്ട സുരക്ഷ ഒരുക്കിക്കൊടുക്കാമെന്ന വാഗ്ദാനവും നൽകിയിരുന്നു.

ദീപിക പദുക്കോണിന്റെ മൂക്കു ചെത്തുമെന്ന് കർണി സേന

പത്മാവതി സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ മൂക്കു ചെത്തുമെന്നു ‘കർണി സേന’ രാജസ്ഥാൻ പ്രസിഡന്റ് മഹിപാൽ സിങ് മക്രാന. സിനിമ റിലീസ് ചെയ്താൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ തലവെട്ടുമെന്നാണു മറ്റൊരു ഭീഷണി. സംവിധായകൻ ബൻസാലിക്കും നടി ദീപിക പദുക്കോണിനും കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ബൻസാലിയുടെ മുംബൈ അന്ധേരിയിലെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ബൻസാലിയുടെ വീട്ടിലേക്കു പ്രതിഷേധ മാർച്ച് നടത്താൻ ജുഹുവിൽ സംഘടിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

padmavati

‘പത്മാവതിക്കു’ പ്രദർശനാനുമതി നൽകുന്നതിനു മുൻപു സംസ്ഥാനത്തെ ജനവികാരം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിനു കത്തയച്ചു. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ക്രമസമാധാനനില തകരുമോയെന്ന ആശങ്കയും രേഖപ്പെടുത്തി. 

∙ ‘ഹിന്ദുമതമല്ലാതെ മറ്റു മതങ്ങളെ ആസ്പദമാക്കി സിനിമയെടുക്കാനോ, അവയെക്കുറിച്ച് അഭിപ്രായം പറയാനോ സ‍ഞ്ജയ് ലീല ബൻസാലിക്ക് ചങ്കൂറ്റമുണ്ടോ? ബൻസാലിയെപ്പോലുള്ളവർ ഹിന്ദു ഗുരുക്കന്മാരെയും ദൈവങ്ങളെയും പോരാളികളെയും എപ്പോഴും സിനിമയാക്കുന്നു. ഇനി ഇതു നടപ്പില്ല.' - ഗിരിരാജ് സിങ് (കേന്ദ്രമന്ത്രി)

padmavathi

∙ ‘തീർത്തും ഭയാനകമായ അവസ്ഥയാണിത്. എവിടെയാണു നമ്മൾ എത്തിപ്പെട്ടിരിക്കുന്നത്; എങ്ങോട്ടാണു നമ്മുടെ രാജ്യം സഞ്ചരിക്കുന്നത്. ഒരു സിനിമയ്ക്കു വേണ്ടിയുള്ള പോരാട്ടമല്ലിത്; വലിയൊരു കാര്യത്തിനുവേണ്ടിയാണ്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.' - ദീപിക പദുക്കോൺ (ചിത്രത്തിലെ നായിക)

പത്മാവതി

ഭാഷ: ഹിന്ദി, രാജസ്ഥാനി

സംവിധാനം: സഞ്ജയ് ലീല ബൻസാലി

താരങ്ങൾ: 

ദീപിക പദുക്കോൺ (റാണി പത്മാവതി)

ഷാഹിദ് കപൂർ (റാവൽ രത്തൻ സിങ്)

രൺവീർ സിങ് 

(സുൽത്താൻ അലാവുദ്ദീൻ ഖിൽജി)

റിലീസ് തീയതി: 2017 ഡിസംബർ 1

ചെലവ്: 190 കോടി