ബ്രഹ്മാണ്ഡവാർത്തയെ ജനകീയമാക്കിയ മാധ്യമങ്ങൾക്ക് നന്ദി: കെ. മധു

rana-k-madhu

ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉടലെടുത്തപ്പോൾ തന്നെ ഇത് ചരിത്രത്തോട് പരമാവധി നീതിപുലർത്തുന്ന ഒന്നായിരിക്കണമെന്ന് എനിക്കും തിരക്കഥാകൃത്ത് റോബിൻ തിരുമലയ്ക്കും നിർബന്ധമുണ്ടായിരുന്നു. പലരുമായും ബന്ധപ്പെട്ട്, മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ചരിത്രരേഖകളും കഥകളും മിത്തുകളുമൊക്കെ ശേഖരിക്കുക എന്നതായിരുന്നു ഞങ്ങൾ ആദ്യം ചെയ്തത്.

ചരിത്രം എന്നും എഴുതപ്പെട്ടിട്ടുള്ളത് വിജയിയുടെ തൂലികയിലൂടെയാണെന്ന അഭിപ്രായമുള്ളതിനാൽ ഞങ്ങൾ പരാജിതരുടെ കണ്ണുകളിലൂടെയും മാർത്താണ്ഡവർമ്മയെ കാണുവാൻ ശ്രമിച്ചു. ഇന്ത്യയിലെ, തങ്ങളുടെ ആധിപത്യത്തിന് അറുതിവരുത്തിയ മാർത്താണ്ഡവർമ്മയെ ഡച്ചുകാർ എങ്ങനെ വിലയിരുത്തുന്നു എന്നറിയുവാൻ ഡച്ച് ആർക്കൈവ്സുകളിലും ഞങ്ങൾ പരതി. വിചാരിക്കാത്ത ഇടങ്ങളിൽ നിന്നൊക്കെ അമൂല്യമായ വിവരങ്ങൾ ലഭിച്ചു. ചരിത്ര പുസ്തകങ്ങളിലൂടെയും സി വി രാമൻ പിള്ളയിലൂടെയും അറിഞ്ഞതിനേക്കാളേറെ മഹത്വം മാർത്താണ്ഡവർമ്മ എന്ന പോരാളിയായ രാജാവിന് ഉണ്ടെന്ന് മനസ്സിലായി. അത് വരമൊഴിയിലാക്കാനായിരുന്നു ആദ്യ ശ്രമം.

ചിന്തിക്കുന്നത് ഉടനടി പ്രാവർത്തികമാക്കുന്ന സ്വഭാവമായിരുന്നു മാർത്താണ്ഡവർമ്മയുടേത്. ആ ആത്മാവിന്റെ അനുഗ്രഹമാകാം, കാര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ നടത്തിയെടുക്കുന്നതിന് ഞങ്ങളെ സഹായിച്ചത്. മാർത്താണ്ഡവർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണാ ദഗ്ഗുപതി, റസൂൽ പൂക്കുട്ടി (ശബ്ദ മിശ്രണം), കീരാവാണി (സംഗീതം), പീറ്റർ ഹെയ്‌ൻ (സ്റ്റണ്ട്), ശ്രീകർ പ്രസാദ് (എഡിറ്റിങ്), ആർ. മാദി (ക്യാമറ), കെ. ജയകുമാർ, പ്രഭാവർമ്മ, ഷിബു ചക്രവർത്തി (ഗാന രചന), മനു ജഗത് (കലാ സംവിധാനം), ജീമോൻ (വി എഫ് എക്സ്) അങ്ങനെ ഇന്ത്യൻ സിനിമാ രംഗത്ത്, സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരന്മാർ ഏറെ ചിന്തിക്കാതെ തന്നെ അവരുടെ സഹകരണം ഉറപ്പു നൽകി. എല്ലാത്തിനും മേൽനോട്ടം വഹിക്കുവാൻ, ലൈൻ പ്രൊഡ്യൂസറായി സെവൻ ആർട്സ് മോഹനുമെത്തി. കൂടാതെ, മലയാളത്തിലേയും തമിഴിലേയും പല പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നുണ്ട്.

ഈ സിനിമയെ പറ്റി ആദ്യമായി ഔദ്യോഗികമായി അറിയിച്ചത്, റാണാ ദഗ്ഗുപതിയായിരുന്നു, തന്റെ സ്വന്തം ട്വീറ്റർ അക്കൗണ്ടിലൂടെ. പിന്നീടത്, വിവിധ ഇന്ത്യൻ ഭാഷകളിലെ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു, സമൂഹ മാദ്ധ്യമങ്ങളും.

ഒരു ചലചിത്ര നിർമ്മാണത്തിലെ ആദ്യ പടവ് വിജയകരമായി പൂർത്തിയാക്കി, അതിന്റെ പ്രീപ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുന്ന ഈ നിമിഷത്തിൽ, ഞങ്ങളെ പലവിധത്തിലും സഹായിച്ച, ഈ സിനിമയെക്കുറിച്ചുള്ള വാർത്ത ആഘോഷമാക്കിയ, ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങളും, പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ഒരു വൻ വിജയമാക്കുവാൻ നിങ്ങളോരോരുത്തരും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.