പത്മാവതിക്ക് സംഭവിക്കുന്നത്

മാലിക് മുഹമ്മദ് ജയാസിയുടെ അവധ് ഭാഷയിലെ പത്മവത് എന്ന കാവ്യത്തിൽനിന്ന് ഇന്നത്തെ വിവാദ വിഷയമായ സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം പത്മാവതിയിലേക്കെത്തുമ്പോൾ, ചരിത്രത്തിൽ എവിടെയാണ് റാണി പത്മിനിയെ അടയാളപ്പെടുത്തിയത് എന്ന പരിശോധന പലരും നടത്തി. ചിത്തോറിലെ രാജാവായ രത്തൻ സെൻ, അദ്ദേഹത്തെ ആക്രമിച്ച ദില്ലി സുൽത്താൻ അലാവുദ്ദീൻ ഖിൽജി എന്നിവരുടെയൊക്കെ കഥകൾക്കിടയിൽ റാണി പത്മിനി അറിയപ്പെട്ടത്, ശത്രുവിന്റെ പിടിയിൽപ്പെടാതിരിക്കാൻ രജപുത്ര വനിതകൾ കാലങ്ങളായി അനുഷ്ഠിച്ചുപോരുന്ന ജൗഹർ എന്ന ജീവത്യാഗം കൊണ്ടാണ്. 

ചിതയൊരുക്കി ജീവനൊടുക്കുന്നതാണ് ജൗഹർ. കീഴടങ്ങാതെ ജീവനൊടുക്കിയ ധീരവനിത ആയാണ് സ്‌കൂൾ പാഠപുസ്തകങ്ങൾ പോലും റാണി പത്മിനിയെ വരച്ചിട്ടത്. പക്ഷേ ചരിത്രത്തിൽ പത്മിനി എന്ന റാണിയുടെ വേരുകൾ ചികഞ്ഞു ചെന്നാൽ ബുദ്ധിമുട്ടാകും. സിംഹള രാജകുമാരിയായിരുന്ന പത്മിനിയെ ചിത്തോർ രാജാവ് ഒരു യുദ്ധത്തിലൂടെ കൈവശപ്പെടുത്തിയാണ് ചിത്തോറിലേക്കു മഹാറാണിയാക്കി കൊണ്ടുവന്നതെന്നാണ് കഥ. ഇതിനെല്ലാം ആധാരം മാലിക് മുഹമ്മദ് ജയാസിയുടെ കാവ്യവും. പിന്നീട് പത്മാവതിയെ മുൻ നിർത്തി നിരവധി സാഹിത്യ-കലാ രൂപങ്ങളുണ്ടായി. പക്ഷേ എന്തുകൊണ്ട് ഇപ്പോൾ സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതി ചോദ്യം ചെയ്യപ്പെടുന്നു?

ചിത്രത്തിൽ പത്മാവതിയായി അഭിനയിച്ച ദീപികയുടെയും ബൻസാലിയുടെയും തല കൊയ്യുന്നവർക്ക് ഒരു കോടി രൂപയാണ് രജപുത്ര സഭ ഇനാം പ്രഖ്യാപിച്ചതായി വാർത്തകൾ വന്നത്. ആവിഷ്കാര സ്വാതന്ത്ര്യം ചർ‌ച്ചയാവുമ്പോൾത്തന്നെ, മിത്തിനോടുള്ള വിശ്വാസത്തിന്റെ പ്രശ്നമുണ്ടെന്നും വാദിക്കുന്നുണ്ട് ഒരു വിഭാഗം. പക്ഷേ എണ്ണിയാലൊടുങ്ങാത്ത പുരാണ കഥാപാത്രങ്ങൾക്ക് സിനിമയിലും സാഹിത്യത്തിലും ഉടച്ചു വാർക്കൽ നടന്ന ഭാരതത്തിൽ പത്മാവതിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നത്? പ്രമുഖ സിനിമാ പ്രവർത്തകർ പ്രതികരിക്കുന്നു :

ജോയ് മാത്യു (നടൻ, സംവിധായകൻ)

ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തുന്നത് എല്ലാക്കാലത്തും എല്ലാ ഭരണകൂടങ്ങളും ചെയ്തിട്ടുണ്ട്. അത് ബിജെപി ഭരണകൂടത്തിന്റെയോ അതുമായി ബന്ധപ്പെട്ട തീവ്ര ഹൈന്ദവവാദികളുടെയോ മാത്രം പ്രശ്നമല്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കിസ്സാ കുർസികാ എന്ന സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ കാസിറാം കുത്വാളിന്റെ (kashiram kuthwal ) നാടകത്തിനു വിലക്കുണ്ടായിരുന്നു. നായനാർ സർക്കാർ ഭരിക്കുമ്പോഴാണ് കെ.ജെ. ബേബിയുടെ ‘നാടുഗദ്ദിക’ എന്ന നാടകത്തിനു വിലക്കേർപ്പെടുത്തിയത്. ആദിവാസികളുടെയും കർഷകരുടേയുമൊക്കെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്ന ഒരു തെരുവു നാടകമാണ് അതെന്നോർക്കണം. അതുപോലെ പി.എം. ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം. സാത്താനിക്ക് വേഴ്‌സസ് എഴുതിയ സൽമാൻ റുഷ്ദിയുടെ തലവെട്ടിക്കളയുമെന്ന ഭീഷണിയുണ്ടായിട്ടില്ലേ? എം.എഫ്. ഹുസൈന്റെ ചിത്രങ്ങൾക്ക് അന്നത്തെ ഹൈന്ദവ സംഘടനകൾ വിലക്കേർപ്പെടുത്തുകയും ഭീഷണി മുഴക്കുകയും അദ്ദേഹത്തെ ഒരർഥത്തിൽ നാടു കടത്തുകയും ചെയ്തിരുന്നു. അങ്ങനെ നോക്കുമ്പോൾ എല്ലാക്കാലത്തും ഇത്തരം വിലക്കുകൾ ഉണ്ടായിട്ടുണ്ട്.

സ്വാതന്ത്ര്യത്തിനെതിരെ പടവാളെടുക്കുന്ന, ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്ന ഒരു ഭരണകൂടമുഖം എല്ലാക്കാലത്തും മനുഷ്യർ നേരിട്ടിട്ടുള്ളതാണ്. പെരുമാൾ മുരുകന്റെ കഥയും വ്യത്യസ്തമല്ലല്ലോ. അതുകൊണ്ടു പത്മാവതി പോലെയുള്ള സിനിമകളോടുള്ള പ്രതിഷേധത്തെ ആ അർഥത്തിൽ കണ്ടാൽ മതിയാകും. ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് സെൻസർ ബോർഡാണെന്നു ഹൈക്കോടതി പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു കലാകാരനും പ്രത്യാശ നൽകുന്നതാണ്. എന്നാൽ അതിന്റെ ഭവിഷ്യത്തുമുണ്ട്. ബോർഡ് അംഗങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ചായിരിക്കും ഇനി കാര്യങ്ങൾ. സ്വാഭാവികമായും സർക്കാർ തങ്ങളുടെ അനുകൂലികളെ ബോർഡിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. അങ്ങനെ വരുമ്പോൾ, ചിത്രങ്ങൾ അവരുടെ കാഴ്ചപ്പാടുകൾക്ക് അനുകൂലമല്ലെന്നു തോന്നിയാൽ സിനിമയ്ക്ക് അംഗീകാരം നൽകാതിരിക്കാം. ചോദ്യം ചെയ്യാൻ കോടതിയിൽ പോകാനും പറ്റില്ലല്ലോ. എന്തിനാണ് ഇവിടെ സിനിമയ്ക്കു മാത്രമായി ഒരു സെൻസർ ബോർഡ്, മറ്റൊരു കലാ രൂപത്തിനും ഇല്ലാത്തത്? ഞാൻ ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസക്കാരനല്ല എന്നതാണ് സത്യം.

ഡോ. ബിജു

പത്മാവതി എന്നത് ഒരു ആൾക്കൂട്ടത്തിന്റെ പ്രശ്നമാണ്. ആൾക്കൂട്ടം ഒന്നിച്ച് ഭീഷണിപ്പെടുത്തുന്ന അവസ്ഥ. സനൽകുമാറിന്റെ എസ് ദുർഗയുടെ വിഷയത്തിൽ എതിർഭാഗം നിന്നത് സർക്കാർ ആയിരുന്നു, അതിനു കോടതിയിലൂടെ മാത്രമേ പരിഹാരവും കാണാൻ സാധിക്കൂ. സർക്കാരിനും മത വാദികൾക്കും അനുകൂലമായി സിനിമയെടുത്താലേ പ്രദർശനാനുമതി ലഭിക്കൂ എന്നത് ക്രൂരമാണ്. ചലച്ചിത്ര മേളകൾ കൈപ്പിടിയിലാക്കുന്ന സർക്കാരിന്റെ ഒരു ഇടപെടൽ ആണ് എസ്  ദുർഗയ്ക്ക് നേരെ ഉണ്ടായത്. ഇതിനു മുൻപും പല സിനിമകളും ഇതുപോലെ നിരോധിച്ചിട്ടുണ്ട്, പക്ഷേ ഇത്തരം സന്ദർഭങ്ങളിൽ നിയമം കൂടെ നിൽക്കും, ആ വഴിയാണ് അഭികാമ്യവും. പക്ഷേ പത്മാവതിയുടെ വിഷയത്തിൽ നിയമത്തിനോ ഒരു ഏജൻസിക്കോ ഒന്നും ചെയ്യാനാകില്ല, പൊതുജന ബോധവും കാര്യ ഗൗരവവും സാമൂഹിക ബോധവും വർധിക്കുക തന്നെ വേണം. ഒരു സിനിമ പൊതുനിരത്തിൽ തടയുക എന്ന് പറയുന്നത് അപടകരമായ ഒരു സാഹചര്യമാണ്. തലവെട്ടി കളയുക തുടങ്ങിയ തുറന്ന ഭീഷണികളും ഇപ്പോൾ അവർക്കെതിരെ നിലനിൽക്കുന്നുണ്ട്. അതുപോലെ തിയേറ്റർ കത്തിക്കും എന്ന് പറയുക, അതൊരു കലാപ ആഹ്വാനമാണ്. അതു ശരിയല്ലല്ലോ. ഇവിടെ അധികാരികളുടെയും മൗനാനുവാദത്തോടെയാണ് നടക്കുന്നത് എന്നതു ദുഃഖകരമാണ്.

കലാപ പരമായല്ല പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടത്. കലാകാരന്മാരും സാംസ്കാരിക നായകന്മാരും ഒപ്പം നിൽക്കണം. പത്മാവതി ഇതുവരെ സെൻസർബോർഡ് പോലും കണ്ടിട്ടില്ല എന്നാണു അറിയുന്നത്, അതിന്റെ സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല. ഒരു സിനിമ കാണാതെ അതിനെതിരെ എന്തു പുറപ്പാടാണ് നടത്തുന്നത്. മറ്റു രാജ്യങ്ങൾ എല്ലാത്തിലും മുന്നോട്ടു കുതിക്കുമ്പോൾ ഇന്ത്യ പിന്നോട്ടു നടക്കുന്നത് പോലെയാണ് തോന്നുന്നത്.

സുവീരൻ (സംവിധായകൻ)

റാണി പത്മിനിയെക്കുറിച്ച് പഠിക്കുന്ന കാലത്ത് കേട്ട അറിവാണ്. ഒരു വിശ്വാസത്തെ ഭേദിക്കുന്ന പ്രശ്നം ഉണ്ടാകുമ്പോൾ പണ്ട് മുതലേ ഉള്ളതാണ് ആളുകൾ പ്രതിഷേധവുമായി ഇറങ്ങുക എന്നത്. ചരിത്രത്തെയോ ഇതിഹാസത്തെയോ പുനരാവിഷ്കരിക്കുക എന്നത് കലാകാരന്റെ ധർമമാണ്. ശകുന്തളയും ദുഷ്യന്തനും ചന്തുവും ഉണ്ണിയാർച്ചയുമൊക്കെ ഇത്തരത്തിൽ നിരവധി തവണ തിരുത്തി എഴുതപ്പെട്ടവരാണ്. കലാകാരൻ ഒരിക്കലും ചരിത്ര ഗവേഷകനല്ല, ചരിത്രത്തെ അതേപോലെ പറഞ്ഞു വയ്ക്കാൻ. അയാൾ സ്രഷ്ടാവാണ്. അയാൾ ചരിത്രത്തെ വ്യാഖ്യാനിക്കുന്ന ആളാണ്, അയാളെ തടയാൻ ആരെക്കൊണ്ടും കഴിയില്ല, കെട്ടിയിടാനോ കൊന്നു കളയാനോ കഴിഞ്ഞേക്കാം. പത്മാവതി കേരളത്തിൽ പ്രദർശിപ്പിക്കണം, കേരളത്തിലെ ജനങ്ങൾ ആ ചിത്രത്തെ സംരക്ഷിക്കും എന്നാണു ഞാൻ കരുതുന്നത്. ഒരു രാജ ചരിത്രം പറയുമ്പോൾ കലാകാരൻ പറയുന്നത് ആ കഥയിലെ ഹൃദയബന്ധങ്ങളെ കുറിച്ചാണ് അല്ലാതെ സാങ്കേതികമായി വർഷമോ ചരിത്രമോ ഒന്നുമല്ല, അയാൾ അതിലെ രാഷ്ട്രീയ വശമല്ല, സൗന്ദര്യവശമാണ് കാണുക.

പത്മാവതിയിൽ എന്താണ് ചെയ്തിരിക്കുന്നത് എന്നറിയില്ല, പക്ഷേ അതിൽ പ്രണയത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിൽ അതു നല്ലതല്ലേ! പ്രണയം എന്നാൽ അവനവന്റെ ഈഗോ നഷ്ടപ്പെട്ടു മറ്റൊരാളെ കൂടി കെയർ ചെയ്യാൻ തുടങ്ങുന്ന ഒരു അനുഭവമാണ്. അത് ഏറ്റവും മനോഹരമായ ഒരു വികാരം തന്നെയാണ്. റാണി പത്മിനിയുടെ ചരിത്രത്തെ സംവിധായകൻ വ്യാഖ്യാനിക്കുന്നത് ഇവിടെ പ്രണയം കൊണ്ടാണെങ്കിൽ അതൊരു മഹത്തായ സംഭവം ആയി ഞാൻ കാണുന്നു. പ്രത്യേകിച്ചും ബൻസാലിയെ പോലെ ഒരാൾ അതു ചെയ്യമ്പോൾ. ഞാൻ അത് കാണാൻ കാത്തിരിക്കുകയാണ്.

ഈ വിവാദം ചർച്ച ചെയ്യപ്പെടേണ്ടത് പോലുമല്ല, തമാശയായി തള്ളിക്കളയുകയാണ് നല്ലത്. സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു കലാരൂപം നന്മയ്ക്ക് വിരുദ്ധമായിരിക്കുമെന്നു കരുതേണ്ടതില്ല.

പ്രിയനന്ദനൻ (സംവിധായകൻ)

ചരിത്രത്തെ സിനിമയാക്കുമ്പോൾ അതിൽ ഉറപ്പായും സംവിധായകന്റെ വ്യാഖ്യാനം ഉണ്ടാവും. ഒരു മതത്തിലുള്ളവർ, വിശ്വാസത്തിലുള്ളവർ അവരുടെ ഇഷ്ടത്തിനുമാത്രമേ എല്ലാം ഉണ്ടാകാവൂ എന്നു പറയുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഫാഷിസത്തിന്റെ അതി ഭീകരമായ കടന്നു കയറ്റമാണ് പത്മാവതി എന്ന ചിത്രത്തിന് നേരെ ഉണ്ടായിരിക്കുന്നത്. നമ്മൾ ഒരാളെ എങ്ങനെ കണ്ടെത്തുന്നു, അയാളെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിന് ഉത്തരം മറ്റൊരു കലാരൂപം കൊണ്ടാണ് നൽകേണ്ടത്, ഭീഷണി കൊണ്ടല്ല. പുലിജന്മം ഞാൻ ചെയ്തപ്പോൾ അതിൽ ചരിത്രത്തിൽ പല കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്, പലതും ഒഴിവാക്കി, അതൊക്കെ സംവിധായകന്റെ ആവിഷ്കാര സ്വാതന്ത്ര്യം തന്നെയാണ്. എംടി എത്രയോ കഥാപാത്രങ്ങളെ പുനർ വ്യാഖ്യാനം നടത്തിയിരിക്കുന്നു.

രാവണൻ എങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അതിനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്, ആ സ്വാതന്ത്ര്യത്തെ ജാതി-മത ചിന്തകൾ കൊണ്ട് ഭേദിക്കരുത്. ശിവനെ കുറിച്ച് ഞാനൊരു സിനിമയെടുത്താൽ അതിൽ ഗംഗയുടെ ശിവനോടുള്ള പ്രണയത്തെ കുറിച്ച് പറയാൻ പാടില്ല, പാർവതിയെക്കുറിച്ചു മാത്രമേ പറയാൻ പാടുള്ളൂ എന്ന് വന്നാൽ ശരിയാകുമോ? ഞാൻ വായിച്ചെടുക്കുന്ന കഥ ഒരുപക്ഷെ ഗംഗയുടെ പ്രണയമാകും. അത് ഓരോരുത്തരുടെ വായനയെ അനുസരിച്ചിരിക്കും. കേരളത്തിലും വലിയ മാറ്റങ്ങളൊന്നും ഇല്ല. എന്റെ പാതിരാക്കാലത്തിന്റെ രണ്ടു പോസ്റ്ററുകളാണ് ന്യൂഡ് ആണെന്ന പേരിൽ സെൻസർ ബോർഡ് ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. അത് ഒരു മനുഷ്യന്റെ അവസ്ഥയാണ്, അതിനെ വ്യക്തമാക്കാൻ കഴിയാതെ പോകുന്ന അവസ്ഥയാണ് ആ ആവശ്യത്തിലൂടെ ഉണ്ടായത്. ഇതിനൊക്കെ എതിരെ പ്രതിഷേധങ്ങൾ ഉണ്ടാകണം എന്നാണു എനിക്ക് പറയാനുള്ളത്.

പണ്ട് നിർമ്മാല്യം സിനിമയിൽ പി ജെ ആന്റണി അവതരിപ്പിച്ച ആ കഥാപാത്രം ഇന്നത്തെ കാലത്തു എത്രത്തോളം സ്വീകരിക്കപ്പെടും എന്ന കാര്യത്തിൽ സംശയമുണ്ട്. അയാളെ ക്രിസ്ത്യൻ ആയി മാത്രം കാണുന്ന രീതിയിലേക്ക് നമ്മളൊക്കെ മാറിപ്പോകുന്നുണ്ട്. എല്ലാ മനുഷ്യരും ജാതി പറയുകയും ജാതി ചിന്തിക്കുകയും ചെയ്യുന്ന അവസ്ഥ വിഷമകരമാണ്.

പ്രകാശ് ബാരെ (സംവിധായകൻ, നടൻ, നിർമാതാവ്)

നിയമപരമായി ഇത്തരം രീതികളിൽ ആർക്കും ഒരു സിനിമയ്‌ക്കെതിരെയും ഒന്നും ചെയ്യാനാകില്ല, കാരണം നമ്മുടെ ഭരണഘടന അങ്ങനെയാണ്. അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഭരണഘടനയെത്തന്നെ പലപ്പോഴും സെൻസർ ബോർഡ് ചോദ്യം ചെയ്യുന്നുണ്ട്. നമ്മുടെ കുട്ടികളെ സംരക്ഷിക്കാനാണ് എന്നൊക്ക പറയുമ്പോഴും അവരുടെ രാഷ്ട്രീയം സംരക്ഷിക്കുക എന്നതാണ് പ്രധാനം. അത് എല്ലാക്കാലത്തും തുടർന്നു പോരുന്ന സംഗതിയുമാണ്. പക്ഷേ ഇപ്പോൾ എസ്  ദുർഗ്ഗയുടെ കാര്യത്തിൽ, സെൻസർ ബോർഡ് അംഗീകരിച്ച സിനിമ ഫെസ്റ്റിവലുകളിൽ പോലും പ്രദർശിപ്പിക്കില്ല എന്നു പറയുന്നിടത്തു വരെ എത്തുന്നു കാര്യങ്ങൾ. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടു ചോറ് വാങ്ങുന്ന പോലെ ഒരു അവസ്ഥയാണിത്. ബീഫിന്റെ പേരിൽ ആളെ കൊല്ലുന്നതും ഒരു കഥാപാത്രത്തിന്റെ പേരിൽ തിയേറ്റർ കത്തിക്കുന്നതും ഒക്കെ ഒരുതരത്തിൽ ചില സത്യങ്ങളെ മൂടി വയ്ക്കലാണ്. 

നമ്മുടെ നാട് നേരിടുന്ന തൊഴിലില്ലായ്മ പോലെയുള്ള എത്രയോ കാര്യങ്ങൾ നമ്മൾ ചർച്ച ചെയുന്നതേയില്ല! സഹിഷ്ണുത എന്നൊക്കെ നമ്മൾ അഭിമാനിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കൈമോശം വരുന്നത്. എത്ര കാലം കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെന്ന് നമുക്ക് അഭിമാനിക്കാൻ കഴിയും എന്നറിയില്ല. ഇപ്പോൾ എസ് ദുർഗ വാർത്തയിൽ ഇടം പിടിച്ചത് പോലും അതിന്റെ കഥ ആരും കണ്ടതുകൊണ്ടല്ല, അതിന്റെ പേര് മാത്രം വച്ചു കൊണ്ടാണ്. കലയുടെ കാമ്പ് കാണാതെ വെറുതെ പേരിന്റെ പുറത്തോ ഊഹത്തിന്റെ പുറത്തോ ചർച്ചകൾ ഉണ്ടാകുന്നത് നല്ലതല്ല.