ബോളിവുഡ് സംവിധായകൻ അജോയ് വർമയുടെ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിൽ തുടങ്ങി. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കും. മേയ് മാസത്തിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇൗ വർഷം റിലീസ് ചെയ്യുന്ന ആദ്യ ലാൽ ചിത്രവും ഇതായിരിക്കുമെന്ന് നിർമാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചു.
ലാലിനു പുറമേ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, സായ്കുമാർ, പാർവതി നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ സാജു തോമസാണ് തിരക്കഥ.
ഒരു നടനെന്ന നിലയിൽ ഏറെ കൗതുകം തോന്നിയ ഒരു സബ്ജക്റ്റിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം എന്നാണ് ചിത്രത്തെക്കുറിച്ച് മോഹൻലാൽ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകരും സൂചന നൽകുന്നുണ്ട്.
ചിത്രത്തിന്റെ സ്വിച്ച് ഒാൺ സർഫറോഷ് ഉൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ ജോൺ മാത്യു മാത്തൻ നിർവഹിച്ചു. നിർമാതാവ് സന്തോഷ് ടി. കുരുവിള, എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ സന്ദീപ് നാരായണൻ, അരുൺ സി. തമ്പി തുടങ്ങിയവർ പങ്കെടുത്തു.
ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിത്. മൈ വൈഫ്സ് മർഡർ ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് തന്നെയായിരിക്കും ഇൗ ചിത്രത്തിന്റെയും എഡിറ്റർ.
സംവിധായകനു പുറമേ പ്രധാന അണിയറ പ്രവർത്തകരും ബോളിവുഡിൽനിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റുസ്തം, റൗഡി റാത്തോർ, ക്രിഷ്, ജയ് ഹോ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ക്യാമറ നിർവഹിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാൻ.
മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ മെയ്ക്കപ്പ് സൈ്റ്റലിസ്റ്റ് സെറീന ടെക്സീറ (3 ഇഡിയറ്റ്സ്, രംഗ്ദേ ബസന്തി, ധൂം). ഗോൽമാൽ എഗൈൻ, സിംഗം റിട്ടേൺസ്, ദിൽവാലെ തുടങ്ങിയ സിനിമകളിലെ ആക്ഷൻ മാസ്റ്റർ സുനിൽ റോഡ്രിഗസ് ആക്ഷൻ കൈകാര്യം ചെയ്യും. സൗണ്ട് ഡിസൈനിങ് അരുൺ നമ്പ്യാർ (രാഞ്ചന, ഫിൽമിസ്ഥാൻ). വിഎഫ്എക്സ്- ആഫ്റ്റർ (ലക്നൗ സെൻട്രൽ, സർക്കാർ 3). ടോയ്ലറ്റ് ഏക് പ്രേം കഥ, സത്യഗ്രഹ, ഫോഴ്സ് 2 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഉദയ് പ്രകാശ് സിങ്ങാണ് ആർട്ട് ഡയറക്ടർ. കോസ്റ്റ്യം ഹിമാൻഷി നിജാവൻ. ലൈൻ പ്രൊഡ്യൂസർ പീപ്പ്ലി ലൈവ്, റയീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വിനോദ് ഉണ്ണിത്താൻ. ചീഫ് അസോസിയേറ്റ് ദിനിൽ ബാബു. സുഭാഷ് ഗയുടെ വിസിൽ വുഡ് ഫിലിം സ്കൂൾ പ്രൊഡക്റ്റ്സുകളായ സ്വാതി മിത്തൽ, പ്രേക്ഷ അഗർവാൾ എന്നിവരാണ് അസിസ്റ്റന്റ്്സ്.
മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.