പൃഥ്വിരാജിന്‍റെ ലംബോര്‍ഗിനി കാറുമായി ബന്ധപ്പെട്ട് അമ്മയുമായ മല്ലിക സുകുമാരന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മല്ലിക സുകുമാരനെ വിമർശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് മല്ലിക സുകുമാരന്റെ കുടുംബസുഹൃത്തും സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറുമായ സിധു പനക്കൽ പ്രതികരിക്കുന്നു.
സിധുവിന്റെ കുറിപ്പ് വായിക്കാം–
ഒരാൾ സമ്പന്നനാകുന്നത് നേരായ വഴിയിലാണെങ്കിൽ തെറ്റാണെന്നു പറയാൻ പറ്റില്ല. ആർക് ലൈറ്റുകളുടെ മുന്നിൽ കഠിനമായി അധ്വാനിച്ചു, അഭിനയിച്ചുണ്ടാക്കിയ പണം അനാവശ്യ ചിലവുകൾ ഒഴിവാക്കിയും ബുദ്ധിപരമായ രീതിയിൽ ഇൻവെസ്റ്റ് ചെയ്തുമാണ് സുകുമാരൻ സാർ സമ്പന്നനായത്.
49ാം വയസിൽ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വേർപാടിൽ ആ കുടുംബം ഉലയാതെ നിന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലവും ആ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്നത് സ്വാഭാവികമാണ്.
ഇനി കാര്യത്തിലേക്കു വരാം മല്ലികച്ചേച്ചി അവർക്കു ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ കാറുകളെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്.
ഞാൻ സാറിന്റെ കൂടെ കൂടുമ്പോൾ അംബാസിഡർ, ബെൻസ് എന്നീ കാറുകളുണ്ട്. പിന്നാലെ മാരുതി വന്നു. ഇന്ദ്രനും രാജുവും ചെറിയകുട്ടികളാണ്. ചേച്ചി ഡ്രൈവ് ചെയ്തു അവരെ സ്കൂളിൽ വിടും. സർക്കാരിന് കൃത്യമായി ടാക്സ് കൊടുക്കുന്ന ഏതൊരാൾക്കും ചോദിക്കാവുന്ന പറയാവുന്ന കാര്യം തന്നെയാണ് ചേച്ചിയും പറഞ്ഞത്.
സർക്കാരിന് കൊടുക്കാനുള്ള ടാക്സ് വെട്ടിക്കുകയോ വണ്ടികൾ അന്യനാട്ടിൽ റജിസ്റ്റർ ചെയ്തു ലാഭം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല അവർ. ചേച്ചി ചോദിച്ച ഈ ചോദ്യങ്ങൾ സമൂഹത്തിൽ നിന്നുയരേണ്ടതാണ്. റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ചാനലുകൾ പരമ്പരതന്നെ ടെലികാസ്റ്റ് ചെയ്യാറുള്ളത് നമ്മൾ മറന്നുപോകരുത്.
മെയിൻ റോഡുകളുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഡ്രൈവിങിനെ പറ്റിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത്. അപ്പോൾ അവരുടെ കാറുകളെ പറ്റി പറയുന്നത് സ്വാഭാവികം. പിന്നെ പലർക്കും അറിയാത്ത ഒരു കാര്യം ആ ഇന്റർവ്യൂ ഒരു ചോദ്യം ഉത്തരം പരിപാടിപോലെയാണ് ചോദ്യം അവർ കാണിക്കുന്നില്ലെന്നു മാത്രം.
സാറിന്റെയും ചേച്ചിയുടെയും മനസിന്റെ നന്മയെ കുറിച്ച് ഞാൻ പറയാം. ഞാൻ സാറിന്റെ കൂടെ കൂടിയപ്പോൾ അദ്ദേഹത്തിന്റെ പടത്തിന്റെ ജോലികൾ ഏൽപ്പിക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൗകര്യം തന്നു. അദ്ദേഹത്തോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു. ദൂരെ വിളിപ്പുറത്തു എവിടെയെങ്കിലും നിൽക്കേണ്ട യോഗ്യതയെ ഞാൻ ആരും അല്ലാതിരുന്ന ആ കാലത്ത് എനിക്കുണ്ടായിരുന്നുള്ളു. എന്നിട്ടും സാറും ചേച്ചിയും എന്നോട് കരുണകാട്ടി. കരുണയായിരുന്നില്ല നിറഞ്ഞ സ്നേഹം.
സാറും ചേച്ചിയും ഇന്ദ്രനും രാജുവും അടങ്ങുന്ന ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു ഞാനും. ഇന്നും ഞാനും ഭാര്യയും മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നു ആ കുടുംബങ്ങളുടെ സ്നേഹം. ചേച്ചിയെ പരിചയം ഉള്ളവർക്കറിയാം ആ സ്നേഹവും കാരുണ്യവും. ട്രോൾ ഒരു തൊഴിൽ ആക്കിയിരിക്കുന്നവർക്കു മാനുഷീക മൂല്യങ്ങൾ നോക്കേണ്ട കാര്യമില്ലല്ലോ. ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.