Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ സ്വന്തം സിനിമയ്ക്ക് വിളക്ക് കൊളുത്തിയത് ഇവർ

9-movie

പൃഥ്വിരാജിന്റെ ആദ്യ സ്വതന്ത്ര നിര്‍മാണ സംരംഭമായ നയൻ (9) സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് സോണി പിക്ചേഴ്സ് റിലീസിങ് ഇന്‍റര്‍നാഷനലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രം ജെനുസ് മുഹമ്മദാണ് സംവിധാനം ചെയ്യുന്നത്. ചില പ്രത്യേകതകളോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രീകരണത്തിനു ഭദ്രദീപം കൊളുത്തിയത് പൃഥ്വിയുടെ ഡ്രൈവര്‍ രാജനും മേക്കപ്പ്മാന്‍ പ്രമോദും ചേര്‍ന്നായിരുന്നു.

ഡ്രൈവര്‍ രാജന്‍ പത്താം ക്ലാസ് മുതൽ പൃഥ്വിരാജിനൊപ്പമുണ്ട്; പ്രമോദ് അതിനും മുമ്പു തന്നെയും. പ്രൊഡക്‌ഷന്‍ കണ്‍ട്രോളറായിരുന്ന സിദ്ധു പണക്കലിന്‍റെ മരുമകന്‍ കൂടിയാണ് പ്രമോദ്. പൃഥ്വിരാജിന്‍റെ കുട്ടിക്കാലം മുതല്‍ സുകുമാരന്‍ ഫിലിം ഹൗസിന്റെ ഭാഗമായിരുന്നു സിദ്ധുവും കുടുംബവും.

9-movie-1

വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായി നിര്‍മാണ സംരംഭം ആരംഭിക്കുമ്പോള്‍, തന്‍റെ വഴികളിലെല്ലാം കൂടെയുണ്ടായിരുന്ന ഇവർ ഇരുവരെയും പൃഥ്വിരാജ് ഒപ്പം നിർത്തുന്നു.

ദുൽഖറിനെ നായകനാക്കി 100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രം സംവിധാനം ചെയ്താണ് ജെനുസ് മലയാളസിനിമയിലെത്തുന്നത്. സയൻസ് ഫിക്‌ഷൻ ഗണത്തിൽപ്പെടുന്ന ചിത്രമാണ് നയൻ. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാൻ റഹ്മാൻ. എഡിറ്റർ ഷമീർ മുഹമ്മദ്. ആർട് ഗോകുൽ ദാസ്. പശ്ചാത്തലസംഗീതം ശേഖർ മേനോ‍ൻ. വസ്ത്രാലങ്കാരം സമീറ സനീഷ്.

മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരം സിനിമയായിരിക്കും നയനെന്ന് പൃഥ്വി പറയുന്നു. സിനിമയിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഹിമാചൽ പ്രദേശ് ആകും പ്രധാനലൊക്കേഷൻ.

ചിത്രത്തിന്‍റെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.