താരോൽവസമായ വേദിയിൽ ആരാധകർക്കു മറക്കാനാവാത്ത അനുഭവമായിരുന്നു ‘അമ്മ മഴവില്ല്’ മെഗാഷോ. ഇപ്പോഴിതാ പരിപാടിയുടെ മുഴുവൻ വിഡിയോ മഴവിൽ മനോരമ പുറത്തുവിട്ടു. പരിപാടിയിൽ ഏറ്റവുമധികം കയ്യടി നേടിയ ഒന്നായിരുന്നു മമ്മൂട്ടിയും മോഹൻലാലും ദുൽഖറും ഒന്നിച്ച സ്കിറ്റ്.
അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തി. ഇതോടെ ആരാധക സംഘങ്ങൾ ഇളകി മറിഞ്ഞു, ആർപ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്.
എന്നാൽ അതൊരു ഒന്നൊന്നരവരവായിരുന്നു. മമ്മൂട്ടി , മോഹൻലാലിന്റെ ജിന്നിനോട് ആവശ്യപ്പെട്ടത്, തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹൻലാലിന്റെ മറുപടി. ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി.