ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രമായ ധടകിന്റെ ട്രെയിലര്‍ റിലീസ് വികാരനിർഭരമായിരുന്നു. കപൂർ കുടുംബം ഒന്നടങ്കം ജാൻവിയ്ക്ക് പ്രോത്സാഹനവുമായി വേദിയിൽ ഉണ്ടായിരുന്നു. ട്രെയിലർ കണ്ട ശേഷം വികാരധീനയായി രണ്ടാമത്തെ മകള്‍ ഖുശി. ചേച്ചിയുടെ അഭിനയം കണ്ട ശേഷം സന്തോഷം കൊണ്ട് കണ്ണുനിറയുന്ന ഖുശിയെ വിഡിയോയിൽ കാണാം.
ശ്രീദേവിയുടെ സ്വപ്‌നമായിരുന്നു മകളുടെ സിനിമാ അരങ്ങേറ്റം. എന്നാല്‍ സിനിമ പുറത്തിറങ്ങാറാകുമ്പോള്‍ അമ്മ അവരുടെ മനസ്സിൽ കൂടെ ഉണ്ട്. ചടങ്ങില്‍ എത്തിയ ഖുശിയെ ഏറെ പണിപ്പെട്ടാണ് ജാന്‍വി ആശ്വസിപ്പിക്കുന്നത്.
നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും നേടിയ മറാഠി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പാണ് ധടക്. ശശാങ്ക് ഖൈയ്ത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ നായകനാകുന്നു. കരൺ ജോഹർ ആണ് നിർമാണം.
ധടക് സിനിമയുടെ ഷൂട്ടിങിനിടെയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഉണ്ടാകുന്നത്. അമ്മയുടെ മരണശേഷം മാനസികമായി തളർന്ന ജാൻവി പിന്നീട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.