Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എസ്എഫ്ഐ സമരക്കാരുടെ പിന്നിലായി മോഹൻലാലും സംഘവും’

shaji-kailas-mohanlal

അച്ഛൻ ശിവകുമാരൻ നായരുടെ കൈകളിൽ തൂങ്ങിയാണു ഞാൻ തിരുവനന്തപുരം നഗരത്തിലെ കാഴ്ചകൾ ആദ്യമായി  കാണുന്നത്. എനിക്കൊപ്പം അന്നു സഹോദരങ്ങളായ ലാലും റോയിയും ഉണ്ടായിരുന്നു. അക്കാലത്തു രാവിലെ  കവടിയാർ റോഡിലൂടെ  കുതിരപ്പൊലീസ് വരുന്നതു നോക്കി ആശ്ചര്യത്തോടെ ഞങ്ങൾ നിൽക്കുമായിരുന്നു. തിരുവനന്തപുരത്തു വരുന്ന എല്ലാ സിനിമകളും  അച്ഛനും അമ്മയും (ജാനകി എസ്.നായർ) കാണും. അതിനൊന്നും ഞങ്ങളെ കൊണ്ടു പോകാറില്ല. വടക്കൻപാട്ടു സിനിമകളും ജയിംസ് ബോണ്ട് ചിത്രങ്ങളും വരുമ്പോഴേ കൊണ്ടു പോകൂ.

അക്കാലത്തു സെൻട്രലിലും ന്യൂ തിയറ്ററിലുമാണ് ഇത്തരം പടങ്ങൾ റിലീസ് ചെയ്തിരുന്നത്. അച്ഛൻ ഞങ്ങളെ പതിവായി പബ്ലിക് ലൈബ്രറിയിൽ കൊണ്ടു പോകുമായിരുന്നു. നോവൽ വായനക്കാരായിരുന്നു അച്ഛനും അമ്മയും. അച്ഛനൊപ്പം ലൈബ്രറിയിൽ പോകുമ്പോൾ റീഡിങ് റൂമിലിരുന്നു ഞങ്ങളും വായിക്കും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ജി.വി.രാജ ഫുട്ബോൾ നടക്കുമ്പോൾ  അച്ഛൻ ഞങ്ങളെ കൊണ്ടു പോകുമായിരുന്നു. ഫുട്ബോൾ കഴിഞ്ഞാൽ ട്രിവാൻഡ്രം ഹോട്ടലിൽ നിന്നു നല്ല മസാല ദോശയും ലഡുവും വാങ്ങിത്തരും. രണ്ടിന്റെയും രുചി ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്.

തൊട്ടടുത്തു തന്നെയുള്ള  സേവ്യേഴ്സ് റസ്റ്ററന്റിൽ അക്കാലത്തു നല്ല രസികൻ ബീഫ് ഫ്രൈ കിട്ടും. തേങ്ങയൊക്കെയിട്ട് ഉണ്ടാക്കിയ ബീഫ് ഫ്രൈ അച്ഛൻ വാങ്ങിത്തന്നതിന്റെ രുചിയും മറക്കാനാവില്ല. മോഡൽ സ്കൂളിൽ ഞാൻ പഠിക്കാനെത്തുമ്പോൾ മണിയൻപിള്ള രാജുച്ചേട്ടൻ അവിടത്തെ താരമാണ്. അന്നു പേരു സുധീർകുമാർ എന്നായിരുന്നു. ഞങ്ങൾ കുഞ്ഞുങ്ങളെ അവരാരും മൈൻഡ് ചെയ്തിരുന്നില്ല. പിൽക്കാലത്തു ഞാനും അവിടെ എൻസിസിയിലും മറ്റും ചേർന്നു. സ്കൂളിൽ ഫാർമേഴ്സ് ക്ലബ് ഉണ്ടാക്കിയതു ഞങ്ങളുടെ കാലത്തായിരുന്നു. അന്നു ഞങ്ങൾ വച്ച തെങ്ങുകളാണ് ഇപ്പോൾ സ്കൂൾ വളപ്പിൽ തല ഉയർത്തി നിൽക്കുന്നത്. തെങ്ങു വയ്ക്കുക മാത്രമല്ല, അവ വെള്ളം ഒഴിച്ചു വളർത്തിയതും ഞങ്ങൾ ഫാർമേഴ്സ് ക്ലബ്ബുകാരായിരുന്നു.

മോഡൽ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു അടിയന്തരാവസ്ഥ. അക്കാലത്തു മോഡൽ സ്കൂളും ഗവ.ആർട്സ് കോളജും  മതിൽ കെട്ടി വേർതിരിച്ചിട്ടില്ല. അടിയന്തരാവസ്ഥയ്ക്കെതിരെ  ആർട്സ് കോളജിലെ എസ്എഫ്ഐക്കാർ പ്രതിഷേധിക്കുന്ന കാലം. അടിയന്തരാവസ്ഥയ്ക്കെതിരെ മുദ്രാവാക്യം മുഴക്കണമെന്ന് ആർട്സ് കോളജിലെ ചേട്ടന്മാർ ഞങ്ങളോട് ആവശ്യപ്പെട്ടു. അസംബ്ലി തുടങ്ങിയപ്പോൾ ഞങ്ങൾ അഞ്ചു പേർ അതിൽ പങ്കെടുക്കാതെ സ്കൂളിലെ ഹാളിൽ തന്നെ ഇരുന്നു.

നേരെപോയത് സുരേഷ് ഗോപിയുടെ വീട്ടിൽ; ഷാജി കൈലാസ്–ആനി പ്രണയം...

അസംബ്ലിക്കു മുന്നോടിയായി സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. ഞങ്ങൾ അഞ്ചു പേരും ഹാളിലിരുന്നു  മുദ്രാവാക്യം മുഴക്കി. അത് ഇടിമുഴക്കം പോലെ എല്ലായിടത്തും കേട്ടു. സംഗതി വലിയ പ്രശ്നമായി. അഞ്ചു പേരെയും ക്ലാസിൽ നിന്നിറക്കി ഹെഡ്മാസ്റ്ററുടെ മുന്നിൽ കൊണ്ടു പോയി നിർത്തി. മാതാപിതാക്കളെ കൊണ്ടു വന്നിട്ടു ക്ലാസിൽ കയറിയാൽ മതിയെന്നായി ഹെഡ്മാസ്റ്റർ. എന്റെ ക്ലാസ് ടീച്ചർ ഗോപിനാഥൻ നായർ സാർ സഹായിച്ചതു കൊണ്ടു മാത്രമാണ് അന്ന് അച്ഛനെ കൊണ്ടു വരാതെ  രക്ഷപ്പെട്ടത്.

എംജി കോളജിൽ ഞാൻ പ്രീഡിഗ്രി വിദ്യാർഥിയായി ചെല്ലുമ്പോൾ മോഹൻലാൽ, നടൻ സന്തോഷ്, സംവിധായകൻ അശോക്‌കുമാർ തുടങ്ങിയവർ അവിടെ  ഡിഗ്രി വിദ്യാർഥികളായിരുന്നു. സാധാരണ ഗതിയിൽ പ്രീഡിഗ്രിക്കാരെ ഡിഗ്രിക്കാർ മൈൻഡ് ചെയ്യാറില്ല. നല്ല ഉയരമുള്ളതു കൊണ്ടു മാത്രമാണു കോളജിൽ ഞാൻ അൽപം ശ്രദ്ധിക്കപ്പെട്ടത്. എസ്എഫ്ഐക്കു വേണ്ടി പോസ്റ്റർ വരച്ചു കൊടുത്തിരുന്നതും ഞാനായിരുന്നു. എസ്എഫ്ഐക്കാരുടെ സമരം നടക്കുമ്പോൾ അവരുടെ ഏറ്റവും പിന്നിലായി മോഹൻലാലും സംഘവും അടിച്ചു പൊളിച്ചു വരുന്നതു ഞങ്ങൾ നോക്കി നിൽക്കുമായിരുന്നു. കോളജ്ഡേയിൽ മോഹൻലാൽ അഭിനയിച്ച നാടകം കണ്ടിട്ടുണ്ട്. എങ്കിലും മോഹൻലാലുമായി സംസാരിക്കാനോ ഇടപഴകാനോ അന്നു സാധിച്ചിട്ടില്ല.

അറിഞ്ഞില്ല, അച്ഛനായിരുന്നു ആ വണ്ടിയിൽ...!!

എംജി കോളജിൽ പിൽക്കാലത്തു ഞങ്ങൾ കില്ലാടികളായി മാറി. അക്കാലത്തു ടൗൺ ബസിന്റെ ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്തിരുന്ന എംജി കോളജ് വിദ്യാർഥികളെ പ്ലാമൂട്ടിൽ വച്ചു ചിലർ ടാറിൽ മുക്കിയ വടി കൊണ്ട് അടിച്ചു. അവർ പരാതിയുമായി കോളജിലെത്തിയതോടെ വിദ്യാർഥികൾ ഇളകി. ഞങ്ങൾ എല്ലാവരും കൂടി കോളജിൽ നിന്നു പ്ലാമൂട്ടിലേക്കു പ്രതിഷേധ ജാഥ നടത്തി. പോകുന്ന വഴിക്കു കാണുന്ന കാറുകളിലും ബസിലുമെല്ലാം അടിച്ചു കൊണ്ടാണു പോകുന്നത്. ഞങ്ങൾ പ്ലാമൂട്ടിൽ ചെന്നപ്പോൾ അടിച്ചവർ സ്ഥലം വിട്ടിരുന്നു. വൈകുന്നേരം ഞാൻ വീട്ടിലെത്തിയപ്പോൾ അവിടെ ശ്മശാന മൂകതയാണ്.

അമ്മ  എന്നെ കണ്ടെങ്കിലും ഒന്നും മിണ്ടാതെ പോയി. അച്ഛൻ എന്തോ വായിച്ചു കൊണ്ടിരിപ്പുണ്ട്. ഞാൻ ഒന്നും മിണ്ടാതെ പോകാനൊരുങ്ങിയപ്പോൾ ‘‘അവിടെ നിൽക്കൂ’’ എന്ന് അച്ഛൻ പറഞ്ഞു. ‘‘ഇന്നു കോളജിൽ പോയില്ലേ’’യെന്നായി അടുത്ത ചോദ്യം. പോയെന്നു പറഞ്ഞപ്പോൾ, ‘‘റോഡിലെന്തായിരുന്നു പ്രശ്ന’’മെന്നു ചോദ്യം വന്നു. 

ഉരുണ്ടു കളിച്ചപ്പോഴാണ് ഒരു സത്യം അറിയുന്നത്. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറായ അച്ഛൻ സഞ്ചരിച്ചിരുന്ന വണ്ടിയിലും ഞാനും കൂട്ടുകാരും അടിച്ചു ബഹളം വച്ചിരുന്നു. അകത്ത് അച്ഛൻ ഇരിക്കുന്നതു കണ്ടില്ല. മേലി‍ൽ ഇത് ആവർത്തിച്ചാൽ പഠിത്തം നിർത്തുമെന്ന ഉഗ്ര താക്കീതാണ് അച്ഛന്റെ ഭാഗത്തു നിന്നുണ്ടായത്.

ബാലു കിരിയത്തിന്റെ ‘വാ കുരുവീ..വരു കുരുവീ...’ എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കാനായി പിൽക്കാലത്തു ഞാൻ ചെന്നൈയിലെത്തി. മോഹൻലാലാണു നായകൻ. അദ്ദേഹത്തിന്റെ അടുത്തു ചെന്ന്  എംജി കോളജിലെ വിദ്യാർഥിയായിരുന്നുവെന്നു പറഞ്ഞപ്പോൾ അദ്ദേഹം പരിചയ ഭാവത്തിൽ പുഞ്ചിരിച്ചു. തുടർന്ന് ഒരു ചോദ്യം,‘‘വീട്ടിൽ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത്.........’’. ഇതേ മോഹൻലാലിനെ നായകനാക്കി പിൽക്കാലത്ത് എട്ടു സിനിമകൾ സംവിധാനം ചെയ്യാൻ എനിക്കു ഭാഗ്യം ലഭിച്ചുവെന്നതു ചരിത്രം.