Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ സംഘടനയിൽ നിന്നും മഞ്ജുവിന്റെ രാജി ?

anjali-manju-1

മലയാളസിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ കലക്ടീവിൽ നിന്ന് മഞ്ജു വാര്യർ രാജി വച്ചേക്കുമെന്ന് അഭ്യൂഹം. സംഘടനയുടെ ചില കടുത്ത നിലപാടുകളാണ് മഞ്ജുവിന്റെ തീരുമാനത്തിന് കാരണമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജി സമർപ്പിച്ച ശേഷം താരം വിദേശത്തേക്ക് പോയെന്നുമാണ് അറിവ്.

തുടക്കം മുതലെ സംഘടനയിലെ ചില ആളുകളുടെ നിലപാടുകളോട് മഞ്ജുവിന് എതിർപ്പായിരുന്നു എന്നാണ് അഭ്യൂഹം. അടുത്തിടെ വലിയ വിവാദങ്ങളിൽ അകപ്പെട്ട ഒരു നടിയുടെ ചില ട്വീറ്റുകളും പ്രതികരണങ്ങളും മഞ്ജുവിനെ വ്യക്തിപരമായി അസ്വാരസ്യപ്പെടുത്തിയിരുന്നു. മഞ്ജുവിന്റെ അടുത്ത സുഹൃത്തായിരുന്നു ഭാഗ്യലക്ഷ്മി. എന്നാൽ വനിതാ സംഘടന ആദ്യമായി ഉടലെടുത്തപ്പോൾ ഭാഗ്യലക്ഷ്മിയെ ഇവർ ഒഴിവാക്കി. ഇക്കാര്യം മഞ്ജുവിനും അറിയില്ലായിരുന്നു. ഇതും കല്ലുകടിക്ക് കാരണമായി.

ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ അമ്മയിൽ നിന്നു രാജി വച്ചതിനു പിന്നാലെയാണ് മഞ്ജുവിന്റെ ഇൗ തീരുമാനമെന്ന് അറിയുന്നു. അമ്മ സംഘടനയെ പിളർത്തികൊണ്ട് പോകാൻ മഞ്ജുവിന് താൽപര്യമില്ലാത്തതാണ് ഇൗ തീരുമാനത്തിലേക്കെത്താൻ താരത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

നേരത്തെ മമ്മൂട്ടിയെയും ദിലീപിനെയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന ഒരു ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്‌തത് വലിയ ചർച്ചകൾക്ക് ഇടയാക്കിരുന്നു. അന്നു മുതൽ മഞ്ജുവിന് സംഘടനയുടെ പ്രവർത്തനത്തിൽ എതിർപ്പുണ്ടെന്നാണ് അറിയുന്നത്. പതിനെട്ടോളം വനിതകൾ ചേർന്നാണ് ഡബ്ല്യുസിസി എന്ന വനിതാ സംഘടന രൂപീകരിക്കുന്നത്. യുവനടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ സംഘടനയെക്കുറിച്ചുള്ള ആലോചനകള്‍ ഉണ്ടായതും ഇതു രൂപീകൃതമാകുന്നതും.