ദീർഘകാലം അപ്രസക്തമായ വ്യാപാര സംഘടനകൾ മാത്രം ഉണ്ടായിരുന്ന മലയാള സിനിമാ രംഗത്തേക്ക് ശക്തമായ തൊഴിൽ സംഘടനകൾ കടന്നുവരുന്നത് 21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ്. ചലച്ചിത്ര മേഖലയെ തന്നെ നിയന്ത്രിക്കുന്ന ശക്തികളായി മാറിയ സംഘടനകൾ ആ അതിരും ഭേദിച്ച് കേരളത്തിലെ അധികാര രാഷ്ട്രീയവുമായി കൊടുക്കൽ വാങ്ങലുകളും വിഭവ കൈമാറ്റവും നടത്തുന്ന തലത്തിലേക്ക് ഉയർന്നു. പല സിനിമാക്കാർക്കും തിരഞ്ഞെടുപ്പുകളിൽ ടിക്കറ്റ് ലഭിച്ചു. സിപിഎം ഉം ഇടതുപക്ഷ മുന്നണിയുമാണ് ഈ നടപടികളിൽ മുന്നിൽ നിന്നത്. മുൻപ് സാഹിത്യകാരന്മാർ കയ്യടക്കിവച്ചിരുന്ന സാംസ്കാരിക നായക പട്ടങ്ങൾ ഇടതു പക്ഷം സിനിമാക്കാർക്കു ചാർത്തിക്കൊടുത്തു.
സിനിമാ രാഷ്ട്രീയം തൊട്ടടുത്ത തമിഴ്നാട്ടിൽ കൊടികുത്തി വാണപ്പോഴും അത് കേരളത്തിൽ വേരോടില്ല എന്ന വിശ്വാസമാണ് ദീർഘകാലം നിലനിന്നത്. രാമു കാര്യാട്ടിനെപ്പോലെ അപൂർവം ചില ചലച്ചിത്ര പ്രവർത്തകർ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചെങ്കിലും പൊതുവേ സിനിമാക്കാർ രാഷ്ട്രീയത്തിലേക്കിറങ്ങാൻ ധൈര്യപ്പെട്ടില്ല.
പക്ഷേ 1983 ൽ എൻ.ടി രാമറാവു ആന്ധ്രയിൽ അധികാരത്തിലെത്തിയപ്പോൾ അന്നത്തെ നിത്യ ഹരിത നായകൻ പ്രേം നസീറിലും രാഷ്ട്രീയ മോഹങ്ങൾ ചിറകുവിരിച്ചു. ആ സമയത്താണ് അദ്ദേഹത്തിന് പത്മഭൂഷൻ പുരസ്കാരം ലഭിക്കുന്നത്. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ മുന്നോടിയായി ഇതിന്റെ പേരിൽ അദ്ദേഹത്തിന് കേരളമൊട്ടാകെ സ്വീകരണങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
ഈ സ്വീകരണങ്ങളിൽ വലിയ ആൾക്കൂട്ടങ്ങൾ പങ്കെടുത്തെങ്കിലും പുതിയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന അദ്ദേഹത്തിന് ബോധ്യമായി. പിന്നീടദ്ദേഹം കോൺഗ്രസിൽ ചേരുകയും 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായി പ്രചരണ രംഗത്തിറങ്ങുകയും ചെയ്തു. 1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം മൽസരിക്കും എന്നു പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.
ദീർഘകാലത്തിനു ശേഷം 1999 ലാണ് മലയാള സിനിമയിൽ നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അടുത്ത ചുവടു വെയ്പ് ഉണ്ടാവുന്നത്. ബദ്ധശത്രുവായ വി.എം സുധീരനെ ആലപ്പുഴയിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥിക്കായുള്ള വി എസ് അച്യുതാനന്ദന്റെ തെരച്ചിൽ എത്തിച്ചേർന്നത് ചലച്ചിത്ര താരം മുരളിയിലാണ്. കൊട്ടാരക്കരയിൽ കേരളാ കോൺഗ്രസ് (പിള്ള) ഗ്രൂപ്പുകാരനായി രാഷ്ട്രീയം ആരംഭിച്ച് മുരളി,യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയതോടെ ഇടതുപക്ഷ സഹയാത്രികനായി മാറിയിരുന്നു.
ലാൽ സലാം, രക്ഷതസാക്ഷികൾ സിന്ദാബാദ് തുടങ്ങിയ സിനിമകളിലഭിനയിച്ച വിപ്ലവ പരിവേഷവുമായെത്തിയ മുരളിക്ക് പക്ഷേ സുധീരനു മുൻപിൽ പിടിച്ചു നിൽക്കാനായില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുരളി പിന്നീട് ഇടതുപക്ഷ ഭരണകാലത്ത് സംഗീത നാടക അക്കാദമി ചെയർമാൻ ആയിരിക്കെയാണ് മരിക്കുന്നത്.
1979 ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി പൊതുജീവിതം ആരംഭിച്ച ആളാണ് ഇന്നസെന്റ്. പിന്നീട് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്നും സ്ഥാനാർഥിയായി കേരള കോൺഗ്രസ് (മാണി) അദ്ദേഹത്തെ സജീവമായി പരിഗണിച്ചിരുന്നു. ഇന്നസെന്റ് കേരള കോൺഗ്രസിന്റെ കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.
പക്ഷെ 1996 ൽ ഇരിങ്ങാലക്കുടയിൽ മൽസരിച്ചു തോറ്റ തോമസ് ഉണ്ണിയാടൻ വീണ്ടും സീറ്റിനായി പാർട്ടിക്കുള്ളിൽ കലാപം ഉയർത്തിയതോടെ ഇന്നസെന്റിനെ മൽസരിപ്പിക്കാനുള്ള ശ്രമങ്ങൾ കെ എം മാണിക്ക് അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് ഇന്നസെന്റിനെ കാണുന്നത് 2014 ലോക് സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായാണ്.
തിരഞ്ഞെടുപ്പിൽ ജയിക്കാൻ സിനിമയുടെ ഗ്ലാമർ പ്രയോജനപ്പെട്ടെങ്കിലും ഗണേഷ് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം കൂടുതലും പാരമ്പര്യ അവകാശമായി കിട്ടിയതായിരുന്നു. രാഷ്ട്രീയത്തിനു വേണ്ടി സിനിമയെയും, സിനിമയ്ക്കു വേണ്ടി രാഷ്ട്രീയത്തെയും ഉപയോഗിക്കുന്ന ഗണേഷനു പക്ഷേ മന്ത്രിസ്ഥാനം നഷ്ടമായതിനു ശേഷം അമ്മ എന്ന സംഘടനയുടെ പ്രസിഡന്റാവണമെന്ന ആഗ്രഹം നടപ്പാക്കാൻ കഴിഞ്ഞില്ല.
തന്റെ കഥാപാത്രങ്ങളിൽ നിന്നും രാഷ്ട്രീയം ഉൾക്കൊണ്ട സുരേഷ് ഗോപി ആദ്യം രാഷ്ട്രീയ രംഗത്തു പ്രത്യക്ഷപ്പെടുന്നത് കെ കരുണാകരനുമായുള്ള അടുത്ത ബന്ധത്തിലൂടെയാണ്. 2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നും കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം മൽസരിക്കും എന്ന അഭ്യൂഹം ഉയർന്നിരുന്നു. സീറ്റ് മോഹിയായിരുന്ന ഒരു കോൺഗ്രസ് നേതാവ് അസഭ്യം പറഞ്ഞതിനെത്തുടർന്ന് സുരേഷ ഗോപി പിന്മാറുകയായിരുന്നുവെന്ന് പിന്നാമ്പുറക്കഥകളുണ്ട്. പിന്നീടദ്ദേഹത്തെ രാഷ്ട്രീയ രംഗത്തു കാണുന്നത് നരേന്ദ്രമോദിയുടെ ദേശീയ രാഷ്ട്രീയ ഉദയകാലത്ത് ബിജെപിയിലാണ്. എൻഎഫ്ഡിസി ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെങ്കിലും അതിലും വലിയ രാജ്യ സഭാ എംപി സ്ഥാനം നൽകി അദ്ദേഹത്തെ ബിജെപി ആദരിച്ചു.
കൊല്ലംകാരനും സമകാലീകനുമായ സുരേഷ്ഗോപി എംപി ആയപ്പോഴായിരിക്കണം, കൊല്ലംകാരനായ മുകേഷിന് എംഎൽഎ എങ്കിലു ആകണം എന്ന മോഹം ഉദിച്ചത്. മാധവന്റേയും വിജയലക്ഷ്മിയുടേയും മകനാണെങ്കിലും അതിനു മുൻപ് പൊതുപ്രവർത്തനത്തോട് അദ്ദേഹം എന്തെങ്കിലും താൽപര്യം പുലർത്തിയിരുന്നതായി അറിവില്ല. അദ്ദേഹത്തിന് സീറ്റ് ലഭിച്ചതിനു പിന്നിൽ ഒരു വൻ വ്യവസായിയുടെ താൽപര്യം ആണെന്ന ആക്ഷേപം ഉയർന്നിരുന്നു.
കോളജ് യൂണിയൻ ചെയർമാനും, ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്ന ജഗദീഷിന്റെ ദിർഘകാലത്തെ ആഗ്രഹ സഫലീകരണം ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം. നടൻ സിദ്ദിഖിന് അരൂർ മണ്ഡലത്തിൽ നിന്നും മൽസരിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെതുടർന്ന് അത് നടക്കാതെ പോയി.
കഴിഞ്ഞ മൂന്നര ദശാബ്ദക്കാലമായി മലയാള സിനിമയെ അടക്കിവാഴുന്ന സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തോട് കൃത്യമായ അകലം പാലിക്കുന്നു. ആൾക്കൂട്ടങ്ങളോട് സ്വതവേ വിപ്രതിപത്തിയുള്ള മോഹൻലാൽ പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പത്തനാപുരത്ത് ഗണേഷ് കുമാറിനുവേണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനുവേണ്ടിയും പ്രചരണത്തിനെത്തിയിരുന്നു. ഇരുവരും വനം വകുപ്പ് മന്ത്രിമാരായിരുന്നുവെന്നത് യാദൃശ്ചികമായിരിക്കാം.
ചാനൽ ചെയർമാനും ഇടതുപക്ഷ സഹയാത്രികനുമാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണവേദികളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ മമ്മൂട്ടി കൃത്യമായ ശ്രദ്ധ പുലർത്തുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഓരോ തവണയും അദ്ദേഹത്തിന്റെ പേര് സിപിഎം സ്ഥാനാർത്ഥിയെന്ന നിലയിൽ സാധ്യതാ പട്ടികയിൽ ഉയർന്നുവരാറുണ്ടെങ്കിലും ഇനിയും അദ്ദേഹം പച്ചക്കൊടി കാട്ടിയിട്ടില്ല. പക്ഷേ ഇന്നസെന്റിനെപ്പോലെയുള്ളവരെ സ്ഥാനാർഥികളായി നിർദ്ദേശിച്ചത് അദ്ദേഹമാണെന്ന് പറയപ്പെടുന്നു.
സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന പലർക്കും സ്ഥാനാർഥികളാകാൻ കടുത്ത മോഹമുണ്ടെങ്കിലും അവരുടെ വിജയ സാധ്യതയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പില്ലാത്തതിനാൽ ഇനിയും ആർക്കും അവസരം ലഭിച്ചിട്ടില്ല. ബിജെപി സ്ഥാനാർഥിയായി അരുവിക്കരയിൽ മൽസരിച്ച രാജസേനൻ മാത്രമാണ് ഒരപവാദം. 2009 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മൽസരിക്കാൻ സംവിധായകൻ കമലിനെ സിപിഐ സമീപിച്ചിരുന്നെങ്കിലും സിപിഎം–ന്റെ നിർദ്ദേശപ്രകാരമാണെന്ന് പറയുന്നു, അദ്ദേഹം സമ്മതിച്ചില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം അതിന്റെ പ്രതിഫലമാണെന്ന അഭിപ്രായമുള്ളവരുമുണ്ട്.
ചലച്ചിത്ര പ്രവർത്തകരുടെ രാഷ്ട്രീയ പ്രവേശനത്തിൽ ഉയർന്നു നിൽക്കുന്നത് അവരുടെ അഭിപ്രായ സ്ഥിരത ഇല്ലായ്മയാണ്. രാഷ്ട്രീയത്തിൽ സിനിമാക്കാർക്ക് മാത്രം അതുണ്ടാവണമെന്ന് വാശി പിടിക്കേണ്ട കാര്യമില്ലല്ലോ.