Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയൻപിള്ള ‘കൈക്കൂലിക്കാരി’യാക്കി; ‘ബേബിസിറ്റർ’ ആക്കി മോഹൻലാലും

mallika-lal

ഞങ്ങളുടെ കാലത്തു മോഡൽ സ്കൂളിൽ നഴ്സറി മുതൽ നാലു വരെ പെൺകുട്ടികൾക്കും പഠിക്കാമായിരുന്നു. പിന്നീടാണ് അത് ആൺകുട്ടികളുടെ  സ്കൂളായത്. നഴ്സറി ക്ലാസിലെ ആദ്യ ദിവസങ്ങളിൽ ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി കരയുമായിരുന്നു.‘‘വഴിയേ പോകുന്നവരേ ...എന്നെ എന്റെ വീട്ടിൽ കൊണ്ടു പോയി വിടണേ.......’’ എന്നായിരുന്നു വിലാപം. അന്ന് എന്നെ പഠിപ്പിച്ചിരുന്ന ടീച്ചർമാർ ഇതു പറഞ്ഞു പിൽക്കാലത്തു കളിയാക്കുമായിരുന്നു. എന്നാൽ ചുരുങ്ങിയ ദിവസം കൊണ്ട് അധ്യാപകർ എന്റെ മനസ്സു കീഴടക്കി.

മോഡൽ സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരമായി മോണിറ്റർ ഞാനാണ്. സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതുകയാണു പ്രധാന പണി. ബഹളമുണ്ടാക്കുന്ന ആൺപിള്ളേരുടെ പേര് എഴുതി കൊടുത്താൽ  സാർ വരുമ്പോൾ നല്ല അടി കൊടുക്കും. അന്നു സ്ഥിരമായി ആ പട്ടികയിൽ ഉണ്ടായിരുന്ന പേരാണു സുധീർകുമാറിന്റേത്. സുധീർ എന്നു പറഞ്ഞാൽ അറിയില്ല, മണിയൻപിള്ള രാജുവെന്നു പറയണം. എല്ലാ ദിവസവും ബഹളം വയ്ക്കുന്നവരുടെ ലിസ്റ്റിൽ രാജുവിന്റെ പേരും ഉണ്ടാകും.‘‘എന്താടാ എന്നും നിന്റെ പേര് ഇതിലുണ്ടല്ലോ.....’’എന്നു സാർ ചോദിച്ചപ്പോഴാണു മണിയൻ പിള്ളയിലെ സൂത്രശാലി ഉണർന്നത്. 

എല്ലാവരും മല്ലികയ്ക്കു കളർപെൻസിലും ചോക്കും മിഠായിയും കൊടുക്കുമെന്നും തനിക്ക് അതൊന്നും കൊടുക്കാൻ കാശില്ലാത്തതിനാൽ പേരു സ്ഥിരമായി എഴുതുന്നുവെന്നുമായിരുന്നു രാജുവിന്റെ ആരോപണം. അങ്ങനെ ആ പ്രായത്തിൽ മണിയൻപിള്ള എന്നെ കൈക്കൂലിക്കാരിയാക്കി. ഒന്നു മുതൽ നാലു വരെ ഞങ്ങൾ ഒരേ ക്ലാസിലാണു പഠിച്ചത്. മോഹൻലാലിന്റെ ചേട്ടൻ പ്യാരിലാലും ഞങ്ങളുടെ സഹപാഠിയായിരുന്നു.

ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലം. ജോസഫ് കൈമാപ്പറമ്പൻ അദ്ദേഹത്തിന്റെ മകൻ ബോബനു സ്കൂൾ ഡേയിൽ പറയാനായി ‘ചന്ദനക്കട്ടിൽ’ എന്ന കഥാപ്രസംഗം എഴുതിക്കൊടുത്തു. ബോബൻ ദിവസങ്ങളോളം പഠിച്ചിട്ടും സംഗതി അങ്ങോട്ടു ശരിയാകുന്നില്ല. ഒടുവിൽ റിഹേഴ്സൽ കാണാൻ അന്നത്തെ ഹെഡ്മാസ്റ്റർ കടുവ കുട്ടൻപിള്ള സാർ എത്തിയതോടെ ബോബൻ ആകെ പേടിച്ചു പോയി. ശബ്ദം പുറത്തേക്കു വരുന്നില്ല.പകരം മറ്റാരെയെങ്കിലും കഥ പറയാൻ ഏൽപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് എനിക്കു നറുക്കു വീണത്. 

മൂന്നു ദിവസം കൊണ്ടു ഞാൻ കഥാപ്രസംഗം മനഃപാഠമാക്കി. സംഗതി അവതരിപ്പിച്ചപ്പോൾ ഏറ്റു. പക്ഷെ പിറ്റേദിവസം പനിയായി ഞാൻ കിടപ്പായതോടെ അമ്മ ഒരു നേർച്ച നേർന്നു. തൈക്കാട് ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഈ കഥ പറയിക്കാമെന്നായിരുന്നു നേർച്ച. അങ്ങനെ ക്ഷേത്രത്തിൽ  ഈ കഥ ആവർത്തിച്ചു. ഞങ്ങളുടെ ക്ലാസ് ടീച്ചർ ജോൺ സാറിന്റെ പള്ളിയിലും ഇതേ കഥാപ്രസംഗം അവതരിപ്പിക്കുകയുണ്ടായി. ഇങ്ങനെ പോയാൽ ഇതൊരു തൊഴിലാക്കുന്നതാണു ഭേദമെന്നായി അച്ഛൻ. അതോടെ കഥ പറയുന്നതു നിർത്തി.

ഞങ്ങളുടെ കുടുംബവും മോഹൻലാലിന്റെ കുടുംബവും വലിയ അടുപ്പക്കാരായിരുന്നു. മഹാ കുസൃതിയായിരുന്ന ലാലിനെ ചില ദിവസങ്ങളിൽ ഞങ്ങളുടെ വീട്ടിൽ നിർത്തിയിട്ട് അച്ഛനും അമ്മയും പോകും. അക്കാലത്തു വീടിന്റെ സ്റ്റെയർകെയ്സിനു സിമന്റ് കൈവരിയാണ് ഉള്ളത്. ഒരു ദിവസം അച്ഛൻ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ലാൽ രണ്ടാം നിലയിൽ നിന്നു കൈവരിയിലൂടെ  അതിവേഗത്തിൽ താഴേക്കു തെന്നി വരുകയാണ്. അന്ന് ആറോ ഏഴോ വയസ്സേയുള്ളൂ. 

കണ്ണു തെറ്റിയാൽ മരത്തിൽ കയറും. വീണു പരുക്കേൽക്കാതെ ലാലിനെ നോക്കുകയെന്നതു ഞങ്ങളുടെ ജോലിയായിരുന്നു.‘‘വിശ്വനാഥൻ നായർ തിരികെ വരുമ്പോൾ കേടുപാടു കൂടാതെ ഇവനെ തിരികെ ഏൽപ്പിക്കേണ്ടതാണ്’’ എന്ന് എപ്പോഴും അച്ഛൻ പറയുമായിരുന്നു.അഞ്ചാം ക്ലാസിലായപ്പോൾ ഞാൻ കോട്ടൺ ഹിൽ സ്കൂളിലേക്കു മാറി. പാട്ടിലും നൃത്തത്തിലുമൊക്കെ മത്സരിക്കാൻ എനിക്ക് അവസരം ലഭിച്ചത് അവിടെയാണ്. 

വല്ലപ്പോഴും ഒരിക്കൽ അച്ഛൻ ഞങ്ങളെ സിനിമയ്ക്കു കൊണ്ടു പോകും. പേട്ട കാർത്തികേയ, ശ്രീപത്മനാഭ, ന്യൂ എന്നിവയാണ് അന്നത്തെ തിയറ്ററുകൾ. ശനിയാഴ്ച വൈകുന്നേരങ്ങളിൽ സേവ്യേഴ്സ് റസ്റ്ററന്റിൽ എത്തിയാൽ എനിക്കും ചേച്ചിമാർക്കും  ഐസ്ക്രീം വാങ്ങിത്തരും. അക്കാലത്തു ചാലയിലെ എച്ച്എകെ ആൻഡ് സൺസ്, പാളയത്തെ തിരുവെങ്കിട മഹാൾ തുടങ്ങിയ കടകളിൽ നിന്നാണ് അച്ഛൻ യൂണിഫോമും മറ്റും വാങ്ങിത്തന്നിരുന്നത്. സർക്കാർ ഉദ്യോഗസ്ഥർ തുണി വാങ്ങിയാൽ തവണകളായി പണം അടച്ചാൽ മതി.

അക്കാലത്തു വല്യച്ഛൻ കൈനിക്കര പത്മനാഭ പിള്ളയുടെ വഞ്ചിയൂരുള്ള വീട്ടിൽ വച്ചാണു മധുസാറിനെ കാണുന്നത്. ആദ്യമായി ഒരു സിനിമാ താരത്തെ നേരിട്ടു കണ്ടതിലുള്ള ത്രില്ലിൽ ഞങ്ങൾ ഓടിയൊളിച്ചത് ഇപ്പോഴും ഓർമയുണ്ട്. വല്യച്ഛന്റെ മകൾ സീതാലക്ഷ്മി കോട്ടൺ ഹില്ലിലെ ഇംഗ്ലിഷ് ടീച്ചറായിരുന്നു. അതിനാൽ സ്കൂളിൽ ഞാൻ അനങ്ങിയാൽ അപ്പോൾ തന്നെ വീട്ടിലറിയും.

വിമൻസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്തു ഞാൻ വലിയൊരു സാഹസം കാട്ടി. രണ്ടാം വർഷ പ്രീഡിഗ്രിക്കാരിയായ ഞാൻ മൂന്നാം വർഷ ബിരുദ വിദ്യാർഥിനി റോഷ്നി നായർക്കെതിരെ ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചു.

കടുത്ത മത്സരത്തിൽ ജയിക്കാനായി അന്നു ഞാനൊരു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ജയിച്ചാൽ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാൻ പ്രേംനസീറിനെയും ശാരദയെയും കൊണ്ടു വരും. എന്തു ധൈര്യത്തിലാണ് അന്ന് അങ്ങനെ പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. എന്തായാലും വൻ ഭൂരിപക്ഷത്തോടെ ഞാൻ ജയിച്ചു. വാഗ്ദാനം മാത്രം ശേഷിച്ചു. 

അങ്ങനെയിരിക്കെ ‘ഭദ്രച്ചിറ്റ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി പ്രേംനസീറും ശാരദയും തിരുവനന്തപുരത്തു മെറിലാൻഡ് സ്റ്റുഡിയോയിലെത്തി. ഞാൻ ശാരദ താമസിക്കുന്ന ഹോട്ടലിൽ പോയി കണ്ടു. മത്സരത്തിൽ ജയിക്കാനായി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ടി വന്നുവെന്നും സഹായിക്കണമെന്നും പറഞ്ഞതോടെ അവർ സമ്മതിച്ചു. അടുത്ത ദിവസം മെറിലാൻഡ് സ്റ്റുഡിയോയിൽ പോയി നസീർ സാറിനെയും കണ്ടു. മഹാനായ ആ മനുഷ്യൻ എന്നെ വലിയ പരിചയമുള്ള പോലെയാണു സ്വീകരിച്ചത്. ചായ തന്നു. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു.‘‘ഇലക്‌ഷൻ ജയിക്കാൻ പറഞ്ഞു പോയതല്ലേ...നമുക്കു വന്നു കളയാം...’’എന്നായി അദ്ദേഹം.

അങ്ങനെ നസീറും ശാരദയും വിമൻസ് കോളജിന്റെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യാനെത്തി. വിമൻസ് കോളജിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. പക്ഷേ യൂണിവേഴ്സിറ്റി കോളജിലെയും ആർട്സ് കോളജിലെയും മുഴുവൻ പയ്യൻമാരും മതിലിന്റെ മുകളിലും തൊട്ടടുത്ത കെട്ടിടങ്ങളിലുമായി കയറിപ്പറ്റിയിരുന്നു.പിൽക്കാലത്ത് ഇതേ നസീർസാറിനും ശാരദാമ്മയ്ക്കുമൊപ്പം അഭിനയിക്കാൻ  ഭാഗ്യം ലഭിച്ചത് ഈശ്വരാനുഗ്രഹമായി ഞാൻ കാണുന്നു.